Photo: twitter.com, AFP
പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെ കാര്യം. ദേശീയ ടീം കുപ്പായം എന്നോ നഷ്ടപ്പെട്ടെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം വിധിയെഴുതിയ ഘട്ടത്തിലാണ് തന്റെ ബാറ്റിന്റെ കരുത്ത് അങ്ങനെയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അയാള്‍ തിരിച്ചുവന്നത്. കഠിനപ്രയത്‌നം എന്ന ഒരേയൊരു മന്ത്രം മാത്രമായിരുന്നു അതിന് പിന്നില്‍.
കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ അദ്ദേഹത്തിന്റെ ദിവസമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ വിജയം അനിവാര്യമായ ടീമിനായി അയാള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് തന്നെ പുറത്തെടുത്തു. മുന്‍നിര പതറിയപ്പോള്‍ 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്ത ഡി.കെ, ഇന്ത്യന്‍ ടീമിന് അത്യാവശ്യമായിരുന്ന ആ ഫിനിഷര്‍ റോള്‍ തന്നില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. 16 വര്‍ഷത്തെ കരിയറില്‍ അദ്ദേഹത്തിന്റെ ആദ്യ ട്വന്റി 20 അര്‍ധ സെഞ്ചുറി കൂടിയാണ് കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോഡും ഈ 37-കാരന്‍ സ്വന്തമാക്കി.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ട്വന്റി 20 മത്സരം കളിച്ച താരങ്ങളില്‍ ഇന്നും കളിക്കളത്തില്‍ തുടരുന്ന ഒരേയൊരു താരവും കാര്‍ത്തിക്കാണ്. 2006 ഡിസംബര്‍ ഒന്നിന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ട്വന്റി 20 മത്സരം. ഈ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായത് ഡി.കെ തന്നെ. അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം പക്ഷേ ഈ 16 വര്‍ഷത്തിനിടെ കളിച്ചത് വെറും 36 ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ്.
2018 മാര്‍ച്ച് 18 എന്ന തീയതി ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ എന്നും മനസില്‍ കൊണ്ട് നടക്കുന്ന ഒരു ദിവസമാണ്. ബംഗ്ലാദേശിനെതിരേ നിദാഹസ് ട്രോഫി ഫൈനലില്‍ ജാവേദ് മിയാന്‍ദാദിനെ ഓര്‍മിപ്പിച്ച് അവസാന പന്തിലെ സിക്സറിലൂടെ ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ച ദിവസം. ബംഗ്ലാദേശ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം കാര്‍ത്തിക്കിന്റെ വെടിക്കെട്ടില്‍ ഇന്ത്യ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. വെറും എട്ടു പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 29 റണ്‍സുമായി കാര്‍ത്തിക്ക് അന്ന് പുറത്താകാതെ നിന്നു. വിജയപ്രതീക്ഷ കൈവിട്ട് നിരാശയിലായിരുന്ന ആരാധകര്‍ക്ക് അന്ന് ആഹ്ലാദിക്കാനുള്ള എല്ലാ വകയും സമ്മാനിച്ചാണ് അദ്ദേഹമന്ന് ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. അതൊരു പ്രഖ്യാപനമായിരുന്നു, കരിയര്‍ അവസാനിച്ചുവെന്ന് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അയാള്‍ പറന്നുയരുമെന്നുള്ള മുന്നറിയിപ്പ്.
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിന് കാര്‍ത്തിക്ക് ഇറങ്ങിയത് പലതും തീരുമാനിച്ചുറപ്പിച്ചുകൊണ്ടായിരുന്നു. ആര്‍സിബിയെ ഈ സീസണില്‍ പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും മറ്റാരുമായിരുന്നില്ല. കളിച്ച 16 മത്സരങ്ങളില്‍ നിന്ന് നേടിയത് 330 റണ്‍സ്. 55.00 ശരാശരിയിലും 183.33 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു കാര്‍ത്തിക്കിന്റെ സ്‌കോറിങ്.
ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഒരിടമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രകടനങ്ങളെല്ലാം. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് അവരുടെ മധ്യ നിരയില്‍ ഒരു ഫിനിഷറെ ആവശ്യമുണ്ടെന്നും ആ ജോലി ചെയ്യാന്‍ തനിക്ക് കഴിയുമെന്നും മാസങ്ങള്‍ക്ക് മുമ്പേ തന്നെ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ആ വാക്കുകളോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനങ്ങളും പുറത്തെടുത്തു.
വ്യക്തി ജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ച ഡി.കെയുടെ കഥ പലരും പങ്കുവെച്ചിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാവി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ നിന്ന് പതിയെ വിസ്മൃതിയിലാണ്ട്, പിന്നീട് ടീമിന്റെ സെലക്ഷന്‍ റഡാറില്‍ പോലുമില്ലാതിരുന്ന ഒരു മനുഷ്യന്‍. ഒടുവില്‍ ആ കെട്ട കാലമെല്ലാം പിന്നിട്ട് അയാള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഡി.കെ തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും ഇന്ന് നിരവധി പേരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമൊക്കെയായി പറന്നു നടക്കുകയും ചെയ്യുന്ന ആ വീഡിയോയിലെ വരികള്‍ പോലെ 'നായകന്‍ മീണ്ടും വരാ എട്ടുദിക്കും ഭയം ദാനേ.'
Content Highlights: dinesh karthik and his one of the best come back in cricket history
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..