ണ്ടനില്‍ പതിനൊന്നും റിയോയില്‍ പന്ത്രണ്ടും ഷൂട്ടര്‍മാരെ അയച്ച ഇന്ത്യ ടോക്യോ ഒളിമ്പിക്‌സിന് 15 പേരെയാണ് അയച്ചത്. റിയോയില്‍ നിന്നു മെഡല്‍ ഇല്ലാതെ മടങ്ങിയ ഷൂട്ടര്‍മാര്‍ ഇത്തവണ പ്രതീക്ഷയ്ക്കൊത്തുയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. വ്യക്തിഗത ഇനങ്ങളില്‍ തിരിച്ചടി നേരിട്ടാലും പുതിയ ഇനമായ മിക്‌സ്ഡ് ടീമില്‍ സ്വര്‍ണം തന്നെ സ്വപ്നം കണ്ടിരുന്നു.

അഞ്ജും മൊഡ്ഗിലും അപൂര്‍വി ചണ്ഡേലയും 2018-ല്‍ ഇന്ത്യയ്ക്കായി അദ്യ ഒളിമ്പിക് ക്വാട്ട നേടിയതു മുതല്‍ കണക്കുകൂട്ടലും തുടങ്ങി. 2019-ല്‍ ലോകകപ്പുകളിലെ സുവര്‍ണ വിജയങ്ങളിലൂടെ ചൈനയെയും യു.എസിനെയും പിന്‍തള്ളി ഇന്ത്യ ലോക ഒന്നാം സ്ഥാനക്കാരായപ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ ഇരട്ടിച്ചു.

പക്ഷേ, ടോക്യോയില്‍ പരാജയം തുടര്‍ക്കഥയായി. കോച്ച്  ജസ്പാല്‍  റാണയെ തഴഞ്ഞ് റോണക് പണ്ഡിറ്റിന് ടോക്കിയോ അക്രഡിറ്റേഷന്‍ നല്‍കിയത് ഉള്‍പ്പെടെ വിവാദങ്ങള്‍ ഏറെ ഉയര്‍ന്നു.

പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കുമിടയിലെ അനൈക്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014-ല്‍ ദേശീയ കോച്ച് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പ്രഫ. സണ്ണി തോമസ് റൈഫിള്‍ അസോസിയേഷന് എഴുതിയ കത്തിലെ വരികള്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല എന്നു വ്യക്തം.

24 ഇന്ത്യന്‍ പരിശീലകര്‍ക്കു പുറമെ വിദേശ പരിശീലകരുമുള്ള ഇന്ത്യന്‍ സംഘത്തില്‍ ഐക്യമില്ലെന്ന് കത്ത് വ്യക്തമാക്കിയിരുന്നു. റൈഫിള്‍, പിസ്റ്റല്‍ , ഷോട്ട് ഗണ്‍ വിഭാഗങ്ങള്‍ വേറിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ വ്യത്യസ്തമായി നില്‍ക്കുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് വണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ടീം എന്ന ധാരണയില്‍ മുന്നോട്ടു പോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന്  പ്രഫ. സണ്ണി തോമസ് വ്യക്തമാക്കിയിരുന്നു. റിയോയില്‍ തിരിച്ചടി നേരിട്ടപ്പോഴെങ്കിലും അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

ഇപ്പോള്‍ എന്താണു സംഭവിച്ചത്? നല്ലൊരു ടീം മാനേജര്‍ ഉണ്ടായിരുന്നെങ്കില്‍ ജസ്പാല്‍ റാണ - മനു ഭാക്കര്‍ പ്രശ്‌നം വഷളാകില്ലായിരുന്നു. ജസ്പാലിനെ കുറ്റപ്പെടുത്തി മനുവിന്റെ അമ്മ അയച്ച സന്ദേശം മനു അയച്ചതാണെന്നു ജസ്പാല്‍ തെറ്റിധരിച്ചു. സൗരഭ് ചൗധരിയെ ജുനിയര്‍ തലത്തിലും മനു ഭാക്കറെ അടുത്തനാള്‍ വരെയും പരിശീലിപ്പിച്ചത് ജസ്പാല്‍ ആണ്. എന്നാല്‍  കോവിഡ് മഹാമാരിക്കു തൊട്ടു മുമ്പ് നടന്ന ഡല്‍ഹി ലോകകപ്പില്‍ ജസ്പാലിനെ ഒഴിവാക്കി. ജസ്പാല്‍ മധ്യപ്രദേശ് അക്കാദമിയിലെ താരത്തിന്റെ കോച്ചായി എത്തി. ഈ താരം സ്വര്‍ണം നേടുകയും മനു ഭാക്കര്‍ പിന്‍തള്ളപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതയായാണ്  മനുവിന്റെ മാതാവ് പ്രതികരിച്ചത്. ഇതൊക്കെ പറഞ്ഞു തീര്‍ക്കാമായിരുന്നു. ഇനിയെങ്കിലും ഇന്ത്യന്‍ ഷൂട്ടിങ്ങ് ടീമിന് ക്ഷമയും ദീര്‍ഘവീക്ഷണവുമുള്ളൊരു മാനേജരെ നിയമിക്കണം. വൈകരുത്.

Content Highlights: Did we miss the disharmony in the shooting range