ബി. ദേവാനന്ദും സൈമൺ സുന്ദരരാജും | Photo: twitter.com/KeralaBlasters, twitter.com/ChennaiyinFC
കോഴിക്കോട്: ''ദേവാനന്ദിനെ കണ്ണൂര്‍ ബ്രദേഴ്‌സ് ടീമില്‍ കളിക്കുന്ന കാലംതൊട്ടേ എനിക്കറിയാം. അയാളൊരു ഗംഭീര കളിക്കാരനായിരുന്നു. എയര്‍ ബോളും ഗ്രൗണ്ട് ബോളുമെല്ലാം ഒരേ മികവോടെ കളിച്ചിരുന്നയാള്‍. അക്കാലത്ത് സന്തോഷ് ട്രോഫിയില്‍ കളിച്ചിരുന്ന ഏറ്റവും മികച്ച സെന്റര്‍ ബാക്കായിരുന്നു ദേവാനന്ദ്. എന്നിട്ടും അയാള്‍ ഇന്ത്യയ്ക്കായി കളിച്ചില്ല എന്നത് അദ്ഭുതമാണ്'', ചൊവ്വാഴ്ച അന്തരിച്ച ബി. ദേവാനന്ദിനെ കുറിച്ച് 1973-ല്‍ കേരളത്തെ ആദ്യമായി സന്തോഷ് ട്രോഫി വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ സൈമണ്‍ സുന്ദരരാജിന്റെ വാക്കുകളാണിത്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ സൈമണ്‍ സുന്ദരരാജ്, ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളിച്ച താരം കൂടിയാണ്. ദേവാനന്ദിനെ കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.
''ഡിഫന്‍ഡറാണെങ്കിലും നല്ല ക്ഷമയുള്ള കളിക്കാരനായിരുന്നു ദേവാനന്ദ്. മികച്ച സെന്റര്‍ ബാക്കുകളിലൊരാള്‍. ഗ്രൗണ്ടില്‍ വളരെ ഇന്റലിജന്റായി കളിക്കുന്നയാള്‍. ആള്‍ മെലിഞ്ഞിട്ടായിരുന്നെങ്കിലും നല്ല വേഗതയുള്ള കളിക്കാരനായിരുന്നു. എയര്‍ ബോളുകളെല്ലാം പെര്‍ഫക്ടായാണ് അയാള്‍ ഹെഡ് ചെയ്തിരുന്നത്. അധികം ടാക്ലിങ്ങുകളൊന്നും ചെയ്യേണ്ടിവരില്ലായിരുന്നു. ചെയ്യുന്നവ കൃത്യവുമായിരിക്കും. പരിശീലകനായിരുന്ന സമയത്ത് ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്തയാളായിരുന്നു ഞാന്‍. കളിക്കളത്തില്‍ വൈകിയെത്തിയാല്‍ അത് പരിശീലനത്തിനാണെങ്കിലും കളിപ്പിക്കില്ല. അത്തരം ശിക്ഷകളൊന്നും നേരിട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു ദേവാനന്ദ്. അക്കാലത്ത് സന്തോഷ് ട്രോഫി കളിച്ചിരുന്ന ഏറ്റവും മികച്ച സെന്റര്‍ ബാക്കായിരുന്നു ദേവാനന്ദ്. എന്നിട്ടും അവന്‍ ഇന്ത്യയ്ക്കായി കളിച്ചില്ല എന്നത് അദ്ഭുതമാണ്. സന്തോഷ് ട്രോഫിക്ക് ശേഷം അവന്‍ നേരെ ബോംബെ ടാറ്റയിലേക്ക് പോയതായി അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് 1973-ല്‍ സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിന്റെ ഒരു ഗെറ്റ് ടുഗതര്‍ എറണാകുളത്ത് വെച്ച് നടന്നിരുന്നു. അന്നാണ് ദേവാനന്ദിനെ അവസാനമായി നേരിട്ട് കാണുന്നത്. ഒരു മാസം മുമ്പ് വിളിച്ച് സംസാരിച്ചിരുന്നു. അത് കാലിന് തരിപ്പ് അനുഭവപ്പെടുന്നുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. കാല് മുറിച്ചുമാറ്റിയെന്ന് പിന്നീടാണ് അറിയുന്നത്'', സൈമണ്‍ സുന്ദരരാജ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്മെന്റിലാണ് ദേവാനന്ദിന്റെ (71) വിയോഗമുണ്ടായത്. കാല്‍ മുറിച്ചുമാറ്റല്‍ ശസത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് മരണം. ദിവസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ദേവാനന്ദിന്റെ കാല്‍ മുറിച്ചുമാറ്റിയത്. ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്‌കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്. ഇന്‍ഫെക്ഷന്‍ സാധ്യതകൂടിയതോടെ ഇടതുകാല്‍ മുട്ടിനുമുകളില്‍വെച്ച് മുറിച്ചുനീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: Devanand was a great player Simon Sundararaj remembering former kerala footballer b devanand
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..