'ക്രിക്കറ്റ് കളിക്കാരനാകണമെന്ന എന്റെ ആഗ്രഹത്തിനെതിരായിരുന്നു അച്ഛന്‍. അതുകൊണ്ട് ഞാന്‍ എന്റെ മകനെ ക്രിക്കറ്ററാക്കി. അവനുവേണ്ടി ജോലി ഉപേക്ഷിച്ചു. ശേഷിച്ച സമ്പാദ്യംകൊണ്ട് അവന് പരിശീലനമൊരുക്കി. എന്റെ പ്രയത്നങ്ങളൊന്നും പാഴായില്ലെന്ന് ഞായറാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അവന്‍ തെളിയിച്ചു'' - വ്യോമസേനയില്‍നിന്ന് വിരമിച്ച ആഗ്ര സ്വദേശി ലോകേന്ദ്രസിങ് ഇത് പറയുമ്പോള്‍, മകന്‍ ദീപക് ചാഹറിന്റെ ഹാട്രിക് ബൗളിങ്ങിന്റെ ആവേശം അവസാനിച്ചിരുന്നില്ല.

''നെറ്റ്സില്‍ അവന്‍ ഒരു ലക്ഷത്തിലേറെ പന്തുകള്‍ എറിഞ്ഞിട്ടുണ്ടാകും. പരിശീലനത്തിന് 24 മണിക്കൂര്‍ മതിയായില്ല പലപ്പോഴും. പരിശീലനത്തിനുവേണ്ടി പഠനം പാതിവഴിയില്‍ നിര്‍ത്തി. അതിന്റെയെല്ലാം ഫലമാണീ ഹാട്രിക്'' - ലോകേന്ദ്രസിങ്

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍, 3.2 ഓവറില്‍ ഏഴ് റണ്‍ മാത്രം വഴങ്ങി ദീപക് ആറ് വിക്കറ്റെടുത്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസര്‍മാരുടെ 'മത്സരം' ഒന്നുകൂടി മുറുകി.

ഞായറാഴ്ച ഇന്ത്യന്‍ ജയം ദീപക്കിലൂടെയായിരുന്നു. മൂന്നാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍ എന്നിവരെ മടക്കി. അപ്പോള്‍ത്തന്നെ 'ഹാട്രിക്' എന്ന് കാണികള്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. ആദ്യ സ്പെല്ലില്‍ ഒരോവറില്‍ ഒരു റണ്ണിന് രണ്ടുവിക്കറ്റ്! പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിന് അച്ചടക്കം നഷ്ടപ്പെട്ടപ്പോള്‍ ബംഗ്ലാദേശ് 13 ഓവറില്‍ രണ്ടിന് 110 എന്ന നിലയിലായി. ഒരിക്കല്‍ക്കൂടി ചാഹര്‍ മാജിക് കണ്ടു. മികച്ച ഫോമിലായിരുന്ന മുഹമ്മദ് മിഥുനെ വേഗം കുറഞ്ഞ ഒരു പന്തില്‍ കുടുക്കി. ദീപക് പിന്നെ വന്നത് 18-ാം ഓവറില്‍. അതിലെ അവസാന പന്തില്‍ ഷഫിയുള്‍ ഇസ്ലാമിനെയും 20-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ മുസ്താഫിസുര്‍ റഹ്മാന്‍, അമിനുള്‍ ഇസ്ലാം എന്നിവരെയും മടക്കിയതോടെ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നാഗ്പുരില്‍ പിറന്നു.

ഇതോടെ, ട്വന്റി 20 റാങ്കിങ്ങില്‍ 88 സ്ഥാനങ്ങള്‍ മുന്നേറി ദീപക് 42-ാം സ്ഥാനത്തെത്തി. യോര്‍ക്കര്‍, വൈഡ് യോര്‍ക്കറുകള്‍, വൈഡ് സ്ലോവറുകള്‍ തുടങ്ങിയ ഡെലിവറികളാണ് ദീപക്കിന്റെ ബൗളിങ്ങിനെ അപകടകരമാക്കുന്നത്. ഞായറാഴ്ച വിക്കറ്റെടുത്ത ഓരോ പന്തും വ്യത്യസ്തമായിരുന്നു.

ആഗ്രയില്‍ ജനിച്ച്, രാജസ്ഥാന്‍ സംസ്ഥാന ടീമിലൂടെ ദേശീയ ടീമിലെത്തിയ ഈ പേസ് ബൗളറുടെ കരുത്തും ആത്മവിശ്വാസവും അച്ഛന്‍ ലോകേന്ദ്രസിങ് ആയിരുന്നു. അദ്ദേഹത്തിന്റെ ജോലികാരണം കുടുംബം രാജസ്ഥാനിലെത്തി. പ്രതീക്ഷകള്‍ക്കനുസരിച്ച് മകന്‍ പന്തെറിഞ്ഞുതുടങ്ങിയതോടെ ലോകേന്ദ്രസിങ് ജോലിവിട്ടു. വീട്ടില്‍ രണ്ട് പിച്ചുകള്‍ ഒരുക്കി. അര്‍ധ സഹോദരന്‍ രാഹുല്‍ ചാഹറും അവിടെ പരിശീലനം തുടങ്ങി. സ്പിന്നറായ രാഹുലും ഇന്ത്യന്‍ ടീമിലെത്തി.

2010-ല്‍ രാജസ്ഥാനുവേണ്ടിയുള്ള രഞ്ജി അരങ്ങേറ്റത്തില്‍ 10 റണ്‍സിന് ഹൈദരാബാദിന്റെ എട്ടു വിക്കറ്റുകള്‍ എടുത്തുകൊണ്ട് ദീപക് ദേശീയ ടീമിലേക്കുള്ള യാത്ര തുടങ്ങി.

കഴിഞ്ഞ രണ്ട് ഐ.പി.എല്ലുകളിലൂടെയാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇത്ര ശ്രദ്ധ നേടിയത്. 2018 ഐ.പി.എല്ലില്‍ 10 വിക്കറ്റും ഇക്കഴിഞ്ഞ സീസണില്‍ 22 വിക്കറ്റും നേടി. കഴിഞ്ഞവര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20യില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി.

Content Highlights: Deepak Chahar and his father the dream that they both harboured