'മനുഷ്യന്‍ വരികയും പോവുകയും ചെയ്യും. പക്ഷേ ഞാന്‍ എന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും... ഇംഗ്ലീഷ് കവി ആല്‍ഫ്രഡ് ലോര്‍ഡ് ടെന്നിസന്റെ 'ദ ബ്രൂക്ക്' (അരുവി) എന്ന കവിതയിലെ ഈ വരികള്‍ വായിക്കുമ്പോള്‍ ലിയാന്‍ഡര്‍ പേസിനെയാണ് ഓര്‍മ വരുക. അരുവിയുടെ അമരത്വത്തെക്കുറിച്ചാണ് ടെന്നിസന്റെ വരികള്‍. ആ അരുവിയുടെ സ്ഥാനത്ത് നമ്മുടെ പേസിനെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്കിടയില്‍ ടെന്നീസ് ലോകത്ത് എത്രയോ താരങ്ങള്‍ വരുകയും പോകുകയും ചെയ്തു. പക്ഷേ പേസ് ഇന്നും യാത്ര തുടരുകയാണ്. വെറും യാത്രയല്ല, ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പോരാളിയായുള്ള യാത്ര. കഴിഞ്ഞ ദിവസം ഡേവിസ് കപ്പില്‍ ചൈനയ്ക്കെതിരേ നിര്‍ണായക വിജയം നേടിയതോടെ ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഡബ്ള്‍സ് വിജയം നേടിയ താരമെന്ന ബഹുമതി കൂടി സ്വന്തമാക്കി തലയയുര്‍ത്തി നില്‍ക്കുയാണ് നമ്മുടെ സ്വന്തം പോരാളി.
ഒരു ജമ്പ് കട്ട്.. എം.സി.ജെയുടെ ആദ്യ സെമസ്റ്റര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് 1996-ലെ അറ്റ്ലാന്റാ ഒളിമ്പിക്സ് എത്തുന്നത്. സ്പോര്‍ട്സും സിനിമയുമൊക്കെ ജീവനായതിനാല്‍ ഒളിമ്പിക്സും ലോകകപ്പും (ഫുട്ബോളും ക്രിക്കറ്റും) ഏഷ്യന്‍ ഗെയിംസും ഒന്നും വിട്ടുള്ള ഒരു പിടിയില്ല. അമേരിക്കയുമായുള്ള സമയ വ്യത്യാസം കാരണം ഉറക്കമിളച്ചും വെളുപ്പിനെയുമൊക്കയാണ് ഇന്ത്യ പങ്കെടുക്കുന്ന ഹോക്കിയടക്കമുള്ള മത്സരങ്ങള്‍ ദൂരദര്‍ശനില്‍ കാണുന്നത്. ബാക്കി മത്സരങ്ങളൊക്കെ കാണാന്‍ പുന:സംപ്രേക്ഷണം മാത്രം ശരണം. ഒളിമ്പിക്സ് തുടങ്ങിയതിനൊപ്പം തന്നെ എനിക്ക് ചെറിയ പനിയും പിടിച്ചിരുന്നു. പാരസെറ്റമോളും ചെറിയ ഗൃഹവൈദ്യവുമായി നാലഞ്ച് ദിവസം കടന്നുപോയി. എന്നിട്ടും പനിവിടുന്നില്ല. വൈകാതെ ആശുപത്രിയില്‍.
അവിടെ ഒമ്പ്സര്‍വേഷനില്‍ രണ്ടു മൂന്നു ദിവസം. ആദ്യത്തെ രക്തപരിശോധനയില്‍ അസുഖമെന്താണെന്ന ഡോക്ടര്‍മാര്‍ക്ക് ഒരു പിടിയും കിട്ടിയില്ല. അപ്പോഴേക്കും പനി വഷളായി. ന്യൂമോണിയയാണോ, അതോ മലേരിയയാണോ? ഞാനിങ്ങനെ ഒബ്സര്‍വേഷന്‍ മുറിയില്‍ ബോധത്തിനും അബോധത്തിനുമിടയിലുള്ള ഒരു അവസ്ഥയിലും. അറ്റ്ലാന്റയും ഒളിമ്പിക്സുമൊക്കെ ഓര്‍മയില്‍ നിന്നു തന്നെ പോയി.
വൈകാതെ രക്തസാമ്പിള്‍ കോട്ടയത്തെ ഒരു ലാബില്‍ പരിശോധനയ്ക്കയച്ചു. അവിടെ വച്ചാണ് രോഗം ന്യൂമോണിയയാണെന്ന് തിരിച്ചറിയുന്നത്. ഒരു ധാരണ വച്ച് അതിനുമുമ്പു തന്നെ ന്യൂമോണിയയ്ക്കുളള ചികിത്സ തുടങ്ങിയിരുന്നതായി ഡോക്ടര്‍ റൗണ്ടസിനു വന്നപ്പോള്‍ പറഞ്ഞിരുന്നതായി പിന്നീടെപ്പഴോ അറിഞ്ഞു.
രോഗത്തിനുള്ള മരുന്ന് ചെന്നതോടെ അസുഖം കുറഞ്ഞു തുടങ്ങി. എന്നെ മുറിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കു ശേഷം പതിയെ മനുഷ്യനിലേക്കുളള മടക്കം. രാവിലെ പത്രം കണ്ടപ്പോഴാണ് ഒളിമ്പിക്സിന്റെ ഓര്‍മകള്‍ മടങ്ങി വരുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെയും പേസിന്റെയുമൊക്കെ സ്ഥിതി എന്തായി കാണും. പത്രത്തില്‍ ഇതൊന്നും കണ്ടില്ല. ചേട്ടനോട് ചോദിച്ചപ്പോഴാണ്ഹോക്കി ടീം നേരത്തേ തന്നെ മെഡല്‍പ്പട്ടികയില്‍ നിന്നു പുറത്തായ വിവരം അറിഞ്ഞത്. ടെന്നീസില്‍ പേസ് സെമി വരെയെത്തിയതും സെമിയില്‍ സാക്ഷാല്‍ ആന്ദ്രേ അഗാസിയോടു തോറ്റതുമൊക്കെ ചേട്ടന്‍ വിവരിച്ചു. ' എടാ പേസിന് വെങ്കല മെഡലിന് ഇനിയും സാധ്യതയുണ്ട്. സെമിയില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരമുണ്ട്. അതില്‍ ജയിച്ചാല്‍ വെങ്കലം കിട്ടും' ചേട്ടന്‍ ആവേശത്തിലാണ്. ഇന്ത്യക്കൊരു ഒളിമ്പിക് മെഡലെന്ന മോഹം ആശുപത്രിക്കിടക്കയിലാണെങ്കിലും എനിക്കും പ്രതീക്ഷകള്‍ തന്നു.
ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെയാണ് പേസ് വെങ്കല മെഡലുമായി നില്‍ക്കുന്ന ഒന്നാം പേജ് ചിത്രമുള്ള പത്രം വായിച്ചത്. അതു കണ്ടപ്പോഴുള്ള ത്രില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. രോഗക്കിടക്കയില്‍ അന്ന് പേസിന്റെ വിജയം നല്‍കിയ ഊര്‍ജ്ജം അത്ര ചെറുതായിരുന്നില്ല. ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍.
എം.സി.ജെ കഴിഞ്ഞതിനു പിന്നാലെ പത്രപ്രവര്‍ത്തനത്തിലേക്ക. ഇന്നത്തേതുപോലെ വര്‍ഷത്തില്‍ 365 ദിവസവും കായിക മത്സരങ്ങള്‍ അന്ന് ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളും ലിയാന്‍ഡറും മഹേഷ് ഭൂപതിയുമൊക്കെ അണി നിരക്കുന്ന ടെന്നീസ് മത്സരങ്ങളുമായിരുന്നു പത്രങ്ങള്‍ക്ക വിരുന്ന്. ടെന്നീസിന് നല്ല പ്രാധാന്യവും കിട്ടും. പേസും ഭൂപതിയും ചേര്‍ന്ന' ഇന്ത്യന്‍ എക്സ്പ്രസ്' ടെന്നീസ് ലോകത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു മുന്നേറുന്നു. ഒരു വര്‍ഷം നാല് ഗ്രാന്‍ഡ് സ്ലാം ഫൈനലുകള്‍. രണ്ടിലും കിരീടം. ലോക കായിക ഭൂപടത്തില്‍ ഇന്ത്യന്‍ പതാക പാറിയ കാലം. ഇന്ത്യയിലെ കായികപ്രേമികളുടെ അഭിമാനമുയര്‍ന്ന കാലഘട്ടം.
പേസും ഭൂപതിയും പിരിയുന്ന വിവരം ഞെട്ടലോടെയാണ് കേട്ടത്. എങ്കിലും രാജ്യത്തിനായി ഒരുമിച്ചു കളിക്കുമെന്ന വാര്‍ത്ത ആശ്വാസം നല്‍കി. ഡേവിസ് കപ്പിലും ഒളിമ്പിക്സിലുമൊക്കെ അവര്‍ ഇന്ത്യന്‍ കൊടിക്കീഴില്‍ അണിനിരന്നു.

2004- ആതന്‍സ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ പോരാട്ടം ഇപ്പോഴും മറക്കാതെ ഓര്‍മയിലുണ്ട്. ക്രൊയേഷ്യയുടെ മരിയോ ആന്‍സിച്ച് -ഇവാന്‍ ലുബിസിച്ച് ജോഡിയാണ് പേസ്-ഭൂപതി സഖ്യത്തിന്റെ എതിരാളികള്‍ . ജയസാധ്യതകള്‍ മാറിമറിഞ്ഞ ഇഞ്ചോടിച്ച് പോരാട്ടം. അന്ന വീണ്ടും ഇന്ത്യന്‍ എക്സ്പ്രസിന്റെ മുഖമുദ്രയായ ചെസ്റ്റ് പമ്പിങ് (നെഞ്ചുകൊണ്ട് പരസ്പരം ഇടിക്കുക) കണ്ട് ഇന്ത്യന്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു. പക്ഷേ അന്തിമ വിജയം ക്രൊയേഷ്യൻ ജോഡിക്കൊപ്പം നിന്നു.
അതിനു മുമ്പു തന്നെ പേസും ഭൂപതിയും ഡബ്ള്‍സിലും മിക്സഡ് ഡബ്ള്‍സിലും വ്യത്യസതരായ പങ്കാളികള്‍ക്കൊപ്പം വിജയഗാഥ രചിക്കുന്നുണ്ടായിരുന്നു. ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഇരുവരും നേടി. ഇതിഹാസ താരം മര്‍ട്ടിന നവരത്ലോവയ്ക്കൊപ്പം പേസ് മിക്സഡ് ഡബിൾസ് കളിക്കാനിറങ്ങിയത് കായികലോകം കൗതുകത്തോടെയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടി. തലച്ചോറിന് അസുഖബാധിതനായി പേസ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ മര്‍ട്ടീനയും ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് മാറിനിന്നത് വാര്‍ത്തയുമായി. അത്രയ്ക്കായിരുന്നു പേസ് എന്ന പ്രൊഫഷണലിനോടും വ്യക്തിയോടും മര്‍ട്ടീനയ്ക്കുള്ള ബഹുമാനം.
കരിയറില്‍ വിജയഗാഥ തുടരമ്പോഴും പേസും ഇന്ത്യയിലെ സഹതാരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം കൂടിവന്നു. പേസിനൊപ്പം കളിക്കില്ലെന്ന് പല ഇന്ത്യന്‍ താരങ്ങളും പരസ്യമായിത്തന്നെ പറഞ്ഞു. ഡേവിസ് കപ്പ് മത്സരങ്ങളിലും കഴിഞ്ഞ റിയോ ഒളിമ്പിക്സിലുമൊക്കെ അഭിപ്രായ വ്യത്യാസം അതിന്റെ രൂക്ഷതയിലെത്തി.
ഒടുവില്‍ ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ പേസിന് സ്ഥാനം നഷ്ടമാകുന്നതുവരെയെത്തി കാര്യങ്ങള്‍. അപ്പോഴും തോല്‍വി സമ്മതിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. തന്റെ ആദ്യ പ്രണയമായ ടെന്നീസിനോടുള്ള ഇഷ്ടം 44-ാം വയസ്സിലും തുടരുന്ന പേസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം ചൈനയ്ക്കെതിരായ ജയത്തോടെ റെക്കോഡു പുസ്തകത്തിലും സ്ഥാനം പിടിച്ചു.
തന്റെ റെക്കോഡിനേക്കാള്‍ ടീം ലോകകപ്പ പ്ലേ ഓഫിന് യോഗ്യത നേടിയതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നാണ് മത്സര ശേഷം പേസ് പറഞ്ഞത്. അതേ അവിടെയാണ് പേസ് വ്യത്യസ്തനാകുന്നത്. അദ്ദേഹത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍ കാണാം. പക്ഷേ ഇന്ത്യ എന്ന വികാരമാണ് പേസിനെ മുന്നോട്ടു നയിക്കുന്നത്. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള താരങ്ങളെ തോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കുന്നത്. യാത്ര തുടരുക പേസ്...
Content Highlights: Davis Cup Record For Leander Paes