പുരുഷ ടെന്നീസില്‍ റഷ്യയ്ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത താരങ്ങളാണ് യെവ്ജനി കഫെല്‍നിക്കോവും മരാട് സാഫിനും മിഖായേല്‍ യൂഷ്നിയുമൊക്കെ. 1990-കളുടെ രണ്ടാം പകുതിയില്‍ കഫെല്‍നിക്കോവ് തെളിച്ച വഴിയേ സാഫിനും നീങ്ങി. ഇരുവരും ലോക ഒന്നാം നമ്പര്‍ പദവിയും ഗ്രാന്‍സ്ലാം കിരീടങ്ങളും നേടി. മിഖായേല്‍ യൂഷ്നി റാങ്കിങ്ങില്‍ എട്ടാംസ്ഥാനത്തെത്തി.

വനിതാ ടെന്നീസിലാകട്ടെ, രണ്ടായിരത്തിന്റെ ആദ്യപാതിയില്‍ (കൃത്യമായി പറഞ്ഞാല്‍ 2004-ല്‍) ഒരു ഗ്രാന്‍ഡ് സ്ലാം വിപ്ലവംതന്നെ അരങ്ങേറി. അന്ന കൂര്‍ണിക്കോവയുടെ ഗ്ലാമര്‍ വിപ്ലവത്തിനുശേഷമുണ്ടായ യഥാര്‍ഥ റഷ്യന്‍ ടെന്നീസ് വിപ്ലവം.

ഫ്രഞ്ച് ഓപ്പണില്‍ അനസ്താസിയ മിസ്‌കിനയുടെ കിരീട നേട്ടത്തോടെയായിരുന്നു തുടക്കം. റഷ്യന്‍ വനിതയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം മിസ്‌കിന സ്വന്തമാക്കി. പിന്നാലെ സെറീന വില്യംസിനെ അട്ടിമറിച്ച് മരിയ ഷറപ്പോവയെന്ന ചെറുപ്പക്കാരി വിംബിള്‍ഡണ്‍ ജേത്രിയായി. സീസണിലെ അവസാന ഗ്രാന്‍സ്ലാമായ യു.എസ്. ഓപ്പണില്‍ സ്വെറ്റ്ലാന കുസ്നട്സോവയും വിജയിച്ചതോടെ ഗ്രാന്‍സ്ലാമില്‍ റഷ്യയുടെ വര്‍ഷമായി.

മറ്റൊരു റഷ്യന്‍ താരം യെലന ഡെമന്റിയേവ ഫ്രഞ്ച് ഓപ്പണിലും യു.എസ്. ഓപ്പണിലും ഫൈനലില്‍ തോറ്റതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ആ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനാണ് ഡാനിയല്‍ മെദ്‌വദെവ്. കരിയറില്‍ ഏഴ് എ.ടി.പി. കിരീടങ്ങള്‍. കഴിഞ്ഞവര്‍ഷം യു.എസ്. ഓപ്പണിന്റെ ഫൈനല്‍വരെ എത്തിയ കുതിപ്പ്. റാങ്കിങ്ങില്‍ നാലാം സ്ഥാനത്തെത്തിയ മോസ്‌കോ സ്വദേശി ഇപ്പോള്‍ അഞ്ചാമതാണ്.

സവരെവിനെയും സിറ്റ്സിപാസിനെയും പോലെയുള്ള 'ന്യൂജെന്‍' താരങ്ങളെപ്പോലെ ടെന്നീസ് പാരമ്പര്യമായി കിട്ടിയതല്ല മെദ്‌വദെവിന്. അച്ഛന്‍ സെര്‍ജിയുടെ പ്രോത്സാഹനത്തിലാണ് ആറാം വയസ്സില്‍ ടെന്നീസിലെത്തിയത്.

2015-ല്‍ പ്രൊഫഷണലായെങ്കിലും ആദ്യ എ.ടി.പി. കിരീടത്തിനായി മൂന്നു വര്‍ഷം കാത്തിരിക്കേണ്ടിവന്നു. സിഡ്നി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ യുവതാരം അലക്‌സ് ഡി മിനോറിനെ തോല്‍പ്പിച്ചായിരുന്നു കിരീടധാരണം. അക്കൊല്ലം രണ്ട് കിരീടങ്ങള്‍കൂടി നേടിയ മെദ്‌വദെവ് സീസണില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഏറ്റവുമധികം ജയം നേടിയ കളിക്കാരനായി. സീസണില്‍ കൂടുതല്‍ ഹാര്‍ഡ് കോര്‍ട്ട് കിരീടം (മൂന്ന്) എന്ന റെക്കോഡ് റോജര്‍ ഫെഡറര്‍ക്കും നൊവാക് ജോക്കോവിച്ചിനുമൊപ്പം പങ്കുവെക്കാനുമായി.

മെദ്വദെവിന്റെ കരിയറിലെ ബ്രേക്ക് ത്രൂ 2019-ലായിരുന്നു. തുടരെ ആറ് എ.ടി.പി. ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്നു. രണ്ട് മാസ്റ്റേഴ്സ് കിരീടങ്ങള്‍ നേടിയ താരം യു.എസ്. ഓപ്പണ്‍ ഫൈനലിലെത്തി. സീസണില്‍ ഒമ്പത് ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്നു. രണ്ട് ടൂര്‍ണമെന്റുകളില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ചു. ഇതിനിടെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തെത്തി.

പുതിയ സീസണില്‍ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ആത്മവിശ്വാസത്തിലാണ് താരം. 1.98 മീറ്റര്‍ ഉയരത്തിന്റെ ആനുകൂല്യവുമായി കളം നിറഞ്ഞു കളിക്കാന്‍ അദ്ദേഹത്തിനാകും. നീണ്ട റാലികള്‍ക്കൊടുവില്‍ എതിരാളികളെ നിഷ്പ്രഭനാക്കി പോയന്റ് നേടുന്ന മെദ്‌വദെവിനെ 'ദ ബീസ്റ്റ്' എന്നാണ് സഹതാരങ്ങള്‍ വിളിക്കുന്നത്. മുന്‍ റഷ്യന്‍ ജൂനിയര്‍ താരം ഡാരിയയാണ് മെദ്വദെവിന്റെ ജീവിത പങ്കാളി. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം.

Content Highlights: Daniil Medvedev Heir to the Russian Tennis Revolution