Photo: twitter.com
ജൂണ്‍ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണല്‍ മെസ്സി ആരാധകര്‍ക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്‌സിയില്‍ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പര്‍ താരം മാസങ്ങള്‍ക്കപ്പുറമുള്ള ഖത്തറിലെ ഫുട്‌ബോള്‍ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവര്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങള്‍ക്ക് മുമ്പ് വന്‍കര ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധത്തെ നിലംപരിശാക്കി അര്‍ജന്റീന കിരീടമുയര്‍ത്തിയപ്പോഴും വെള്ളയും നീലയും അഴക് ചാര്‍ത്തിയ ആ കുപ്പായത്തില്‍ തങ്ങളുടെ മിശിഹയുടെ തിളക്കത്തിനൊപ്പം തന്നെ അര്‍ജന്റീനയുടെ കിരീട നേട്ടവും ആരാധകര്‍ ആഘോഷമാക്കി.
മെസ്സിയുടെ ഈ ഫോമിനു പിന്നാലെ എല്ലാ കണ്ണുകളും പിന്നീട് നീണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന 37-കാരനിലേക്കായിരുന്നു. തൊട്ടടുത്ത ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ റോണോ കളത്തിലിറങ്ങുന്നത് തന്നെയായിരുന്നു അതിന് കാരണം. അദ്ദേഹവും തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല. 35-ാം മിനിറ്റിലും 39-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ച് തന്റെ ആ സ്‌ട്രൈക്കിങ് മികവ് ഈ പ്രായത്തിലും കൈമോശം വന്നിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചു. എന്നാല്‍ ലിസ്ബണിലെ ജോസ് അല്‍വാല്‍ഡെ സ്‌റ്റേഡിയത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-0ന് തകര്‍ത്ത് പോര്‍ച്ചുഗീസ് പട തിരികെ കയറുമ്പോള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് ഗാലറിയില്‍ കണ്ണീര്‍ പൊഴിക്കുന്ന, പോര്‍ച്ചുഗലിന്റെ ചുവന്ന ജേഴ്‌സി ധരിച്ച ഒരു മുഖമായിരുന്നു. നേരത്തെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍മാന്‍ രണ്ടു തവണ സ്വിസ് വല ചലിപ്പിച്ചപ്പോഴും കണ്ണീര്‍ വാര്‍ത്ത ഇതേ മുഖം ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. ഇരട്ട ഗോളുകള്‍ നേടി റോണോ ആകാശത്തേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിനൊപ്പം നേരത്തെ കണ്ണീര്‍ വാര്‍ത്ത ആ മുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഒപ്പം സ്റ്റാറ്റസുകളില്‍ നിന്ന് സ്റ്റാറ്റസുകളിലേക്ക് പാറിക്കളിക്കുകയും ചെയ്തു.
അത് മറ്റാരുമായിരുന്നില്ല ഒരു രാജ്യം ഒന്നടങ്കം നെഞ്ചിലേറ്റിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസത്തിന്റെ അമ്മ മരിയ ഡോളോരെസ് ഡോ സാന്റോസ് അവെയ്‌റോ. തന്റെ മകന്‍ രാജ്യത്തിനായി 117-ാം ഗോള്‍ കുറിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുടെ സ്‌നേഹത്തിനുപാത്രമാകുന്നതിനും സാക്ഷിയായ ആ അമ്മയുടെ ഓര്‍മകള്‍ ഒരു തെല്ലിട നേരത്തേക്കെങ്കിലും 37 വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചിട്ടുണ്ടായിരിക്കില്ലേ. മകന്റെ വളര്‍ച്ചയ്ക്കായി യാതനകള്‍ സഹിച്ച നിരവധി അമ്മമാരുണ്ട് ഫുട്‌ബോള്‍ ലോകത്ത്. കളിക്കാർ മൈതാനത്ത് ഉപേക്ഷിച്ചുപോകുന്ന ജേഴ്‌സിയും മറ്റും മകനായി മാറ്റിവെച്ച സാക്ഷാല്‍ യൊഹാന്‍ ക്രൈഫിന്റെ അമ്മ പെട്രോനെല്ല ബെര്‍ണാഡ ഡ്രായിയര്‍ മുതല്‍ ഇങ്ങ് ദൂരെ തൃശൂര്‍ കോലോത്തുപാടത്ത് പഴയ കുപ്പിയും പാട്ടയും പെറുക്കിനടന്നിരുന്ന അയനി വളപ്പില്‍ കൊച്ചമ്മുവെന്ന ഐ.എം വിജയനെന്ന ഇതിഹാസത്തിന്റെ അമ്മ വരെയുണ്ട് അക്കൂട്ടത്തില്‍.
എന്നാല്‍ മറ്റ് അമ്മമാര്‍ക്ക് മകന്റെ വളര്‍ച്ചയ്ക്കായി സഹിച്ച യാതനകളുടെ കഥകള്‍ പറയാനുള്ളപ്പോള്‍ പട്ടിണി മൂലം ഉദരത്തില്‍ വളരുകയായിരുന്ന കുഞ്ഞിനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിച്ച കഥയാണ് മരിയ ഡോളോരെസ് ഡോ സാന്റോസ് അവെയ്‌റോ എന്ന പോര്‍ച്ചുഗീസുകാരിക്ക് പങ്കുവെയ്ക്കാനുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കറേജ് എന്ന തന്റെ ആത്മകഥയിലൂടെയാണ് ലോകം ഇന്ന് ആരാധിക്കുന്ന ആ ഇതിഹാസത്തെ ജനിക്കും മുമ്പ് തന്നെ ഇല്ലായ്മ ചെയ്യാന്‍ താന്‍ ആലോചിച്ചിരുന്ന കാര്യം മരിയ വെളിപ്പെടുത്തിയത്. ഒടുവില്‍ ഡോക്ടറുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മരിയക്ക് ആ കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്നത്. കുടുംബത്തെ കുറിച്ച് ചിന്തിക്കാത്ത കടുത്ത മദ്യപാനിയായിരുന്ന ഭര്‍ത്താവ് ജോസ് ഡിനിസ് അവെയ്‌റോയാണ് ഒരു പരിധിവരെ അത്തരമൊരു തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്ന് വേണമെങ്കില്‍ പറയാം. മുതിര്‍ന്നു കഴിഞ്ഞ് ആ അമ്മ തന്നെയാണ് മകനെ ഇല്ലാതാക്കാന്‍ നോക്കിയ കാര്യം റോണോയോട് പറയുന്നത്. എന്നിട്ടുപോലും അയാള്‍ക്ക് തന്റെ അമ്മയോടുള്ള സ്‌നേഹത്തിന് തെല്ലും കുറവുണ്ടായില്ല. ലോകമെമ്പാടും സിആര്‍ 7 ഒരു ബ്രാന്‍ഡായി വളര്‍ന്നപ്പോഴും ഈ രഹസ്യം രഹസ്യമായി തന്നെ തുടര്‍ന്നു. ഒടുവില്‍ ആ മകന്റെ കൂടി സമ്മതത്തോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രഹസ്യം മരിയ ലോകത്തോട് പരസ്യമാക്കുന്നത്.
റൊണാള്‍ഡോ എന്ന ഇതിഹാസത്തിന്റെ വളര്‍ച്ചയില്‍ മരിയയുടെ പങ്ക് തെല്ലും ചെറുതല്ല. മുഴുക്കുടിയനായ ഭര്‍ത്താവിനെ കൊണ്ട് കുടുംബത്തിന് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ കന്റെ ഫുട്‌ബോള്‍ വാസനകള്‍ക്ക് കരുത്ത് പകര്‍ന്നതും ഒപ്പം നിന്നതും മരിയ തന്നെയായിരുന്നു. വീട്ടുജോലിയെടുത്ത് ആ അമ്മ മിച്ചം വെയ്ക്കുന്ന പണമാണ് കുഞ്ഞ് റോണോയ്ക്ക് ജേഴ്‌സിയും ബൂട്ടുകളുമെല്ലാമായി മാറിയിരുന്നത്. കൗമാര പ്രായത്തില്‍ തന്നെ പഠനം നിര്‍ത്തി ആ മകന്‍ ഫുട്‌ബോള്‍ എന്ന സ്വപ്‌നത്തിന് പിന്നാലെ പോയപ്പോള്‍ കുടുംബത്തിന് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് കരുതി അവരെ തടയാന്‍ ആ അമ്മ മുതിരാതിരുന്നതിന്റെ ഫലമാണ് ഇന്ന് നമ്മള്‍ കാണുന്ന ക്രിസ്റ്റ്യാനോ എന്ന ഇതിഹാസം. ഇന്ന് ജന്മനാടായ മെദീരയില്‍ മരിയ വിമാനമിറങ്ങുന്ന വിമാനത്താവളത്തിന് ആ അമ്മയുടെ മകന്റെ പേരാണ്. 14-ാം വയസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ആ മകന്‍ സ്വന്തം നാട്ടിലെ നിരവധി സ്‌കൂളുള്‍ക്കാണ് ഇന്ന് സാമ്പത്തിക സഹായം നല്‍കുന്നത്. അതെ, ലിസ്ബണിലെ ജോസ് അല്‍വാല്‍ഡെ സ്‌റ്റേഡിയത്തില്‍ മകനു മുന്നില്‍ കണ്ണീര്‍ വാര്‍ത്തപ്പോള്‍ ഈ ഓര്‍മകളെല്ലാം ഒരുനിമിഷത്തേക്കെങ്കിലും ആ അമ്മയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകില്ലേ?
Content Highlights: Cristiano Ronaldo s mother was moved to tears following his 117th international goal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..