ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുന്നു.. താരം മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു...  റൊണാള്‍ഡോയും അദ്ദേഹത്തിന്റെ കൂടുമാറ്റവും മാത്രമാണ് രണ്ടു ദിവസമായി ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്തത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരമായ റൊണാള്‍ഡോ സിറ്റിയിലേക്ക് വരുന്നു എന്ന വാര്‍ത്ത പരന്നതോടെ വലിയ പ്രതിഷേധങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നു. ചിരവൈരികളായ സിറ്റിയ്ക്ക് വേണ്ടി റൊണാള്‍ഡോ ബൂട്ടുകെട്ടുമെന്ന് അറിഞ്ഞതോടെ യുണൈറ്റഡ് ആരാധകര്‍ കലിതുള്ളി. പല പ്രമുഖരും താരത്തിനെതിരേ രംഗത്തെത്തി. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം പ്രതിഷേധം ശക്തമായി. ഒടുവില്‍ റൊണാള്‍ഡോ സിറ്റിയിലേക്ക് പോകുമെന്ന് ഉറപ്പിച്ചതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് മൗനത്തിലാണ്ടു. അവസാന പ്രതീക്ഷയും അസ്തമിച്ചു എന്ന നിരാശയോടെ. 

പക്ഷേ അപ്പോഴാണ് അത് സംഭവിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കാരണവര്‍, ടീമിനെയും റൊണാള്‍ഡോയെയും ലോകനിലവാരത്തിലേക്കുയര്‍ത്തിയ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചിത്രത്തിലേക്ക് കയറി വരുന്നത്. അദ്ദേഹം റൊണാള്‍ഡോയോട് അല്‍പ്പനേരം സംസാരിച്ചു. പിന്നീട് നടന്നത് ചരിത്രം. തന്നെ ലോകോത്തര താരമാക്കി മാറ്റിയ ചുവന്ന ചെകുത്താന്മാരുടെ മണ്ണിലേക്ക് മടങ്ങിവരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരം സമ്മതിച്ചു. തന്റെ പ്രിയ ഗുരുവിന്റെ ആഗ്രഹം എങ്ങനെയാണ് അദ്ദേഹത്തിന് സാധിച്ചുകൊടുക്കാതിരിക്കാന്‍ കഴിയുക. ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗീസ് നായകന്‍ വീണ്ടും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി പന്തുതട്ടും. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം. ഈ വാര്‍ത്ത മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ റെക്കോഡ് ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്. 

യുവന്റസില്‍ നിന്നും റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിലേക്കെത്തുമ്പോള്‍ ആരാധകര്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ആഴ്ചയില്‍ 4.84 കോടി രൂപയാണ് റൊണാള്‍ഡോയ്ക്ക് ശമ്പളമായി യുണൈറ്റഡ് നല്‍കുക. ഒപ്പം യുവന്റസിന് 242 കോടിയോളം രൂപയും നല്‍കും. എട്ടുവര്‍ഷങ്ങളായുള്ള യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് കിരീട വരള്‍ച്ചയ്ക്ക് റൊണാള്‍ഡോ അറുതി വരുത്തുമെന്ന് ഫുട്‌ബോള്‍ ലോകം കണക്കുകൂട്ടുന്നു.

2012-13 സീസണിന് ശേഷം പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്താന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചിട്ടില്ല. മികച്ച ടീമുണ്ടായിരുന്നിട്ടും നല്ലൊരു ഫിനിഷറുടെ അഭാവം ടീമിലെ വല്ലാതെ അലട്ടി. റൊണാള്‍ഡോ ടീം വിട്ട ശേഷം യുണൈറ്റഡിന് അത്ര നല്ല കാലമല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏറ്റവുമധികം സ്വന്തമാക്കിയ ക്ലബ് ആ പ്രതാപത്തിന്റെ നിഴല്‍വെട്ടത്തുപോലുമുള്ള പ്രകടനം ഇപ്പോള്‍ പുറത്തെടുക്കുന്നില്ല. 

സര്‍ അലക്‌സ് ഫെര്‍ഗൂസനും റൊണാള്‍ഡോയും മടങ്ങിയ ശേഷം നിരവധി പരിശീലകരും താരങ്ങളും യുണൈറ്റഡിനായി വന്നു. ഡേവിഡ് മോയസും വാന്‍ഗാലും ഹോസെ മൗറീന്യോയുമെല്ലാം വന്നെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അലെക്‌സ് ഫെര്‍ഗൂസന് ശേഷം മറ്റൊരു പരിശീലകന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം യുണൈറ്റഡിന് സമ്മാനിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. റൊണാള്‍ഡോ ടീം വിട്ടശേഷം റൂണിയും ബെര്‍ബറ്റോവും ടെവസും വാന്‍ പേഴ്‌സിയും ഗിഗ്‌സും സ്‌കോള്‍സും ഹാവിയര്‍ ഹെര്‍ണാണ്ടസുമെല്ലാം ചേര്‍ന്ന് 2010-11 സീസണിലും 2012-13 സീസണിലും പ്രീമിയര്‍ ലീഗ് കിരീടം നേടി. പിന്നീടുണ്ടായത് ക്ലബ്ബിന്റെ തകര്‍ച്ചയായിരുന്നു. ഓരോരുത്തരായി ടീം വിട്ടു. പല വിഖ്യാത താരങ്ങളെ കൊണ്ടുവന്നെങ്കിലും ടീമിന് കിരീടം നേടാനായില്ല.. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ പരിശീലകനായി സ്ഥാനമേറ്റതിനുശേഷമാണ് യുണൈറ്റഡിന് വീണ്ടും പ്രതീക്ഷ മുളച്ചത്. മികച്ച ടീമിനെ വാര്‍ത്തെടുത്ത് ടീമിനെ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ സോള്‍ഷ്യറിന് സാധിച്ചു. അപ്പോഴും മികച്ച ഒരു ഫിനിഷറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. ഇത്തവണ റൊണാള്‍ഡോ വന്നതോടെ ആ പ്രതിസന്ധിയും സോള്‍ഷ്യര്‍ തരണം ചെയ്തു.

manchester united
മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ

2003 മുതല്‍ 2009 വരെ യുണൈറ്റഡില്‍ കളിച്ച റൊണാള്‍ഡോ 292 മത്സരങ്ങളില്‍ നിന്നുമായി 118 ഗോളുകള്‍ നേടി. ഒന്‍പത് കിരീടങ്ങളും ടീമിന് നേടിക്കൊടുത്തു. റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിലെത്തുമ്പോള്‍ ആരാധകര്‍ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വപ്‌നം കാണുന്നു.

പുതിയ സീസണില്‍ മികച്ച ടീമിനെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. റൊണാള്‍ഡോയും സോള്‍ഷ്യറും ഒരുമിച്ച് യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട് എന്നത് കൗതുകകരമായ കാര്യമാണ്. ഇരുവരും തമ്മിലുള്ള മികച്ച ബന്ധം ടീമിന് മുതല്‍ക്കൂട്ടാവും. റൊണാള്‍ഡോയ്ക്ക് പുറമേ ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍ നിന്നും ജേഡന്‍ സാഞ്ചോയെയും റയല്‍ മഡ്രിഡില്‍ നിന്നും റൊണാള്‍ഡോയുടെ മുന്‍ സഹ കളിക്കാരനായ പ്രതിരോധതാരം റാഫേല്‍ വരാനെയെയും സോള്‍ഷ്യര്‍ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷങ്ങളുടെ കണക്കെടുക്കുമ്പോള്‍ യുണൈറ്റഡ് അണിനിരത്തുന്ന ഏറ്റവും മികച്ച ടീമാണ് പുതിയ സീസണില്‍ കളിക്കുന്നത്.

യുണൈറ്റഡിന്റെ വലകാക്കാന്‍ വിശ്വസ്തനായ ഡി ഗിയയും ഡീന്‍ ഹെന്‍ഡേഴ്‌സണുമുണ്ട്. ഇരുവരും മികച്ച ഫോമിലാണ്. റാഫേല്‍ വരാനെ, ഹാരി മഗ്വയര്‍, ആരോണ്‍ വാന്‍ ബിസ്സാക്ക, ലൂക്ക് ഷാ, വിക്ടര്‍ ലിന്‍ഡലോല്‍ഫ് എന്നിവരടങ്ങുന്ന പ്രതിരോധവിഭാഗം ലോകത്തിലെ ഏറ്റവും അപകടകാരികളാണ്. മധ്യനിരയില്‍ പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസും പോള്‍ പോഗ്ബയും ഫ്രെഡും ഡോണി വാന്‍ ഡി ബീക്കും ജെസ്സെ ലിംഗാര്‍ഡും സ്‌കോട് മക്ടൊമിനെയുമെല്ലാം അണിനിരക്കും. അതില്‍ ബ്രൂണോയും പോഗ്ബയും അസാമാന്യമായ ഫോമിലാണ് കളിക്കുന്നത്. മുന്നേറ്റ നിരയില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, എഡിന്‍സണ്‍ കവാനി, ആന്റണി മാര്‍ഷ്യല്‍, ഡാനിയല്‍ ജെയിംസ്, മേസണ്‍ ഗ്രീന്‍വുഡ് എന്നിവര്‍ക്കൊപ്പം റൊണാള്‍ഡോ കൂടി ചേരുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ നിരകളിലൊന്ന് യുണൈറ്റഡിന് സ്വന്തമാകും. 

ronaldo and ole

മികച്ച മധ്യനിരതാരത്തിന്റെയും മുന്നേറ്റ താരത്തിന്റെയും അഭാവമാണ് ടീമിനെ കഴിഞ്ഞ സീസണുകളില്‍ ബാധിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസിനെ ടീമിലെത്തിച്ചതോടെ മധ്യനിര ലോകോത്തര നിലവാരത്തിലേക്കുയര്‍ന്നു. അപ്പോഴും മികച്ച ഫിനിഷറുടെ അഭാവം ടീമിനെ അലട്ടി. കവാനി ഒരു പരിധിവരെ ആ വിടവ് നികത്തിയെങ്കിലും അത് പൂര്‍ണമായില്ല. എന്നാല്‍ റൊണാള്‍ഡോ ടീമിലെത്തിയതോടെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ യുണൈറ്റഡിന് സ്വന്തമായി. ആ കുറവും ടീം പരിഹരിച്ചു. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാനാണ് സോള്‍ഷ്യറും സംഘവും കച്ചകെട്ടി ഇറങ്ങുന്നത്. അവര്‍ക്കായി മുന്നില്‍ നിന്നും പടനയിക്കാന്‍ റൊണാള്‍ഡോയുമുണ്ട്.

കടുത്ത യുണൈറ്റഡ് ആരാധകര്‍ പോലും റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2009-ല്‍ റയലിലേക്ക് ചേക്കേറിയെങ്കിലും റൊണാള്‍ഡോയെ യുണൈറ്റഡ് ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ താരം യുവന്റസില്‍ നിന്നും യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് നിന്നുകത്തി. പരിശീലകന്‍ സോള്‍ഷ്യറും ഇതിഹാസ താരം റൂണിയുമടക്കമുള്ള പ്രമുഖര്‍ റൊണാള്‍ഡോയ്‌ക്കെതിരേ രംഗത്തെത്തി. പ്രശ്‌നം ആളിക്കത്തിയതോടെ ഫുട്‌ബോള്‍ ലോകം റൊണാള്‍ഡോയ്ക്ക് പിന്നാലെയായി. സിറ്റിയ്‌ക്കൊപ്പം യുണൈറ്റഡും താരത്തെ റാഞ്ചാനായി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സിറ്റിയുടെ വാഗ്ദാനം യുവന്റസ് നിരസിച്ചതോടെ യുണൈറ്റഡിന് പ്രതീക്ഷയായി. 

യുണൈറ്റഡിന്റെ കുന്തമുനയും പോര്‍ച്ചുഗല്‍ ടീം അംഗവുമായ ബ്രൂണോ ഫെര്‍ണാണ്ടസ് റൊണാള്‍ഡോയുമായി ചര്‍ച്ച നടത്തി. എങ്കിലും താരം വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. ഇതോടെ സാക്ഷാല്‍ ഫെര്‍ഗൂസന്‍ തന്നെ രംഗത്തെത്തി. ഫെര്‍ഗൂസന്‍ റൊണാള്‍ഡോയെ വിളിച്ച് സംസാരിച്ച് അദ്ദേഹത്തെ ടീമിലേക്ക് ക്ഷണിച്ചു. തന്റെ പ്രിയഗുരുവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിനുവേണ്ടി പന്തുതട്ടാമെന്ന് സമ്മതിച്ചു. 

ronaldo and ferguson

കൗമാരതാരമായ റൊണാള്‍ഡോയെ സ്‌പോര്‍ടിങ് ലിസ്ബണില്‍ നിന്നും കണ്ടെത്തി യുണൈറ്റഡിലെത്തിച്ചത് ഫെര്‍ഗൂസനാണ്. 2003-ല്‍ ടീമിലെത്തുമ്പോള്‍ റൊണാള്‍ഡോയ്ക്ക് വെറും 19 വയസ്സ് മാത്രമായിരുന്നു പ്രായം. യുണൈറ്റഡ് ആദ്യമായി സൈന്‍ ചെയ്യിച്ച പോര്‍ച്ചുഗീസ് താരം കൂടിയായിരുന്നു റൊണാള്‍ഡോ. ഫെര്‍ഗൂസന്റെ കണിശതയാര്‍ന്ന പരിശീലനത്തില്‍ കുഞ്ഞു റോണോ വളര്‍ന്നു. അദ്ദേഹം ടീമിന്റെ കുന്തമുനയാകാന്‍ തുടങ്ങി. 

2009 വരെ യുണൈറ്റഡിനൊപ്പം കളിച്ച റൊണാള്‍ഡോ മൂന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കി. റൊണാള്‍ഡോയെ ലോകോത്തര താരമാക്കി വളര്‍ത്തിയത് ഫെര്‍ഗൂസനാണ്. അതിനുള്ള നന്ദി എപ്പോഴും റൊണാള്‍ഡോ പ്രകടമാക്കിയിട്ടുമുണ്ട്. ഫെര്‍ഗൂസന്റെ കീഴിലാണ് റൊണാള്‍ഡോ ആദ്യമായി ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഫെര്‍ഗൂസന്‍ തന്റെ പിതാവിന് തുല്യനാണെന്ന് പലകുറി റൊണാള്‍ഡോ പറഞ്ഞിട്ടുണ്ട്. 2016-ല്‍ പോര്‍ച്ചുഗലിനായി യൂറോ കപ്പ് നേടിയപ്പോള്‍ ഫൈനല്‍ മത്സരം കാണാന്‍ ഫെര്‍ഗൂസനും ഗ്രൗണ്ടിലുണ്ടായിരുന്നു. കിരീടം നേടിയ റൊണാള്‍ഡോയെ അഭിനന്ദിക്കാനായി ഫെര്‍ഗൂസനെത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് ചുംബിച്ച റൊണാള്‍ഡോയെ ഇപ്പോഴും കായികലോകം ഓര്‍ക്കുന്നു. എവിടെപ്പോയാലും റൊണാള്‍ഡോ ഫെര്‍ഗൂസനോട് കാണിക്കുന്ന അടുപ്പം ഒരോ ഫുട്‌ബോളറും കണ്ടുപഠിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് ഫെര്‍ഗൂസന്‍ വിളിച്ചപ്പോള്‍ റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിലേക്ക് വന്നത്. 

ശാരീരിക പരിശോധനയ്ക്കും പരിശീലനത്തിനും ശേഷം അടുത്ത മാസം പകുതിയോടെ റൊണാള്‍ഡോ യുണൈറ്റനുവേണ്ടി പന്തുതട്ടുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്. 

Content Highlights: Cristiano Ronaldo returns to Manchester United, Sir Alex Ferguson, Ole Gunnar Solskjaer