മോസ്‌കോ ലുഷ്നിക്കി സ്റ്റേഡിയത്തിലേക്കുള്ള ആ യാത്രയില്‍ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന വിസ്മയത്തെ അല്‍പസമയത്തിനകം നേരില്‍ക്കാണാന്‍ പോകുന്നു. 2018-ല്‍ റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയം. സ്റ്റേഡിയത്തിലെത്തി മീഡിയാ പാസ് കളക്ട് ചെയ്യുമ്പോള്‍ ഒരു ബോണസുകൂടി കിട്ടി - മിക്‌സഡ് സോണിലേക്കും ഒരു പാസ്. അത് അപൂര്‍വമായി കിട്ടുന്നതാണ്.

താരങ്ങള്‍ മത്സരം കഴിഞ്ഞ് മടങ്ങുംവഴിയാണ് സ്റ്റേഡിയത്തിലെ മിക്‌സഡ് സോണ്‍. ചിലര്‍ അവിടെവെച്ച് മാധ്യമങ്ങളോട് സംസാരിക്കും.

2018 ജൂണ്‍ 20-ലെ ആ മോസ്‌കോ സായാഹ്നം ഒരു സ്‌പോര്‍ട്സ് റിപ്പോര്‍ട്ടറുടെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായി. ക്രിസ്റ്റ്യാനോയുടെ കളി കണ്ടു, അദ്ദേഹം ഗോളടിക്കുന്നതിന് സാക്ഷിയായി. കളികഴിഞ്ഞു വരുമ്പോള്‍ മിക്‌സഡ് സോണില്‍ താരം അരികിലൂടെ കടന്നുപോകുന്നത് കണ്ടുനിന്നു.

ക്രിസ്റ്റ്യാനോ റഷ്യയില്‍ കത്തിനില്‍ക്കുകയായിരുന്നു. സോച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ സ്‌പെയിനിനെതിരേ തകര്‍പ്പന്‍ ഹാട്രിക്. കളിതീരാന്‍ രണ്ടുമിനിട്ട് ബാക്കിനില്‍ക്കെയാണ് സ്‌പെയിനിനെ സമനിലയില്‍ തളച്ച ഗോളെത്തിയത്. രണ്ടാം മത്സരം മൊറോക്കോയ്‌ക്കെതിരേ. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ആരാധകര്‍ കൂടുതല്‍ മൊറോക്കോയില്‍ നിന്നായിരുന്നു. ഒട്ടും മോശമായിരുന്നില്ല പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോയുടെ ആരാധകര്‍ എന്ന അഭിമാനത്തില്‍ അവര്‍ സ്റ്റേഡിയം ഇളക്കിമറിച്ചു. മോസ്‌കോ സമയം മൂന്ന് മണിയോട് അടുക്കുന്നു. താരങ്ങള്‍ ഇറങ്ങുന്നു. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ താരങ്ങളെ നയിച്ചുവരുന്നു. കാത്തിരുന്ന നിമിഷം. ക്രിസ്റ്റ്യാനോ സ്‌ക്രീനില്‍ തെളിയുമ്പോഴെല്ലാം സ്റ്റേഡിയം ഇരമ്പി.

കളി തുടങ്ങി. നാലാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയുടെ മാജിക്. ജോവോ മോട്ടീഞ്ഞോയുടെ ഒരു ക്രോസില്‍ ചാടിവീണ സൂപ്പര്‍താരത്തിന്റെ ഹെഡ്ഡര്‍ മൊറോക്കോ വലയില്‍. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ആ നിമിഷം റഷ്യ ലോകകപ്പിന്റെ ടോപ് സ്‌കോറര്‍ ക്രിസ്റ്റ്യാനോയായിരുന്നു. അന്താരാഷ്ട്ര കരിയറില്‍ അദ്ദേഹത്തിന്റെ 85-ാം ഗോള്‍. അതോടെ യൂറോപ്യന്‍ താരങ്ങളുടെ അന്താരാഷ്ട്ര ഗോളുകളില്‍ ഫെറങ്ക് പുഷ്‌കാസിനെ മറികടക്കാനും കഴിഞ്ഞു.

20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കുന്ന മൊറോക്കോ ആര്‍ത്തിരമ്പിയെങ്കിലും ഫിനിഷിങ് പാളിപ്പോയി. ക്രിസ്റ്റ്യാനോയുടെ ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ ജയിച്ചു.

'പോര്‍ച്ചുഗലിന് ഒരു ടീമുണ്ട്, പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' എന്ന ചൊല്ല് സത്യമെന്ന് തെളിയുകയായിരുന്നു. പോര്‍ച്ചുഗല്‍ ഗോള്‍ഷോട്ടുതിര്‍ത്തത് എട്ടുതവണ, അതില്‍ ആറും ക്രിസ്റ്റ്യാനോയുടെ വക. സൂപ്പര്‍താരത്തിന് പന്തെത്തിക്കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടു.

മത്സരശേഷം മിക്‌സഡ് സോണിലേക്ക് കുതിച്ചു. ഇരുടീമുകളുടെയും താരങ്ങള്‍ വന്നുകൊണ്ടിരുന്നു. അവിടെവെച്ച് ഫോട്ടോ എടുക്കാനൊന്നും അനുവാദമില്ല. ഒരു മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ആ നിമിഷമെത്തി. അതാ വരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് വരവ്. ഇടയ്ക്ക് മുഖത്ത് ചിരി മിന്നുന്നു. ഒരു റിബണിന്റെ മാത്രം അകലത്തിലൂടെ സ്വപ്നതാരം കടന്നുപോയി.

സരാന്‍സ്‌കില്‍ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറാനോട് സമനില കിട്ടിയതോടെ സ്‌പെയിനിനൊപ്പം പോര്‍ച്ചുഗലും രണ്ടാം റൗണ്ടിലേക്ക്. അവിടെ പോര്‍ച്ചുഗലിന് കാലിടറി. 2-1ന് യുറഗ്വായ് അവരെ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോയുടെ ഒരു ലോകകപ്പ് കൂടി അവസാനിക്കുകയായിരുന്നു. അര്‍ജന്റീന ഫ്രാന്‍സിനോട് തോല്‍ക്കുകകൂടി ചെയ്തതോടെ ലയണല്‍ മെസ്സിയും റഷ്യ വിട്ടു. ക്വാര്‍ട്ടര്‍ മുതല്‍ ലോകത്തെ ഏറ്റവും വലിയ താരങ്ങള്‍ ഇല്ലാതെയാണ് ആ ലോകകപ്പ് മുന്നോട്ടുപോയത്. എങ്കിലും ഓര്‍മയിലൊരു സുഗന്ധമായി ക്രിസ്റ്റ്യാനോയുടെ ആ ലോകകപ്പ് ഗോളുകള്‍ തുടരുന്നു.

Content Highlights: cristiano ronaldo performance in 2018 fifa world cup