യൂറോ കപ്പിൽ ഉരുളുന്ന പന്തിനൊപ്പം ശീതളപാനീയം കൊക്കോ കോളയും താരങ്ങൾക്കും കാണികൾക്കുമിടയിലൂടെ ഉരുളുന്നു. ബുദാപെസ്റ്റിൽ നടന്ന ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കോളക്കുപ്പികൾ എടുത്തുമാറ്റിയതാണ് സ്റ്റാർറ്റിങ് വിസിൽ. ശീതളപാനീയ കുപ്പി എടുത്തുമാറ്റി പകരം ക്രിസ്റ്റ്യാനോ വെള്ളക്കുപ്പി ഉയർത്തി കാണിച്ചു. ശീതള പാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കൂ എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ആഹ്വാനം. ഇതിന് പിന്നാലെ കോളയുടെ വിപണി മൂല്യത്തിൽ 29,335 കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തിലെ പ്ലാച്ചിമടയും സന്തോഷിക്കുന്നുണ്ടാകും എന്ന് മലയാളികളുടെ ഫെയ്സ്ബുക്ക് വാളുകളിൽ നിറഞ്ഞു.

ക്രിസ്റ്റ്യാനോ ചെയ്തത് ഒരു തുടക്കം മാത്രമായിരുന്നു. അതേ ദിവസം ഫ്രഞ്ച് താരം പോൾ പോഗ്ബയും വാർത്താസമ്മേളനത്തിനിടെ മുന്നിലിരിക്കുന്ന മേശയിൽ നിന്ന് ഒരു കുപ്പി എടുത്തു താഴെ വെച്ചു. ഹെയ്നെകെൻ കമ്പനിയുടെ ബിയർ കുപ്പിയായിരുന്നു ജങ്ക് ഫുഡ്സിനോടുള്ള വിരോധം കാരണമാണ് പോർച്ചുഗീസ് ക്യാപ്റ്റൻ കുപ്പി മാറ്റിയതെങ്കിൽ മതവിശ്വാസമാണ് പോഗ്ബയുടെ നീക്കത്തിന് പിന്നിൽ. കാരണം എന്തായാലും യൂറോ കപ്പിന്റെ പ്രധാന സ്പോൺസർമാരായ ഹെയ്നെകിനും കൊക്കോ കോളയ്ക്കും ഇത് വലിയ ക്ഷീണമായി.

ഇതിന് പിന്നാലെ യുവേഫ താരങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ചു. സ്പോൺസർമാർ ഇല്ലെങ്കിൽ കളിയില്ല എന്നാണ് ഭീഷണി. താരങ്ങൾക്കെതിരേ ഓരോ ഫുട്ബോൾ ഫെഡറേഷനുകളാണ് നടപടിയെടുക്കേണ്ടതെന്നും യുവേഫ പറയുന്നു. എന്തു സംഭവിച്ചാലും കാൽപന്തിന് സ്പോൺസർമാരെ കിട്ടും എന്ന സത്യം യുവേഫ ഇവിടെ മറച്ചുപിടിക്കുകയാണ്. ഏതായാലും യുവേഫയുടെ ഈ കണ്ണുരുട്ടലിലൊന്നും താരങ്ങൾ പേടിച്ചിട്ടില്ല എന്നത് ഇറ്റലിയും സ്വിറ്റ്സർലന്റും തമ്മിലുള്ള മത്സരത്തിന് ശേഷം ആരാധകർ കണ്ടു. ഇറ്റാലിയൻ സൂപ്പർ താരം മാനുവൽ ലോകോടെലി വീണ്ടും കൊക്കോ കോള നിരസിച്ചു.

സ്വിറ്റ്സർലന്റിനെതിരേ ഇരട്ട ഗോളുമായി തിളങ്ങിയ 24-കാരൻ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ലോകോടെലി മേശയിൽ നിന്നും കോളക്കുപ്പികൾ നീക്കിവെച്ചു. എന്നിട്ട് താൻ ഇരിക്കുന്ന കസേരക്ക് മുന്നിൽ വെള്ളക്കുപ്പി എടുത്തുവെച്ചു. ഈ ദൃശ്യവും നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഗ്രൗണ്ടിലുള്ളതിനേക്കാൾ നാടകീയതകൾ ഗ്രൗണ്ടിന് പുറത്ത് വാർത്താസമ്മേളനത്തിൽ നടക്കുമ്പോൾ യൂറോ കപ്പ് ആവേശത്തിന്റെ അങ്ങേയറ്റം വരെ എത്തിയിരിക്കുകയാണ്.

ഉന്മേഷം നൽകുന്നു എന്ന് അവകാശപ്പെടുന്ന കോള കമ്പനിക്ക് ക്ഷീണം സംഭവിക്കുമ്പോൾ അവർ ഇനി എന്തു ചെയ്യും? തൽക്കാലം ഒരു വാർത്താകുറിപ്പ് ഇറക്കി അവർ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും..ഇതാണ് അവരുടെ നിലപാട്. എന്നാൽ ക്രിസ്റ്റ്യാനോ തുടങ്ങിവെച്ചത് ഒരു ചങ്ങല പോലെ കൂടുതൽ താരങ്ങളിലേക്ക് എത്തുകയാണെങ്കിൽ ഒരുപക്ഷേ യൂറോയുടെ സ്പോൺസർഷിപ്പിൽ നിന്നുതന്നെ കൊക്കോ കോള പിന്മാറിയേക്കാം.

എന്നാൽ ഇതിന് ഒരു മറുവശം കൂടിയുണ്ട്. ക്രിസ്റ്റിയാനോയുടെ ബ്രാൻഡായ സിആർ 7 ഭാവിയിൽ ശീതള പാനീയം വിപണിയിലിറക്കുമെന്നും അത് മുൻകൂട്ടി കണ്ടാണ് താരത്തിന്റെ ഈ നീക്കമെന്നുമാണ് ഒരു കൂട്ടർ വാദിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ കോളയുടേയും കെഎഫ്സിയുടേയും പരസ്യങ്ങളിൽ വേഷമിട്ട വ്യക്തി ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതിന് പിന്നിൽ അതു തന്നെയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിസ്റ്റിയാനോ കോള വിരോധം അവിടെ പറയാത്തത് എന്താണ്?. ഓരോ സ്പോൺസേഡ് പോസ്റ്റിനും കോടികൾ പ്രതിഫലം പറ്റുന്ന താരമാണ് പോർച്ചുഗീസ് ക്യാപ്റ്റൻ. കോളയെ തള്ളിപ്പറഞ്ഞതോടെ ഇൻസ്റ്റാ ഫോളോവേഴ്സ് കൂടുമെന്നും ഇതിലൂടെ പോർച്ചുഗീസ് ക്യാപ്റ്റന് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെന്നും ഇവർ കണക്കുകൂട്ടുന്നു.

1970-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലും പെറുവും തമ്മിലുള്ള മത്സരത്തിനിടെ ഇതിഹാസ താരം പെലെ പ്യൂമയുടെ കച്ചവടം കൂട്ടിയതുമായും ചിലർ ഇതിനെ കൂട്ടിവായിക്കുന്നുണ്ട്. മത്സരത്തിനിടെ ഷൂ ലെയ്സ് കെട്ടാനായി റഫറിയുടെ അനുവാദം വാങ്ങി പെലെ കുനിഞ്ഞു നിന്ന് ലെയ്സ് കെട്ടിയപ്പോൾ ക്യാമറയിലൂടെ ലോകം കണ്ട്ത ഇതിഹാസ താരത്തിന്റെ ബൂട്ടിലെ പ്യൂമ എന്ന ബ്രാൻഡിന്റെ സിമ്പലായ കുതിച്ചുപായുന്ന പുലിയാണ്. ഏറ്റവും വലിയ ബ്രാൻഡിങ് എക്സൈസുകളിൽ ഒന്നായിരുന്നു അത്. പെലെയും കൂട്ടരും ലോകകപ്പ് നേടിയതോടെ പ്യൂമയുടെ കച്ചവടം ഇരച്ചുകയറി. അതേ പാതയിലൂടെയാണ് ക്രിസ്റ്റ്യാനോയും സഞ്ചരിക്കുന്നത് എന്ന് ചിലർക്കെങ്കിലും സംശയമുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കോളയെ ആളുകളുടെ നാവിൻ തുമ്പിൽ നിർത്താനാണ് ക്രിസ്റ്റ്യാനോയുടെ ഈ നീക്കമെന്നാണ് അവരുടെ വാദം.