മുന്‍പൊക്കെ ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ടീം പ്രഖ്യാപിക്കും മുന്‍പ് ചില താരങ്ങള്‍ സ്വയം തിരഞ്ഞെടുപ്പു നടത്തും എന്നൊരു പറച്ചില്‍ ഉണ്ടായിരുന്നു. ടീമിന്റെ നെടുംതൂണായ ചിലരുടെ കാര്യമായിരുന്നത്. ഇന്ന് ടെസ്റ്റും ഏകദിനവും ട്വന്റി 20യും എല്ലാം ചേര്‍ന്ന് വര്‍ഷം മുഴുവന്‍ നീളുന്ന ക്രിക്കറ്റ് സീസണില്‍ ഭൂരിഭാഗത്തിനും സ്ഥാനം ഉറപ്പില്ല. പലര്‍ക്കും വിശ്രമവും ഇല്ല. താരങ്ങള്‍ പലരും മാനസിക സമ്മര്‍ദത്തിലാണ്. ചിലര്‍ മാത്രം തുറന്നു പറയുന്നു.

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ സമ്മര്‍ദം കുറയ്ക്കാന്‍ ഏതാനും നാള്‍ അവധിയില്‍ പ്രവേശിക്കുകയാണ്. ഇന്ത്യന്‍ താരത്തിനാണ് ഈ അവസ്ഥയെങ്കില്‍ എന്താകും സ്ഥിതിയെന്ന് യുവരാജ് സിങ് ചോദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ചെങ്കിലും ഇംഗ്ലണ്ടിലെ പ്രഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പോലെ സജീവമായിട്ടില്ല.

കളിത്തിരക്കുകാരണം ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ പഴയ സൗഹൃദവുമില്ല. വിശ്രമദിനത്തിനു തലേന്ന്, മത്സരിക്കുന്ന ടീമുകളിലെ കളിക്കാര്‍ ഒത്തുകൂടി ആഘോഷിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. നീണ്ട പരമ്പരകള്‍ക്കിടയിലെ വിരസത അകറ്റാനും സൗഹൃദം നിലനിര്‍ത്താനും 1970-കളില്‍ ഓസ്‌ടേലിയയുടെ ഇയാന്‍ ചാപ്പലും വിന്‍ഡീസിന്റെ റോഹന്‍ കാനായിയും മുന്‍കൈയെടുത്ത്  തുടങ്ങിയ കൂട്ടായ്മ സണ്‍ഡേ ക്ലബ്ബ് ആയാണ് അറിയപ്പെട്ടത്. സുനില്‍ ഗാവസ്‌ക്കര്‍ ആയിരുന്നു ഇന്ത്യയിലെ പ്രചാരകന്‍. മിക്കവാറും ഞായറാഴ്ച വൈകുന്നേരമായിരുന്നു കൂടിച്ചേരല്‍. തിങ്കള്‍ മിക്കവാറും വിശ്രമ ദിനമായിരുന്നു. വിശ്രമ ദിനങ്ങള്‍ മാറിയിട്ടും പേരുമാറിയില്ല.

Cricketers are under pressure The Sunday Club should return
ഇയാന്‍ ചാപ്പല്‍ | Image Courtesy: Getty Images

പരസ്പരം കളിയാക്കാനും വിഡ്ഢി വേഷം കെട്ടിക്കാനുമൊക്കെയായിരുന്നു ഇത്. ക്ലബ്ബ് കൂടും മുന്‍പ് ചെയര്‍മാനെ നിശ്ചയിക്കും. വേഷവും ശിക്ഷയും അദ്ദേഹം നിശ്ചയിക്കും. ആഷസ് പരമ്പരയില്‍ ഒരിക്കല്‍ സണ്‍ഡേ ക്ലബിനു കളിക്കാര്‍ അണ്ടര്‍വെയര്‍ മാത്രമിട്ട് ടൈയും കെട്ടിവരണമെന്നു ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഇംഗ്ലണ്ടിന്റെ ടോണി ഗ്രെയ്ഗ് പക്ഷേ, ടൈ കെട്ടാതെയാണു വന്നത്. മറ്റുള്ളവരെ സ്ഥിരം പറ്റിക്കുന്ന ഗ്രെയ്ഗിനെ ശിക്ഷിക്കണമെന്ന് മറ്റുള്ളവര്‍ ബഹളം കൂട്ടി. ടൈ എവിടെയെന്നു ചെയര്‍മാന്‍ ചോദിച്ചപ്പോള്‍ ഗ്രെയ്ഗ് 'ടൈ' അരയില്‍ കെട്ടിയത് കാണിച്ചു. ടൈ കഴുത്തില്‍ കെട്ടണമെന്നു ചെയര്‍മാന്‍ പറഞ്ഞില്ലത്രെ.

കൂട്ടായ്മയ്ക്ക് വൈകിയെത്തിയ കാനായിക്ക് ഒരിക്കല്‍, ചെയര്‍മാന്‍, പാകിസ്താന്റെ സഹീര്‍ അബ്ബാസ് ശിക്ഷ വിധിച്ചു. കാനായിയുടെ ഗ്ലാസിലേക്ക് ഒരു പെഗ് മദ്യം കൂടി ഒഴിച്ചിട്ട് സഹീര്‍ പറഞ്ഞു. 'ഐ വാണ്ട് യൂ ഡൂ ബോട്ടം അപ്പ്'. മദ്യം ഒറ്റ വലിക്ക് കുടിച്ച കാനായി തിരിഞ്ഞ് കുനിഞ്ഞു നിന്നു. സഹീര്‍ ഉദ്ദേശിച്ചത് മദ്യം ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് കമഴ്ത്താനായിരുന്നു.

പല ടീമുകളിലും രസികന്‍മാര്‍ എത്രയോയുണ്ടായിരുന്നു. സുനില്‍ ഗാവസ്‌കര്‍ക്ക് നായയെ പേടിയാണെന്ന വിവരം പ്രസിദ്ധമാണ്. ഇംഗ്ലണ്ടില്‍ ഒരു പബ്ലിക് ബൂത്തില്‍ ഗാവസ്‌ക്കര്‍ ഫോണ്‍ ചെയ്യുന്നതു കണ്ട ഇയാന്‍ ബോതം ബൂത്തിനു പുറത്ത് നായയെ കെട്ടി കുറച്ചു സമയം ഗാവസ്‌ക്കറെ വലച്ച കഥ വായിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലെ രസികന്‍ ബിഷന്‍ സിങ് ബേദിയായിരുന്നു. 1974-ലെ ഇംഗ്ലണ്ട് പര്യടന വേളയില്‍ വൈകി വിരുന്നിന് എത്തിയ ഇന്ത്യന്‍ താരങ്ങളെ ആദ്യം പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പിന്നീട് മാപ്പു പറഞ്ഞതും വഡേക്കറെ ആലിംഗനം ചെയ്തു സ്വീകരിച്ചതുമായ സംഭവം വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടി പുരോഗമിച്ച് നല്ല ഫോമിലായപ്പോള്‍ ബേദിക്ക് വഡേക്കറെ ആശ്വസിപ്പിക്കണമെന്നു തോന്നി. ബേദി പറഞ്ഞു. 'അല്ല, നമ്മള്‍ കളി ജയിച്ചിട്ട് അല്‍പം വൈകിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് നമ്മള്‍ തോറ്റിട്ടല്ലേ വന്നത്?'

മൊഹീന്ദര്‍ അമര്‍നാഥിന്റെ തലയില്‍ പന്തു കൊണ്ട് പരുക്കേറ്റ് ആശുപത്രിയിലായി. കാര്യമായ പ്രശ്‌നമില്ലായിരുന്നു. എങ്കിലും എക്‌സ് റേ ഫലം കൂടി വരണം. സഹകളിക്കാര്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ബേദി മുറിയില്‍ കയറി മൊഹീന്ദറിനെ കണ്ട ശേഷം മറ്റുള്ളവരോട് പറഞ്ഞു .'എന്തായാലും പന്ത് തലയില്‍ കൊണ്ടത് നന്നായി. ഇപ്പോള്‍ അവന്‍ നല്ല വിവരത്തോടെ സംസാരിക്കുന്നുണ്ട്'.

ഒരിക്കല്‍ ബേദിയുടെ തലപ്പാവ്  ധരിച്ചശേഷം  മടക്കി നല്‍കിക്കൊണ്ട് പാക്കിസ്ഥാന്റെ വസിം രാജ പറഞ്ഞു 'എന്തൊരു ചൂട് ', തനിക്ക് തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് ബേദി പറഞ്ഞു. കേട്ടുനിന്ന മൊഹീന്ദര്‍ കിട്ടിയ അവസരം പാഴാക്കിയില്ല.' തലച്ചോറ് ചൂടാകും - കളിമണ്ണ് ആണെങ്കില്‍ തണുക്കും'.

വിന്‍ഡീസ് പര്യടന വേളയില്‍ ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ ടീം മാനേജര്‍ പോളി ഉമ്രിഗറിനെ ബേദി വിഡ്ഢിയാക്കിയ കഥ പ്രശസ്തമാണ്. 'ഇന്ത്യന്‍ ടീമിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് മാനേജരുടെ റിപ്പോര്‍ട്ട് ഗയാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഉമ്രിഗറിനു ലഭിച്ച ഫോണ്‍ കോള്‍. ടാക്‌സിക്കൂലി കൊടുക്കാന്‍ ഗയാനയിലെ നാണയവും സംഘടിപ്പിച്ചു പണ്ട് ന്യൂസീലന്‍ഡില്‍ നിന്നു ലഭിച്ച നല്ല പെരുമാറ്റത്തിനുള്ള സര്‍ട്ടിഫിക്കറ്റും എടുത്ത് ഉമ്രിഗറും ട്രഷറര്‍ ബാലു അലഗനനും കാറില്‍ കയറിയപ്പോള്‍ ബേദി ഓടിയെത്തി.

ചമ്പല്‍ കാട്ടില്‍ വേട്ടയ്ക്ക് ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളെ കൊള്ളക്കാര്‍ പിടികൂടിയ കഥ ടൈഗര്‍ പാട്ടൗഡി എഴുതിയിട്ടുണ്ട്. പട്ടൗഡി തന്നെയായിരുന്നു 'കൊളളത്തലവന്‍'.' ഞാന്‍ ഒരു പാവമാണ്; എന്നെപ്പിടിക്കാതെ അദ്ദേഹത്തെ പിടിക്ക്. അദ്ദേഹം രാജകുമാരനാണ് ' എന്ന് രാജ് സിങ് ദുംഗാള്‍പുരിനെ ചൂണ്ടി ഗുണ്ടപ്പാ വിശ്വനാഥ് പറഞ്ഞത്രെ.

പല യുവതാരങ്ങളെയും പെണ്‍ ശബ്ദത്തില്‍ ഫോണില്‍ വിളിച്ച് ഹോട്ടലിനു പുറത്തെത്തിക്കുന്നത് ഹര്‍ഭജന്‍ സിങ്ങിന്റെ വിനോദമായിരുന്നു. ടീമിലെ സ്ഥാനം ഉറപ്പായാലല്ലേ ഇത്തരം തമാശകള്‍ ഒക്കെ സാധ്യമാകൂ. പക്ഷേ, സണ്‍ഡേ ക്ലബ്ബ് പോലുള്ള വിനോദപരിപാടികള്‍ ഇനിയും പരീക്ഷിക്കാം.

Content Highlights: Cricketers are under pressure The Sunday Club should return