കന്‍ കളിക്കുന്നത് കാണാറില്ലെന്ന് കപില്‍ദേവിന്റെ അമ്മ അക്കാലത്ത് പറഞ്ഞിട്ടുണ്ട്. മകന്‍ പുറത്താവുന്നതോ മകന്റെ പന്തില്‍ ബൗണ്ടറികള്‍ പോകുന്നതോ ഇന്ത്യ തോല്‍ക്കുന്നതോ കാണാനുള്ള കരുത്ത് ആ അമ്മയ്ക്കില്ലായിരുന്നു. അവര്‍ ആ സമയം പൂജാമുറിയിലിരുന്ന് മകനും ഇന്ത്യന്‍ ടീമിനുംവേണ്ടി പ്രാര്‍ഥിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു അതിവൈകാരികതയാണ്. ഇന്ത്യ കളിക്കുമ്പോള്‍ രാജ്യത്തിന്റെ ഹൃദയവികാരവിചാരങ്ങള്‍ അവിടെയാവുന്നു. ലോകകപ്പുകളിലാണ് ഇതിന്റെ തീവ്രത കൂടുതല്‍. ഫുട്ബോള്‍ ലോകകപ്പോ യൂറോകപ്പോ, തുടങ്ങുന്നതുമുതല്‍ അവസാനിക്കുന്നതുവരെ ഒരേ ആവേശത്തോടെ ഇന്ത്യന്‍ ആരാധകന്‍ മുന്നോട്ടുപോകുന്നു. അര്‍ജന്റീനയും ബ്രസീലും പോലുള്ള ചുരുക്കം ടീമുകളുടെ കാര്യത്തില്‍ മാത്രമേ ഈ വൈകാരികതയുള്ളൂ. എന്നാല്‍, ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യം നേരെ തിരിച്ചാണ്. ഇന്ത്യ എവിടെവരെയോ അവിടംകൊണ്ട് ഇന്ത്യക്കാരനെ സംബന്ധിച്ച് ലോകകപ്പ് അവസാനിച്ചു. ഇന്ത്യയില്ലാതെ ക്വാര്‍ട്ടറും സെമിയും ഫൈനലും നിര്‍വികാരതയോടെ കടന്നുപോകും.

139 കോടി ജനസംഖ്യയുള്ള ഒരു രാജ്യം ഫൈനല്‍വരെ കളിക്കണമെന്ന് ചില വാണിജ്യതാത്പര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് ക്രിക്കറ്റ് ലോകകപ്പുകളില്‍ ഇന്ത്യക്ക് ചെറിയ ആനുകൂല്യങ്ങളും ലഭിക്കുന്നത്. ഇക്കുറി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും വൈകീട്ട് 7.30-നാണ് തുടങ്ങിയത്. ഇന്ത്യ അത്ര വലിയ വിപണിയായതിനാല്‍ പ്രൈംടൈം ഇന്ത്യക്കെന്ന് സ്‌പോണ്‍സര്‍മാരും ഉറപ്പിച്ചു.

ഇത്തവണ സെമിയിലെത്തിയ ടീമുകളില്‍ ന്യൂസീലന്‍ഡിലെ ജനസംഖ്യ വെറും 48 ലക്ഷമാണ്. ഓസ്ട്രേലിയയില്‍ 2.58 കോടിയും ഇംഗ്ലണ്ടില്‍ 6.83 കോടിയുമാണ് ജനസംഖ്യ. പാകിസ്താനിലാണ് അല്‍പം കൂടുതലുള്ളത്, 22.6 കോടി. ലോകകപ്പില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത ആഘാതമാണ് ഇന്ത്യക്ക് അനുഭവപ്പെടുക. സ്‌പോണ്‍സര്‍മാരുടെ കാര്യവും അതുതന്നെ. അതാണിപ്പോള്‍ സംഭവിച്ചതും. ന്യൂസീലന്‍ഡ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവായി മാറിയിട്ടുണ്ട്. എവിടെ ഇന്ത്യ ഒരു നല്ലകാര്യത്തിന് ശ്രമിച്ചാലും അവര്‍ തടസ്സംനില്‍ക്കും. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ 18 വര്‍ഷമായി അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഭൂരിഭാഗം സമയം മഴ കളിമുടക്കിയിട്ടും കിട്ടിയ സമയംകൊണ്ട് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചു.

2011 ഏകദിന ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെടുമ്പോള്‍, ഈ ലേഖകന്‍ തുടക്കത്തില്‍ എടുത്തത് ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ക്കുള്ള യാത്രാടിക്കറ്റുകള്‍ മാത്രമാണ്. ഇന്ത്യ എവിടെവരെയോ അവിടെവരെ മാത്രമാണ് യാത്ര എന്ന് തീരുമാനിച്ചതുകൊണ്ടാണത്. ധാക്കയില്‍ ബംഗ്ലാദേശിനെതിരേ വന്‍ജയത്തോടെ തുടങ്ങിയ ഇന്ത്യ ബെംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരേ ടൈ ആയി. പിന്നീട് ബെംഗളൂരുവില്‍ അയര്‍ലന്‍ഡിനെയും ഡല്‍ഹിയില്‍ ഹോളണ്ടിനെയും തോല്‍പ്പിച്ചു. എന്നാല്‍, നാഗ്പുരില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ജയിച്ചതോടെ ക്വാര്‍ട്ടര്‍ഫൈനലിലേക്ക്.

ആ ജയത്തിനുശേഷമാണ് അഹമ്മദാബാദിലേക്ക് ടിക്കറ്റെടുക്കുന്നത്. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ കാത്തിരിക്കുന്നു. അഞ്ചുവിക്കറ്റ് ജയവുമായ് ഓസ്ട്രേലിയന്‍ പ്രതാപം അടിച്ചമര്‍ത്തി ഇന്ത്യ സെമിയില്‍. മൊഹാലിയിലേക്ക് തിടുക്കത്തില്‍ ടിക്കറ്റ് തരമാക്കുമ്പോള്‍ അവിടെ ഹൈപ്രൊഫൈല്‍ പോരാട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു, ഇന്ത്യ-പാകിസ്താന്‍. രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഒന്നിച്ചിരുന്നുകണ്ട ആ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് ജയിച്ചു. മുംബൈയില്‍നടന്ന ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ ആറുവിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് കിരീടം. മുംബൈ മറൈന്‍ഡ്രൈവ് ആ രാത്രി ജനസാഗരമായി.

ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇങ്ങനെ മൂന്നുവട്ടമേ ഇന്ത്യയുടെ യാത്രകള്‍ സഫലമായിട്ടുള്ളൂ. 1983-ലും 2011-ലും നേടിയ ഏകദിന ലോകകപ്പുകളും 2007-ലെ ട്വന്റി 20 ലോകകപ്പും. അടുത്തവര്‍ഷം വീണ്ടും ട്വന്റി 20 ലോകകപ്പും 2023-ല്‍ ഏകദിന ലോകകപ്പും വരുന്നുണ്ട്. കപില്‍ദേവിന്റെ അമ്മയെപ്പോലെ കളി കാണാതിരിക്കാനാവില്ല. ടെന്‍ഷനടിച്ചായാലും ഇന്ത്യന്‍ ആരാധകര്‍ ടി.വി.ക്കു മുന്നിലുണ്ടാവും.

Content Highlights: cricket world cups and the tension it injects