ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം വെള്ളിത്തിരയില്‍ കാണാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റും ബോളിവുഡും ഒരുപോലെ. കപിലിന്റെ ചെകുത്താന്മാരുടെ ചരിത്രവിജയം. എന്നാല്‍, ഇന്ത്യയുടെ ഈ ഐതിഹാസിക നേട്ടത്തിനുണ്ട് ബോളിവുഡിന്റെ ചെറിയൊരു ബാക്ക്ഗ്രൗണ്ട് ടച്ച്. കപിലിന്റെ ടീമില്‍ അംഗമായ, ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ രണ്ട് വിജയങ്ങള്‍ സമ്മാനിച്ച യശ്പാല്‍ ശര്‍മ ടീമിലെത്തിയതിന്റെ കാരണക്കാരന്‍ ഒരു ബോളിവുഡ് താരമാണ്. യശ്പാല്‍ സ്‌നേഹം കൊണ്ട് യൂസുഫ് ഭായി എന്ന് യശ്പാല്‍ വിളിക്കുന്നയാളെ ദിലീപ് കുമാര്‍ എന്നു പറഞ്ഞാലേ നമ്മളറിയൂ. താരത്തിളക്കത്തിൽ നിൽക്കുമ്പോൾ തന്നെ താരങ്ങളുടെ ടീമിനെ കൊണ്ട് ക്രിക്കറ്റ് കളിച്ച് പ്രളയദുരിതാശ്വാസത്തിനും സൈന്യത്തിനുമെല്ലാം കോടികൾ പിരിച്ചുകൊടുത്ത അതേ ദിലീപ്കുമാർ. ബോളിവുഡിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മണ്‍മറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യശ്പാലും ഓര്‍മയായത് വല്ലാത്തൊരു യാദൃച്ഛികതയായി.

യശ്പാലും ദിലീപ്കുമാറും സുഹൃത്തുക്കളായിരുന്നില്ല. കളിച്ചുതുടങ്ങുന്ന കാലത്ത് സൂപ്പര്‍താരമായ ദിലീപ്കുമാറിനെ വെള്ളിത്തിരയില്‍ കണ്ടുപരിചയമേ ഉണ്ടായിരുന്നുള്ള യശ്പാലിന്. എന്നിട്ടും യശ്പാലിന് ദിലീപ് കുമാര്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് വഴിതെളിച്ചുകൊടുത്തതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരാഴ്ച മുന്‍പ് ദിലീപ്കുമാറിന്റെ മരണദിവസം യശ്പാല്‍ തന്നെയാണ് ഇക്കഥ പരസ്യമാക്കിയത്.

1974-75 കാലത്ത് ഡല്‍ഹി മോഹന്‍നഗര്‍ ഗ്രൗണ്ടില്‍ പഞ്ചാബും ഉത്തര്‍പ്രദേശും തമ്മിലുള്ള രഞ്ജി നോക്കൗട്ട് പോരാട്ടം നടക്കുകയാണ്. പഞ്ചാബിനുവേണ്ടി രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി തിളങ്ങിനില്‍ക്കുകയാണ് യശ്പാല്‍. ഒരുപക്ഷേ, കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം. അന്ന് കളി കാണാന്‍ വന്ന ഒരാളെ യശ്പാല്‍ പ്രത്യേകം ശ്രദ്ധിച്ചു. വിലകൂടിയ കാറില്‍ വന്നയാള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സീറ്റിലിരുന്ന് കുറേ നേരമായി കളി കാണുന്നുണ്ട്. ഏതോ ഒരു രാഷ്ട്രീയക്കാരനായിരിക്കുമെന്നാണ് യശ്പാല്‍ ആദ്യം വിചാരിച്ചത്.

കളി കഴിഞ്ഞപ്പോള്‍ സംഘാടകരില്‍ ഒരാള്‍ വന്നു വിളിച്ചു. കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട് എന്നു മാത്രമായിരുന്നു സന്ദേശം. ആരാണെന്നോ എന്തിനാണെന്നോ അറിയില്ല. പവലിയനില്‍ എത്തിയപ്പോള്‍ മാത്രമാണ് വെളുത്ത കുപ്പായം ധരിച്ചെത്തിയ ആളെ യശ്പാല്‍ തിരിച്ചറിയുന്നത്. ദിലീപ്കുമാര്‍. വെള്ളിത്തിരയില്‍ മാത്രം കണ്ടുപരിചയമുള്ള ബോളിവുഡിന്റെ വിഷാദനായകന്‍. വിഷാദമൊട്ടും മുഖത്തില്ലാതെ തെളിഞ്ഞ ചിരിയോടെ ദിലീപ്കുമാര്‍ പറഞ്ഞു: 'നിങ്ങള്‍ ഒന്നാന്തരം കളിയാണ് കാഴ്ചവച്ചത്. നിങ്ങളുടെ സ്‌ഥൈര്യം എനിക്ക് നന്നേ ബോധിച്ചു. ഞാന്‍ ഒരാളോട് നിങ്ങളുടെ പേര് നിര്‍ദേശിക്കുന്നുണ്ട്.' ഒരിക്കല്‍ക്കൂടി കൈകൊടുത്ത് ദിലീപ്കുമാര്‍ കാറില്‍ മടങ്ങുമ്പോഴും ആശ്ചര്യം വിട്ടൊഴിഞ്ഞിരുന്നില്ല യശ്പാലിനെ. 'സംസാരം ആറോ ഏഴോ മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ആത്മധൈര്യമാണ് നല്‍കിയത്. വലിയ ഊര്‍ജമാണ് സമ്മാനിച്ചത്.' യശ്പാല്‍ ഒരിക്കല്‍ പറഞ്ഞു.

അടുത്ത ദിവസത്തെ പത്രം കണ്ടപ്പോള്‍ യശ്പാല്‍ ഞെട്ടിപ്പോയി. ദിലീപ്കുമാറിനൊപ്പമുളള പടം. സെഞ്ചുറി നേടിയതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു അപ്പോഴെന്ന് ഇയ്യിടെയാണ് യശ്പാല്‍ പറഞ്ഞത്. എന്നാല്‍, ശരിയായ ഞെട്ടല്‍ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലയ്‌ക്കെതിരേയുള്ള മത്സരം നടക്കുന്ന സമയം. സെലക്ടര്‍മാര്‍ ഒന്നൊഴിയാതെ ഗ്യാലറിയില്‍. അവരെ സാക്ഷിയാക്കി 173 റണ്‍സാണ് യശ്പാല്‍ അന്നു നേടിയത്. പാകിസ്താന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ യശ്പാല്‍ ഞെട്ടി. ബിഷന്‍ സിങ് ബേദി നയിക്കുന്ന ടീമില്‍ യശ്പാലിനും ഇടം. തെല്ല് അവിശ്വസനീയതയോടെയാണ് വെങ്കിട്ടരാഘവന്റെയും ഗുണ്ടപ്പ വിശ്വനാഥിന്റെയും ഗവാസ്‌ക്കറുടെയും കപില്‍ദേവിന്റെയും വെങ്‌സാര്‍ക്കറുടെയും പേരിനൊപ്പം തന്റെ പേര് ശര്‍മ കൂട്ടിവായിച്ചത്. അതായിരുന്നു വഴിത്തിരിവ്. പിന്നീട് ഇംഗ്ലണ്ട് പര്യടനം, ലോകകപ്പ്.... യശ്പാല്‍ ശര്‍മ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍ തങ്കലിപികളില്‍ തന്നെ കൊത്തിവയ്ക്കപ്പെട്ടു.

yashpal
യശ്പാലും ദിലീപ്കുമാറും കണ്ടുമുട്ടിയപ്പോൾ. Photo Courtesy: youtube

പിന്നീടാണ് താന്‍ ടീമിലെത്തിയ വഴി യശ്പാലിന് പിടികിട്ടുന്നത്. 87 റണ്‍സെടുത്തുനില്‍ക്കെ അന്നത്തെ കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങുമ്പോള്‍രാജ് സിങ് ദുംഗാപുര്‍ പറഞ്ഞ കാര്യം യശ്പാല്‍ ഓര്‍ത്തു. യൂസുഫ് സാബ് (ദിലീപ്കുമാര്‍) നിങ്ങളുടെ പേര് എന്നോട് പറഞ്ഞിരുന്നു. പഞ്ചാബില്‍ നിന്നുള്ള ഒരു പയ്യനെ ഞാന്‍ കണ്ടു. നല്ല ക്ഷമയുണ്ട്. സ്ഥിരതയുള്ള പ്രകടനം. അവനില്‍ ഒരു കണ്ണുവച്ചോളു. അന്തരാഷ്ട്രതലത്തിലും അവന് തിളങ്ങാനാവും.'

ദിലീപ് കുമാര്‍ പണ്ട് കൊടുത്തത പാഴ്‌വാക്കായിരുന്നില്ലെന്ന് അന്നാണ് യശ്പാലിന് ബോധ്യം വന്നത്. ഡെല്‍ഹിയിലെ കളി കഴിഞ്ഞ ഉടനെ ദിലീപ്കുമാര്‍ സെലക്ടറും പില്‍ക്കാലത്ത് ബി.സി.സി.ഐ. അധ്യക്ഷനുമായിമാറിയ ദുംഗപുരിനോട് യശ്പാലിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. അക്കാലത്ത് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്നു ദുംഗാപുര്‍. ദിലീപ്കുമാറാവട്ടെ അവിടുത്തെ നിത്യസന്ദര്‍ശകനും. എന്തായാലും വെള്ളിത്തിരയുടെ സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍ ദുംഗാപുര്‍ തള്ളിക്കളഞ്ഞില്ല. അന്ന് പാക് പര്യടനത്തിനുവേണ്ടി യശ്പാലിനൊപ്പം ഹരിയാനയില്‍ നിന്ന് മറ്റൊരു ചെറുപ്പക്കാരനെ കൂടി ദുംഗാപുരും സംഘവും ടീമിലെടുത്തിരുന്നു. ഒരു ഹരിയാനക്കാരനെ. പേര് കപില്‍ദേവ് രാംലാല്‍ നികഞ്ജ്. ശിഷ്ടം ചരിത്രം.

പാഴായില്ല ദിലീപ് കുമാറിന്റെ റെക്കമെന്‍ഡേഷന്‍. ലോകകപ്പില്‍ മികച്ച പ്രകടനമാണ് മധ്യനിര ബാറ്റ്‌സ്മാനായ യശ്പാല്‍ പുറത്തെടുത്തത്. വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ടോപ് സ്‌കോററും മാന്‍ ഓഫ് ദി മാച്ചും. ഇംഗ്ലണ്ടിനെതിരായ സെമിയിലും ടോപ് സ്‌കോറര്‍. വ്യക്തിപരമായ ഈ നേട്ടങ്ങള്‍ പില്‍ക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും കപിലിന്റെ ചെകുത്താന്മാര്‍ നേടിയ വിജയത്തില്‍ എന്തുകൊണ്ടും നിര്‍ണായകമായിരുന്നു യശ്പാലിന്റെ സംഭാവന.

വെറുമൊരു അഭിനന്ദനത്തിലോ റെക്കമെന്‍ഡേഷനിലോ തീര്‍ന്നില്ല ദിലീപ്കുമാറുമായുള്ള യശ്പാലിന്റെ ബന്ധം. അവസാനകാലം വരെ ഊഷ്മളമായൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ നിലനിന്നു.

പിതൃസ്ഥാനീയനയായിരുന്നു അദ്ദേഹം എന്നാണ് ദിലീപ്കുമാറിന്റെ മരണത്തില്‍ യശ്പാലിന്റെ ആദ്യ പ്രതികരണം. 'യാതൊരു മുന്‍പരിചയവുമില്ലാതെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേയ്ക്ക് എന്റെ പേര് നിര്‍ദേശിച്ചത്. ക്രിക്കറ്റിനോടുള്ള അദ്ദേത്തിന്റെ ആവേശമാണ് അത് കാണിക്കുന്നത്.' മരണത്തിന് കഷ്ടിച്ച് ഒരാഴ്ച മുന്‍പ് യശ്പാല്‍ പറഞ്ഞു.

നന്ദിസൂചകമായി ഒരിക്കല്‍ മുബൈയില്‍ ദിലീപ്കുമാറിനെ ചെന്നുകണ്ടു യശ്പാല്‍. മുംബൈയില്‍ ഒരു ടെസ്റ്റ് നടക്കുന്ന സമയമായിരുന്നു. വിശ്രമദിവസം ചെന്നുകാണുമ്പോള്‍ ക്രാന്തിയുടെ ഷൂട്ടിങ്ങിലായിരുന്നു ദിലീപ്കുമാര്‍. മനോജ്കുമാറുമൊത്തുള്ള ഒരു സ്റ്റണ്ട് സീന്‍ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏറെനേരം സംസാരിച്ചിരുന്നു ദിലീപ്കുമാര്‍. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു. ഞാന്‍ പറഞ്ഞത് മാത്രമല്ല, നിങ്ങളുടെ കഠിനാധ്വാനം കൂടിയാണ് ടീമിലേയ്ക്കുളള വഴി എളുപ്പമാക്കിയത്.

പിന്നീട് അധികം തമ്മില്‍ കണ്ടിട്ടില്ല ദിലീപ്കുമാറും യശ്പാലും. യശ്പാലിന്റെ കൂടി കഥ പറയുന്ന 83 വെള്ളിത്തിര കാണുംമുന്‍പ് തന്നെ ഇരുവരും ജീവിതത്തിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.

Content Highlights: Cricket Player Yashpal Sharma Actor Dileep Kumar 1983 Cricket World Cup Kapil Dev