വിരാട് കോലി ഒരു കാഴ്ചയാണ്, ബാറ്റ് ചെയ്യുമ്പോഴും ഫീല്‍ഡില്‍ ടീമിനെ നയിക്കുമ്പോഴും അല്ലാത്തപ്പോഴും, എല്ലായ്പ്പോഴും. കണ്ണുകളിലെ തീക്കനലുകള്‍ ഇടയ്ക്ക് ഡിം ചെയ്യാറുണ്ടെന്നത് വാസ്തവം. ആ തീക്കനലുകള്‍ ജ്വലിക്കുന്നത് വര കടന്ന് കളരിയില്‍ പ്രവേശിക്കുമ്പോള്‍ മാത്രമേയുള്ളൂവെന്ന് അദ്ദേഹത്തിനൊപ്പം ഐ.പി.എല്ലില്‍ കളിക്കുന്ന വിദേശകളിക്കാര്‍ പറയും. തോല്‍ക്കുമ്പോഴും വിരാട് കോലി വിരാട് കോലിയായി കഴിയാവുന്നിടത്തോളം ചുമലിടിയാതെ ഗ്രൗണ്ടില്‍ പെരുമാറുന്നതു കാണാം. അടുത്തിടെ മുംബൈയില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ കണ്ടതുപോലെ.

ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മന്ത്രശക്തി ചോര്‍ന്നുപോയ വെളുത്ത പന്തിനെ, എണ്ണമിനുപ്പ് ഒട്ടുമേയില്ലാത്ത പിച്ചില്‍, ഒട്ടുമേ ആയാസമില്ലാതെ പലവഴിക്കും പറഞ്ഞയച്ചു. ഇന്ത്യന്‍ കാണികള്‍ക്ക് ഈ കളിയില്‍ നിന്ന് ഊറ്റിയെടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.

ചാരിയിരുന്ന് ഓസ്ട്രേലിയയുടെ നശീകരണായുധമായ വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് അടിക്കുന്നത് കാണുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടി.വി.യില്‍ കളി കാണുന്ന ഇന്ത്യക്കാരായ കാണികളെ സംബന്ധിച്ചിടത്തോളം ക്യാമറ കോലിയുടെ മുഖത്തേക്ക് കണ്ണയയ്ക്കുന്നതാവും കൂടുതല്‍ നല്ലത് എന്നു തോന്നാറുണ്ട്. പല ഭാവങ്ങളും അവിടെ മിന്നിമറയുന്നത് കാണാം. ഫീല്‍ഡില്‍ കൂട്ടുകാര്‍ ചില പിഴവുകള്‍ വരുത്തുമ്പോഴുള്ള അല്പം ദേഷ്യംകലര്‍ന്ന അദ്ഭുതം, വിധിയെ തടുക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുമ്പോഴുള്ള ശാന്തം.

ബാറ്റിങ്ങിലും ഇതുണ്ട് എന്ന് പറയേണ്ടതില്ല. ബാറ്റ് മാത്രമേ പന്തില്‍ കൊള്ളുന്നുള്ളൂവെങ്കിലും ശരീരത്തിന്റെ എല്ലാ ഭാഗംകൊണ്ടും കോലി കളിക്കുന്നതായി നമുക്ക് തോന്നുന്നു. ഇന്നിങ്സിന്റെ തുടക്കത്തില്‍, ഓഫ് സ്റ്റമ്പിന്റെ പുറത്തുകൂടെ പോകുന്ന പന്തിനെ അന്വേഷിച്ചുചെല്ലുന്ന ബാറ്റ് വായുവില്‍ ചിലപ്പോള്‍ അര്‍ധവൃത്തം വരയ്ക്കുന്നതൊഴിച്ചാല്‍ ആ കളിയില്‍ എതിരാളികള്‍ക്ക് പഴുതുകണ്ടെത്തുക പ്രയാസം. അതു കഴിഞ്ഞാല്‍ ക്രമേണ ശക്തിയാര്‍ജിക്കുന്ന ആ എഞ്ചിന്‍ പിന്നീട് കുതിക്കുകയായി.

സച്ചിന്‍ തെണ്ടുല്‍ക്കറും കോലിയും രണ്ട് കാലത്തിന്റെ പ്രതിനിധികളാണ്. രണ്ടുപേരെയും വേര്‍തിരിച്ചുകാണാന്‍ അതിനാല്‍ പ്രയാസമുണ്ടാവില്ല. അതേസമയം ആരാണ് മികച്ചയാള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എളുപ്പമല്ല.

comparison between sachin and kohli
 സ്‌പോര്‍ട്‌സ് മാസിക വാങ്ങാം...

 

രണ്ടുപേര്‍ക്കുമെതിരേയും കളിച്ചിട്ടുള്ള ഷെയ്ന്‍ വോണിനെപ്പോലുള്ളവര്‍ കോലി ഇനിയും കളിക്കട്ടെ എന്നിട്ടു പറയാം എന്ന നിലപാടെടുക്കുന്നവരാണ്. രണ്ടുപേരുടെയും കളിയെ തത്കാലം ഇങ്ങനെ കാണുന്നതാവും നല്ലത്. പിച്ചുകള്‍ ഇപ്പോള്‍ കുറച്ചു കൂടി 'ഫ്ളാറ്റ്' ആണെന്നും പന്തിന് മുന്‍പത്തെ സ്വിങ് ഇപ്പോഴില്ലെന്നും വോണ്‍ ചൂണ്ടിക്കാട്ടുന്നു. അലന്‍ ഡൊണാള്‍ഡ്, ഇമ്രാന്‍ ഖാന്‍, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍, വസീം അക്രം, ക്രെയ്ഗ് മെക്ഡര്‍മോട്ട്, മെര്‍വ് ഹ്യൂസ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ കൂടുതല്‍ കെല്‍പ്പുള്ള ബൗളര്‍മാരെ തെണ്ടുല്‍ക്കര്‍ക്ക് തന്റെ കാലത്ത് നേരിടേണ്ടിവന്നിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

(ലേഖനത്തിന്റെ പൂര്‍ണരൂപം ഫെബ്രുവരി ലക്കം സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം)

 

Content Highlights: comparison between sachin and kohli