Photo: AFP
സമീപകാലത്ത് ട്വന്റി 20-യില്‍ സൂര്യകുമാര്‍ യാദവിനെ കവച്ചുവെയ്ക്കാന്‍ പോന്ന ഒരു താരം ലോകക്രിക്കറ്റില്‍ തന്നെ ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കുട്ടി ക്രിക്കറ്റിന്റെ മുഖമുദ്രയായ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളെല്ലാം തന്നെ സൂര്യയുടെ കൈവശമുണ്ടെന്നത് തന്നെ കാരണം. ഫീല്‍ഡ് സെറ്റ് ചെയ്ത് കൃത്യം ലൈനിലും ലെങ്തിലും ബൗളര്‍ എറിയുന്ന പന്തുകള്‍ പോലും തന്റെ സ്‌കില്ലുകൊണ്ട് അതിര്‍ത്തികടത്താന്‍ സൂര്യയ്ക്കുള്ള അനായാസത മറ്റുള്ളവരില്‍ നമുക്ക് കാണാന്‍ കിട്ടാറില്ല. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്ത് പോലും ഡീപ് ഫൈന്‍ ലെഗിനും ലോങ് ലെഗിനും മുകളിലൂടെ സൂര്യ ഗാലറിയിലേക്ക് പറത്തുമ്പോള്‍ എതിര്‍ ടീം ക്യാപ്റ്റനും ബൗളറും ഒരേപോലെ അന്തംവിട്ട് നില്‍ക്കുന്നതാണ് അടുത്തകാലത്തായി നമ്മള്‍ സ്ഥിരം കാണുന്നത്.
എന്നാല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ - ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സൂര്യയുടെ തനത് താണ്ഡവമൊന്നും നാം കണ്ടില്ല. എന്നിട്ടും ഇന്ത്യന്‍ സ്‌കോര്‍ 234 റണ്‍സെന്ന വമ്പന്‍ സംഖ്യയിലെത്തി. കാരണം ഒരാള്‍, ശുഭ്മാന്‍ ഗില്‍ എന്ന 23-കാരന്‍ പയ്യന്‍. 63 പന്തില്‍ നിന്ന് ഏഴ് സിക്‌സും 12 ബൗണ്ടറിയുമടക്കം 126 റണ്‍സ് അടിച്ചെടുത്ത ഗില്ലിന്റെ ഇന്നിങ്‌സ് ഒട്ടേറെ ബാറ്റിങ് റെക്കോഡുകളും കടപുഴക്കി.
നിരവധി പിഞ്ച് ഹിറ്റര്‍മാര്‍ ഉള്ള ഇന്ത്യന്‍ ടീമില്‍ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്ക് പിന്നാലെ പോകാതെ ക്ലാസിക്ക് കോപ്പിബുക്ക് ഷോട്ടുകള്‍ കൊണ്ട് മാത്രം കെട്ടിപ്പടുത്ത ഒരു തട്ടുപൊളിപ്പന്‍ ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. ഡ്രൈവുകളുടെ മനോഹാരിതയില്‍ ഒരേസമയം സച്ചിനെയും ദ്രാവിഡിനെയും കോലിയേയും അനുസ്മരിപ്പിക്കുന്ന ഗില്‍, ബാക്ക് ഫുട്ടിലൂന്നിയുള്ള അനായാസ പുള്‍ ഷോട്ടുകളിലും പഞ്ചുകളിലും രോഹിത് ശര്‍മയേയും ഓര്‍മിപ്പിക്കുന്നു. ഇത് തന്നെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും ഗില്ലിനെ വ്യത്യസ്തനാക്കുന്നതും. ഫ്രണ്ട് ഫുട്ടില്‍ അനായാസതയും ആത്മവിശ്വാാസവുമുള്ള ഒട്ടനേകം ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ബാക്ക് ഫുട്ടിലെ കരുത്തും അനായാസതയും കൊണ്ട് ഗില്‍ വ്യത്യസ്തനാകുന്നുമുണ്ട്.
അഹമ്മദാബാദില്‍ നടന്ന മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ബെന്‍ ലിസ്റ്ററെ കവറിലൂടെ ബൗണ്ടറിയിലെത്തിച്ച ഷോട്ടില്‍ തന്നെയുണ്ടായിരുന്നു ഗില്ലിന്റെ ക്ലാസ്. പിന്നാലെ ബ്രെയ്‌സ്‌വെല്ലിന്റെ പന്തിന്റെ ലെങ്ത് മനസിലാക്കി അതിവേഗം പിന്നോട്ടിറങ്ങിയുള്ള ബാക്ക് ഫുട്ട് പഞ്ച് ബൗണ്ടറിയിലേക്ക്. അഞ്ചാം ഓവറില്‍ ടിക്‌നറിന്റെ പന്തില്‍ മനോഹരമായൊരു കവര്‍ ഡ്രൈവ്. ഫെര്‍ഗൂസനെതിരേ 14-ാം ഓവറില്‍ നേടിയ സിക്‌സ്, പുള്‍ ഷോട്ടിലുള്ള ഗില്ലിന്റെ മികവ് എടുത്തുകാട്ടുന്നതായിരുന്നു. പിന്നാലെ ബോട്ടം ഹാന്‍ഡിന്റെ കരുത്ത് വെളിവാക്കി ഡീപ് മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയിലൂടെ ഗാലറിയിലെത്തിയ മൂന്ന് സിക്‌സറുകള്‍. ഇങ്ങനെ ഓണ്‍ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും ലേറ്റ് കട്ടുകളും ഫ്‌ളിക്കുകളുമെല്ലാം ചന്തം ചാര്‍ത്തിയ ഈ ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ പോലും ഒരു സ്‌കൂപ്പിനോ റിവേഴ്‌സ് സ്വീപ്പിനോ ഗില്‍ മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയം.
ഗില്ലിന്റെ ആ ഉജ്ജ്വല ഇന്നിങ്‌സ് കണ്ടവര്‍ അതില്‍ അദ്ദേഹം കളിച്ച ഏത് ഷോട്ടാണ് മികച്ചതെന്ന് തീരുമാനിക്കാന്‍ പാടുപെടും. ഇതിനിടെ ലിസ്റ്ററിന്റെ ഒരു കിറുകൃത്യം യോര്‍ക്കര്‍ ക്രീസില്‍ ഡീപായി നിന്ന് ഗില്‍ ബൗണ്ടറിയിലെത്തിച്ചതു കണ്ട് കമന്റേറ്റര്‍മാര്‍ പോലും ഞെട്ടിപ്പോയി. പവര്‍പ്ലേയില്‍ 150-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള പൃഥ്വി ഷായെ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഷാ തന്നെ ഓപ്പണര്‍ സ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിച്ചവരായിരുന്നു ഏറെ. എന്നാല്‍ ഷായെ മറികടന്ന് ഗില്ലിന് അവസരം നല്‍കിയ ടീം മാനേജ്‌മെന്റിനു മുന്നില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ സാധിക്കാതിരുന്ന ഗില്‍ ഒരു ചോദ്യ ചിഹ്നമായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ കൂടി ഗില്ലില്‍ അര്‍പ്പിച്ച വിശ്വാസം ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടുതന്നെ താരം എന്തിനായിരുന്നുവെന്ന് തെളിയിച്ചു.
Content Highlights: classy Shubman Gill and his new boundary-clearing skill
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..