അച്ഛന് സ്‌നേഹം കൊണ്ട് നിറച്ച തുകല്‍പന്ത് തട്ടിയാണ് സി.കെ വിനീത് ഫുട്‌ബോള്‍ താരത്തിലേക്കുള്ള യാത്ര തുടങ്ങിയത്. കണ്ണൂർ കൂത്തുപറമ്പിലെ ആന്‍ഫീല്‍ഡെന്ന വീട്ടിലെ ഗൃഹനാഥന്‍ വാസുമാഷാണ് ആ അച്ഛന്‍. ചെറുപ്പം മുതല്‍ വിനീതിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കാതെ, നേട്ടങ്ങളിലൊക്കെ തോളില്‍ തട്ടി അഭിനന്ദിച്ച ഒരച്ഛന്‍. അധ്യാപകന്റെ കാര്‍ക്കശ്യമൊന്നുമില്ലാതെ മനസ്സ് പറയുന്നത് ചെയ്യാന്‍ മകനോട് പറഞ്ഞ അച്ഛന്‍.
അച്ഛനോടുള്ള സ്‌നേഹക്കൂടുതല്‍ കാരണം ദേശീയ ടീമിലേന്റെ സെലക്ഷന്‍ ട്രയല്‍സിന് വിളി വന്നപ്പോള്‍ പോകേണ്ടെന്ന് തീരുമാനിച്ചിരുന്ന വിനീതിനെ നിര്‍ബന്ധിച്ച് അയച്ചത് വാസുമാഷായിരുന്നു. വീടുപണിക്കിടയില്‍ ടെറസില്‍ നിന്ന് വീണ് അച്ഛന്‍ പരിക്ക് പറ്റി ആശുപത്രിയിലായതോടെ വിനീത് കൊല്‍ക്കത്തയിലെ കളി മതിയാക്കി നാട്ടിലെത്തുകയായിരുന്നു. അച്ഛന്റെ ആശുപത്രിക്കിടക്കയ്ക്കരികില്‍ നിന്ന് വിട്ടുമാറാതിരുന്ന വിനീതിനു നേരെ അച്ഛന് കണ്ണുരുട്ടേണ്ടി വന്നു. ലഭിച്ച അവസരം പാഴാക്കരുതെന്ന അച്ഛന്റെ ശാഠ്യത്തിന് മുന്നില്‍ വിനീത് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഡല്‍ഹിക്ക് പറന്നു. അന്ന് അച്ഛന്‍ എണീക്കാവുന്ന അവസ്ഥയിലായിരുന്നുവെങ്കില്‍ തന്നെ വടിയെടുത്ത് തല്ലുമായിരുന്നുവെന്ന് വിനീത് ചിരിയോടെ പറയുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമായ സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ചും വിനീതിന് പറയാനുണ്ട്. സച്ചിന്‍ തന്നെക്കുറിച്ച് ട്വീറ്റ് ചെയ്ത നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ വലിയ അദ്ഭുതമൊന്നും തോന്നിയില്ലെന്ന് വിനീത് പറയുന്നു. പക്ഷേ അഹങ്കാരം കൊണ്ടാണ് വിനീത് അങ്ങനെ പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ഒരു ഇതിഹാസതാരമെന്ന ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ സംസാരിക്കുന്ന സച്ചിന്‍ ട്വീറ്റ് ചെയ്തില്ലെങ്കിലാണ് അദ്ഭുതം.
വിനീത് യുവേഴ്‌സ് ട്രൂലിയില്‍
ഗോളടിക്കുമ്പോള്‍ കഴുത്ത് മുറിക്കുന്ന തരത്തിലുള്ള വിജയാഘോഷത്തിന്റെ പേരിലും വിനീതിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. താന്‍ കണ്ണൂരുകാരനായതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ആ വിജയാഘോഷ സീനില്‍ തനിക്കൊരു പങ്കുമില്ലെന്നും ബെല്‍ഫോര്‍ട്ടില്‍ നിന്ന് കടമെടുത്ത ആഘോഷ രീതിയാണെന്നും വിനീത് വ്യക്തമാക്കുന്നു.
ഐ-ലീഗില്‍ ബെംഗളൂരു എഫ്.സിക്കൊപ്പം തുടരുന്ന വിനീത് പുതുവര്‍ഷത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ്. സ്വപ്‌നം കണ്ടതിനപ്പുറമുള്ള സംഭവങ്ങളാണ് ജീവിതത്തില്‍ ഇതുവരെ നടന്നത്. ഇനി മുന്നോട്ടും അങ്ങനെ തന്നെയാകുമെന്ന ശുഭപ്രതീക്ഷ വിനീതിനുണ്ട്.