chitanandan1961ല്‍ കോഴിക്കോട്ടുവെച്ച് നാഷണല്‍ ഫുട്ബോള്‍ മത്സരം നടക്കുന്നു. കേരളത്തിന്റെ ആദ്യ എതിരാളികള്‍ കരുത്തരായ റെയില്‍വേസ്. പി.കെ. ബാനര്‍ജി, സൈമണ്‍ സുന്ദര്‍ രാജ്, ജാനകി റാം, പി. ബര്‍മന്‍, നിഖില്‍ നന്ദി, വരാഹലു തുടങ്ങിയ അന്നത്തെ പ്രമുഖരെല്ലാം റെയില്‍വേസിലുണ്ട്. കളി റെയില്‍വേസ് ജയിക്കുമെന്ന് കരുതിയ കാണികളെഞെട്ടിച്ച് കേരളത്തിന്റെവക ആദ്യഗോള്‍. അല്‍പം കഴിഞ്ഞ് സമനിലഗോള്‍ നേടിയ റെയില്‍വേസിന്റെ പോസ്റ്റിലേക്ക് ഇടിമിന്നല്‍ പോലെ കേരളത്തിന്റെ വീണ്ടുമൊരുഗോള്‍ കൂടി. അതോടെ കേരളത്തിന് ആദ്യ ജയം. ഇരുഗോളുകളും നേടിയത് ചെറുവാരി മടത്തില്‍ ചിദാനന്ദന്‍ എന്ന കണ്ണൂരുകാരന്‍. ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചില്ലെങ്കില്‍ ഹാട്രിക് തികയ്ക്കുമായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി ജയങ്ങള്‍ക്കു മുമ്പ് കേരളത്തിന്റെ ഫുട്ബോള്‍ പെരുമ ദേശീയശ്രദ്ധയാകര്‍ഷിച്ച മത്സരമായിരുന്നു അത്. അതിന് കാരണക്കാരനായ ചിദാനന്ദനാണ് തിങ്കളാഴ്ച അന്തരിച്ചത്.

ഗംഭീരവിജയത്തോടെ തുടങ്ങിയ ആ ടൂര്‍ണമെന്റ് മൂന്നാംസ്ഥാനം നേടിയാണ് കേരളം അവസാനിപ്പിച്ചത്. സമ്പങ്കി ട്രോഫിയുമായി മടങ്ങിയ കേരളനിരയിലെ ചിന്നന്‍ എന്ന ചിദാനന്ദന്‍ ഈ ടൂര്‍ണമെന്റോടെ പ്രശസ്തനായി. അതോടെ കൊല്‍ക്കത്ത ടീമുകളുടെ നോട്ടം അദ്ദേഹത്തിന് മേല്‍പതിഞ്ഞു. മുഹമ്മദന്‍സും ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഒരുപോലെ ചിദാനന്ദന് വേണ്ടി വലയെറിഞ്ഞു. ചിദാനന്ദന്‍ തിരഞ്ഞെടുത്തത് മോഹന്‍ ബഗാനായിരുന്നു. അന്ന് കണ്ണൂര്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ സെന്റര്‍ ഫോര്‍വേഡായിരുന്നു അദ്ദേഹം.

chitanandan
1961ല്‍ സമ്പങ്കി ട്രോഫി നേടിയ കേരള ടീം

ബംഗാളിലെ ലീഗ് മത്സരങ്ങള്‍ക്കിടെ പരിക്കേറ്റത് ചിദാനന്ദന്റെ കരിയറിന് തിരിച്ചടിയായി. ഈസ്റ്റ് ആഫ്രിക്കയിലെ സന്ദര്‍ശനത്തിനുള്ള ദേശീയ ടീമിലേക്കുള്ള ക്ഷണം പരിക്ക് കാരണം നിരസിക്കേണ്ടതായി വന്നു. പിന്നീട് എം.ആര്‍.സി. വെല്ലിങ്ങ്ടണില്‍ ചേര്‍ന്നു. 1964-ല്‍ നാഗ്ജി കപ്പ് നേടിയ എം.ആര്‍.സി. ടീമിന്റെ നായകനും ചിദാനന്ദനായിരുന്നു. നാഗ്ജി കപ്പ് ഉയര്‍ത്തുന്ന ആദ്യ മലയാളിക്യാപ്റ്റനായി അദ്ദേഹം. എം.ആര്‍.സി.യില്‍ കമാന്‍ഡോ കോഴ്സും അതിര്‍ത്തികളിലെ സേവനവുമൊക്കെ ചെയ്ത ആര്‍മി ഓഫീസറായ അദ്ദേഹത്തിന് 1965-ല്‍ രക്ഷാമെഡലും ലഭിച്ചിട്ടുണ്ട്. എം.ആര്‍.സി.യിലെ കളിമികവ് ചിന്നനെ എം.ആര്‍.സി. ചിദാനന്ദനാക്കി. നാഗ്ജി കപ്പ് മത്സരത്തിനിടെ അനര്‍ഹമായി എം.ആര്‍.സി. ടീമിന് അനുകൂലമായി കിട്ടിയ പെനാല്‍ട്ടി ടീമംഗത്തോട് പുറത്തേക്കടിച്ച് കളയാന്‍ ആവശ്യപ്പെട്ടത് കളിയിലെ ധാര്‍മികതയെക്കുറിച്ച് പറയുമ്പോള്‍ ചിദാനന്ദന്‍ എപ്പോഴും ഓര്‍ക്കാറുണ്ടായിരുന്നു.

കണ്ണൂരുകാരനായ ചിദാനന്ദന്റെ സഹോദരന്‍ തീര്‍ഥാനന്ദന്‍ സംസ്ഥാന ടീമില്‍ ഒപ്പം കളിച്ചിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അശോക് ശേഖര്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. തീര്‍ഥാനന്ദനൊപ്പം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് ടീമിനെ ഇന്റര്‍ കോളേജിയേറ്റ് ചാമ്പ്യന്‍മാരാക്കിയ ചിദാനന്ദന്‍ പിന്നീട് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനൊപ്പവും കിരീടം നേടി. കണ്ണൂര്‍ ബ്രദേഴ്സ് ക്ലബ്ബിനെ മദ്രാസ് വിറ്റല്‍ ട്രോഫിയിലെ റണ്ണേഴ്സ് അപ്പും പലതവണ ജില്ലാ ലീഗ് ജേതാക്കളുമൊക്കെയാക്കുന്നതില്‍ ചിദാനന്ദന്‍ വലിയ പങ്കുവഹിച്ചു. 1957-ലെ സന്തോഷ് ട്രോഫി ടീമിലെ അംഗമാകുമ്പോള്‍ 18 വയസ്സ്. പിന്നീട് മൂന്നുവര്‍ഷം കേരള സീനിയര്‍ ടീമില്‍ കളിച്ചു.