ഒരിക്കല്‍ കൂടി ഒരു ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെട്ടു കഴിഞ്ഞു. ഏകദിന, ടി20 സീരിസുകളാണ് ആദ്യം. പക്ഷെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരക്കായാണ്. നാലു ടെസ്റ്റുകളാണ് ഡിസംബര്‍ 17-ന് ആരംഭിക്കുന്ന പരമ്പരയില്‍ കളിക്കുക. അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റ് രാത്രിയും പകലുമായാണ്. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബെയ്ന്‍ എന്നിവിടങ്ങളിലാണ് മറ്റ് മൂന്നു ടെസ്റ്റുകള്‍.
ഒരു വര്‍ഷം മുമ്പ് ഓസട്രേലിയന് മണ്ണില്‍ നടന്ന നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ 2-1 എന്ന മാര്‍ജനില്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം വിരാട് കോലിയുടെ ടീമിനുണ്ട്. ആ പരമ്പരയെ കുറിച്ചുള്ള ഓര്‍മകള്‍ തന്നെയാവും ഈ പര്യടനത്തിലും ടീം ഇന്ത്യക്ക് കരുത്താവുക. ആ ഓര്‍മകളില്‍ തെളിയുന്ന മുഖങ്ങളിലൊന്ന് ചേതേശ്വര്‍ അരവിന്ദ് പൂജാരയെന്ന രാജ്കോട്ട്കാരന്റേതാണ്. ആ ടെസ്റ്റ് പരമ്പരയിലെ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി 1258 പന്തുകള്‍ നേരിട്ട് മൂന്നു സെഞ്ചുറിയടക്കം 521 റണ്‍സാണ് മധ്യനിര ബാറ്റ്സ്മാനായ പൂജാര നേടിയത്. വിദേശത്ത് നടന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. പൂജാരക്ക് മുമ്പ് ഓസീസില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്നു സെഞ്ചറി നേടിയ ഇന്ത്യക്കാരന് സുനില്‍ ഗാവസ്കര്‍ മാത്രമാണ്.
ഐ.പി.എല്ലില്‍ സിക്സറുകളടിച്ച് നമ്മുടെ മനസ്സില്‍ കുടിയേറിയ ഹാര്‍ഡ് ഹിറ്റര്‍മാരെ മറന്ന് ഐ.പി.എല്ലിലെ ഒരു ടീം പോലും താല്പര്യം കാണിക്കാതിരുന്ന പൂജാരയെ നമ്മള്‍ക്ക് ഈ ടെസ്റ്റ് പരമ്പരയിലും പിന്തുടരേണ്ടി വരും. വി.വി.എസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡിനും ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ബാറ്റ്സ്മാനെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പൂജാരയുടെ പേര് രേഖപ്പെടുത്തപ്പെടിത്തിക്കഴിഞ്ഞു. തീര്‍ച്ചയായും ഈ ബാറ്റ്സ്മാന്മാര്ക്കൊപ്പം എഴുതിവെക്കാവുന്ന ഒരു പേരായി ചേതേശ്വര്‍ പൂജാര മാറിക്കഴിഞ്ഞിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 2010-ല്‍ അരങ്ങേറിയ പൂജാര ഇതുവരെ 77 മല്‍സരങ്ങളിലെ 128 ഇന്നിങ്സുകളില്‍ നിന്ന് 18 സെഞ്ചുറിയും 25 അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പെടെ 5840 റണ്‍സാണ് ഇതുവരെ നേടിയത്. 48.66 എന്ന മികച്ച ബാറ്റിങ് ശരാശരി അയാളുടെ ബാറ്റിങ് മികവിന് നിദര്‍ശനമാവുന്നു. ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് 32-കാരനായ പൂജാരയുടെ സ്ഥാനം.
കംഗാരുകളെ മെരുക്കുന്ന വിധം
ടീം ഇന്ത്യ അന്ന് കംഗാരുകളുടെ നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ മുഴുവന്‍ കണ്ണുകളും വിരാട് കോലിയിലായിരുന്നു. ഓസീസ് ബൗളര്‍മാര്‍ സൃഷ്ടിച്ച പ്ലാനുകള്‍ മുഴുവന്‍ വിരാട് കോലിയെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ കോലിയെ അപ്രസക്തനാക്കുന്ന പ്രകടനമാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് കണ്ടത്. വിദേശ മണ്ണില്‍ കളിക്കുമ്പോള്‍ എങ്ങനെ ക്ഷമാപൂര്‍വം ബാറ്റുചെയ്യാമെന്നും ആ ക്ഷമ കൊണ്ട് ഓസീസ് ബൗളര്‍മാരെ എങ്ങനെ കീഴടക്കാമെന്നും ടീമിലെ തന്റെ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു പൂജാര.
മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും ക്രിക്കറ്റ് നിരൂപകനുമായ ഇയാന്‍ ചാപ്പല്‍ പൂജാരയുടെ ഈ പ്രകടനെത്തെ കുറിച്ച് പറഞ്ഞതാണ് ശരി. ''ഇന്ത്യന്‍ ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരിക്കാം വിരാട് കോലി. പക്ഷേ ആ സാമ്രാജ്യത്തിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് പൂജാര. ഇപ്പോള്‍ ലഭിച്ചിരിക്കുന്നതിലും വലിയ സ്ഥാനമാനങ്ങള്‍ അയാള്‍ അര്‍ഹിക്കുന്നുണ്ട്.''
പൂജാര ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പുതിയ വന്മതിലാണെന്നും രാഹുല്‍ ദ്രാവിഡിന്റെ പിന്ഗാമിയാണെന്നുമെല്ലാം പലരും വിശേഷിപ്പിച്ചിരുന്നു. പക്ഷെ, ദ്രാവിഡിനേക്കാള്‍ വി.വി.എസ് ലക്ഷ്മണിനെയാണ് ഇതുവരെയുള്ള തന്റെ അന്താരാഷ്ട്ര കരിയര്‍ കൊണ്ട് പൂജാര അനുസ്മരിപ്പിക്കുന്നത്. ലക്ഷ്മണിനെ പോലെ ആരാധകരാല്‍ ഏറെ വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് പൂജാരയും. ഓസീസ് പര്യടനത്തിന് തൊട്ടുമമ്പ് കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലീഷ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരങ്ങളില്‍ ടീം മാനേജ്മെന്റ് പൂജാരയെ കളിപ്പിച്ചിരുന്നില്ല. ആ പരമ്പര ഇന്ത്യ 1-4 എന്ന മാര്‍ജനില്‍ തോല്‍ക്കുകയും ചെയ്തു. ലക്ഷ്മണിനെ പോലെ തന്നെ മികച്ച ഫോമില്‍ കളിക്കുമ്പോഴും ഇന്ത്യയുടെ ഏകദിന ടീമില്‍ പൂജാരക്കും സ്ഥാനം ലഭിക്കുന്നില്ല.
ടി20 കാലത്തെ പാരമ്പര്യവാദി
അതിവേഗത്തില്‍ പരിണാമങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഗെയിം ആണ് ക്രിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടങ്ങി 60 ഓവര്‍ ഏകദിന മല്‍സരങ്ങളിലേക്കും പിന്നീട് 50 ഓവറിലേക്കും ഇപ്പോള്‍ ടി20 യുഗത്തിലേക്കും ക്രിക്കറ്റ് ചുരുങ്ങിയിരിക്കുന്നു, അല്ലെങ്കില്‍ വളര്‍ന്നിരിക്കുന്നു.
ഓവര്‍ കുറയും തോറും കൂടുതല്‍ വലിയ ഷോട്ടുകള്‍ കളിച്ച് പെട്ടെന്ന് റണ്‍ വാരിക്കൂട്ടണമെന്ന സമ്മര്‍ദത്തിലാകും ബാറ്റ്സ്മാന്മാര്. ഇങ്ങനെ ഒരു 'ഫാസ്റ്റ് റണ്‍' സംസ്കാരം പുലര്‍ന്നു കഴിഞ്ഞപ്പോഴും അതൊന്നും പരിഗണിക്കാതെ ക്ലാസിക് ശൈലിയില്‍ ഊന്നി കോപ്പിബുക്ക് ഷോട്ടുകള്‍ കളിച്ച് മുന്നോട്ടുപോവുന്ന അപൂര്‍വം ബാറ്റ്സ്മാന്മാരില് ഒരാളാണ് പൂജാര. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച 'ഷോട്ട്' ഫോര്‍വേഡ് ഇന്‍ ഡിഫന്‍സ് ആണെന്ന് വിശ്വസിപ്പിക്കുന്ന ബാറ്റ്സ്മാന്. പൂജാരയെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ മറ്റു ബാറ്റ്സ്മാന്മാരില് നിന്ന് വേറിട്ടു നിര്‍ത്തുന്നത് പ്രതിരോധത്തിലൂന്നി കളിക്കാനും ഭിന്ന സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനുമുള്ള മിടുക്ക് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ രണ്ടു കാര്യങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.
വളരെ പതുക്കെ തുടങ്ങി ക്രീസില്‍ നിലയുറപ്പിച്ച ശേഷം മാത്രം വലിയ ഷോട്ടുകള്‍ കളിക്കുന്ന പരമ്പരാഗത ശൈലിക്കുടമയാണ് പൂജാര. ക്രീസിനകത്ത് ഇരുപാദങ്ങളും നന്നായി ചലിപ്പിച്ചാണ് ഷോട്ടുകള്‍ കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ പൂജാരയുടെ ഫൂട്ട് വര്‍ക്ക് ഏറെ ഫലപ്രദവുമാണ്. പന്തുകള്‍ ഉയര്‍ത്തി അടിക്കുന്നത് വളരെ അപൂര്‍വമാണ്. സ്പിന്നര്‍മാര്‍ക്കെതിരെ പോലും ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാറില്ല. പന്ത് പിച്ച് ചെയ്തതിന് ശേഷം അതിന്റെ ഗതി തിരിച്ചറിഞ്ഞ് ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ ഷോട്ടുകള്‍ കളിച്ച് റണ്‍ നേടുന്ന ബാറ്റ്സ്മാനായതു കൊണ്ടു തന്നെയാണ് പരമ്പരാഗത ശൈലി പിന്തുടരുന്ന ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറിലെ ഉയര്‍ച്ചതാഴ്ച്ചകളെ കൂസലില്ലാതെ നേരിടാനുള്ള കരുത്ത് പൂജാര ആര്‍ജിച്ചു കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോളും ടെസ്റ്റ് ടീമില്‍ പോലും സ്ഥിരമായ സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പൂജാര. ആ ഘട്ടങ്ങളിലെല്ലാം ആഭ്യന്തര മല്‍സരങ്ങളില്‍ കളിച്ച് വലിയ സ്കോറുകള്‍ നേടി തിരിച്ചു വരികയാണ് ചെയ്തത്.
വി.വി.എസ് ലക്ഷ്മണും തന്റെ അന്താരാഷ്ട്ര കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇത്തരമൊരു അവസ്ഥയിലായിരുന്നു എന്നോര്‍ക്കണം. ഏതായാലും ഒന്നുറപ്പ് കൂടുതല്‍ കരുത്തനായ, പക്വമതിയായ ബാറ്റ്സ്മാനാണ് ഇപ്പോള്‍ പൂജാര. ഇനിയങ്ങോട്ടാവണം അയാളുടെ മികച്ച പ്രകടനങ്ങള്‍ നമ്മള് കാണാനിരിക്കുന്നത്. ലക്ഷ്മണ്, ദ്രാവിഡ് ഇതില്‍ ആരുടെ പിന്‍ഗാമിയാണ് താനെന്ന് വരും വര്‍ഷങ്ങളില്‍ പൂജാര തെളിയിച്ചേക്കും. തല്ക്കാലം ഒന്നുറപ്പിച്ച് പറയാം ലോകത്തെ മറ്റ് മികച്ച ടെസ്റ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് ചേതേശ്വര്‍ പൂജാരയെന്ന മധ്യനിര ബാറ്റ്സ്മാനാണ്.
ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാര്‍മാര്‍
ബാറ്റ്സ്മാൻ | മത്സരം | ഇന്നിങ്സ് | നോട്ടൗട്ട് | റൺസ് | ഉയർന്ന സ്കോർ | ശരാശരി | സെഞ്ചുറി | അർധ സെഞ്ചുറി |
സച്ചിൻ തെണ്ടുൽക്കർ | 200 | 329 | 33 | 15,921 | 248* | 53.78 | 51 | 68 |
രാഹുൽ ദ്രാാവിഡ് | 163 | 284 | 32 | 13,265 | 270 | 52.63 | 36 | 63 |
സുനിൽ ഗാവസ്ക്കർ | 125 | 214 | 16 | 10,122 | 236* | 51.12 | 34 | 45 |
വി.വി.എസ് ലക്ഷ്മൺ | 134 | 225 | 34 | 8,781 | 281 | 45.97 |
17
|
56 |
വീരേന്ദർ സെവാഗ് | 103 | 178 | 6 | 8,503 | 319 | 49.43 | 23 | 31 |
വിരാട് കോലി | 86 | 145 | 10 | 7,240 | 254* | 53.62 | 27 | 22 |
സൗരവ് ഗാംഗുലി | 113 | 188 | 17 | 7,212 | 239 | 42.17 | 16 | 35 |
ദിലീപ് വെങ്സാർക്കർ | 116 | 185 | 22 | 6,868 | 166 | 42.13 | 17 | 35 |
മുഹമ്മദ് അസ്ഹറുദ്ദീൻ | 99 | 147 | 9 | 6,215 | 199 | 45.03 | 22 | 21 |
ഗുണ്ടപ്പ വിശ്വനാഥ് | 91 | 155 | 10 | 6,080 | 222 | 41.93 | 14 | 35 |
ചേതേശ്വർ പൂജാര | 77 | 128 | 8 | 5,840 | 206* | 48.66 | 18 | 25 |
കപിൽ ദേവ് | 131 | 184 | 15 | 5,248 | 163 | 31.05 | 8 | 27 |
എം.എസ് ധോനി | 90 | 144 | 16 | 4,876 | 224 | 38.09 | 6 | 33 |
Content Highlights: Cheteshwar Pujara the class player reminding VVS Laxman