ചെൽസി ഫുട്ബോൾ ടീം | Photo: Peter Cziborra|AP
റോമന്‍ അബ്രമോവിച്ചിന്റെ ചെല്‍സി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അയാക്സില്‍ നിന്ന് വിങ്ങര്‍ ഹക്കീം സിയെച്ച് (34 ദശലക്ഷം പൗണ്ട്), ആര്‍ബി ലീപ്സിഗില്‍ നിന്ന് സ്ട്രൈക്കര്‍ തിമോ വെര്‍ണര്‍ (48 ദശലക്ഷം പൗണ്ട്), ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലെഫ്റ്റ് ബാക്ക് ബെന്‍ ചില്‍വെല്‍ (50 ദശലക്ഷം പൗണ്ട്), ബയേര്‍ ലെവര്‍കുസെനില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ കായ് ഹാവേര്‍ട്സ് (76 ദശലക്ഷം പൗണ്ട്) ഇതിനു പുറമെ സൗജന്യ ട്രാന്‍സ്ഫര്‍ ആയി സെന്റര്‍ ബാക്കുകളായ തിയാഗോ സില്‍വ, മലങ് സാര്‍ എന്നിവരും നീലപ്പടയില്‍ എത്തിയിട്ടുണ്ട്.
തീര്‍ന്നില്ല, റെനെ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയെ 21 ദശലക്ഷം പൗണ്ടിന് വാങ്ങാന്‍ ചെല്‍സി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ 200 ദശലക്ഷം പൗണ്ട് ചെല്‍സി ചിലവഴിച്ചു കഴിഞ്ഞു.
2019-ല്‍ ട്രാന്‍സ്ഫര്‍ നിരോധനമുണ്ടായപ്പോളാണ് ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സി പരിശീലകസ്ഥാനം ഏറ്റെടുത്തത്. ചെല്‍സിയുടെ ക്ലബ് ഇതിഹാസം യുവാക്കള്‍ക്ക് അവസരം നല്കി. കഴിഞ്ഞ സീസണില്‍ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി. നിര്‍ഭാഗ്യവശാല്‍, എഫ്.എ കപ്പ് ഫൈനലില്‍ ലണ്ടന്‍ എതിരാളികളായ ആഴ്സണലിനോട് അവര്‍ പരാജയപ്പെട്ടു.
കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനം ഒരു നേട്ടമായിരുന്നുവെങ്കില്, ഈ സീസണില്‍ ഒരു കിരീടമെങ്കിലും നേടുക എന്നതാകും ചെല്‍സിയുടെ ലക്ഷ്യം. 4-3-3 ശൈലിയില്‍ അറ്റാക്കിങ് ഫുട്ബോളാണ് ലാംപാര്‍ഡ് കഴിഞ്ഞ സീസണില്‍ ഉപയോഗിച്ചത്. ഒരു പക്ഷേ ഇത്തവണയും അദ്ദേഹം അതില്‍ തന്നെ ഉറച്ചു നിന്നേക്കാം, അല്ലെങ്കില്‍ പ്രതിരോധം മെച്ചപ്പെടുത്താന്‍ 4-2-3-1 ശൈലിയിലേക്ക് മാറുകയുമാകാം.
സാധ്യതാ ഇലവന്
ശൈലി: 4-3-3
ഗോള്‍കീപ്പര്‍: എഡ്വാര്‍ഡ് മെന്‍ഡി
പ്രതിരോധനിര: സെയ്സാര് അസ്പിലിക്വേറ്റ, അന്റോണിയോ റൂഡിഗര്‍, തിയാഗോ സില്‍വ, ബെന്‍ ചില്‍വെല്‍
മധ്യനിര: എന്‍ഗോളോ കാന്റെ, കായ് ഹാവെര്‍ട്സ്, മാറ്റിയോ കോവാചിച്ച്
മുന്നേറ്റനിര: ഹക്കീം സിയെച്ച്, തിമോ വെര്‍ണര്‍, ക്രിസ്റ്റിയന്‍ പുലിസിക്ക്
തന്റെ രണ്ടാമത്തെ സീസണിലെ മോശം പ്രകടനമാണ് 72 ദശലക്ഷം പൗണ്ട് വിലയുള്ള കെപ്പ അരിസബലാഗയെ നീലപ്പടയുടെ ഒരു പ്രധാന പ്രശ്നമായി മാറ്റിയത്. എഡ്വാര്‍ഡ് മെന്‍ഡി ചെല്‍സിയില്‍ എത്തിയാല്‍, കുറഞ്ഞ വിലയ്ക്ക് കെപ്പയെ വില്‍ക്കാനോ അല്ലെങ്കില്‍ വായ്പ്പാ അടിസ്ഥാനത്തില്‍ ഒഴിവാക്കാനോ സാധ്യതയുണ്ട്. വില്ലി കാബല്ലെറോ രണ്ടാമത്തെ ചോയ്സ് ഗോള്‍ കീപ്പറാകും.
തിയാഗോ സില്‍വ ഈ സീസണില്‍ ചെല്‍സിക്കായി എല്ലാ പ്രധാന മത്സരങ്ങളിലും കളിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 36 വയസ് പ്രായം കണക്കിലെടുത്ത് സില്‍വയ്ക്ക് വേണ്ടത്ര വിശ്രമം ലാംപാര്‍ഡ് നല്‍കും. സെക്കന്‍ഡ് സെന്റര്‍ ബാക്ക് സ്ഥാനത്തേക്ക് ആന്‍ഡ്രിയാസ് ക്രിസ്റ്റെന്സന്, കര്‍ട്ട് സൂമ എന്നിവരെക്കാള്‍ അന്റോണിയോ റൂഡിഗറിന് സാധ്യതയുണ്ട്.
റൈറ്റ് ബാക്ക് സ്ഥാനത്ത് അസ്പിലിക്വേറ്റ ആയിരിക്കും എന്നാല്‍ റീസ് ജെയിംസ് തൊട്ടു പിറകിലുണ്ട്. ഇടതുവശത്ത് ചില്‍വെല്‍. മാര്‍ക്കോസ് അലോണ്‍സോ, എമേഴ്സണ്‍ എന്നിവരില്‍ ഒരാള്‍ പകരക്കാരുടെ ബെഞ്ചിലിരിക്കും. ഇവരില്‍ ഒരാളോ രണ്ടുപേരുമോ ഈ ട്രാന്‍സ്ഫര്‍ സീസണില്‍ തന്നെ ചെല്‍സിയില്‍ നിന്ന് പോകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
മധ്യനിരയില്‍ കാന്റേ തന്റെ സ്വാഭാവിക ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളിലേക്ക് മടങ്ങും. ഇടതുവശത്ത് കോവാചിച്ച്, വലതുവശത്ത് ഹാവെര്‍ട്സ്.
മുന്നേറ്റനിരയില്‍ വലതുവശത്ത് സിയെച്ചും ഇടതുവശത്ത് പുലിസിച്ചും അണിനിരക്കുമ്പോള്‍ സെന്റര്‍ ഫോര്‍വേഡായി തിമോ വെര്‍ണല്‍ കളിക്കും. ടാമി അബ്രഹാം, ഒളിവര്‍ ജിറൂദ്, ഹഡ്സണ്‍ ഒഡോയ്, റൂബന്‍ ലോഫ്റ്റസ് ചീക്ക് എന്നിവര്‍ പകരക്കാരാകും.
ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയന്ത്രണങ്ങള്‍ 2020-ല്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവച്ചിട്ടുണ്ടെങ്കിലും ചെല്‍സി അവരുടെ ബജറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കുറച്ച് പണം തിരിച്ചുപിടിക്കാനും പ്രതിഫലത്തുകയ്ക്കായുള്ള ബജറ്റ് കുറയ്ക്കാനുമായി ഏതാനും താരങ്ങളെ വില്‍ക്കുവാനും വായ്പ നല്കുവാനും ചെല്‍സി തയ്യാറാണ്.
പെഡ്രോയും വില്ലിയനും ഇതിനകം തന്നെ ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇതിനകം തന്നെ ചെല്‍സി, മിഷി ബച്ചുവായ്, ഈദന്‍ അമ്പടു, കെന്നഡി എന്നിവരെ വായ്പ നല്‍കിയിട്ടുണ്ട്. ഇനിയും പലരും വായ്പാ അടിസ്ഥാനത്തില്‍ മറ്റ് ടീമുകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
കിരീട പോരാട്ടത്തില്‍ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും തന്നെയാണ് നീലപ്പടയുടെ പ്രധാന എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗിലും അവര്‍ക്ക് ശക്തമായ പ്രകടനം ആവശ്യമാണ്. ഇതിനെല്ലാം പുറമെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍, ടോട്ടന്‍ഹാം തുടങ്ങിയ ടീമുകളെയും തടുക്കണം.
പ്രതിരോധമാണ് ചെല്‍സിയെ അലട്ടുന്ന പ്രധാന പ്രശ്നം. കൂനിന്മേല് കുരുവായി ഗോള്‍കീപ്പര്‍ വിഷയവും. ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയത് കഴിഞ്ഞ സീസണിനേക്കാള്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ചെല്‍സിയെ സഹായിക്കും. പക്ഷേ, പ്രതീക്ഷകള്‍ എന്നത്തേക്കാളും കൂടുതലായതിനാല്‍ ലാംപാര്‍ഡ് പ്രശ്നങ്ങളെ നിസ്സാരമായി കാണില്ല.
കളിക്കാര്‍ക്കായി ചെല്‍സി ചെലവഴിച്ച പണവും അബ്രമോവിച്ചിന്റെ അക്ഷമയും കാരണം, ഈ സീസണില്‍ ഒന്നോ രണ്ടോ ട്രോഫികള്‍ നേടാന്‍ ലാംപാര്‍ഡിനു മേല്‍ കടുത്ത സമ്മര്‍ദം തന്നെയുണ്ടാകും. അതേസമയം എല്ലാം ഒത്തുവന്നാല്‍ ലാംപാര്‍ഡിന് ക്ലബ്ബില്‍ ഒരു മികച്ച ടീം കെട്ടിപ്പടുക്കാന്‍ കഴിയും.
ചെല്‍സിയില്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഇതിഹാസമാണ് ലാംപാര്‍ഡ്. പുതിയ താരങ്ങളെ ക്ലബ്ബിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇനിയത് ഫലങ്ങളുടെ കാര്യത്തില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. വളരെയധികം കഴിവുള്ള ഈ ടീം ചെല്‍സിയുടെ എക്കാലത്തെയും മികച്ച സ്കോറര്‍ ആയ ലാംപാര്‍ഡിനു കീഴില്‍ തിളങ്ങിയില്ലെങ്കില്‍ മൗറീസിയോ പൊച്ചെറ്റിനോ, മാസിമിലിയാനോ അല്ലെഗ്രി തുടങ്ങിയ പരിശീലകര്‍ തക്കം പാര്ത്തിരിക്കുന്നുണ്ടെന്നാണ് പിന്നണിയിലെ സംസാരം.
Content Highlights: Chelsea shakes transfer market will Lampard bring the crown to Stamford Bridge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..