Photo: Getty Images
'എനിക്ക് റയലിനേയാണ് നേരിടേണ്ടത്' -ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആര് വേണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്ന് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സല ഇങ്ങനെയാണ് മറുപടി പറഞ്ഞത്. അതിന് സലയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയേ വന്നില്ല. 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോറ്റതിനാല്‍ ഇത്തവണ വിജയിക്കണമെന്ന് കൂടി പറഞ്ഞുവെക്കുമ്പോള്‍ സലയുടെ നയം വ്യക്തമാണ്. ആ തോല്‍വിക്കും തന്റെ കണ്ണീരിനുമുളള മറുപടി കപ്പുയര്‍ത്തിക്കൊണ്ട് നല്‍കുക. കീവിലെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ആ രാത്രിക്കുളള പ്രതികാരം.
സലയുടെ ആഗ്രഹം പോലെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ജയിച്ചുകയറിക്കൊണ്ട് റയല്‍ ഫൈനലിലേക്ക് യോഗ്യത നേടി. അത് പക്ഷേ അവിശ്വസനീയമായ പ്രകടനത്തിലൂടെയായിരുന്നു. സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചത് 4-3 എന്ന സ്കോറിനാണ്. രണ്ടാം പാദത്തിലെ 73-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് സിറ്റി ഫൈനല്‍ പ്രവേശം ഉറപ്പിച്ച ഘട്ടം. അഗ്രിഗേറ്റ് സ്കോര്‍ 5-3. മത്സരം 90-ാം മിനിറ്റിലേക്ക് കടക്കുമ്പോളും ഇതേ നിലയായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് അവിശ്വസനീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. 90,91 മിനിറ്റുകളില്‍ പകരക്കാരനായിറങ്ങിയ റോഡ്രിഗോ വലകുലുക്കിയതോടെ അഗ്രിഗേറ്റ് സ്കോര്‍ 5-5 എന്ന നിലയിലായി. എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റില്‍ കരീം ബെന്‍സേമയും ലക്ഷ്യം കണ്ടതോടെ സാന്റിയാഗോ ബെര്‍ണബ്യു പൊട്ടിത്തെറിച്ചു. 6-5 എന്ന അഗ്രിഗേറ്റ് സ്കോറിന് വിജയിച്ചാണ് ഫൈനലിലേക്കുളള മുന്നേറ്റം.
വീണ്ടും ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ 2018-ലെ കീവിലെ ആ രാത്രി സലയെ വേട്ടയാടുമെന്നുറപ്പാണ്. അന്ന് മത്സരത്തിന്റെ 30-ാം മിനിറ്റില്‍ റയലിന്റെ നായകന് സെര്‍ജിയോ റാമോസുമായി പന്തിനുവേണ്ടിയുളള പോരാട്ടത്തിനിടയ്ക്കാണ് സലയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരം തുടരാനാവാത്തതിന്റെ നിരാശയില്‍ സല മുഖം പൊത്തി കരഞ്ഞു. കണ്ണീരോടെ കളം വിട്ടു. മത്സരം 3-1 ന് വിജയിച്ച് റയല്‍ കിരീടത്തില്‍ മുത്തമിട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും റയലും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ മുഖാമുഖം വരുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.
2018-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചവരില്‍ പലരും ഇന്നത്തെ റയല്‍ നിരയിലില്ല. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കെയ്ലര് നവാസും സെര്‍ജിയോ റാമോസുമെല്ലാം കൂടാരം മാറി. റയലിന്റെ കുതിപ്പ് മുഴുവന്‍ കരീം ബെന്‍സേമയുടെ ചിറകിലേറിയാണ്. പ്രീ-ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഹാട്രിക്ക് നേടിയ താരം സെമിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബെന്‍സേമയെ കൂടാതെ വിനീഷ്യസ് ജൂനിയര്‍, എഡ്വാര്‍ഡോ കാമവിംഗ തുടങ്ങിയ യുവതാരങ്ങളും മിന്നും ഫോമിലാണ്. പരിശീലകന് കാര്‍ലോ ആന്‍സലോട്ടിയുടെ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. എസി മിലാനെ രണ്ട് തവണയും റയലിനെ ഒരു തവണയും ചാമ്പ്യന്മാരാക്കിയ ആന്‍സലോട്ടി നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.
ഏഴാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടിയാണ് ലിവര്‍പൂള്‍ കളിക്കാനിറങ്ങുന്നത്. സെമിയില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചായിരുന്നു ഫൈനല്‍ പ്രവേശം. നേരത്തേ ലീഗ് കപ്പും എഫ്എ കപ്പും സ്വന്തമാക്കിയ ചെമ്പട സീസണിലെ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. സല, മാനെ, ഡയസ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയില്‍ തന്നെയാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. പരിശീലകന് യര്‍ഗന്‍ ക്ലോപ്പിന്റെ നാലാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കൂടിയാണിത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ 8 തവണയാണ് റയലും ലിവര്‍പൂളും ഏറ്റുമുട്ടിയിട്ടുളളത്. അതില്‍ നാല് തവണ റയല്‍ മാഡ്രിഡും മൂന്ന് തവണ ലിവര്‍പൂളും വിജയിച്ചു. 13 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുളള റയലിന്റെ അവസാനകിരീടനേട്ടം 2018-ല്‍ തന്നെയാണ്. 2018 ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും 2019-ല്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ലിവര്‍പൂളിനായി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ പരാജയപ്പെടുത്തിയാണ് കപ്പുയര്‍ത്തിയത്.
ഇത്തവണ കലാശപ്പോരില്‍ ഇരുടീമുകളും ജീവന്മരണപ്പോരാട്ടത്തിനിറങ്ങുമ്പോള് പാരീസ് അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി മാറും. സലയുടെ പ്രതികാരമാണോ ബെന്‍സേമയുടെ പോരാട്ടമാണോ അവസാനവിസിലില് മുഴങ്ങുകയെന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. എത്ര മുന്നിലായാലും കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ അവസാനവിസില്‍ കാതുകളില്‍ മുഴങ്ങാതെ ആരും വിജയാഘോഷങ്ങള്‍ തുടങ്ങാന്‍ വഴിയില്ല. കാരണം ഇത് ചാമ്പ്യന്‍സ് ലീഗാണ്. എന്ത് മായാജാലമാണ് ആ രാത്രി ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുകയെന്ന് കായികലോകത്തിന് നിശ്ചയമില്ലല്ലോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..