ടോക്കിയോ ഒളിമ്പിക്‌സ് ഒരു വര്‍ഷം നീട്ടിവച്ചപ്പോള്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പങ്കാളിത്തത്തിന്റെ ശതാബ്ദി ആഘോഷം നഷ്ടമായി. അടുത്ത മാസം 23-ന് ടോക്കിയോയില്‍ നമുക്ക് ശതാബ്ദിയോ നൂറ്റൊന്നാം വാര്‍ഷികമോ ആഘോഷിക്കാം.

നോര്‍മന്‍ പ്രിച്ചാര്‍ഡ് 1900-ലെ പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഇരട്ട വെള്ളി നേടിയെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയെയാണ്. ഇന്ത്യ എന്ന ലേബലില്‍ നമ്മുടെ ഒളിമ്പിക് അരങ്ങേറ്റം 1920-ല്‍ ആന്റ്വെര്‍പില്‍ ആയിരുന്നു.

ഇതിന് നന്ദി പറയേണ്ടത് സര്‍ ദൊറാബ്ജി ജംഷഡ്ജി ടാറ്റയോടാണ്. അദ്ദേഹം സ്വന്തം ചെലവിലാണ് മൂന്ന് അത്‌ലിറ്റുകളെയും രണ്ടു ഗുസ്തിക്കാരെയും ബെല്‍ജിയത്തിലേക്ക് അയച്ചത്. പുര്‍മ ബാനര്‍ജി, ഫ ദേപ്പ ചൗഗ്ല, സദാശീര്‍ ദത്തര്‍ (അത്‌ലറ്റിക്‌സ്), നവാലെ കുമാര്‍, രണ്‍ധീര്‍ ഷിന്‍ഡെസ് (ഗുസ്തി) എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. പുര്‍മ പതാക പിടിച്ചു.

രാജ്യന്തര ഒളിമ്പിക് സമിതിയുടെ നിയമാവലി പ്രകാരം ദേശീയ ഒളിമ്പിക് സംഘടനകള്‍ക്കു മാത്രമാണ് ടീമിനെ അയയ്ക്കാന്‍ അര്‍ഹത. ഇന്ത്യയില്‍ അന്ന് അത്തൊരമൊരു സംഘടനയില്ല. പക്ഷേ, ജംഷഡ്ജി ടാറ്റായുടെ മഹാ വ്യക്തിത്വത്തോടുള്ള ആദരസൂചകമായി ഐ.ഒ.സി. ഇന്ത്യന്‍ സംഘത്തിന്  പ്രത്യേക അനുമതി നല്‍കുകയായിരുന്നു. (അവര്‍ ഒളിമ്പിക് പതാകയുമായിട്ടായിരിക്കാം ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്).

1924-ലെ പാരിസ് ഒളിമ്പിക്‌സിനു തൊട്ടു മുന്‍പ് ടാറ്റ പ്രസിഡന്റും ഡോ. എ.ജി. നിയോറെന്‍ സെക്രട്ടറിയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷന്‍ രൂപവല്‍ക്കരിച്ചു. ഡോ. നിയോറെന്‍ അന്ന് വൈ.എം.സി.എ ഫിസിക്കല്‍ ഡയറക്ടര്‍ ആയിരുന്നു. കായികരംഗവുമായി ബന്ധപ്പെട്ട് അന്ന് വൈ.എം.സി.എയ്ക്കു മാത്രമായിരുന്നു അഖിലേന്ത്യാ തലത്തില്‍ വേരോട്ടമുണ്ടായിരുന്നത്. ഇന്ത്യയിലെങ്ങും ഒളിമ്പിക് ആവേശം ഉണര്‍ത്താന്‍ ടാറ്റ സ്വന്തം ചെലവില്‍ നിയോ റെന്നിനെ അഖിലേന്ത്യ പര്യടനത്തിനയച്ചതും ചരിത്രം. 1924-ല്‍ മലയാളി ഹര്‍ഡില്‍സ് താരം, കണ്ണുര്‍ സ്വദേശി സി.കെ. ലക്ഷ്മണന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പാരീസിലെത്തിയതും ടാറ്റ യുടെ ചെലവില്‍ തന്നെ.

ഏഴ് അത്‌ലിറ്റുകളും ഏഴോ എട്ടോ ടെന്നീസ് താരങ്ങളുമായിരുന്നു ഇന്ത്യന്‍ ടീമില്‍. ടെന്നീസില്‍ മത്സരിച്ച എന്‍. പോളി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിതയായി. ഇവരുടെ മുഴുവന്‍ പേരു കണ്ടെത്താന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനോ സ്‌പോര്‍ട്‌സ് ചരിത്രാന്വേഷകര്‍ക്കോ  കഴിഞ്ഞിരുന്നില്ല. എന്‍. പോളിക്ക് ടാറ്റാ കുടുംബവുമായി ബന്ധമുണ്ടെന്ന്  ഒരിക്കല്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം കണ്ടെത്തിയിരുന്നു. എം. ടാറ്റ എന്ന പേരില്‍ രണ്ടാമതൊരു വനിത കൂടി ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. രേഖകള്‍ ഇല്ല.

മദ്രാസ് (ചെന്നൈ) വൈ.എം.സി.എയുടെ 1924-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഒരു പക്ഷേ, ഇന്ത്യന്‍ സംഘത്തിന്റെ മുഴുവന്‍ വിവരങ്ങളും കണ്ടേക്കാം. കാരണം ഒളിമ്പിക് ടീമിന് അന്ന് പരിശീലനം നല്‍കിയത് മദ്രാസ് വൈ.എം.സി.എയില്‍ ഡോ.നിയോറെന്‍ ആയിരുന്നു. കേരളത്തില്‍ ആദ്യമായി ബാസ്‌ക്കറ്റ്‌ബോള്‍ കളി തുടങ്ങിയത് കോട്ടയത്ത് ആണെന്ന കേട്ടറിവ് ശരിയാണെന്നു ഉറപ്പിച്ചത് കോട്ടയം വൈ.എം.സി.എയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പരിശോധിച്ചാണ്. ഈ അനുഭവം വെച്ചാണ് മേല്‍പറഞ്ഞ നിര്‍ദേശം വയ്ക്കുന്നത്.
ശതാബ്ദി ആഘോഷം ഒരു വര്‍ഷം നീളാമല്ലോ. 1920 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ആന്റ്വെര്‍പ് ഒളിമ്പിക്‌സ്. അതിനാല്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ അരങ്ങേറ്റത്തിന്റെ  ശതാബ്ദി ആഘോഷംതന്നെ ടോക്കിയോയില്‍ നടത്താം.

Content Highlights: Centenary year of India Olympic Games debut