ഒരൊറ്റ മത്സരത്തിലൂടെ തനിയ്‌ക്കെതിരായ എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. ക്യാപ്റ്റന്‍സിയില്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയും ധോനിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് മാത്രമല്ല ടീമിലെ സ്ഥാനത്തിന് നേരെ തന്നെ ചോദ്യമുയര്‍ത്തിയ സാഹചര്യത്തിലാണ് ഉജ്ജ്വല പ്രകടനവുമായി ക്യാപ്റ്റന്‍ കൂള്‍ തിരിച്ചുവന്നിരിക്കുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവെച്ച ധോനി താരത്യേന ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ടീമിനെ സജ്ജമാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

ഈ വര്‍ഷമാദ്യം നടന്ന ലോകകപ്പിലെ സെമിഫൈനല്‍ മുതല്‍ ധോനിക്ക് കണ്ടക ശനിയായിരുന്നു. സെമിയില്‍ ഓസീസിനോട് തോറ്റ ഇന്ത്യക്ക് പിന്നീട് ധോനിയുടെ നേതൃത്വത്തില്‍ പച്ചതൊടാനായില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യ ബംഗ്ലാദേശില്‍ പരമ്പര തോല്‍ക്കുകയും ചെയ്തതോടെ ഇന്ത്യയുടെ ഏറ്റവും വിജയ ചരിത്രമുള്ള ക്യാപ്റ്റന് നേരെയുള്ള വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ചയേറി. ധോനി കളിക്കാതിരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര നേടുകയും ചെയ്തതോടെ ധോനിയ്ക്കിനി വഴിമാറാമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി.

Dhoni

ടീം ഇന്ത്യ അത്ര ഫോമിലല്ലെങ്കി‌ലും നാട്ടിൽ പുലികളായ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നായിരുന്നു വി‌ലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ പോരാടാന്‍ പോലും മുതിരാതെ കീഴടങ്ങി. ആദ്യ രണ്ട് മത്സരങ്ങള്‍ ആഫ്രിക്കക്കാരും മൂന്നാം മത്സരം മഴയും കൊണ്ടുപോയപ്പോള്‍ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ പരമ്പര നഷ്ടം ബാക്കിയായി.

ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയും യഥാര്‍ത്ഥ ശൗര്യം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി ആദ്യ മത്സരത്തില്‍ ഇന്ത്യ 5 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഈ തോല്‍വിയില്‍ കളിക്കാരന്‍ എന്ന നിലയലും ക്യാപ്റ്റനെന്ന നിലയലും ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങിയത് ധോനിയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് പേരുകേട്ട ധോനി അവസാന ഓവറില്‍ പുറത്തായതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല.

MS Dhoni

മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ധോനിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ധോനിയുടെ നിഴല്‍ മാത്രമാണ് ക്രീസില്‍ കണ്ടതെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ പറഞ്ഞത്. അതേസമയം ഗാംഗുലിയെയും ഗവാസ്‌കറെയും പോലുള്ള ചിലര്‍ ഇത്തരം കടുത്ത വിമര്‍ശനങ്ങളെ എതിര്‍ത്ത് രംഗത്തെത്തുകയും ചെയ്തു.

ഇൻഡോറിൽ രണ്ടാം എകദിനത്തിനിറങ്ങുപ്പോൾ ടീം ഇന്ത്യയും ക്യാപ്റ്റൻ കൂളും തികച്ചും സമ്മർദ്ദത്തിലായിരുന്നു. ടീമും ധോനിയും ഇത്രയേറെ സമ്മര്‍ദ്ദത്തില്‍ ഗ്രൗണ്ടിലിറങ്ങിയ മത്സരം സമീപകാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ടാവില്ല.  ഒരുപക്ഷേ ധോനിയുടെ കരിയറിന്റെ വിധി തന്നെ നിര്‍ണ്ണയിക്കപ്പെടുമായിരുന്ന മത്സരമാണ് ഇന്ന് ഇന്‍ഡോറില്‍ അരങ്ങേറിയത്. എന്നാല്‍ ക്രിക്കറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തന്റെ യഥാര്‍ത്ഥ മൂല്യമെന്തെന്ന് ഈ മത്സരത്തിൽ  ധോനി തെളിയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ധോനി എന്ന ക്രിക്കറ്ററുടെ, നായകന്റെ ഉയിർത്തെഴുന്നേല്‍പ്പ് തന്നെയാണ് ഇന്‍ഡോറിലെ സ്‌റ്റേഡിയത്തില്‍ കണ്ടത്.

MS Dhoni
ഇന്ന് ടോസ് നേടിയ ധോനി ഇന്‍ഡോറിലെ റണ്ണൊഴുകുന്ന പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ മുന്ന് റണ്ണില്‍ പുറത്തായി. അധികം വൈകാതെ ഓപ്പണര്‍ ശിഖര്‍ ധവാനും മടങ്ങി. ഫോമില്ലാതെ ഉഴറുന്ന വൈസ് ക്യാപ്റ്റന്‍ കോലി റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിച്ചിരുന്ന ധോനി തന്നെ ക്രീസിലെത്തി. അര്‍ധസെഞ്ച്വറി നേടി രഹാനെയും തൊട്ടുപിന്നാലെ റണ്ണെടുക്കാതെ റെയ്‌നയും മടങ്ങിയതോടെ അഞ്ച് വിക്കറ്റിന് 104 എന്ന ദയനീയ നിലയിലായി ടീം ഇന്ത്യ.

എന്നാല്‍ ക്ഷമയും ആക്രമണവും സംയോജിപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 41 റണ്‍സും എട്ടാം വിക്കറ്റില്‍ ഹര്‍ഭജന്‍ സിങ്ങിനൊപ്പം 56 റണ്‍സും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ഈ കൂട്ടുകെട്ടുകളായിരുന്നു. അപരാജിതമായ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ മോഹിത് ശര്‍മയെ ഒരറ്റത്ത് നിര്‍ത്തി ധോനി അവസാന മൂന്നോവറിൽ 22 റണ്‍സ് കൂട്ടിച്ചേർത്തു. 22 റണ്‍സിനാണ് ഇന്ത്യയുടെ വിജയവും.

MS Dhoni

86 പന്തില്‍ 7 ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ധോനിയുടെ അപരാജിത ഇന്നിങ്‌സ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ സൂക്ഷ്മതയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത ധോനിയുടെ 92 റണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു. ഒരുപക്ഷേ കളിക്കാരനെന്ന നിലയില്‍ ധോനി ഏറ്റവും വിലമതിക്കുന്ന ഇന്നിങ്‌സ്. 'നാം തെറ്റുകള്‍ വരുത്താന്‍ വാളുമായിരി വിമര്‍ശകര്‍ കാത്തിരിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എളുപ്പമല്ല` എന്ന മത്സരശേഷമുള്ള ധോനിയുടെ വാക്കുകള്‍ തന്നെ ഇതിന് സാക്ഷ്യം.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ ഫലപ്രദമായി തളച്ചതും ക്യാപ്റ്റനെന്ന നിലയില്‍ ധോനിയുടെ തന്ത്രങ്ങളുടെ വിജയമായി. ആദ്യ പത്തോവറില്‍ തന്നെ സ്പിന്നര്‍മാരെ കളത്തിലിറക്കിയ ധോനിയുടെ തന്ത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ വീഴ്ത്തിയത്. ഏഴാം ഓവറില്‍ ആംലയെ അക്ഷര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പത്താം ഓവറില്‍ ഡീകോക്കിഴനെ ഹര്‍ഭജന്‍ വീഴ്ത്തുകയായിരുന്നു.

പിന്നീട് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ച ഡുപ്ലസി-ഡുമിനി സഖ്യത്തെ മടക്കിയതും അവസാന ഇലവനില്‍ സ്ഥിരമായി ഇടം നല്‍കിയതിന്റെ പേരില്‍ ഏറെ പഴികേട്ട അക്ഷര്‍ പട്ടേലായിരുന്നു. ഈ സഖ്യത്തെ മടക്കിയ ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാനനുവദിക്കാതെ സമ്മര്‍ദ്ദര്‍ത്തിലാക്കാനും ആക്രമണോത്സുക ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ കൊണ്ടും ബൗളിങ് ചെയ്ഞ്ചുകള്‍ കൊണ്ടും ധോനിയ്ക്കായി.

MS Dhoni

വിക്കറ്റിനു പിന്നിലും രണ്ടാം ഏകദിനത്തില്‍ ധോനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലാണ് അദ്ദേഹം പങ്കാളിയായത്. മൂന്ന് ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും ഇന്‍ഡോര്‍ ഏകദിനത്തില്‍ ധോനിയുടെ പേരിലുണ്ട്.

ക്യപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മഹേന്ദ്രസിങ് ധോനി ഉയിര്‍ത്തെഴുന്നേറ്റ മത്സരമായിരുന്നു ഇന്‍ഡോറിലേത്. തന്നിലെ പ്രതിഭയെ വറ്റിയിട്ടില്ലെന്നും ടീം ഇന്ത്യയില്‍ തനിക്കിനിയും സമയം ബാക്കിയുണ്ടെന്നും തെളിയിച്ച ഇന്ത്യൻ നായകൻ മത്സരം. ഈ വിജയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് താല്‍ക്കാലികമായ മറുപടിയായെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇത് 'തന്റെ ദിന'ത്തില്‍ മാത്രം സംഭവിച്ച യാദൃച്ഛികതയല്ലെന്ന് ധോനിക്ക് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.