Photo: ANI
സഞ്ജു സാംസണെന്ന യുവ ബാറ്റര്‍ തന്റേതുമാത്രമായ സ്ട്രോക്ക് പ്ലേയും പന്തിനെ അതിര്‍ത്തി കടത്തുന്നതിലുള്ള അനായാസതയും കൊണ്ട് ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ട് ഒമ്പത് വര്‍ഷം പിന്നിടുകയാണ്. 2013-ല്‍ 19 വയസില്‍ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് സഞ്ജു ഐപിഎല്ലില്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ അരങ്ങേറുന്നത്. അന്ന് തൊട്ട് ഇന്ന് വരെ ഓരോ ഇന്നിങ്സുകള്‍ കഴിയുമ്പോഴും സഞ്ജു വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും ആരാധകര്‍ ടീം സെലക്ഷനെ വിമര്‍ശിച്ചത് സഞ്ജുവിനെ ടീമിലെടുക്കാത്തതിന്റെ പേരിലായിരുന്നു.
ഐപിഎല്ലില്‍ അരങ്ങേറി ഈ ഒമ്പത് വര്‍ഷത്തിനിടെ സഞ്ജുവിലെ ബാറ്റര്‍ ഉണ്ടാക്കിയെടുത്ത ഇംപാക്റ്റ് അത്തരത്തിലുള്ളതായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ സഞ്ജു നേരിടുന്ന അവഗണനകളുടെ പട്ടികയില്‍ ചേര്‍ത്തുനിര്‍ത്താന്‍ മറ്റൊന്നു കൂടി. 2013-ലെ ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ 11 കളികളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറിയടക്കം 206 റണ്‍സെടുത്ത സഞ്ജു, 'ഈ പയ്യന് തെറ്റില്ലല്ലോ' എന്ന് ആരാധകരെ കൊണ്ട് പറയിച്ചു. 2014-ല്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമിലേക്ക് എം.എസ് ധോനിയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയതോടെ സഞ്ജുവിനെ സ്നേഹിക്കുന്നവരും മലയാളികളുമെല്ലാം ആഹ്ലാദത്തിലായിരുന്നു. കാരണം ഇന്ത്യന്‍ ടീമിന്റെ റഡാറില്‍ സഞ്ജുവിന്റെ പേര് പതിഞ്ഞിരിക്കുന്നു. തൊട്ടടുത്ത വര്‍ഷം സിംബാബ്വെയ്ക്കെതിരേ ഹരാരെയില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ സഞ്ജു നീലക്കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരമായിരുന്നു അത്. സിംബാബ്വെ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്കായി 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 19 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന് നേടാനായത്. നാലു വിക്കറ്റ് മാത്രം ശേഷിക്കേ ടീമിന് ജയിക്കാന്‍ 15 പന്തില്‍ നിന്ന് 29 റണ്‍സ് വേണ്ടപ്പോള്‍ ഒരു സിക്സറിനുള്ള ശ്രമം ലോങ് ഓണ്‍ ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചാണ് സഞ്ജു മടങ്ങിയത്. മത്സരം ഇന്ത്യ 10 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. പിന്നീട് അഞ്ചു വര്‍ഷത്തേക്ക് സഞ്ജു ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

ഐപിഎല്ലില്‍ മികവിലേക്ക് ഉയര്‍ന്നിട്ടും പലപ്പോഴും തട്ടുപൊളിപ്പന്‍ ഇന്നിങ്സുകള്‍ കളിച്ചിട്ടും ഇന്ത്യന്‍ ടീം ഇക്കാലത്തിനിടയ്ക്ക് സഞ്ജുവിനെ പരിഗണിച്ചത് അഞ്ചു തവണ മാത്രം. 2015-ന് ശേഷം പിന്നീട് 2020 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലെടുത്തു. കളിച്ചത് ഒരു മത്സരം മാത്രം. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരേ രണ്ട് ട്വന്റി 20 മത്സരങ്ങള്‍. അതേവര്‍ഷം ഡിസംബറില്‍ ഓസീസിനെതിരേ മൂന്ന് ട്വന്റി 20കള്‍. 2021 ജൂലായില്‍ ശ്രീലങ്കയ്ക്കെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍. 2022 ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരേ രണ്ട് ട്വന്റി 20കള്‍. ഇക്കാലത്തിനിടയ്ക്ക് ആകെ കളിച്ചത് ഒരു ഏകദിനം മാത്രം. 2021 ജൂലായില്‍ ശ്രീലങ്കയ്ക്കെതിരേ. അതായത് ഇക്കാലത്തിനിടയ്ക്ക് കളിച്ചത് 13 ട്വന്റി 20 മത്സരങ്ങളും ഒരു ഏകദിനവും മാത്രം. സ്ഥിരതയില്ലെന്ന് പറഞ്ഞ് പലപ്പോഴും മാറ്റിനിര്‍ത്തുന്ന ഒരു താരത്തിന് ടീം നല്കുന്ന അവസരങ്ങള്‍ ഇങ്ങനെയാണ്.
സഞ്ജുവിന്റെ കാര്യത്തില്‍ ആരാധകര്‍ രണ്ടു ചേരിയിലാകുന്നത്, ഐ.പി.എല്ലില്‍ സഞ്ജു പുറത്തെടുക്കുന്നു മികച്ച പ്രകടനവും മറുവശത്ത് നിരുത്തരവാദിത്തപരമായി കളിക്കുന്ന ഋഷഭ് പന്തിന് ലഭിക്കുന്ന തുടര്‍ അവസരങ്ങളുമാണ്. 2015-ല്‍ ടീമിലെടുത്ത സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത് വെറും 14 മത്സരങ്ങളാണ്. എന്നാല്‍ 2017-ല്‍ മാത്രം ടീമിലെത്തിയ പന്ത് ഇക്കാലത്തിനിടയ്ക്ക് 30 ടെസ്റ്റുകളും 24 ഏകദിനങ്ങളും 43 ട്വന്റി 20 മത്സരങ്ങളും രണ്ട് ലോകകപ്പുകളും കളിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പന്ത് മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിച്ചിരുന്നെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍ ഈ അടുത്ത കാലത്ത് ഇന്ത്യന്‍ ടീമില്‍ ഇത്രയും നിരുത്തരവാദപരമായി ബാറ്റ് വീശിയ മറ്റൊരു താരമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രയെത്ര മത്സരങ്ങളിലാണ് പന്ത് മോശം ഷോട്ടുകള്‍ കളിച്ച് യാതൊരു ഉത്തരവാദിത്തവുമില്ലാതെ പുറത്തായിരിക്കുന്നത്.
ഇക്കാരണങ്ങള്‍കൊണ്ടു തന്നെയാണ് ഈയിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണെ അവഗണിച്ച നടപടി ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജുവിന് ഇത്തവണ അവസരം ലഭിക്കുമെന്ന വലിയ പ്രതീക്ഷ തന്നെയാണ് അതിനു പിന്നില്‍. കാരണം സ്ഥിരതയില്ലായ്മ, മോശം ഷോട്ട് സെലക്ഷന് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തിയ സഞ്ജു ഈ ഐപിഎല്‍ സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. ഇത്തവണ 15 കളികളില്‍ നിന്ന് 421 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. ആ 421 റണ്‍സും ടീമിന് ആവശ്യമായ റണ്‍സായിരുന്നു എന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സുകളുടെ പ്രത്യേകത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്സിനെിരായ പ്ലേ ഓഫ് മത്സരത്തില്‍ സഞ്ജു നേടിയ 47 റണ്‍സും അത്തരത്തിലുള്ളതായിരുന്നു. മത്സരം തോറ്റെങ്കിലും വെടിക്കെട്ട് വീരന് ജോസ് ബട്ട്ലര്‍ പതറിയ തുടക്ക ഓവറുകളില്‍ രാജസ്ഥാന്റെ സ്കോറിങ് റേറ്റ് താഴാതിരുന്നത് 26 പന്തില്‍ 5 സിക്സും 3 ഫോറും അടക്കം സഞ്ജു നേടിയ 47 റണ്‍സായിരുന്നു. ചുമ്മാ സ്വന്തം അക്കൗണ്ടിലേക്ക് റണ്‍സ് നേടിയെടുക്കുകയായിരുന്നില്ല സഞ്ജു ഈ സീസണില്‍. മറിച്ച് ടീമിന് ആവശ്യമുള്ളപ്പോള്‍ ആവശ്യമായ റണ്‍സ് നേടുകയായിരുന്നു. ഹര്‍ഷ ഭോഗ്ലെ, ഇര്ഫാന് പത്താന് തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനേയും പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് ഐ.പി.എല്‍ മാനദണ്ഡമല്ലെന്നാണ് ഒരു കൂട്ടരുടെ ഈ വിഷയത്തിലെ പ്രകടനം. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കെല്ലാം എങ്ങനെ നീലക്കുപ്പായത്തില്‍ കളിച്ചുതുടങ്ങി എന്നതാണ് മറുകൂട്ടരുടെ ചോദ്യം.

ഇഷാന് കിഷന്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് തുടങ്ങി മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിലെടുത്തിട്ടുണ്ട്. ഇതുതന്നെയാണ് സഞ്ജുവിന്റെ വഴിയടച്ചതെന്ന് മനസിലാക്കേണ്ടി വരും. മേല്‍പ്പറഞ്ഞ മൂന്ന് പേരെക്കാളും ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയത് സഞ്ജുവാണ്. 15 കളികളില്‍ നിന്ന് 421 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇഷാന് കിഷനാണ് രണ്ടാമത്. 14 കളികളില്‍ നിന്ന് 418 റണ്‍സ്. 340 റണ്‍സാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്. ദിനേഷ് കാര്‍ത്തിക്ക് 287 റണ്‍സും. ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിക്കുന്ന കാര്‍ത്തിക്കിനെ ഇവരുമായി താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ ബാക്കി മൂന്ന് പേരില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമുള്ളത് പന്തിനും സഞ്ജുവിനുമാണ്. കിഷന്റെ ഇന്നിങ്സുകള്‍ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ സമ്മാനിക്കുന്ന സമ്മര്‍ദം എത്രത്തോളമാണെന്നതിന് അവരുടെ പ്രകടനം തന്നെ തെളിവാണ്. ഒരു ഭാഗത്ത് പന്ത് നിരുത്തരവാദിത്തപരമായി ഷോട്ടുകള്‍ കളിച്ച് പുറത്താകുമ്പോള്‍ സഞ്ജു ടീമിനായി കളിച്ച് പലപ്പോഴും സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുറത്താകുന്നത്. ആദ്യ പാദത്തിലെ ഏതാനും കളികളില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഉണ്ടായിട്ടുള്ളത്.
ഇനി ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീം നോക്കുകയാണെങ്കില്‍ മിക്കവാറും കെ.എല്‍. രാഹുലും ഇഷാന് കിഷനുമാകും ഓപ്പണര്‍മാരുടെ റോളില്‍. അതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്കായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, എന്നിവരോട് മത്സരിക്കേണ്ടി വരും. ഐ.പി.എല്ലില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന കാര്‍ത്തിക്ക് തന്നെ ഇന്ത്യന്‍ ടീമിലും ആ സ്ഥാനത്തേക്ക് വരും. ഇനി ഋതുരാജ് ഗെയ്ക്വാദിന് അവസരം നല്‍കുമോ എന്ന കാര്യമാണ് അറിയേണ്ടത്. കിഷനും രാഹുലും ഉള്ളതിനാല്‍ തന്നെ ഗെയ്ക്വാദിന് ആ സ്ഥാനത്തേക്ക് ഒരു അവസരം ലഭിക്കില്ല. പിന്നീടുള്ളത് വണ്‍ഡൗണ്‍ പൊസിഷനാണ്. ഗെയ്ക്വാദിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനേക്കാള്‍ മികച്ച ഓപ്ഷന് സഞ്ജുവല്ലേ എന്നാണ് ഒരു കൂട്ടര് ചോദിക്കുന്നത്. മൂന്നാം നമ്പറില്‍ സഞ്ജുവിന്റെ പ്രകടനം തന്നെയാണ് അതിന് കാരണം. 2020-ല്‍ ട്വന്റി 20 ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ സഞ്ജുവാണ്. 38 ഇന്നിങ്സുകളില്‍ നിന്ന് 1251 റണ്‍സാണ് സഞ്ജു ആ വര്‍ഷം മൂന്നാം നമ്പന്‍ സ്ഥാനത്ത് ഇറങ്ങി അടിച്ചുകൂട്ടിയത്. 10 തവണ 50-ന് മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. ഇത്തവണ ഹൈദരാബാദിനെതിരേ 27 പന്തില്‍ നിന്ന് 55 റണ്‍സെടുത്താണ് സഞ്ജു സീസണിന് തുടക്കമിട്ടത്. പിന്നീടുള്ള ഏതാനും മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം സഞ്ജു തിളങ്ങിയിരുന്നു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ ഓര്‍മയിലുള്ളതിനാല്‍ തന്നെ ഇത്തവണ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ മുന്‍ഗണനാ വിഷയം. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായതിനു പിന്നാലെ രോഹിത് പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. കളി ഓസ്ട്രേലിയയിലായതിനാല്‍ തന്നെ സഞ്ജു ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് കൂടി രോഹിത്ത് അന്ന് പറഞ്ഞിരുന്നു. സഞ്ജുവിന്റെ ഷോട്ട് മേക്കിങ്ങിലെ മികവ് ചൂണ്ടിക്കാണിച്ചായിരുന്നു രോഹിത്തിന്റെ ഈ വാക്കുകള്‍. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം തകര്‍ക്കുന്നതാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജു നേരിടുന്ന അവഗണന.
2015-ലെ സിംബാബ്വെ ട്വന്റി 20ക്ക് ശേഷം ക്രിക്കറ്റിലെ വനവാസകാലം അവസാനിപ്പിക്കാന്‍ സഞ്ജുവിനെ സഹായിച്ചത് 2019-ലെ വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറി പ്രകടനമാണ്. ഒക്ടോബറില്‍ ഗോവയ്ക്കെതിരായ മത്സരത്തില്‍ 125 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലെത്തിയ സഞ്ജു 129 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും 10 സിക്സുമടക്കം 212 റണ്‍സോടെ പുറത്താകാതെ നിന്നാണ് വീണ്ടും ടീം ഇന്ത്യയിലെ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചത്. ഇന്ത്യന്‍ ടീം ധോനിക്ക് പകരക്കാരനെ തേടുന്ന സമയം കൂടിയായിരുന്നു അത്. അന്ന് ഈ സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്ത് തുടക്കകാലത്തെ ഏതാനും മിന്നലാട്ടങ്ങള്ക്കു ശേഷം മോശം പ്രകടനം തുടരുന്ന സമയം കൂടിയായിരുന്നു അത്. ഗൗതം ഗംഭീര്‍, സുനില്‍ ഗാവസ്ക്കര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിനു പകരം സഞ്ജുവിന് അവസം നല്‍കണമെന്ന് അന്ന് വാദിക്കുകവരെ ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളില്‍ സഞ്ജുവിന് അവസരം കൊടുത്തത്. അതാകട്ടെ അവസരം കൊടുത്തെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു എന്നാണ് സഞ്ജു ആരാധകരുടെ വാദം. ഇത്തവണയും നേരിട്ട അവഗണന ഊര്‍ജമാക്കി വലിയ ഇന്നിങ്സുകളിലൂടെ സഞ്ജു വീണ്ടും ടീമിലെ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് കരുതാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..