കിരീടത്തിലേക്കു പറന്ന ആ സ്മാഷുകളിലുണ്ട് മരണത്തിന്റെ മൂളല്‍


സജ്‌ന ആലുങ്ങല്‍

ഒരാഴ്ച്ച നീണ്ടു നിന്ന ടൂര്‍ണമെന്റും വിജയിച്ച് കിരീടവുമായി തിരിച്ചു നാട്ടിലേക്കുള്ള യാത്രക്കിടയില്‍ പരിശീലകന്‍ ലിജോ ജോണ്‍ അന്നത്തെ ആ ദുരന്ത രാത്രി ഓര്‍ത്തെടുക്കുന്നു

ചാമ്പ്യൻമാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം/ അപകടത്തിൽപെട്ട ബസ്‌ | Photo: Special Arrangement

ഭുവനേശ്വറിലെ ബിജു പട്‌നായിക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം അഖിലേന്ത്യാ വോളിബോള്‍ കിരീടം വിണ്ണിലേക്കുയര്‍ത്തിയപ്പോള്‍ ഉച്ചി മുതല്‍ കാല്‍പാദം വരെ വിറച്ചുപോയ ഒരു കഥയുണ്ട് ആ ജൈത്രയാത്രയ്ക്കു പിന്നില്‍. 32 വര്‍ഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ പുതുവത്സര ദിനത്തിലാണ് ടീം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസ് കയറിയത്. അവിടെ നിന്നായിരുന്നു ഭുവനേശ്വറിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ബസ് മൈസൂരിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍പെട്ടു. ആ ദുരന്തം അതിജീവിച്ച്, ഒരാഴ്ച്ച നീണ്ടു നിന്ന ടൂര്‍ണമെന്റും വിജയിച്ച് കിരീടവുമായി തിരിച്ചു നാട്ടിലേക്കുള്ള യാത്രക്കിടയില്‍ പരിശീലകന്‍ ലിജോ ജോണ്‍ അന്നത്തെ ആ രാത്രി ഓര്‍ത്തെടുക്കുന്നു. ഒപ്പം ടീമിന്റെ പ്രകടനവും കോച്ച് വിലയിരുത്തുന്നു.

പുതുവര്‍ഷത്തില്‍ കണ്ണുതുറന്നത് അപകടത്തിലേക്ക്

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ രണ്ടു മണിക്ക് പാതിമയക്കത്തിലായിരുന്ന ടീം ഞെട്ടിയുണര്‍ന്നത് ഒരു അപകടത്തിലേക്കാണ്. ബസ് മൈസൂരില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബസിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ ടീമംഗങ്ങളും മറ്റു യാത്രക്കാരും രക്ഷപ്പെട്ടു. പിന്നീട് അവിടെ നിന്ന് ടാക്‌സിയും ഓട്ടോറിക്ഷയും പിടിച്ച് ബെംഗളൂരിലേക്ക്. ട്രെയിന്‍ മിസ് ആയിപ്പോകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ കൃത്യസമയത്ത് എത്തി ഭുവനേശ്വറിലേക്കുള്ള വണ്ടി പിടിച്ചു. ആ അപകടം വലിയ ഷോക്ക് ആയിപ്പോയി. ഭാഗ്യത്തിന് കാല്‍മുട്ടിനും മറ്റും ചെറിയ പരിക്കു മാത്രമേ പറ്റിയുള്ളു. ദൈവം കാത്തു എന്നു പറയാം. ഇത്തവണ കാലിക്കറ്റിന് പറഞ്ഞിട്ടുള്ളതാണ് ഈ കിരീടം എന്നു അന്നു തന്നെ തോന്നിയിരുന്നു.

ടൂര്‍ണമെന്റ് കഠിനം

ഇത്തവണ മത്സരങ്ങള്‍ എളുപ്പമായിരുന്നില്ല. പ്ലസ് ടൂ കഴിഞ്ഞ് അഞ്ചു വര്‍ഷവും ഡിഗ്രി കഴിഞ്ഞ് മൂന്നു വര്‍ഷവും ആയവര്‍ക്ക് കളിക്കാം എന്നായിരുന്നു ഇതുവരേയുള്ള നിയമം. എന്നാല്‍ കോവിഡ് കാരണം ഈ നിയമത്തില്‍ മാറ്റം വന്നു. 26 വയസ്സ് വരേയുള്ള ആര്‍ക്കു വേണമെങ്കിലും കളിക്കാം എന്നായി. ഇതോടെ എല്ലാവരും മികച്ച ടീമിനെ ഒരുക്കിയെടുത്തു. അതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനമായിരുന്നു എല്ലാ മത്സരങ്ങളും.

ബയോ ബബ്‌ളിനുള്ളില്‍ സുരക്ഷിതം

ടൂര്‍ണമെന്റിനിടെ കോവിഡ് ഭീഷണി ഉണ്ടായിരുന്നില്ല. ബയോ ബബ്‌ളിനുള്ളിലായിരുന്നു എല്ലാ കാര്യങ്ങളും. പരിശീലനത്തിനായി ഗ്രൗണ്ടിലേക്കും തിരിച്ചു ഹോട്ടലിലേക്കും പോകും. അതിനായി പ്രത്യേക ബസുകള്‍ ഒരുക്കിയിരുന്നു. ആര്‍ക്കും പുറത്ത് കറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.

കോവിഡ് വന്നതിന്റെ ഭാഗമായി പലരുടേയും പരിശീലനം മുടങ്ങിയിരുന്നു. ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുമുണ്ടായി. കോവിഡിന് ശേഷം എല്ലാം തുറന്നപ്പോള്‍ മൂന്നു മാസം പരിശീലനത്തിന് സമയം ലഭിച്ചു. ഇത് ടൂര്‍ണമെന്റിന് മുതല്‍ക്കൂട്ടായി. എല്ലാവരും മാനസികമായും ശാരീരികമായും ഫ്രഷ് ആയി.

ദക്ഷിണ മേഖലയിലെ മൂന്നാം സ്ഥാനത്തില്‍ നിന്ന് കിരീടത്തിലേക്ക്

സാധാരണ യൂണിവേഴ്‌സിറ്റി ക്യാമ്പ് ഒരു മാസത്തിന് മുകളില്‍ നടക്കാറുണ്ട്. ആദ്യം ഒരു പ്രോമിസിങ് ക്യാമ്പും ഫസ്റ്റ് സ്റ്റേജ്, സെക്കന്റ് സ്റ്റേജ് ക്യാമ്പുകളുണ്ടാകും. അതിനു ശേഷമാണ് യൂണിവേഴ്‌സിറ്റി ക്യാമ്പ് നടക്കുക. അതുകൊണ്ട് ഇത്രയും ദിവസം എല്ലാവരും ഒരുമിച്ചുണ്ടാകും. എന്നാല്‍ ഇത്തവണ 20 ദിവസം മാത്രമേ കിട്ടിയുള്ളു. പരിശീലന മത്സരം കളിക്കാന്‍ സമയം കിട്ടി. അനുഭവ സമ്പത്തും യുവതാരങ്ങളും ചേര്‍ന്നതായിരുന്നു ടീം.

സെമിയില്‍ ചരിത്ര വിജയം

ഏറ്റവും പ്രയാസമുള്ള പൂളിലാണ് ടീമുണ്ടായിരുന്നത്. ആദ്യം ഗുരുനാനാക് ദേവ് അമൃത്സര്‍, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റികള്‍ക്കെതിരേ നന്നായി വിയര്‍ത്ത ശേഷമാണ് വിജയിച്ചത്. ബര്‍ദ്വാനെതിരേ അത്ര കടുത്ത പോരാട്ടമുണ്ടായിരുന്നില്ല. ക്വാര്‍ട്ടറില്‍ പഞ്ചാബിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു. അതിനുശേഷം സെമിയില്‍ കരുത്തരായ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയായിരുന്നു. നമ്മള്‍ പലപ്പോഴും അവര്‍ക്കു മുന്നിലാണ് അടി തെറ്റാറുള്ളത്. എന്നാല്‍ ഇത്തവണ അദ്ഭുതം സംഭവിച്ചു. നമ്മള്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് എസ്ആര്‍എമ്മിനെ തോല്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സെറ്റു പോലും വിജയിക്കാതെ എസ്ആര്‍എം തോല്‍ക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. ഇതോടെ നമ്മള്‍ കപ്പ് നേടും എന്നു തോന്നിയിരുന്നു.

കുരക്ഷേത്രയ്ക്ക് എതിരായ ഫൈനലില്‍ ടീമിന് തിരിച്ചുവരാന്‍ കഴിഞ്ഞു. ആദ്യ സെറ്റ് തോറ്റെങ്കിലും ഐബിന്‍ ജോസ്, അശ്വിന്‍ രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ പ്രകടനത്തില്‍ തുടര്‍ച്ചയായ മൂന്നു സെറ്റു വിജയിച്ച് ചരിത്രമെഴുതി.

Content Highlights: Calicut University won all India inter university men s volleyball title coach Lijo John interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented