പിറന്നുവീണ് പിച്ചവെക്കുന്നതിനിടെയാണ് കാലിക്കറ്റ് സര്‍വകലാശാല അന്തര്‍സര്‍വകലാശാലാ ഫുട്‌ബോള്‍ ജേതാക്കളാകുന്നത്. 1968-ലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. 1971-ല്‍ ദേശീയകിരീടവും. ഇതിനുപിന്നിലെ രഹസ്യമേതെന്നു ചോദിച്ചാല്‍ ടീമിലുള്ളവരെല്ലാം വിരല്‍ചൂണ്ടുന്നത് ഒരാളിലേക്കായിരിക്കും. ചെറിയ പലാക്കില്‍ മാളിയേക്കല്‍ ഉസ്മാന്‍കോയ എന്ന സി.പി.എം. ഉസ്മാന്‍കോയയിലേക്ക്. എന്നാല്‍, തന്റെ കീഴില്‍ക്കളിച്ച താരങ്ങളുടെ മികവും ആത്മാര്‍പ്പണവുമാണ് കിരീടത്തിലേക്കു എത്തിയതെന്ന് ആ പരിശീലകനും പറയും.

1970-ലാണ് ഉസ്മാന്‍കോയ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫുട്ബോള്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. പിറ്റേക്കൊല്ലംതന്നെ ദേശീയചാമ്പ്യന്മാര്‍. പിന്നീട് 31 വര്‍ഷം പരിശീലകന്‍. ഇക്കാലയളവില്‍ 13 തവണ കാലിക്കറ്റ് ദക്ഷിണമേഖലാ ജേതാക്കളായി. അഞ്ചു തവണ ദേശീയ ചാമ്പ്യന്‍മാരുമായി. ഏഴുതവണ റണ്ണറപ്പ് പട്ടവും ആറുതവണ മൂന്നാംസ്ഥാനവും നേടി.

തനിക്ക് കന്നിക്കിരീടം സമ്മാനിച്ച 1971-ലെ ടീമിനെക്കുറിച്ച് ഉസ്മാന്‍കോയ പറയുന്നതിങ്ങനെ ''ലക്ഷണമൊത്ത ടീം. ഓരോ പൊസിഷനിലും ഏറ്റവും അനുയോജ്യരായ താരങ്ങള്‍. ഒത്തിണക്കവും എടുത്തുപറയണം. മറ്റൊന്ന് വിക്ടര്‍ മഞ്ഞിലയുടെ ക്യാപ്റ്റന്‍സിയാണ്. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അന്നത്തെ ടീമിനുതന്നെ''.

ആദ്യകിരീടത്തിലെ നായകന്‍, ഏറെ വൈകാതെ ഉസ്മാന്‍കോയയ്ക്കു കീഴില്‍ പരിശീലനത്തിലും ശിഷ്യനായി. 1982-ല്‍ വിക്ടര്‍ മഞ്ഞില അസിസ്റ്റന്റ് കോച്ചായി സര്‍വകലാശാലയിലെത്തി. കാലിക്കറ്റിന്റെ പിന്നീടുള്ള വിജയയാത്ര ഗുരു -ശിഷ്യ സഖ്യത്തിന്റേതായി. സര്‍വകലാശാലയിലെ മുന്‍ ഫുട്‌ബോള്‍താരങ്ങളുടെ സംഘടനയായ ക്യൂഫ സ്ഥാപിച്ചതും ഇരുവരുംചേര്‍ന്നാണ്. 1994-ല്‍ സംഘടന സ്ഥാപിച്ചപ്പോള്‍ മുതല്‍ ഇപ്പോഴും പ്രസിഡന്റായി ഉസ്മാന്‍കോയയും സെക്രട്ടറിയായി വിക്ടറും തുടരുന്നു.

സര്‍വകലാശാലയ്ക്കുകളിച്ച ഫുട്ബോള്‍ താരങ്ങള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിനു സംഘടനയുടെ നേതൃത്വത്തില്‍ സാമ്പത്തികസഹായം നല്‍കുന്നു. ഇരുപതോളം കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. വര്‍ഷത്തിലൊരിക്കല്‍ മുഴുവന്‍ ക്യൂഫ അംഗങ്ങളും ഒത്തുചേരും. ഉച്ചവരെ യോഗവും ചര്‍ച്ചകളും. ഉച്ചയ്ക്കുശേഷം രണ്ടുടീമായി ഗ്രൗണ്ടിലിറങ്ങും. മിന്നുംതാരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കുമ്മായവരയ്ക്കപ്പുറം കര്‍ശനക്കാരനായി ഉസ്മാന്‍ കോയയുമുണ്ടാകും.

സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ചുമതലയും കുറച്ചുകാലം ഉസ്മാന്‍കോയ വഹിച്ചു. ആ കാലയളവിലാണ് കായികമേഖലയില്‍ രാജ്യത്തെ ഏറ്റവുംമികച്ച സര്‍വകലാശാലയ്ക്കുള്ള ഡോ. ബി.എല്‍. ഗുപ്ത പുരസ്‌കാരത്തിന് കാലിക്കറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. 2001-ല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് വിരമിച്ചു.

1971-ല്‍ തേഞ്ഞിപ്പാലത്തു നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാലയും പഞ്ചാബ് സര്‍വകലാശാലയും തമ്മിലുള്ള മത്സരത്തില്‍നിന്ന്. മത്സരം പഞ്ചാബ് ബഹിഷ്‌കരിച്ചതോടെ കാലിക്കറ്റ് വിജയികളായി. അവസാനമത്സരത്തില്‍ ഗുവാഹാട്ടി സര്‍വകലാശാലയെ സമനിലയില്‍ തളച്ച് കാലിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായി

നിര്‍ത്ത് ഉസ്മാനേ...

1970-ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞിലയായിരുന്നു. അടുത്തവര്‍ഷം അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കംതുടങ്ങുന്നതിനിടെ ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലേക്കു മഞ്ഞിലയ്ക്കു ക്ഷണംകിട്ടി. സര്‍വകലാശാലാ ഫുട്‌ബോള്‍ വേണോ ഇന്ത്യന്‍ ക്യാമ്പ് വേണോയെന്ന് മഞ്ഞിലയ്ക്കു സംശയം. മുതിര്‍ന്ന പല താരങ്ങളുടെയും ഉപദേശം സ്വീകരിച്ച് ഇന്ത്യന്‍ ക്യാമ്പിലേക്കു പോയി.

Usman koya
സി.പി.എം. ഉസ്മാൻകോയ

20 ദിവസത്തോളം കടുത്ത പരിശീലനം. പക്ഷേ, സെലക്ഷന്‍ കിട്ടിയില്ല. തിരികെ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെത്തി റിപ്പോര്‍ട്ട് ചെയ്തു. അന്തസ്സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിന്റെ ക്യാമ്പ് ഏതാണ്ടു തീരാറായിരുന്നു. ക്യാമ്പിലെത്തിയ മഞ്ഞിലയെ കോച്ച് സി.പി.എം. ഉസ്മാന്‍കോയ കഠിനമായി പരിശീലിപ്പിച്ചു. ചെളിയിലും വെള്ളത്തിലുമൊക്കെ പലതവണ ഡൈവ് ചെയ്യിപ്പിച്ചു. മഞ്ഞിലയുടെ കഷ്ടപ്പാടുകണ്ട മാനേജര്‍ പ്രൊഫ. സി.പി. അബൂബക്കര്‍ വന്ന് 'നിര്‍ത്ത് ഉസ്മാനേ' എന്നുപറയുന്ന സ്ഥിതിവരെയുണ്ടായി.

ഗുരുദേവിന്റെ അക്രമം

യൂണിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്‌സിന് എതിര്‍വശത്ത് ഇപ്പോള്‍ ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല താരങ്ങള്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ ടീമംഗമായിരുന്ന ഗുരുദേവ് സിങ്ങാണ് പഞ്ചാബ് സര്‍വകലാശാലയുടെ ക്യാപ്റ്റന്‍. കാലിക്കറ്റ് താരങ്ങള്‍ താമസിച്ചിരുന്നയിടത്ത് അവസാന കളിയുടെ തലേന്നുരാത്രി ഗുരുദേവ് സിങ് എത്തി. വിക്ടറുമൊത്ത് ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന പരിചയംവെച്ചാണ് വരവ്.

വിക്ടറിനെ കാണണമെന്നു പറഞ്ഞ് വാതിലില്‍മുട്ടി ബഹളമുണ്ടാക്കുന്നതുകണ്ട് കോച്ച് ഉസ്മാന്‍കോയ കുപിതനായി. രാത്രി വൈകി ഒരു കളിക്കാരനെയും കാണാന്‍പറ്റില്ലെന്നു കോച്ച് കര്‍ശന നിലപാടെടുത്തു. അതോടെ ഗുരുദേവ് അദ്ദേഹത്തെ ചീത്തവിളിക്കാന്‍ തുടങ്ങി. കോച്ച് ഒട്ടും കുലുങ്ങിയില്ല. കുറേ ബഹളംവെച്ചശേഷം ഗുരുദേവ് മടങ്ങി. പിറ്റേന്ന് ഗ്രൗണ്ടിലും സിങ് ഇതേ സ്വഭാവം പുറത്തെടുത്തു. ഒടുവില്‍ അനുസരണക്കേടിന് ചുവപ്പുകാര്‍ഡു വാങ്ങി പുറത്തുപോകേണ്ടിവന്നു. ഗുരുദേവ് പുറത്തായതോടെ മറ്റു ടീമംഗങ്ങളും കളി ബഹിഷ്‌കരിച്ചു. അതോടെ കാലിക്കറ്റ് വിജയികളായി പ്രഖ്യാപിക്കപ്പെട്ടു.

വിക്ടര്‍ + ഡേവിസ്

1970-ലെ ചാമ്പ്യന്‍ഷിപ്പില്‍ വിക്ടര്‍ മഞ്ഞില കളിക്കാന്‍കാരണം അന്നത്തെ ലെഫ്റ്റ് ഇന്‍ ബാക്കും ഉറ്റസുഹൃത്തുമായ എം.വി. ഡേവിസാണ്. ഇന്ത്യന്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടാതെ മഞ്ഞില നാട്ടിലെത്തിയ വിവരമറിഞ്ഞ് ഡേവിസാണ് അദ്ദേഹത്തെ ക്യാമ്പിലെത്തിച്ചത്. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് ഡേവിസും വിക്ടറും തമ്മിലുള്ള ബന്ധം.ഒല്ലൂരാണ് ഡേവിസിന്റെ വീട്. വിക്ടറിേന്റത് നെല്ലിക്കുന്നും. നാലു ക്ലബ്ബുകള്‍ക്കുവേണ്ടി ഇരുവരും ഒരുമിച്ചുകളിച്ചു. തൃശ്ശൂര്‍ കൊച്ചിന്‍ വാല്യുബിള്‍സ്, ഒല്ലൂര്‍ അറോറ ക്ലബ്ബ്, ഒല്ലൂര്‍ ഓറിയോണ്‍സ്. അതില്‍ മൂന്നു ക്ലബ്ബുകളും ജില്ലാ ലീഗ് ചാമ്പ്യന്‍മാരായി. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിക്ടര്‍ കളിച്ച മൂന്നുവര്‍ഷവും ഇരുവരും ഒരുമിച്ചായിരുന്നു. 

Victor Manjila and MV Davis
വിക്ടർ മഞ്ഞിലയും എം.വി. ഡേവിസും

നിറഞ്ഞുകവിഞ്ഞു ഗാലറി

തേഞ്ഞിപ്പലത്തെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. പതിനയ്യായിരം പേര്‍ക്കിരിക്കാവുന്ന താത്കാലിക ഗാലറി. ഉച്ചയ്ക്ക് ഒരുമണിയാകുമ്പോഴേക്കും ഗാലറി നിറയും. നിന്നുകളികാണാന്‍ 50 പൈസ, ഗാലറി ഒരു രൂപ, കസേരയ്കു രണ്ടുരൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. റോസ്ട്രത്തിലെ ചൂരല്‍ക്കസേരയാണെങ്കില്‍ ഇത്തിരി ആഡംബരമാകും. അതിന് ഏഴുരൂപ ടിക്കറ്റ്.

Content Highlights: Calicut University celebrates 50 years of first All India Inter-University Football title