യോഹാന്‍ ക്രൈഫിന്റെ ജീവിതത്തില്‍ പതിനാലാം രാവുദിച്ചത് തികച്ചും യാദൃച്ഛികമായാണ്. ദൈവനിശ്ചയം പോലെ. 1970 ഒക്ടോബര്‍ 30. പി.എസ്.വിക്കെതിരായ നിര്‍ണായക ഡച്ച് ഫുട്‌ബോള്‍ ലീഗ് പോരാട്ടത്തിനൊരുങ്ങുകയാണ് ക്രൈഫിന്റെ അയാക്‌സ് ആംസ്റ്റര്‍ഡാം. കിക്കോഫ് നിമിഷങ്ങള്‍ മാത്രം അകലെയെത്തിനില്‍ക്കേ അയാക്‌സ് ക്യാമ്പില്‍ ചെറിയൊരു ആശയക്കുഴപ്പം. ജെറി മ്യൂറന്റെ ഏഴാം നമ്പര്‍ ജേഴ്സി കാണാനില്ല. ഉറ്റ തോഴനായ ക്രൈഫ് പിന്നെ ശങ്കിച്ചുനിന്നില്ല. താനണിഞ്ഞിരുന്ന ഒന്‍പതാം നമ്പര്‍ ജേഴ്സിയൂരി മ്യൂറന് സമ്മാനിക്കുന്നു അദ്ദേഹം. പിന്നെ നേരെ ഡ്രസ്സിംഗ് റൂമില്‍ ചെന്ന് അവിടെ കൂട്ടിയിട്ടിരുന്ന കുപ്പായങ്ങളില്‍ നിന്ന് ഒന്ന് കണ്ണും ചിമ്മി പെറുക്കിയെടുക്കുന്നു. കയ്യില്‍ തടഞ്ഞത് പതിനാലാം നമ്പര്‍ ജേഴ്സി. ആര്‍ക്കും വേണ്ടാതെ കിടന്ന ഒന്ന്.

പുതിയ കുപ്പായമണിഞ്ഞു കളിച്ച ക്രൈഫിന്റെ മിന്നല്‍ പ്രകടനത്തോടെ അന്ന് ജയിച്ചുകയറിയത് അയാക്‌സ്. നിറഞ്ഞ സ്റ്റേഡിയത്തിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോള്‍ ക്രൈഫ് ഒന്നുറച്ചിരുന്നു: ഇനി പതിനാല്  വിട്ടൊരു കളിയില്ല. ഇതാണെന്റെ ഭാഗ്യനമ്പര്‍. ഇതാണെന്റെ കുപ്പായം.
ഹോളണ്ട് ഫൈനല്‍ കളിച്ച 1974-ലെ മ്യൂണിക്ക് ലോകകപ്പ് ഉള്‍പ്പെടെ കളിക്കളത്തിലെ ക്രൈഫിന്റെ എല്ലാ അനര്‍ഘനിമിഷങ്ങളിലും ഐതിഹാസിക വിജയങ്ങളിലും സന്തതസഹചാരിയായ  പതിനാലാം നമ്പര്‍ ജേഴ്സി കൂടി ഒരു കഥാപാത്രം. 

ആല്‍ഫ്രെഡോ ഡിസ്റ്റെഫാനോയും പെലെയുള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങളെല്ലാം അണിഞ്ഞു അനശ്വരമാക്കിയ പത്താം നമ്പറിന്റെ കണ്ണഞ്ചിക്കുന്ന ഗ്ലാമറാണ് ക്രൈഫിലൂടെ പതിനാലാം നമ്പര്‍ നല്ലൊരളവോളം കവര്‍ന്നത്. 1984-ല്‍ ഫെയനൂഡിന് വേണ്ടി കളിച്ചുകൊണ്ട് വിടവാങ്ങും വരെ തുടര്‍ന്ന പ്രണയബന്ധം. ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മാത്രം മനസില്ലാമനസോടെ ഇടയ്ക്ക് ഒന്‍പതാം നമ്പറുമണിഞ്ഞു ക്രൈഫ്, അപൂര്‍വമായി.

തീര്‍ന്നില്ല. ക്രൈഫിനോടുള്ള ആദരസൂചകമായി 2007-ല്‍ അയാക്‌സ് ക്ലബ് പതിനാലാം നമ്പര്‍ ജേഴ്സി എന്നെന്നേക്കുമായി ചുമരില്‍ തൂക്കി. ഇനിയാര്‍ക്കും അണിയാനാവില്ല ആ കുപ്പായം. അത് ക്രൈഫിന് മാത്രം അവകാശപ്പെട്ടത്.

ഇങ്ങ്  ഇന്ത്യയിലുമുണ്ട് ചരിത്രത്തിന്റെ ഭാഗമായ ഒരു പതിനാലാം നമ്പര്‍ ജേഴ്സി. അതണിഞ്ഞത് ഒരു മലയാളിയാണ്. തൃശൂര്‍ പരപ്പൂരിലെ ചുങ്കത്ത് വര്‍ക്കി പാപ്പച്ചന്‍.

കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങുന്നു പാപ്പച്ചനും പതിനാലാം നമ്പറുമായുള്ള പ്രണയം. മൂന്നു പതിറ്റാണ്ടു മുന്‍പ്  കോഴിക്കോട്ട് അരങ്ങേറിയ നാഗ്ജി ട്രോഫിയുടെ പ്രത്യേക പതിപ്പില്‍ കേരള ഇലവനുവേണ്ടി കളിക്കാന്‍ എത്തിയ പാപ്പച്ചന് വിധി കരുതിവെച്ചത് പതിനാലാം നമ്പര്‍ കുപ്പായം.

നെഹ്റു കപ്പിനൊരുങ്ങുന്ന ദേശീയ ടീമിന്റെ ക്യാമ്പില്‍ നിന്നുള്ള കൊലകൊമ്പന്മാരുമായി വന്ന 'ഇന്ത്യന്‍ ഇലവനു'കളെ പാപ്പച്ചന്‍ അന്ന് വരച്ചവരയില്‍ നിര്‍ത്തി. മിന്നല്‍ നീക്കങ്ങളിലൂടെ ഗാലറികള്‍ക്ക് തിരികൊളുത്തി. തൊട്ടു പിന്നാലെ നടന്ന തിരുവനന്തപുരം നെഹ്റു കപ്പിലും വിധിനിയോഗം പോലെ പാപ്പച്ചനെ തേടിവന്നത് പതിനാലാം നമ്പര്‍ തന്നെ. ആ ടൂര്‍ണ്ണമെന്റിലും കണ്ടു പാപ്പിയിലെ ഗോള്‍ദാഹിയുടെ പകര്‍ന്നാട്ടം.

കേരള പോലീസിന്റെ വിശ്വസ്തനായ പത്താം നമ്പര്‍ താരം ആ ടൂര്‍ണമെന്റോടെ പതിനാലിലേക്ക് സ്ഥിരമായി കൂറുമാറുന്നു. പകരം ജേഴ്സി നമ്പര്‍ പത്തിന്റെ അവകാശം ഏറ്റെടുത്ത താരവും ചില്ലറക്കാരനായിരുന്നില്ല അയനിവളപ്പില്‍ മണി വിജയന്‍. പാപ്പച്ചന്റെ പതിനാലും വിജയന്റെ പത്തും വിസ്മയപ്രകടനങ്ങളുമായി ഇന്ത്യന്‍ ഫുട്ബാളില്‍ നിറഞ്ഞുനിന്ന വര്‍ഷങ്ങളായിരുന്നു പിന്നെ. ചിലപ്പോള്‍ ഒരുമിച്ച്, മറ്റു ചിലപ്പോള്‍ മുഖാമുഖം. ക്ലബിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയുമെല്ലാം പാപ്പച്ചന്‍ പിന്നീടണിഞ്ഞത് പതിനാല് മാത്രം, ബൂട്ടഴിക്കും വരെ.

കമാന്‍ഡന്റിന്റെ കുപ്പായം ഊരിവെച്ച് പോലീസില്‍ നിന്ന് ഇന്ന് വിരമിക്കുകയാണ് പാപ്പച്ചന്‍. പക്ഷേ കളിക്കമ്പക്കാരുടെ ഓര്‍മ്മകളില്‍ ആ പതിനാലാം നമ്പര്‍ ജേഴ്സിക്ക് ഇന്നും പഴയ അതേ തിളക്കം, അതേ പ്രൗഢി. ക്രൈഫിനെ പോലെ, തിയറി ഒന്‍ട്രിയെ പോലെ, സാബി അലോണ്‍സോയെ പോലെ പതിനാലാം നമ്പറിന്റെ ചരിത്രഗാഥയില്‍ ഇനി പാപ്പച്ചനും ഒരു കഥാപാത്രം.

Content Highlights: C V Pappachan and Johan Cruyff number 14 jersey