ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള വൈരം എല്‍ ക്ലാസികോ ആണെങ്കില്‍ ക്രിക്കറ്റില്‍ അത് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റാണ്. എന്നാല്‍ ഈ വൈരത്തിനിടയില്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലിടം നേടിയ, മായാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. എഡ്ജ്ബാസ്റ്റണില്‍ നടന്ന 2005-ലെ ആഷസ് ടെസ്റ്റില്‍ വിജയത്തിലേക്കുള്ള മൂന്ന് റണ്‍സിനായി ഒന്നും ചെയ്യാനാകാതെ നിസ്സഹായനായിപ്പോയ ബ്രെറ്റ് ലീ ഗ്രൗണ്ടില്‍ തലയും താഴ്ത്തി ഇരുന്നപ്പോള്‍ തോളില്‍ കൈയിട്ട് ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ഇംഗ്ലീഷ് പേസര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷത്തിന്റെ ഷാംപെയ്ന്‍ പതപ്പിച്ചപ്പോള്‍ അതിലലിഞ്ഞു ചേരാതെ ബ്രെറ്റ് ലീക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു ഫ്‌ളിന്റോഫ്. 

ഇതു മാത്രമല്ല ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്ന് അടിവരയിടുന്ന സംഭവങ്ങള്‍. 2003ലെ ലോകപ്പില്‍ ശ്രീലങ്കയ്‌ങ്കെതിരായ മത്സരത്തില്‍ സംഗക്കാരയുടെ അപ്പീലില്‍ അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചിട്ടും ഔട്ടാണെന്ന ബോധ്യത്താല്‍ ക്രീസ് വിട്ട ഓസീസ് താരം ആഡം ഗില്‍ക്രിസ്റ്റ്, 2011-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നോട്ടിങ്ഹാം ടെസ്റ്റില്‍ ടീ ബ്രേക്ക് ആണെന്ന് തെറ്റിദ്ധരിച്ച് ക്രീസില്‍ നിന്ന് ഇറങ്ങിയ ഇയാന്‍ ബെല്ലിനെ റണ്‍ഔട്ടാക്കിയ ശേഷം തിരിച്ചുവിളിച്ച എം.എസ് ധോനി, തനിക്കെതിരേ ഹെല്‍മെറ്റ് തകര്‍ത്തേക്കാവുന്ന തരത്തില്‍ ബീമര്‍ എറിഞ്ഞ ബ്രെറ്റ് ലീ വന്ന് മാപ്പ് പറഞ്ഞപ്പോള്‍ കൈ കൊടുത്ത് സ്‌നേഹം പങ്കിട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍....ഇങ്ങനെ നീണ്ടു പോകുന്നതാണ് ഈ നിര. എന്നാല്‍ ഇതിനെയെല്ലാം ഒരൊറ്റ നിമിഷത്തിലൂടെ, ക്രിക്കറ്റ് മാന്യന്‍മാരുടെ കളി തന്നെയാണോ എന്ന് പരിഹസിക്കുന്ന തരത്തിലേക്ക്, ചെളിക്കുഴിയിലേക്ക് വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കും മുമ്പ് പഞ്ചാബ് ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്തം കൂടിയുള്ള അശ്വിന് ഒരു നിമിഷമെങ്കിലും ആലോചിക്കാമായിരുന്നു. 'ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്നും എന്റെ ജീവിതത്തില്‍ കളങ്കമാകുമല്ലോ എന്ന്'. എന്നാല്‍ വിജയത്തിലേക്കുള്ള കുറുക്കുവഴിയില്‍ ചിന്തയ്ക്കും വിവേകത്തിനും നീതിബോധത്തിനും അശ്വിന്റെ നിഘണ്ടുവില്‍ രണ്ടാം സ്ഥാനം മാത്രമേയുണ്ടായിരുന്നുള്ളു. 

ashwin

രാജസ്ഥാന്‍ ഇന്നിങ്‌സിലെ 13-ാം ഓവറിലെ അഞ്ചാം പന്ത് എറിയാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ അശ്വിന്‍ മനസ്സില്‍ കണക്കുകൂട്ടിയിരിക്കണം ഇങ്ങനെ ഒരു വിക്കറ്റിന്റെ സാധ്യത. അതല്ലെങ്കില്‍ ഒരു തവണയെങ്കിലും ബട്‌ലറെ അശ്വിന് താക്കീത് ചെയ്യാമായിരുന്നു. 1992-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പീറ്റര്‍ കേറ്റ്‌സണെ കപില്‍ ദേവ് മങ്കാദിങ്ങിലൂടെ പുറത്താക്കിയതു പോലെ. അന്ന് രണ്ടു തവണ ക്രീസില്‍ നിന്ന് കയറിയ കേറ്റ്‌സണെ താക്കീത് ചെയ്ത ശേഷമാണ് കപില്‍ ദേവ് മങ്കാദിങ് പ്രയോഗിച്ചത്. അതു മാത്രമല്ല, അന്ന് കേറ്റ്‌സണ്‍ ക്രീസില്‍ നിന്ന് മുന്നോട്ടുകയറി അനര്‍ഹര്‍മായ ആനുകൂല്യം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. 

എന്നാല്‍ ഇന്ന് ജയ്പുരില്‍ ബട്‌ലറുടെ മൂവ്‌മെന്റ് അങ്ങനെയായിരുന്നില്ല. സ്വാഭാവികമായ ചലനം മാത്രമായിരുന്നു അത്. അശ്വിന്റെ പന്തുമായുള്ള ചലനത്തിന് അനുപാതമായിട്ട് തന്നെയായിരുന്നു ബട്‌ലറും ക്രീസില്‍ നിന്ന് കയറാനൊരുങ്ങിയത്. പക്ഷേ റണ്‍അപ് ചെയ്ത് പന്ത് എറിയാതെ തന്ത്രപൂര്‍വ്വം പോസ് ചെയ്ത് ബട്‌ലര്‍ ക്രീസ് വിടുന്നതു വരെ കാത്തു നിന്ന ശേഷം സ്റ്റമ്പ് ചെയ്യുകയായിരുന്നു അശ്വിന്‍. ഇതിനെ വഞ്ചന എന്നല്ലാതെ മറ്റെന്ത് പറയാനാണ്? നിയമത്തിന്റെ പരിധിയില്‍ അശ്വിന് അനുകൂലമായ തീരുമാനം വന്നെങ്കിലും ധാര്‍മികത എന്നൊരു വാക്ക് കൂടി ഇന്ത്യന്‍ താരം ഓര്‍ത്തിരിക്കണമായിരുന്നു. 

ഈ പ്രവണത അശ്വിന് പണ്ടേയുള്ളതാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ലാഹിരു തിരിമാനയേ അശ്വിന്‍ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ സച്ചിന്റെ ഉപദേശം സ്വീകരിച്ച അന്നത്തെ ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ഇവിടെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും അശ്വിനായ സ്ഥിതിക്ക് തീരുമാനം പുനഃപരിശോധിക്കാനോ ഉപദേശം നല്‍കാനോ ആരുമുണ്ടായിരുന്നില്ല. എല്ലാം അശ്വിന്റെ തീരുമാനങ്ങള്‍ തന്നെയായിരുന്നു.

പാടത്തും പറമ്പിലും ക്രിക്കറ്റ് കളിക്കുമ്പോള്‍ ഔട്ടാകാന്‍ വേണ്ടി ചെയ്യുന്ന കൊച്ചു കള്ളത്തരങ്ങള്‍ ഒരു അന്താരാഷ്ട്ര വേദിയില്‍ ലക്ഷക്കണക്കിന് കാണികളുടെ മുന്നില്‍ ആവര്‍ത്തിക്കുമ്പോഴുള്ള നാണക്കേട് അശ്വിനെ ന്യായീകരിക്കുന്നവര്‍ ഓര്‍മിക്കുന്നത് നല്ലതാണ്. അതുമല്ലെങ്കില്‍ 2012ലെ ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കണ്ടാല്‍ മതി. ഇയാന്‍ മോര്‍ഗനെ സ്റ്റമ്പ് ചെയ്യുന്നതു പോലെ കാണിച്ച് മങ്കാദിങ് രസകരമാക്കിയ ക്രിസ് ഗെയ്‌ലിനെ ആ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം, എന്നിട്ട് മനസ്സുതുറന്ന് ചിരിക്കാം. 

ഗെയ്ല്‍

ധോനി

സച്ചിന്‍

Content Highlights: Buttler Mankaded Ashwin's Trickery Fails To Impress Indian Fans