ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി
കൃത്യമായ ആംഗിളില്‍ ബ്ലോക്ക് ഹോളിലേക്ക് 140 കിലോമീറ്റിലേറെ വേഗത്തിലെത്തുന്ന പിന്‍പോയന്റ് യോര്‍ക്കറുകള്‍. അപ്രതീക്ഷിതമായി എത്തുന്ന അത്തരം പന്തുകള്‍ക്കു മുന്നില്‍ നിലതെറ്റി വീണുപോകുന്ന ബാറ്റ്‌സ്മാന്‍മാര്‍. വസീം അക്രം, വഖാര്‍ യൂനിസ്, ഷോയബ് അക്തര്‍, ലസിത് മലിംഗ, ബ്രെറ്റ് ലീ എന്നിങ്ങനെ പോകുന്ന പേസര്‍മാരുടെ പ്രതാപകാലത്ത് ടെലിവിഷനില്‍ നമ്മള്‍ പലപ്പോഴും കണ്ട കാഴ്ചകളിലൊന്നാണിത്. അപ്രതീക്ഷിതമായി മൂളിപ്പാഞ്ഞെത്തുന്ന യോര്‍ക്കറുകള്‍ വിക്കറ്റുമായി പറക്കുന്ന കാഴ്ച എത്ര മനോഹരമായിരുന്നു.
അത്തരം കാഴ്ചകള്‍ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരികയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പേസര്‍മാര്‍. ചുരുക്കം ചില ബൗളര്‍മാര്‍ക്കൊഴികെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്യമായിരുന്ന യോര്‍ക്കറെന്ന ആയുധം ഇന്നിപ്പോള്‍ ടീം ഇന്ത്യയുടെ മുഖ്യ ശക്തികളിലൊന്നാണ്. നേരിയ പാളിച്ചയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന ഇത്തരം പന്തുകള്‍ കൊണ്ട് അമ്മാനമാടുന്ന പേസ് ത്രയം ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്. ജസ്പ്രീത് ബുംറ - മുഹമ്മദ് ഷമി - നവ്ദീപ് സെയ്‌നി. പരമ്പരയിലെ ആദ്യ മത്സരത്തിലൊഴികെ ഇന്ത്യന്‍ പേസര്‍മാരുടെ യോര്‍ക്കറുകള്‍ക്കു മുന്നില്‍ കൂച്ചുവിലങ്ങിട്ട ആനയ്ക്ക് സമാനമായിരുന്നു ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ അവസ്ഥ.
വമ്പനടിക്കാരുള്‍പ്പെട്ട ഒരു ടീമിനെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഡെത്ത് ഓവറുകളിലെ യോര്‍ക്കര്‍ പരീക്ഷണം കൊണ്ട് നിലയ്ക്ക് നിര്‍ത്തിയത്.
തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമിയുടെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ വീണ പാറ്റ് കമ്മിന്‍സ്. സീം അപ്പ് ചെയ്ത് കൃത്യം ബ്ലോക്ക് ഹോളിലേക്ക് വന്ന പന്തുകള്‍ക്കു മുന്നില്‍ നിസ്സഹായനായിപ്പോകുകയായിരുന്നു കമ്മിന്‍സ്.

എക്കാലവും ടീം ഇന്ത്യയുടെ ബാറ്റിങ് നിര ശക്തം തന്നെയായിരുന്നു. എന്നാല്‍ മികച്ച ബൗളര്‍മാരുടെ, ശരിക്ക് പറഞ്ഞാല്‍ മികച്ച ബൗളിങ് കോമ്പിനേഷന്റെ അഭാവമായിരുന്നു പല മത്സരങ്ങളിലും ടീമിന്റെ പരാജയത്തിന് കാരണമായത്. എന്നാലിപ്പോള്‍ കഥമാറി. പണ്ട് ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മധ്യ ഓവറുകളില്‍ റണ്‍റേറ്റ് നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന തന്ത്രങ്ങളില്‍ നിന്ന് മുന്നോട്ടുപോകാന്‍ വിരാട് കോലിയെന്ന ക്യാപ്റ്റനെ സഹായിച്ചത് ഇപ്പോഴത്തെ ഫാസ്റ്റ് ബൗളിങ് കോമ്പിനേഷനുകളാണ്.
മധ്യ ഓവറുകളില്‍ കളി നിയന്ത്രിച്ച് ഡെത്ത് ഓവറുകളില്‍ വിക്കറ്റിന് ശ്രമിക്കുന്നതായിരുന്നു കുറച്ചുകാലം മുമ്പുവരെ, പ്രത്യേകിച്ച് എം.എസ് ധോനിയെന്ന ക്യാപ്റ്റനു കീഴിലെ ഇന്ത്യന്‍ തന്ത്രം. എന്നാല്‍ പലപ്പോഴും ഇതേ ഡെത്ത് ഓവറുകളിലാണ് ഇന്ത്യ കളി കൈവിടാറുള്ളതും. അവസാന പത്ത് ഓവറുകളില്‍ 100 റണ്‍സിനു മുന്നില്‍ എതിരാളികള്‍ സ്‌കോര്‍ ചെയ്യുന്നതോടെ കളി സ്വാഭാവികമായും കൈവിട്ടിട്ടുണ്ടാകും. 2015-ല്‍ മുംബൈ വാംഖഡെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന മത്സരം തന്നെ ഇതിന് ഉദാഹരണമാണ്. ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, എ.ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 438 റണ്‍സ്. അന്ന് 214 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.
ഡെത്ത് ഓവര്‍ ബൗളിങ്ങാണ് ഈ മത്സരത്തില്‍ ഇന്ത്യയെ ചതിച്ചത്. അവസാന 10 ഓവറില്‍ 144 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഈ മത്സരത്തില്‍ അടിച്ചുകൂട്ടിയത്. എന്നാലിപ്പോള്‍ കോലിയിലെ നായകന് തന്റെ ഫാസ്റ്റ് ബൗളര്‍മാരില്‍ പൂര്‍ണ വിശ്വാസമാണ്. മധ്യ ഓവറുകളില്‍ എതിര്‍ ടീം മികച്ച കൂട്ടുകെട്ട് തീര്‍ക്കാനൊരുങ്ങുന്നുവെന്ന ഘട്ടത്തില്‍ ബുംറ, ഷമി, സെയ്‌നി എന്നിവരില്‍ ഒരാളെ പന്തേല്‍പ്പിച്ച് ആ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നതു തന്നെ ആ വിശ്വാസത്തിന് തെളിവ്.
ഇതിനൊപ്പം ഡെത്ത് ഓവറുകളിലെ റണ്‍ ധാരാളിത്തവും കുറഞ്ഞു. അതിന് പ്രധാന കാരണം ബുംറ - ഷമി - സെയ്‌നി ത്രയത്തിന്റെ യോര്‍ക്കറുകള്‍ തന്നെയാണ്. പരമ്പരയില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയായിരുന്നു.
രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരെറിഞ്ഞ അവസാന 43 പന്തുകളില്‍ 30 എണ്ണവും യോര്‍ക്കറുകളോ അല്ലെങ്കില്‍ ഫുള്‍ ലെങ്ത് ഡെലിവറികളോ ആയിരുന്നു. ആ 43 പന്തുകളില്‍ നിന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാനായത് വെറും 21 റണ്‍സ് മാത്രം. മൂന്നു വിക്കറ്റുകളും നഷ്ടമായി. അതിനാല്‍ തന്നെ റണ്‍സ് നിയന്ത്രിക്കുന്നതിനൊപ്പം ഇത്തരം പന്തുകള്‍ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നേടാനുള്ള നമ്പര്‍ വണ്‍ ഓപ്ഷനുമായി മാറി.

''ഞാനെന്റെ ബൗളര്‍മാരോട് അവര്‍ക്കിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. യോര്‍ക്കറുകള്‍ പ്രയോഗിക്കാന്‍ സമയമായെന്നാണ് അവര്‍ പറഞ്ഞത്. അവരെല്ലാവരും യോര്‍ക്കര്‍ എറിയാന്‍ മികവുള്ളവരാണ്. പ്രത്യേകിച്ചും ഷമി, ഒരു ഓവര്‍ കൊണ്ടുതന്നെ അദ്ദേഹം എല്ലാം മാറ്റിമറിച്ചു'', രാജ്‌കോട്ട് ഏകദിനത്തിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞ വാക്കുകളാണിത്.
രാജ്‌കോട്ടിലെ യോര്‍ക്കര്‍ പ്രയോഗം പരമ്പര വിജയികളെ നിര്‍ണയിച്ച ബെംഗളൂരു ഏകദിനത്തിലും ഇന്ത്യന്‍ ത്രയം നടപ്പാക്കി. അവിടെ അവസാന 48 പന്തുകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞത് 32 യോര്‍ക്കറുകളാണ്. ഇക്കൂട്ടത്തില്‍ ലോ, വൈഡ് യോര്‍ക്കറുകളും ഉള്‍പ്പെടുന്നു. ഈ പന്തുകളില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്. നാലു വിക്കറ്റുകളും നഷ്ടമായി. ബെംഗളൂരുവില്‍ ഓസീസിനെതിരേ ഇന്ത്യന്‍ പേസ് ത്രയമെറിഞ്ഞ അവസാന 24 പന്തുകളും ബ്ലോക്ക് ഹോളിലേക്കായിരുന്നു. മുന്‍ ഈ ഘട്ടങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉപയോഗിച്ചിരുന്ന ഗുഡ് ലെങ്ത് ഡെലിവറികളും ഷോര്‍ട്ട് പിച്ച് പന്തുകളുമെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായി.
ഇന്ത്യന്‍ പേസര്‍മാര്‍ ഈ സംഗതി എളുപ്പത്തില്‍ നടപ്പിലാക്കിയെങ്കിലും നിയന്ത്രിയ ഓവര്‍ മത്സരങ്ങളില്‍ യോര്‍ക്കറികള്‍ എറിയുന്നതില്‍ വലിയ റിസ്‌ക്കാണുള്ളത്. പന്തിന്റെ ലൈനിലോ ലെങ്തിലോ നേരിയ ഒരു പിഴവ് സംഭവിച്ചാല്‍ അത് ഹാഫ് വോളിയോ ഫുള്‍ ടോസോ ആയി മാറും. നടന്‍ പപ്പു പറഞ്ഞതുപോലെ ''കടുകുമണി വ്യത്യാസത്തില്‍ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറ്യാ മതി ഞമ്മളും എഞ്ചിനും തവിടുപൊടി''. തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ഒരു താരമാണ് ക്രീസിലുള്ളതെങ്കില്‍ ആ പന്തിന് എന്ത് സംഭവിക്കുമെന്നത് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ തന്നെ കോലിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് തുടര്‍ച്ചയായി 140 കി.മീ വേഗതയില്‍ പന്തെറിയുന്ന, ബൗളിങ്ങില്‍ വൈവിധ്യമുള്ള മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ലഭിച്ചു എന്നതാണ്. സ്ലോ ബോളുകളും കട്ടറുകളും ഷോര്‍ട്ട് പിച്ച് പന്തുകളുമെല്ലാം എറിയാന്‍ സാധിക്കുന്ന മൂന്നുപേര്‍. ഇക്കൂട്ടത്തില്‍ ബുംറയുടെ പേര് എടുത്തുപറയേണ്ടതുണ്ട്. തന്റെ അണ്‍ഓര്‍ത്തഡോക്‌സ് സ്ലിങ്ങി ആക്ഷന്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുന്ന ബുംറ, യോര്‍ക്കറുകളുടെയും സ്ലോ ബോളുകളുടെയും കട്ടറുകളുടെയും ആശാനാണ്. 140 കിലോമീറ്ററിലേറെ വേഗതയില്‍ വരുന്ന സെയ്‌നിയുടെ ബൗണ്‍സറുകള്‍ക്കു മുന്നില്‍ പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടാകാറില്ല. ഷമിയാണെങ്കില്‍ യോര്‍ക്കറുകളിലെ കൃത്യത കൊണ്ട് അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
90-കളില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്ന വഖാര്‍ യൂനിസ് - വസീം അക്രം സഖ്യത്തിന്റെ നൊസ്റ്റാള്‍ജിയ പലപ്പോഴും തിരിച്ചുകൊണ്ടുവരുന്നുണ്ട് ടീം ഇന്ത്യയുടെ ഈ ബൗളിങ് ത്രയം.
കണക്കുകള്‍ക്ക് കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്
Content Highlights: Bumrah Shami Saini team india's yorker trio
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..