Photo: AFP
ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ പോരാട്ടം ആരംഭിക്കുമ്പോഴാണ് കടുത്ത ബ്രിട്ടീഷ് ടെന്നീസ് ആരാധകര്‍ പോലും എമ്മ റാഡുകാനു എന്ന പേര് കേള്‍ക്കുന്നത്. കേട്ടതും നേരെ ചെന്ന് വിക്കീപീഡിയയില്‍ തപ്പിയ അവര്‍ക്ക് കാണാന്‍ സാധിച്ചത് 'എമ്മ റാഡുകാനു, 2002 നവംബര്‍ 13-ന് ജനനം, ബ്രിട്ടീഷ് പ്രൊഫഷണല്‍ ടെന്നീസ് താരം' എന്ന് മാത്രമായിരുന്നു. വിക്കിക്ക് പോലും അധികമൊന്നും അറിയാത്ത ഒരു ടെന്നീസ് താരം.
എന്നാല്‍ വിംബിള്‍ഡണ്‍ പോരാട്ടം ആരംഭിച്ചതോടെ ആ 18-കാരി ചില്ലറക്കാരിയല്ലെന്ന് എതിരാളികളും സ്വന്തം നാട്ടുകാരും തിരിച്ചറിയുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് കളിച്ച ഈ പെണ്‍കുട്ടി നാലാം റൗണ്ട് മത്സരത്തിനിടെ ശ്വാസമെടുക്കാന്‍ പ്രശ്നം നേരിട്ടതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ആ നാലു മത്സരങ്ങള്‍ മാത്രം മതിയായിരുന്നു എമ്മ റാഡുകാനുവിന് തന്നിലെ ടെന്നീസ് താരത്തെ അടയാളപ്പെടുത്താന്‍. നിറഞ്ഞ കൈയടികളോടെയാണ് അന്ന് സ്വന്തം നാട്ടുകാര്‍ എമ്മയെ യാത്രയാക്കിയത്.
ഇപ്പോഴിതാ ഒരു മാസത്തിനപ്പുറം യു.എസ് ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് ആ 18-കാരി സ്വന്തം നാട്ടുകാരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും തോല്‍ക്കാതെയാണ് എമ്മയുടെ കിരീട നേട്ടം. ഓരോ മത്സരത്തിലും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എമ്മ പുറത്തെടുത്തത്.
ഓപ്പണ്‍ കാലഘട്ടത്തില്‍ യോഗ്യതാ റൗണ്ട് വഴി വന്ന് ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് എമ്മ മടങ്ങുന്നത്.
തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ കിരീടമണിഞ്ഞ താരം എമ്മ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമായി. 2004-ല്‍ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ വിജയിക്കുന്നത്.
ഫൈനലില്‍ കാനഡയുടെ 19-കാരി ലെയ്ല അനി ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മ കിരീടം സ്വന്തമാക്കിയത്.
44 വര്‍ഷങ്ങള്‍ക്കു ശേഷം വനിതാ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയ വിര്‍ജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനായി ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരം.
ഓപ്പണ്‍ കാലഘട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ ഏറ്റുമുട്ടിയ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലെന്ന പ്രത്യേകതയും എമ്മയും ലെയ്ലയും ഏറ്റുമുട്ടിയ ഫൈനലിനുണ്ടായിരുന്നു.
1999-ലെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ അന്ന് കൗമാരക്കാരികളായിരുന്ന സെറീന വില്യംസും മാര്‍ട്ടിന ഹിംഗിസും ഏറ്റുമുട്ടിയ ശേഷം നടക്കുന്ന ആദ്യ കൗമാര ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്തവണത്തെ യു.എസ് ഓപ്പണിലേത്.
കാനഡയിലാണ് എമ്മ ജനിച്ചത്. ടൊറൊന്റോയിലെ ഒണ്ടാരിയോയിലായിരുന്നു ജനനം. അച്ഛന് റൊമാനിയക്കാരന്‍ ഇയാന്‍ റാഡുകാനു, അമ്മ ചൈനീസുകാരി റെനീ റാഡുകാനു. ഇരുവരുടെയും ഏക മകളാണ് എമ്മ. എമ്മയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ഫിനാന്‍ഷ്യല്‍ എക്സിക്യുട്ടീവ്സായ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് താമസം മാറുന്നത്.
നന്നേ ചെറുപ്പത്തില്‍ തന്നെ എമ്മയെ കായിക രംഗത്തേക്ക് വഴിതിരിച്ചുവിടുന്നത് അച്ഛന് ഇയാനായിരുന്നു. ഗോള്‍ഫ്, മോട്ടോക്രോസ്, നീന്തല്‍, കുതിരയോട്ടം എന്നിവയിലെല്ലാം എമ്മ ഒരു കൈ നോക്കിയിട്ടുണ്ട്.
പിന്നീട് 2007-ലാണ് എമ്മ ടെന്നീസിലേക്ക് തിരിയുന്നത്. ആന്‍ഡി മുറെയുടെ ഭാര്യാപിതാവ് നിഗെല്‍ സിയേഴ്സായിരുന്നു എമ്മയുടെ ആദ്യ ടെന്നീസ് പരിശീലകന്. അദ്ദേഹത്തിനു കീഴില്‍ 2018-ലാണ് എമ്മ പ്രൊഫഷണല്‍ ടെന്നീസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. അവിടെ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ പെണ്‍കുട്ടി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തം വീട്ടിലെ ഷെല്‍ഫിലെത്തിച്ചിരിക്കുകയാണ്.
Content Highlights: British tennis star teen sensation Emma Raducanu the us open champion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..