Photo: AFP
കഴിഞ്ഞവര്‍ഷം ജനുവരില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ന്യൂസീലന്‍ഡ് 75 ഓവറില്‍ 273 എന്ന ലക്ഷ്യം ഇംഗ്ലണ്ടിന്റെ മുന്നില്‍വെച്ചു. അന്ന് സമനിലമാത്രം ലക്ഷ്യമിട്ട് കളിച്ച ഇംഗ്ലണ്ട് 70 ഓവറില്‍ മൂന്നിന് 170 റണ്‍സെടുത്ത് സമനില നേടി. കഴിഞ്ഞയാഴ്ച അതേ ന്യൂസീലന്‍ഡ് 72 ഓവറില്‍ 299 എന്ന ലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ 50 ഓവറില്‍ അടിച്ചെടുത്ത് ഇംഗ്ലണ്ട് മത്സരവും പരമ്പരയും സ്വന്തമാക്കി.
തിങ്കളാഴ്ച ന്യൂസീലന്‍ഡിനെതിരായ മൂന്നാംടെസ്റ്റും ജയിച്ച് ഇംഗ്ലണ്ട് 3-0ത്തിന് പരമ്പര തൂത്തുവാരിയപ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, ഇത് മറ്റൊരു ഇംഗ്ലണ്ടാണ്. ലോക ക്രിക്കറ്റിനെ ഞെട്ടിച്ച ബിഗ് ഹിറ്റര്‍ ബ്രെണ്ടന്‍ മക്കെല്ലം എന്ന കോച്ചും ഏത് പ്രതികൂല കാലാവസ്ഥയിലും വിജയതൃഷ്ണ കൈവിടാത്ത ബെന്‍ സ്റ്റോക്സ് എന്ന ക്യാപ്റ്റനും ചേരുന്ന അത്യപകടകാരിയായ ഇംഗ്ലണ്ട്. ന്യൂസീലന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍കൂടിയായ മക്കെല്ലവും സ്റ്റോക്സും ചേരുന്ന കൂട്ടുകെട്ട് ഒന്നിച്ചത് ഈ പരമ്പരയിലാണ്. ആദ്യ പരമ്പരയില്‍ത്തന്നെ ടീം യഥാര്‍ഥമുഖം പുറത്തെടുത്തു. മക്കെല്ലം എത്തുന്നതിനുമുമ്പ് 18 ടെസ്റ്റില്‍ 11 തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടാണ് ഇപ്പോഴത്തെ ടെസ്റ്റ് ചാമ്പ്യന്മാര്‍ക്കെതിരേ 3-0 ത്തിന് പരമ്പര നേടിയത്. മൂന്നുവിജയവും ചേസിങ്ങിലൂടെ.
ആദ്യ ടെസ്റ്റില്‍ അവസാന ഇന്നിങ്സില്‍ വേണ്ടിയിരുന്ന 277 റണ്‍സ് 78.5 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രണ്ടാംടെസ്റ്റില്‍, ജയിക്കാന്വേണ്ടിയിരുന്ന 299 റണ്‍സ് 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 77 പന്തില്‍ സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോ, ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറി എന്ന റെക്കോഡിന് അരികിലെത്തി. മൂന്നാംടെസ്റ്റില് അവസാന ഇന്നിങ്സില്‍ വേണ്ടിയിരുന്ന 296 റണ്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അടുത്തയാഴ്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇതൊരു മുന്നറിയിപ്പായി എടുക്കാം.
മൂന്നു ടെസ്റ്റിലും തോല്‍വിയെ മുന്നില്‍ക്കണ്ടശേഷം ഇംഗ്ലണ്ട് അവിശ്വസനീയമായി തിരിച്ചുവരികയായിരുന്നു. ഇതിനിടെ ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും രണ്ടുവീതം സെഞ്ചുറികള്‍ വന്നു. ഒലി പോപ്പിന്റെ ഒരു സെഞ്ചുറി. മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇന്നിങ്സുമായി ക്യാപ്റ്റന്‍ സ്റ്റോക്സും.
ഏതു ഘട്ടത്തില്‍നിന്നും ഇംഗ്ലണ്ട് തിരിച്ചുവരുമെന്നാണ് ഈ മത്സരഫലങ്ങള്‍ തെളിയിക്കുന്നത്. ആ സാഹചര്യം എതിരാളികള്‍ക്ക് എപ്പോഴും സമ്മര്‍ദമുണ്ടാക്കുന്നു. അത് മത്സരം തുടങ്ങുംമുമ്പുതന്നെ ഇംഗ്ലണ്ടിന് നേരിയ മേല്‍ക്കൈ നല്കുന്നു.
2015 ഏകദിന ലോകകപ്പില്‍ പ്രാഥമികഘട്ടത്തില്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടുമെല്ലാം തോറ്റ് നോക്കൗട്ടിലെത്താതെ മടങ്ങിയ ഇംഗ്ലണ്ട് ടീം പിന്നീട് ട്രെവര്‍ ബൈലിസ്, ക്രിസ് സില്‍വര്‍വുഡ് തുടങ്ങിയ കോച്ചുമാരുടെ കീഴില്‍ ആക്രമണാത്മക ക്രിക്കറ്റിന്റെ പാതയിലേക്ക് വന്ന് 2019 ഏകദിന കിരീടം നേടിയത് ചരിത്രത്തിലുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ടെസ്റ്റില്‍ നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..