നിതു പിതാവ് ജയ് ഭഗവാനൊപ്പം
അത്യാഹ്ലാദം കൊണ്ടുള്ള കണ്ണീരോടെയാണ് കെ.ഡി. ജാദവ് ഇന്‍ഡോർ സ്റ്റേഡിയത്തിലെ ബോക്‌സിങ് റിങ്ങില്‍നിന്ന് നിതു ഗന്‍ഖാസ് എന്ന ഇരുപത്തിരണ്ടുകാരി ഇന്ത്യയുടെ അഭിമാനമായ സ്വര്‍ണനേട്ടക്കാരിയായി ഇറങ്ങിവന്നത്. വിജയാഘോഷത്തോടെ സഹപ്രവര്‍ത്തകര്‍ തോളിലേറ്റി കൊണ്ടുപോകുമ്പോഴെല്ലാം അവള്‍ കവിളിലേക്കൊഴുകിയെത്തിയ കണ്ണുനീര്‍ ഉള്ളം കൈകൊണ്ട് തുടച്ചുകൊണ്ടിരുന്നു. കാണികളുടെ ചോദ്യങ്ങള്‍ക്ക് പോലും വിതുമ്പലായിരുന്നു മറുപടി. ചെറുപ്പം മുതല്‍ ഈ നേട്ടം സ്വപ്‌നം കണ്ടിരുന്ന നിതു, സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആ നിമിഷത്തില്‍ അതല്ലാതെ പിന്നെന്ത് ചെയ്യാനാണ്...
നിതുവിന്‍റെ വിജയത്തിന് പിന്നില്‍ അവളുടെ കഠിനാധ്വാനം മാത്രമല്ല, അവളുടെ സ്വപ്‌നങ്ങള്‍ക്ക് കുട ചൂടിയ അച്ഛനും അമ്മയും കുടുംബവുമുണ്ട്. ഹരിയാന ഭിവാനി ജില്ലയിലെ ധനാന ഗ്രാമത്തില്‍ 2000 ഒക്ടോബര്‍ 19-നാണ് നിതു ഗന്‍ഖാസിന്റെ ജനനം. ഹരിയാന നിയമസഭയിലെ ജീവനക്കാരനായ ജയ് ഭഗവാനും മുകേഷ് ദേവിയുമാണ് മാതാപിതാക്കള്‍. അക്ഷിത് കുമാര്‍ എന്ന ഇളയ സഹോദരനും നിതുവിനുണ്ട്. ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ കേന്ദ്രമാണ് ഭിവാനി. ഒളിമ്പ്യന്‍ വിജേന്ദര്‍ സിങ്ങ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വളര്‍ത്തിയ നാട്ടിലെ കുട്ടികള്‍ക്ക് ബോക്‌സിങ്ങിനോട് താല്‍പര്യം തോന്നുന്നതും സ്വാഭാവികം. നിതുവിനെ കുറിച്ചും മാതാപിതാക്കള്‍ പറഞ്ഞത് അങ്ങനെയായിരുന്നു. സ്‌കൂളിലെ വികൃതിക്കുട്ടികളില്‍ ഒരാളായിരുന്നു നിതു. സഹോദരങ്ങളോടെന്ന പോലെ സ്‌കൂളിലും സ്ഥിരം വികൃതി കാണിച്ചും അടികൂടിയും നടന്നിരുന്ന നിതുവിനെ അച്ഛനാണ് ബോക്‌സിങ് ക്ലാസില്‍ ചേര്‍ത്തത്. അടികൂടി 'പാഴാക്കുന്ന' ഊര്‍ജം നല്ല രീതിയില്‍ ഉപയോഗിക്കാനാണ് ബോക്‌സിങ്ങിന് ചേര്‍ത്തത് എന്നായിരുന്നു അതിനെക്കുറിച്ച് ജയ് ഭഗവാന്‍ ഒരിക്കല്‍ പറഞ്ഞത്. അങ്ങനെ 12 വയസ്സുമുതല്‍ നിതു ബോക്‌സിങ് പരിശീലനം ആരംഭിച്ചു.

ആദ്യത്തെ വര്‍ഷങ്ങളിലൊന്നും ബോക്‌സിങ്ങില്‍ കാര്യമായ നേട്ടങ്ങളൊന്നും നിതുവിന് സ്വന്തമാക്കാനായില്ല. ഇതോടെ മനസ്സ് മടുത്ത നിതു ബോക്‌സിങ്ങില്‍ താല്‍പര്യമില്ലെന്ന് അച്ഛനെ അറിയിച്ചു. എന്നാല്‍, മകളെ പരാജയത്തിന് വിട്ടുകൊടുക്കാന്‍ അച്ഛൻ ഒരുക്കമല്ലായിരുന്നു. മകളെ നിരന്തരം പരിശീലനത്തിന് സഹായിച്ചും പ്രചോദിപ്പിച്ചും കൂടെ നില്‍ക്കാനായിരുന്നു ജയ് ഭഗവാന്റേയും കുടുംബത്തിന്റെയും തീരുമാനം. അതിനായി ജോലിയില്‍നിന്ന് മൂന്ന് വര്‍ഷം ശമ്പളമില്ലാതെ ലീവെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മകളുടെ പരിശീലനത്തിനായി തന്റെ കൃഷി സ്ഥലം പണയം വെച്ച് ആറ് ലക്ഷം രൂപയാണ് കടമെടുത്തത്. എന്നിട്ടും പണം തികയാതെ വന്നപ്പോള്‍ സ്വന്തം കാര്‍ വില്‍ക്കാനും അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നിതുവിന്റെ പരിശീലനത്തിനും ഭക്ഷക്രമത്തിനും വേണ്ടി സ്വന്തം സമയവും അധ്വാനവും ചെലവഴിച്ചു. കഷ്ടപ്പാടുകളൊന്നും വെറുതേയായില്ല. പൊന്‍തിളക്കത്തോടെ പോഡിയത്തില്‍ നിവര്‍ന്നുനിന്ന് അവള്‍ ലോകത്തെ നോക്കി ചിരിക്കുമ്പോള്‍ ജയ് ഭഗവാനൊപ്പം ഇന്ത്യയുടെയും അഭിമാനം വാനോളമുയരുന്നു.
'നിതുവിന്റെ സ്വപ്‌നങ്ങള്‍ക്കാണ് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. എന്റെ ജോലിയും സമ്പത്തുമൊന്നും അതിന് തടസമാവരുത്. എന്റെ എല്ലാ ത്യാഗങ്ങളും കഷ്ടപ്പാടുകളും മകള്‍ക്ക് വേണ്ടിയാണ്. സ്വര്‍ണനേട്ടത്തോടെ അവള്‍ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകള്‍ക്കും അര്‍ത്ഥമുള്ളതായി തോന്നുന്നു. ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൊന്നാണ് ഇത്. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണമെഡല്‍ നേടുക എന്നതാണ് ഇനി ഞങ്ങളുടെ സ്വപ്നം. അതിനുള്ള പ്രയത്‌നത്തിലാണ് ഞങ്ങള്‍ ഇപ്പോഴുള്ളത്'- മകളുടെ നേട്ടത്തിന് ശേഷം ആ പിതാവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ബിബിസിയുടെ സ്വന്തം നിതു, നേട്ടങ്ങളുടെ കൂട്ടുകാരി
ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ കളരിയെന്ന് വിശേഷിപ്പിക്കുന്നത് ഭിവാനിയിലെ 'ഭിവാനി ബോക്‌സിങ് ക്ലബ്ബ്' ആണ്. ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ബി.ബി.സിയില്‍ നിന്ന് വളര്‍ന്നുവന്നവരാണ്. ശ്രീ ഗുരു ഗോവിന്ദ് സിങ് കോളേജിയില്‍ ബി.എയ്ക്ക് പഠിക്കുന്ന കാലത്താണ് നിതു ബി.ബി.സിയുടെ കോച്ചായ ജഗദീഷ് സിങിനെ പരിചയപ്പെട്ടതും ക്ലബ്ബില്‍ ചേര്‍ന്നതും. ബി.ബി.സിയില്‍ ചേര്‍ന്ന നിതു അച്ഛന്റെ സ്‌കൂട്ടറില്‍ ദിവസവും 40 കിലോ മീറ്റര്‍ വന്നുപോയാണ് ബോക്‌സിങ് പരിശീലനം നേടിയത്. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നിതുവിന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം ഫലം കണ്ടുതുടങ്ങി.
201-5ല്‍ ഹരിയാനയില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയെങ്കിലും പെല്‍വിക് പരിക്കിനെ തുടര്‍ന്ന് നിതുവിന് വിശ്രമത്തില്‍ പോകേണ്ടി വന്നു. എന്നാല്‍, അന്നും മകളെ മാനസികമായി പ്രചോദിപ്പിക്കാന്‍ ജയ് ഭഗവാന്‍ ഒപ്പമുണ്ടായിരുന്നു. ഒരു വര്‍ഷത്തെ വിശ്രമം അവസാനിച്ച് പതിയെ പരിശീലനത്തിനിറങ്ങിയ നിതു 2016-ല്‍ യൂത്ത് നാഷണല്‍സില്‍ വെങ്കലമെഡല്‍ നേട്ടത്തോടെയാണ് തിരിച്ച് ഫോമിലെത്തിയത്. തൊട്ടടുത്ത വര്‍ഷം ബല്‍കാന്‍ യൂത്ത് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും സ്വന്തമാക്കി. 2017-ല്‍ ഗുവഹാട്ടിയിലും 2018-ല്‍ ഹംഗറിയിലും നടന്ന രണ്ട് യൂത്ത് വുമണ്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പുകളിലും നിതു സ്വര്‍ണം നേടി.
2022-ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ്, വുമണ്‍സ് നാഷണല്‍സ്, ഗോള്‍ഡന്‍ ഗ്ലൗവ് ഓഫ് യൂത്ത് ടൂര്‍ണമെന്റ് തുടങ്ങിയ മത്സരങ്ങളില്ലെല്ലാം നിതു നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
എതിരാളിയായി മേരി കോം, 'എതിരില്ലാത്ത' വിജയം
തോളെല്ലിനേറ്റ പരിക്കും കോവിഡും അവളെ ബോക്‌സിങ്ങ് കരിയറില്‍നിന്ന് കുറച്ച് മാസങ്ങള്‍ അകറ്റിയിരുന്നെങ്കിലും 2021-ല്‍ ആദ്യമായി നാഷണല്‍ സീനിയര്‍ ബോക്‌സിങ്ങില്‍ സ്വര്‍ണനേട്ടത്തോടെ തിരിച്ചെത്തുകയായിരുന്നു. 2022 ഫെബ്രുവരിയില്‍ സോഫിയയില്‍ നടന്ന, യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ബോക്‌സിങ് ടൂര്‍ണമന്റൊയ സ്ട്രാന്‍ഡ്ജ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ 48 കിലോഗ്രാം വിഭാഗം മത്സരത്തിലും വിജയം നിതുവിനൊപ്പം നിന്നു. ആ വര്‍ഷം തന്നെയാണ് അന്താരാഷ്ട്രതലത്തില്‍ സീനിയര്‍ മത്സരങ്ങളിലും നിതു കളത്തിലിറങ്ങി തുടങ്ങിയത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ സീനിയര്‍ മത്സരത്തില്‍ കസാഖ്സ്ഥാന്റെ ആലുവ ബള്‍കിബെകോവയോട് നിതു പരാജയപ്പെട്ടു. തൊട്ടടുത്ത വര്‍ഷം, 2022-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സ് ആയിരുന്നു അടുത്ത ഭാഗ്യപരീക്ഷണവേദി.
ട്രയല്‍സ് സെമിഫൈനലില്‍ ആരാധാനാപാത്രമായ സാക്ഷാല്‍ മേരി കോമായിരുന്നു എതിരാളി. എന്നാല്‍, മത്സരം തുടങ്ങി ഒരു മിനുട്ടിനുള്ളില്‍ തന്നെ മേരി കോമിന് കാല്‍മുട്ടില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് റഫറി ഇടപെട്ട് മത്സരം അവസാനിപ്പിച്ചു. പിന്നാലെ നിതു സ്വാഭാവിക വിജയിയായി മാറി. എന്നിരുന്നാലും തന്റെ ആരാധാനപാത്രമായ മേരി കോമുമായി മത്സരിച്ച്, തന്റെ കഴിവ് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നിതുവിന് കടുത്ത നിരാശയുണ്ടായിരുന്നു. 'മേരി കോമുമായി ഒരു മുഴുവന്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നയിരുന്നു ആഗ്രഹം, ഇത്രയും വര്‍ഷം ഞാന്‍ പഠിച്ചതും പരിശീലിച്ചതുമെല്ലാം അവരെ കാണിക്കണം എന്നുണ്ടായിരുന്നു.' സംഭവത്തെ കുറിച്ച് നിതു പറഞ്ഞത് ഇങ്ങനെയായിരുന്നു. അന്ന് ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവായ മഞ്ജു റാണിയെ ആണ് നിതു നേരിട്ടത്. ശക്തമായ മത്സരം കാഴ്ചവെച്ച നിതു കോമണ്‍വെല്‍ത്ത് മത്സരത്തിലേക്ക് യോഗ്യത നേടുന്നതിനൊപ്പം ഇന്ത്യന്‍ ബോക്‌സിങ്ങിലും തന്റെ സ്ഥാനം ഉറപ്പിച്ചു.

ട്രയല്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും നിതുവിനെ പോലെയൊരു യുവതാരം കോമണ്‍വെല്‍ത്ത് പോലെയൊരു വലിയ വേദിക്ക് തയ്യാറാണോ എന്നായിരുന്നു നാലുപാടുനിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍. ട്രയല്‍സില്‍ മേരി കോമിന് നിര്‍ഭാഗ്യവശാല്‍ ഉണ്ടായ പരിക്ക് കാരണം കൊണ്ട് മാത്രമാണ് കോമണ്‍വെല്‍ത്തിനായി നിതുവിന് വഴി തെളിഞ്ഞത് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എല്ലാ സംശയങ്ങള്‍ക്കമുള്ള മറുപടിയായിരുന്നു കോമണ്‍വെല്‍ത്തിലെ നിതുവിന്റെ പ്രകടനം. കോമണ്‍വെല്‍ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളിയായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിന് നിതുവിന്റെ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കാനഡയുടെ പ്രിയങ്ക ധില്ലനെതിരായ സെമിയില്‍ റഫറിക്ക് മൂന്നാം റൗണ്ടില്‍ ഇടപെടേണ്ടിവന്നു.പ്രിയങ്ക മത്സരത്തില്‍നിന്ന് പിന്മാറിയതോടെ വിജയം നിതുവിനൊപ്പമായി. ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവായ ഇംഗ്ലണ്ടിന്റെ ഡെമി ജേഡ് റെസ്റ്റാനെതിരേ നടന്ന കടുത്ത മത്സരത്തിലും നിതു ജയിച്ചുകയറി .'റെസ്റ്റാന്‍ ശക്തയായ എതിരാളിയായിരുന്നു, പക്ഷെ വിജയം നേടാന്‍ താന്‍ യോഗ്യയായിരുന്നെന്നാണ്' അന്ന് നിതു പ്രതികരിച്ചത്.

ഇനി സ്വപ്നം ഒളിമ്പിക്‌സ്
സ്വപ്‌നതുല്യമായ നിരവധി നേട്ടങ്ങളാണ് നിതു ഈ പ്രായത്തിനിടെ സ്വന്തമാക്കിയത്. എങ്കിലും മേരി കോമിന്റെ പിന്തുടര്‍ച്ചക്കാരിയെന്നു വിശേഷിപ്പിക്കണമെങ്കില്‍ നിതു ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. 2024 പാരിസ് ഒളിമ്പിക്‌സ് ആണ് നിതുവിന്റെ അടുത്ത സ്വപ്‌നം. 2020-ല്‍ ടോക്യോയില്‍ മേരി കോം തന്റെ അവസാന ഒളിമ്പിക്‌സ് പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാല്‍ പാരിസ് ഒളിമ്പിക്‌സിലേക്ക് അടുത്തതായി ആര് പോകുമെന്ന ചോദ്യത്തിന് ഉത്തരമാവാന്‍ കടുത്ത മത്സരം തന്നെ നിതു നേരിടേണ്ടി വന്നേക്കാം. അതിനായി തന്റെ വിഭാഗമായ 48 കിലോ ഗ്രാമില്‍നിന്ന് അടുത്ത വിഭാഗത്തിലേക്ക് മാറേണ്ടിവരും. അങ്ങനെയെങ്കില്‍ മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ നിഖാത് സരീനെയാവും നിതു നേരിടേണ്ടി വരിക. മുന്‍ എതിരാളിയായ മഞ്ജു റാണിയും മത്സരത്തിനുണ്ടാവുമെങ്കില്‍ ട്രയല്‍ പോരാട്ടം കടുത്തതാവും.
മുന്നില്‍ വരുന്ന ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മനക്കരുത്ത് ഇന്ന് നിതു സ്വന്തമാക്കി കഴിഞ്ഞു. 'നിഖാതോ മഞ്ജുവോ ആരുമാവട്ടെ, എനിക്ക് എതിരാളികളെ ഭയമില്ല, ആത്മവിശ്വാസം മാത്രമേയുള്ളൂ..' ചിരിച്ചുകൊണ്ട് നിതു പറയുന്നു.
ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ ഗ്രാം വിഭാഗത്തിലാണ് നിതു ഗന്‍ഖാസ് സ്വര്‍ണം കരസ്ഥമാക്കിയത്. മംഗോളിയന്‍ താരം ലുട്‌സിക്കാന്‍ അല്‍റ്റെന്‍സെഗിനെ 5-0നാണ് നിതു പരാജയപ്പെടുത്തിയത്. മേരി കോം, സരിതാദേവി, എല്‍. ജെന്നി, കെ.സി. ലേഖ, നിഖാത് സരിന്‍, സ്വീറ്റി ബുറ, ലവ്ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് വനിത ബോക്സിങിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍.
Content Highlights: Boxer Nitu Ghanghas’ father took loans and sold his car for her training world boxing championship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..