ബെംഗളൂരില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടയില്‍ ബോക്‌സിങ് താരം ആകാശ് കുമാറിന്റെ മനസ്സില്‍ ഒരൊറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണ മെഡല്‍ അമ്മയ്ക്ക് സമ്മാനിക്കണം, അമ്മയുടെ മുഖത്തെ പുഞ്ചിരി കാണണം. എന്നാല്‍ ഭിവാനിയിലെത്തിയപ്പോള്‍ ആകാശിനെ സ്വീകരിക്കാന്‍ അമ്മയുണ്ടായിരുന്നില്ല. കൂട്ടം ചേര്‍ന്ന് നില്‍ക്കുന്ന അയല്‍ക്കാരേയും ബന്ധുക്കളേയും കണ്ട് ആകാശിന് ഒന്നും മനസിലായില്ല. അവരില്‍ ഒരാള്‍ അമ്മയുടെ ഫോട്ടോ ആകാശിന്റെ കൈയില്‍ കൊടുത്തുപറഞ്ഞു..' അമ്മ ഇനി വരില്ല' 

ആ നിമിഷം എന്തു ചെയ്യണമെന്ന് ആകാശിന് അറിയില്ലായിരുന്നു. കൈയിലുണ്ടായിരുന്ന സ്വര്‍ണ മെഡല്‍ താഴേക്ക് ഊര്‍ന്നുപോയി. കണ്ണു നിറഞ്ഞു തുളുമ്പി. കൂട്ടുകാരും കോച്ച് നരേന്ദര്‍ റാണയും അവനെ ആശ്വസിപ്പിച്ചു. പതുക്കെ അമ്മയില്ലെന്ന സത്യം തിരിച്ചറിഞ്ഞ ആകാശ് ആ മെഡല്‍ അമ്മയുടെ ഫോട്ടോയുടെ താഴെ വെച്ചു ഒരു നിമിഷം കൈകൂപ്പി നിന്നു. 

ഭിവാനിയിലെ പലുവാസില്‍ നിന്നുള്ള ആകാശിന്റെ ബോക്‌സിങിലെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത് അച്ഛന്‍ രജ്ബീറാണ്. സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച ഗുസ്തി താരമായിരുന്നു രജ്ബീര്‍. അച്ഛന്റെ പാതയില്‍ ആകാശും ജ്യേഷ്ഠന്‍ സൂരജും ഗുസ്തിയിലാണ് പരിശീലനം തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഗ്രാമത്തിലുള്ള വിജേന്ദര്‍ സിങ്ങ് 2008 ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മെഡല്‍ നേടിയതോടെ രജ്ബീറിന്റെ കാഴ്ച്ചപ്പാട് മാറി. മക്കളെ ഗുസ്തി കളത്തില്‍ നിന്ന് ബോക്‌സിങ് റിങ്ങിലെത്തിച്ചു. ഇതിന് പിന്നാലെ രജ്ബീര്‍ എല്ലാവരോടും യാത്ര പറഞ്ഞു. ഇതോടെ രണ്ട് മക്കളും അമ്മയും തനിച്ചായി. 

എന്നാല്‍ ആകാശിനും അമ്മയ്ക്കും മുന്നിലുള്ള പരീക്ഷണം അവസാനിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിന് പിന്നാലെ സൂരജ് ജയിലിനുള്ളിലായി. ബോക്‌സിങ്ങില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കി തുടങ്ങിയ സൂരജ് ഒരു കൊലപാതകക്കേസില്‍ കുരുങ്ങുകയായിരുന്നു. മോശം കൂട്ടുകെട്ടായിരുന്നു സൂരജിന്റെ വഴിയില്‍ ഇരുട്ടുനിറച്ചത്.

ഇതോടെ ആകെ തകര്‍ന്നുപോയ ആകാശിന് അമ്മ ധൈര്യം പകര്‍ന്നുനല്‍കി. കൂലിപ്പണിയെടുത്തും ഭക്ഷണം മിച്ചംവെച്ചും അമ്മ അവനെ വളര്‍ത്തിയെടുത്തു. ദേശീയ ചാമ്പ്യന്‍ഷിപ്പിനായി ബെല്ലാരിയിലേക്ക് പോകുമ്പോഴും അമ്മയുടെ അനുഗ്രഹമായിരുന്നു കരുത്ത്. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് അമ്മ ആകാശിനെ വിട്ടുപോയി.  വൈറല്‍ പനിയും തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയുമായിരുന്നു മരണ കാരണം. എന്നാല്‍ ആകാശ് ഇതൊന്നും അറിഞ്ഞില്ല. കൂടെയുണ്ടായിരുന്ന അമ്മാവന്‍ ഭവാര്‍ സിങ്ങും കോച്ച് നരേന്ദര്‍ റാണയും ഈ ദു:ഖ വാര്‍ത്ത അവനെ അറിയിച്ചതുമില്ല.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 54 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ആകാശ് സ്വര്‍ണം കഴുത്തിലണിഞ്ഞതിനൊപ്പം ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യതയും സ്വന്തമാക്കി. അടുത്ത മാസം സെര്‍ബിയയിലെ ബെല്‍ഗ്രേഡിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ നേടി അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കാനാണ് ഇനി തന്റെ പ്രയത്‌നമെന്ന് ആകാശ് പറയുന്നു. 

Content Highlights: Boxer becomes national champion unaware of mothers death back home