ദ്യമായി വിംബിള്‍ഡണില്‍ കിരീടം ചൂടുമ്പോള്‍ മീശ മുളച്ചിരുന്നില്ല ബോറിസ് ബെക്കര്‍ക്ക്. ഡ്രൈവിങ് ലൈസന്‍സ് കിട്ടിയിരുന്നില്ല. പഠനം പോലും പൂര്‍ത്തിയായിരുന്നില്ല. കപ്പിനൊപ്പം കിട്ടിയ ചെക്കിലെ സംഖ്യ കണ്ടമ്പരന്ന് ആ പതിനേഴുകാരന്‍ കോച്ചിനോട് ചോദിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം പൗണ്ട് എന്നാല്‍ വലിയ സംഖ്യയല്ലേ എന്നായിരുന്നു.

ലണ്ടനിലെ വിംബിള്‍ഡണ്‍ വേദിക്കരികിലാണ് ബെക്കര്‍ ഇപ്പോള്‍ താമസം. മൂന്ന് പതിറ്റാണ്ട് മുന്‍പ് ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യനായി അഭിമാനത്തോടെ കിരീടമുയര്‍ത്തി നിന്ന സെന്റര്‍ കോര്‍ട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍. പഴയ പ്ലേ ബോയ് സെലിബ്രിറ്റിയില്‍ മാറ്റമില്ലാതിരുന്നത് പരശതം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച ആ സ്വര്‍ണത്തലമുടി മാത്രം. മുഖത്ത് മീശയും വെട്ടിയൊതുക്കാത്ത താടിരോമങ്ങളും മുളച്ചിരിക്കുന്നു. പഴയ ചാമ്പ്യന്റെ ചോരത്തുടിപ്പോ പ്രകാശമോ അല്ല, പാപ്പരായൊരു കച്ചവടക്കാരന്റെ ദൈന്യതയായിരുന്നു കണ്ണില്‍. പഴയ ബൂം ബൂം ബെക്കറുടെ പുതിയ വിശേഷണം ബാങ്ക്രപ്റ്റ് ബെക്കര്‍ എന്നാണ്. വിംബിള്‍ഡണിന്റെ വേദിയായ ചര്‍ച്ച് റോഡിലെ ഓള്‍ ഇംഗ്ലണ്ട് ടെന്നിസ് ആന്‍ഡ് കോര്‍ക്കറ്റ് ക്ലബില്‍ നിന്ന് ഏറെ അകലെയല്ലാത്ത കോടതി ഇയ്യിടെയാണ് പഴയ ലോക ഒന്നാം നമ്പറിനെ പാപ്പരായി പ്രഖ്യാപിച്ചത്. പണ്ട് സെന്റര്‍ കോര്‍ട്ടില്‍ ബെക്കര്‍ എന്ന സെന്‍സേഷന്‍ റാക്കറ്റ് കൊണ്ട് അത്ഭുതങ്ങള്‍ രചിക്കുന്നത് കണ്ട ജഡ്ജി വേദനയോടയാണ് വിധിയില്‍ ഒപ്പിട്ടത്.

കരിയറില്‍ 25,080,956 യു.എസ് ഡോളര്‍ സമ്മാനത്തുകയായി മാത്രം സ്വന്തമാക്കിയ ബെക്കര്‍ പാപ്പരായ വാര്‍ത്ത അമ്പരപ്പോടെയാണ് ടെന്നിസ് ലോകം കേട്ടത്. അഞ്ച് ഗ്രാന്‍സ്ലാം സ്വന്തമാക്കിയിട്ടുള്ള ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെന്നിസ് താരങ്ങളില്‍ പതിനഞ്ചാം സ്ഥാനം ഇന്നും കാത്തുപോരുന്ന ബെക്കര്‍ കോടികള്‍ കിലുങ്ങുന്ന ടെന്നിസ് ലോകത്ത് കൊട്ടാരത്തില്‍ നിന്ന് തീരാക്കടങ്ങളുടെ കുടിലിലെത്തിയത് എങ്ങിനെയാണെന്ന്  ഓര്‍ത്ത് അമ്പരക്കുകയാണ് പഴയ ആരാധകര്‍.

ഒരു മുത്തശ്ശിക്കഥ പോലെ, സീഡ് ചെയ്യപ്പെടാത്തൊരു ജര്‍മന്‍ ബാലന്‍ പതിനേഴാം വയസ്സില്‍ സെന്റര്‍ കോര്‍ട്ടില്‍ വന്ന് അത്ഭുതം കാട്ടിയതിലും സംഭവബഹുലമായിരുന്നു നേട്ടങ്ങളുടെയും ഗ്ലാമറിന്റെയും തിളങ്ങുന്ന ലോകത്ത് നിന്ന് പാപ്പരത്വത്തിന്റെ പടുകുഴിയിലേയ്ക്കുള്ള ബെക്കറുടെ പതനം.

boris becker

1985 ജൂലായ് ഏഴിനായിരുന്നു ബെക്കറുടെ ജീവിതം മാറ്റിമറിച്ച സെന്റര്‍ കോര്‍ട്ടിലെ ആ വലിയ വിപ്ലവം. രണ്ട് കോടിയിലേറെവരുന്ന ജര്‍മന്‍കാരെ ടി.വി. സെറ്റിന് മുന്നില്‍ സാക്ഷികളാക്കിയിരുത്തി സീഡ് ചെയ്യപ്പെടാത്ത ഒരു പതിനേഴു വയസ്സുകാരന്‍ കെവിന്‍ കറനെ നാലു സെറ്റില്‍ അട്ടിമറിച്ച് വിംബിള്‍ഡണ്‍ കിരീടം എടുത്തുയര്‍ത്തുന്നു. തൊട്ടടുത്ത വര്‍ഷം ലോക ഒന്നാം നമ്പര്‍ ഇവാന്‍ ലെന്‍ഡലിനെ വീഴ്ത്തി കിരീടം നിലനിര്‍ത്തുക കൂടി ചെയ്തതോടെ ബൂം ബൂം ബെക്കര്‍ എന്ന് ടെന്നിസ് ലോകം ഒമനപ്പേരിട്ടു വിളിച്ച ബോറിസ് ഫ്രാന്‍സ് ബെക്കര്‍ എന്ന ജര്‍മന്‍കാരന്റെ ജീവിതം മറ്റൊരു തലത്തിലേയ്ക്കു മാറി.

സവിശേഷമായ കളിശൈലി കൊണ്ട് ടെന്നിസ് ആരാധകരുടെ കണ്ണിലുണ്ണിയായിരുന്നു ബെക്കര്‍ എക്കാലത്തും. ഡൈവിങ് വോളിയെന്ന, ഇപ്പോഴും മറ്റൊരു താരവും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത, ട്രേഡ് മാര്‍ക്ക് കളിശൈലി മാത്രമല്ല, ടെന്നിസിന് ബെക്കറുടെ സംഭാവന. ബെക്കര്‍ ബ്ലോക്കര്‍, ബെക്കര്‍ ഹെച്ചിറ്റ്, ബെക്കര്‍ ഫോസ്റ്റ്, ബെക്കര്‍ ഷഫിള്‍, ബെക്കര്‍ സേജ്... അങ്ങിനെ  പല പേരുകളില്‍ അറിയപ്പെട്ട ശൈലികളും പല പ്രയോഗങ്ങളും ടെന്നിസിന് കൈയയച്ച് നൽകിയിട്ടുണ്ട് ബെക്കര്‍. എഡ്ബര്‍ഗുമായുള്ള ബെക്കറിന്റെ ക്ലാസിക് വൈരം ടെന്നിസ് ചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളില്‍ ഒന്നുതന്നെയാണ് ഇന്നും.

അങ്ങിനെ കളി കൊണ്ടും ഗ്ലാമര്‍ കൊണ്ടും കണ്ണടച്ചു തുറക്കും മുന്‍പ് കോടികളുടെ ആസ്തിയാണ് പ്രായപൂര്‍ത്തിയാകുമ്പോഴേയ്ക്കും ബെക്കറുടെ കീശയില്‍ വന്നുനിറഞ്ഞത്. പോരാത്തതിന് ആരാധികമാരുടെ ഒരു വലിയ സംഘവും. ബെക്കറുടെ വരവ് കാത്ത് ഹോട്ടലിന് പുറത്ത് കാത്തിരിക്കുന്ന യുവതികളുടെ നീണ്ടനിര ഒരു പതിവു കാഴ്ചയായിരുന്നു എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം.

ഇതൊക്കെ തന്നെയാണ് അപാരമായ പ്രതിഭയുണ്ടായിട്ടും ഒരു പതിറ്റാണ്ടിനുള്ളില്‍ ബെക്കര്‍ കത്തീത്തീരാന്‍ കാരണവും. പണവും പെണ്ണും തന്നെയാണ് ബെക്കറുടെ ഇന്നത്തെ വീഴ്ചയ്ക്ക് കാരണമെന്ന് ആ ജീവിതത്തിലൂടെയുള്ള ഒരു ഫ്ലാഷ്ബാക്കിൽ  വെളിപ്പെടും. വിംബിള്‍ഡണിന്റെ സമ്മാനത്തുക കണ്ട് ഞെട്ടിയ, അതെന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ ആ പതിനേഴുകാരന്‍ പയ്യന്‍ തന്നെയാണ് ഇപ്പോഴും ബെക്കര്‍. അറിയാത്ത കച്ചവടങ്ങളിലെല്ലാം പോയി കാശെറിഞ്ഞു. സാമ്പത്തിക കാര്യത്തില്‍ അത്ര മിടുക്കനല്ല ബെക്കറെന്ന് വക്കീല്‍ ജോണ്‍ ബ്രിഗ്‌സ് തന്നെ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

boris becker

ഒരുപാട് ബിസിനസ് സംരംഭങ്ങളുണ്ടായിരുന്നു ബെക്കര്‍ക്ക്. ജൈവ ഭക്ഷ്യോല്‍പന്നങ്ങള്‍, ബി.എം.ഡബ്ല്യു കാര്‍ ഷോറൂം, ബോറിസ് ബെക്കര്‍ ടി.വി, ദുബായില്‍ കെട്ടിടസമുച്ചയം... ഇതിനെല്ലാം പുറമെ പോക്കര്‍ കളിയും. എന്നാല്‍, ബെക്കറുടെ സാമ്പത്തിക തകര്‍ച്ച തുടങ്ങുന്നത് നൈജീരിയയില്‍ നിന്നാണ്. വിസില്‍ബ്ലോവര്‍ വെബ്‌സൈറ്റായ ഫുട്‌ബോള്‍ ലീക്ക്‌സ് പുറത്തുവിട്ട വിവരം അനുസരിച്ച് അവിടെ ഒരു എണ്ണ കമ്പനിയില്‍ നിക്ഷേപം നടത്തിയതുവഴി ബെക്കര്‍ക്ക് നഷ്ടപ്പെട്ടത് 167 ദശലക്ഷം യു.എസ്. ഡോളറാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായതുമില്ല. ഇതായിരുന്നു തുടക്കം.

ഇതിനു തൊട്ടുപിറകെയാണ് ഭാര്യ ബാര്‍ബറ ഫെല്‍റ്റ്‌സുമായുള്ള ദാമ്പത്യപ്രശ്‌നം ഉടലെടുത്തത്. ബാര്‍ബറ പ്രസവത്തിനായി ആശുപത്രയില്‍ കഴിയുമ്പോഴാണ് ബെക്കറും റഷ്യന്‍ മോഡല്‍ എയ്ഞ്ചല എര്‍മക്കോവയുമായുള്ള ബന്ധം പരസ്യമാകുന്നത്. ലണ്ടനിലെ ഒരു ജാപ്പനീസ് ഹോട്ടലില്‍ വച്ച് മിനിറ്റുകള്‍ മാത്രം കണ്ട ബെക്കറാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്ന എര്‍മക്കോവയുടെ വെളിപ്പെടുത്തല്‍ കുടുംബപരമായും വ്യക്തിപരമായും വലിയ തിരിച്ചടിയായിരുന്നു ബെക്കര്‍ക്ക്. ഹോട്ടലിലെ ശുചിമുറിക്ക് സമീപത്തെ ഒരു ഗോവണിക്ക് ചുവട്ടിലെ അലമാരയായിരുന്നു തങ്ങളുടെ സംഗമസ്ഥലമെന്ന് പിന്നീട് സ്‌റ്റെ എ മോമന്റ് ലോങ്ങര്‍ എന്ന തന്റെ ആത്മകഥയില്‍ ബെക്കര്‍ക്ക് വെളിപ്പെടുത്തേണ്ടിയും വന്നു. അമിതമായ സെക്‌സാണ് ബെക്കറെ തകര്‍ത്തതെന്ന മുന്‍ പരിശീലകന്‍ ഗുന്തര്‍ ബോഷ് പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു.

വിവാഹത്തിന് മുന്‍പ് ഭാവിവരനൊപ്പം നഗ്‌നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിപ്ലവം സൃഷ്ടിച്ച ഫെല്‍റ്റ്സിന് ഇതോടെ ബെക്കറുമായി ഒത്തുപോകാനാവില്ലെന്നായി. ജര്‍മന്‍ ടി.വി. ലൈവായി സംപ്രേഷണം ചെയ്ത ഡൈവോഴ്‌സ് കേസിനൊടുവില്‍ ബെക്കര്‍ക്ക് ജീവനാംശമായി നല്‍കേണ്ടിവന്നത് 25 ദലക്ഷം ഡോളറും മിയാമിയിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റുമാണ്. അന്ന എന്ന കുഞ്ഞിനെ സമ്മാനിച്ചതിന്റെ പേരില്‍ എര്‍മക്കോവയ്ക്കും കൊടുക്കേണ്ടിവന്നു വലിയൊരു തുക. 3.3 ദശലക്ഷം ഡോളറും പ്രതിമാസം 42,000 ഡോളര്‍ ജീവനാംശവുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ എര്‍മക്കോവിലുണ്ടായ അന്ന എന്ന കുഞ്ഞിനുവേണ്ടി 1.2 ദശലക്ഷം ഡോളര്‍ ചിലവിട്ട് ലണ്ടനില്‍ ഒരു വീട് വാങ്ങിക്കൊടുക്കേണ്ടിയും വന്നു.

ഇതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല ബെക്കറുടെ പ്രശ്‌നങ്ങള്‍. ഒരുകാലത്ത് തങ്ങളുടെ അഭിമാനതാരമായിരുന്ന ബെക്കര്‍ ഇരുപത് ലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തി എന്ന് ജര്‍മന്‍ അധികൃതര്‍ കണ്ടെത്തി. താമസസ്ഥലം തെറ്റായി കാണിച്ച് നികുതി വെട്ടിച്ചു എന്നതായിരുന്നു കേസ്. കനത്ത പിഴ ഒടുക്കിയാണ് ബെക്കര്‍ അന്ന് രണ്ടു വർഷത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത്.

ബിസിനസ് പങ്കാളികള്‍ അപ്രതീക്ഷിതമായി പിന്മാറിയതോടെ ദുബായില്‍ നിര്‍മിക്കാനിരുന്ന ബോറിസ് ബെക്കര്‍ ബിസിനസ് ടവര്‍ എന്ന പത്തൊന്‍പത് നില കെട്ടിടത്തിന്റെ പണി നിലച്ചു. കനത്ത നഷ്ടമാണ് അത് ബെക്കര്‍ക്ക് വരുത്തിവച്ചത്.

boris becker

തൊട്ടടുത്ത വര്‍ഷം അടുത്ത പ്രഹരം ലഭിച്ചു. സ്‌പെയിനിലെ മയോര്‍ക്കയില്‍  ആഢംബര വില്ലയുടെ പൂന്തോട്ടം നിര്‍മിച്ച വകയില്‍ തങ്ങള്‍ക്ക് രണ്ടേകാല്‍ ലക്ഷം പൗണ്ട്  കിട്ടാനുണ്ടെന്ന് കാണിച്ച് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കിയ കേസില്‍ ബെക്കര്‍ക്കെതിരെയായിരുന്നു വിധി. ഓറഞ്ച് തോട്ടവും നീന്തല്‍ക്കുളവും ടെന്നിസ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളുമെല്ലാമായി 62 ഏക്കറില്‍ പരന്നുകിടന്ന ഈ വില്ലയും സ്ഥലവും കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു ബെക്കര്‍ക്ക്.

ഇതിന് പുറമെ പാല്‍മയിലെ ഒരു കോടതി, വില്ലയുടെ ഇലക്ട്രിക്ക്, പ്ലംബിങ്, ആശാരിപ്പണികള്‍ തീര്‍ത്ത വകയില്‍ വലിയ തുക കിട്ടാനുണ്ടെന്ന് കാണിച്ച് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കിയ കേസില്‍, 3,45,0000 പൗണ്ടും പിഴയിട്ടു.

കുടുംബപ്രശ്‌നങ്ങളിലും കോടതി വ്യവഹാരങ്ങളിലും തകര്‍ന്നത് ബെക്കര്‍ എന്ന ബിസിനസുകാരന്‍ മാത്രമല്ല, കളിക്കാരന്‍ കൂടിയാണ്. മൂന്ന് വിംബിള്‍ഡണും രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണും ഒരു യു.എസ്. ഓപ്പണും ഒരു ഒളിമ്പിക്‌സ് ഡബിള്‍സ് സ്വര്‍ണവും ഒരു ഒളിമ്പിക്‌സ് വെങ്കലവും നേടിയിട്ടുള്ള ബെക്കര്‍ക്ക് പിന്നീട് കോര്‍ട്ടില്‍ ഈ പഴയ അത്ഭുതം ആവര്‍ത്തിക്കാനായില്ല. 1987ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അപ്രതീക്ഷിത തോല്‍വിയുടെ രോഷം അമ്പയറോടും റാക്കറ്റിനോടുമാണ് ബെക്കര്‍ തീര്‍ത്തത്. അതേ വര്‍ഷം വിംബിള്‍ഡണില്‍, പില്‍ക്കാലത്ത് ബെക്കര്‍ റെക്കര്‍ എന്ന പേരു ലഭിച്ച പീറ്റര്‍ ദൂഹനോട് ചരിത്രം കുറിച്ച തോല്‍വി വഴങ്ങിയതിന് ബെനഡിക്റ്റ് കോര്‍ട്ടിന്‍ എന്ന കാമുകിയുമായി ചുറ്റിക്കറങ്ങിയതുകൊണ്ടാണെന്ന് പഴി കേള്‍ക്കേണ്ടിവന്നു. നാല് ഗ്രാന്‍സ്ലാം കൂടി നേടിയശേഷം തൊണ്ണൂറുകളുടെ അവസാനത്തോടെ കളമൊഴിയേണ്ടിയുംവന്നു ടെന്നിസ് ലോകം ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ബെക്കര്‍ക്ക്. പിന്നീട് നൊവാക് ദ്യോകോവിച്ചിന്റെ പരിശീലകന്റെയും ടി.വി. കമന്റേറ്ററുടെയും വേഷത്തിലാണ് ബെക്കര്‍ ഓള്‍ ഇംഗ്ലണ്ട് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

ഇതിനിടെയാണ് കോര്‍ട്ടിലും പുറത്തും ഇന്നോളം ഏല്‍ക്കാത്ത വലിയ തിരിച്ചടി ബെക്കര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. ലണ്ടനിലെ സ്വകാര്യ ബാങ്കായ അര്‍ബുത്‌നോട്ട് ലാഥാം ആന്‍ഡ് കമ്പനി നല്‍കിയ കേസാണ് ബെക്കറെ പാപ്പരാക്കിയത്. മയോര്‍ക്കയിലെ തന്റെ വില്ല വീണ്ടും അറുപത് ലക്ഷം യൂറോയ്ക്ക് ഈട് നല്‍കി കടം വീട്ടാമെന്ന് ബെക്കറുടെ അഭിഭാഷകന്‍ വാദിച്ചുനോക്കിയെങ്കിലും ജഡ്ജി ക്രിസ്റ്റിന്‍ ഡെറെറ്റ് അത് അനുവദിച്ചില്ല. ബെക്കര്‍ പണ്ട് ഒന്നാന്തരമായി വിംബിള്‍ഡണ്‍ കളിക്കുന്നത് കണ്ടയാളാണ് താന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഡെറെറ്റിന്റെ വിധിപ്രസ്താവം. ബെക്കറുടെ ജീവിതത്തിന്റെ നേര്‍ചിത്രമായിരുന്നു ഡെറെറ്റിന്റെ ഇൗ വാക്കുകള്‍.