1987 മാര്‍ച്ച് മാസത്തിലെ ഉച്ചസമയം. രണ്ടു ദിവസങ്ങള്‍ക്കപ്പുറം എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുകയാണ്. മലയാളം പാഠപുസ്‌കത്തില്‍ കണ്ണു നട്ടിരുന്ന പത്താം ക്ലാസുകാരനെ പരീക്ഷാച്ചൂടിനേക്കാളും വേനല്‍ച്ചൂടിനെക്കാളും അലട്ടിയത് വേറൊരു ചൂടാണ്- സാക്ഷാല്‍ ക്രിക്കറ്റ് ജ്വരം. ഇന്ത്യയും പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ അവസാന മണിക്കൂറുകളാണ് അപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ബെംഗളൂരു (അന്ന് ബാംഗ്ലൂര്‍) ചിന്നസ്വാമിയിലെ 'കുഴിബോംബു' നിറഞ്ഞ പോലുള്ള  പിച്ചില്‍ പാക് സ്പിന്നര്‍മാരായ ഇഖ്ബാല്‍ ഖാസിമിന്റെയും തൗഫീഖ് അഹമ്മദിന്റെയും ഇരട്ട ആക്രമണത്തെ ഒറ്റയാള്‍ പോരാളിയായി ഗാവസ്‌കര്‍ നേരിടുന്നത് രണ്ടു മണിക്കത്തെ ഇംഗ്ലീഷ് വാര്‍ത്തയില്‍ നിന്നറിഞ്ഞു. ഗാവസ്‌കറുടെ വിടവാങ്ങല്‍ ടെസ്റ്റുമാണ്. വിടവാങ്ങല്‍ ടെസ്റ്റില്‍ ഗാവസ്‌കര്‍ സെഞ്ചുറിയോടെ ഇന്ത്യയെ ജയിപ്പിച്ചാല്‍ അതില്‍പ്പരം എന്ത് സന്തോഷമാണുള്ളത്.

കളി ലൈവ് കാണണമെങ്കില്‍  രണ്ടു വീടുകള്‍ക്കപ്പുറത്തുള്ള കപ്പലാമൂട്ടിലെ അച്ചന്റെ അവിടെ  പോകണം( അന്ന് ക്രിക്കറ്റും ഫുട്ബോളും കാണാന്‍ ഞങ്ങള്‍ക്കുളള ഏക ആശ്രയം അച്ചന്റെ വീടാണ്. അച്ചനും മകള്‍ ചിന്നമ്മാമ്മയും സന്തോഷത്തോടെ ടെലിവിഷനില്‍ കളി വച്ചുതരുകയും ചെയ്യും). പക്ഷേ പരീക്ഷാക്കാലത്ത് ടി.വി കാണാന്‍ ചെന്നാല്‍ നാട്ടിലെ ചേട്ടന്‍മാര്‍ (അവരില്‍ പലരും ഞങ്ങളുടെ  ക്രിക്കറ്റ് ടീമിലെ അംഗങ്ങളുമാണ്)നല്ല കിഴുക്കും തലയ്ക്ക് ഒരു ഞോടും തന്ന് വീട്ടിലേക്കോടിക്കും.കുറച്ചു നേരം കാത്തിരുന്നു. ഒടുവില്‍ ഇരിപ്പുറക്കാനാകാതെ പുസ്തകവും വച്ചിട്ട് നേരെ അച്ചന്റെ വീട്ടിലേക്കോടി.

അവിടെ ഞങ്ങളുടെ ക്രിക്കറ്റ് ടീമിലെ ഒരു വിധം ആള്‍ക്കാരെല്ലാമുണ്ട്. എല്ലാവരും പിരിമുറുക്കത്തിലാണ്. ഭാഗ്യം... എന്നെ ആരും ശ്രദ്ധിക്കുന്നില്ല. അപ്പോഴും ഗാവസ്‌കര്‍ ക്രീസിലുണ്ട്. എന്നാലും കളി ഇന്ത്യ ജയിക്കുമോ എന്നുള്ള ആശങ്ക എല്ലാ മുഖങ്ങളിലും. സ്പിന്‍ ആക്രമണത്തിനൊപ്പം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും അപ്പീലുകളുമായി ഇന്ത്യന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട് പാക് താരങ്ങള്‍ . അവിടെ ക്രീസില്‍ നില്‍ക്കുന്നവരേക്കാള്‍ സമ്മര്‍ദ്ദമാണ് ഞങ്ങള്‍ക്ക് ( അന്ന് കളികണ്ട എല്ലാ ഇന്ത്യന്‍ ആരാധകര്‍ക്കും അങ്ങനെ തന്നെയായിരിക്കും).

ഒടുവില്‍ ഭയപ്പെട്ടതു സംഭവിച്ചു. ഖാസിമിന്റെ കുത്തിതിരിഞ്ഞു വന്ന ഒരു പന്ത് ഗാവസ്‌കറുടെ  ആം പ്രൊട്ടക്ടറില്‍ തട്ടി  കീപ്പറുടെ കൈകളിലേക്ക് .  പാകിസ്താന്‍കാരുടെ അപ്പീല്‍ സമ്മര്‍ദ്ദത്തില്‍ അമ്പയറുടെ കയ്യുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഗാവസ്‌കര്‍ ഔട്ടല്ല. അന്ന് റിവ്യൂ ഒന്നുമില്ലാത്ത കാലം. വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറിക്ക് നാലുറണ്‍സ് അകലെ വച്ച് ഇന്ത്യയെ ജയിപ്പിക്കാനാകാതെ ഇതിഹാസ താരം മടങ്ങി. വാലറ്റത്ത് റോജര്‍ ബിന്നി, മനീന്ദര്‍ സിങിനെയും കൂട്ടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 16 റണ്‍സിന്റെ വിജയവുമായി പാകിസ്താന്‍ ടെസ്റ്റും പരമ്പരയും നേടി. പാകിസ്താന്‍ താരങ്ങളുടെ വിജയാഘോഷം   ടെലിവിഷനില്‍ മുഴങ്ങുന്നതിനിടെ  ,'പരീക്ഷയ്ക്ക് പഠിക്കാതെ കളികാണാന്‍ വന്നേക്കുന്നോ' എന്ന ചേട്ടന്‍മാരുടെ വഴക്കും കേട്ട് ഞാന്‍ തലതാഴ്ത്തി വീട്ടിലേക്ക്  മടങ്ങി (ഇന്ത്യ തോറ്റതിന്റെ നിരാശ അവര്‍ എന്റെ മേല്‍ തീര്‍ത്തതാണെന്നു വച്ചോ).

34 വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ  ഓര്‍മകളിലേക്ക് കൊണ്ടുപോയത് പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ അയസ് മെമന്‍ എഡിറ്റ് ചെയ്ത 'ഇന്ത്യന്‍ ഇന്നിങ്സ് ' (ദ ജേര്‍ണി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ് ഫ്രം 1947) എന്ന പുസ്തകമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ 2021-ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ ചരിത്ര ടെസ്റ്റ് പരമ്പര വരെയെയുള്ള കാലഘട്ടം അവതരിപ്പിച്ചിരിക്കുകയാണ് പുസ്തകത്തില്‍. ഇതില്‍ ഇന്ത്യയുടെ ഇതിഹാസ വിജയങ്ങളുടെ പത്ര റിപ്പോര്‍ട്ടുകളുണ്ട്.  അവയെക്കുറിച്ചുള്ള വിലയിരുത്തലുകളുണ്ട്.  ഇന്ത്യന്‍ ക്രിക്കറ്റിലെ അഭിമാന താരങ്ങളെക്കുറിച്ചുള്ള (വിജയ് ഹസാരെ മുതല്‍ വിരാട് കോലി വരെ) പ്രശസ്ത എഴുത്തുകാരുടെ ലേഖനങ്ങളുണ്ട്  ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവെപ്പിനെക്കുറിച്ചും  ഐ.പി.എല്‍. ഒത്തുകളിയെക്കുറിച്ചുമൊക്കെയുള്ള കനപ്പെട്ട ലേഖനങ്ങളും 'ഇന്ത്യന്‍ ഇന്നിങ്സി'ല്‍  വായിക്കാം.

ക്രിക്കറ്റ് പ്രേമികള്‍ക്ക് (പ്രായ ഭേദമെന്യേ) അവര്‍ കണ്ട മത്സരങ്ങളുടെ ഓര്‍മ പുതുക്കാനും ഇഷ്ടതാരങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും വായിക്കാനും ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇതുവരെയുള്ള ചരിത്രം അറിയാനും പുസ്തകത്തിലൂടെ സാധിക്കും. 1983-ലെയും 2011-ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളും 2007-ലെ ട്വന്റി 20 ലോകപ്പിലെ അത്ഭുത വിജയവും മദ്രാസിലെ പ്രശസ്തമായ ടൈ ടെസ്റ്റും ഗൃഹാതുരതയോടെ വായിച്ചു പോകാം. 1986-ല്‍  ഷാര്‍ജയില്‍ ചേതന്‍ ശര്‍മയുടെ അവസാന പന്തില്‍ സിക്സര്‍ പായിച്ച് ജാവേദ് മിയാന്‍ ദാദ് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തത് ഓര്‍ത്ത്  ഒന്നു കൂടി സങ്കടപ്പെടാം.

രാമചന്ദ്ര ഗുഹ, ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, ഹര്‍ഷ ഭോഗ്ലെ, രാജു ഭരതന്‍, രോഹിത് ബ്രിജ്നാഥ്, ശാരദ ഉഗ്ര, സതീഷ് മേനോന്‍, അനിന്ദ്യ ദത്ത, അനിരുദ്ധ ബാല്‍, ആര്‍. മോഹന്‍, ദിലീപ് ഡിസൂസ തുടങ്ങിയ പ്രശസ്തരുടെ  ലേഖനങ്ങളാണ് ഏഴ് സെക്ഷനുകളായി തിരിച്ചിരിക്കുന്ന ഇന്ത്യന്‍ ഇന്നിങ്സിലുള്ളത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സിന്റെ ഭാഗമായുളള വെസ്റ്റ്ലാന്‍ഡ് സ്പോര്‍ട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: Book review of Indian Innings by Ayaz Memon