പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് വിജയംവരിച്ച നിരവധി അത്‌ലറ്റുകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ തന്റേതല്ലാത്ത കാരണംകൊണ്ട് കരിയര്‍ തന്നെ ഇല്ലാതാകുമെന്നറിഞ്ഞപ്പോള്‍ അതിനെതിരെ സധൈര്യം മുന്നോട്ടു വന്ന ദ്യുതി ചന്ദെന്ന പെണ്‍കുട്ടി  പുതിയൊരു വഴിയാണ് അന്താരാഷ്ട്ര അത്‌ലറ്റുകള്‍ക്ക് മുന്നില്‍ വരെ തുറന്നത്. ആ അനീതിക്കെതിരെ അവര്‍ വിജയം നേടുകകൂടി ചെയ്തപ്പോള്‍ ഒഡീഷയിലെ ചകാ ഗോപാല്‍പുര്‍ എന്ന കുഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി അവര്‍ക്ക് മുന്നില്‍ പുതിയൊരു മാതൃകയായി തലയെടുപ്പോടെ നില്‍ക്കുന്നു.  ഇന്ത്യയുടെ അഭിമാനമായ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ ഇതുവരെയുള്ള ജീവിത കഥ പറയുകയാണ് കായിക പത്രപ്രവര്‍ത്തകന്‍ സന്ദീപ് മിശ്ര ' ഫീയേഴ്‌സ്‌ലി ഫീമെയ്ല്‍ ദ ദ്യുതി ചന്ദ് സ്റ്റോറി' എന്ന പുസ്തകത്തില്‍.

ചകാ ഗോപാല്‍ പുരിലെ നെയ്ത്തുകാരന്റെ മകള്‍ ദാരിദ്ര്യമടക്കമുള്ള എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് അത്‌ലറ്റിക്‌സില്‍ മുന്നോട്ടുവന്നത്. അത്‌ലറ്റായിരുന്ന ചേച്ചി സരസ്വതിയായിരുന്നു ദ്യുതിയുടെ റോള്‍ മോഡല്‍.  സരസ്വതിയുടെ പ്രോത്സാഹനത്തിനൊപ്പം പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയും സ്വന്തം വിശ്വാസങ്ങളിലും മനക്കരുത്തിലും വിശ്വസിച്ചും വിജയങ്ങള്‍ പിടിച്ചെടുത്തു ദ്യുതി മുന്നേറുമ്പോഴാണ് ഇടിത്തീ പോലെ ജെന്‍ഡര്‍ ടെസ്റ്റില്‍ ദ്യുതി പരാജയപ്പെടുന്നത്. 

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ അളവ് ദ്യുതിയുടെ ശരീരത്തില്‍ അനുവദനീയമായ അളവിലും  കൂടുതലാണ് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.ഹൈപ്പറാന്‍ഡ്രോജെനിസം എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഇതിന് പറയുന്നത്. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുമ്പായിരുന്നു ദ്യുതിയുടെ ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവം. അതോടെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ദ്യുതിയെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) വിലക്കി. ശസ്ത്രക്രിയ ചെയ്‌തോ മരുന്നു കഴിച്ചോ ഇതില്‍ നിന്ന് മോചനം നേടാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മാത്രമേ അവള്‍ക്ക് അത്‌ലറ്റിക്‌സിലേക്ക് തിരിച്ചെത്താന്‍ കഴിയൂ എന്നവര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ തന്റെ കുഴപ്പംകൊണ്ടല്ലാത്ത ഒരു ശാരീരികാവസ്ഥയോട് ഈ വിധത്തില്‍ കീഴടങ്ങാന്‍ ആ പെണ്‍കുട്ടി തയ്യാറായില്ല. ലൊസാനിലെ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോടതിയില്‍ (സി.എ.എസ്) അവള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കും (എ.എഫ്.ഐ) അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനും (ഐ.എ.എ.എഫ്) എതിരെ കേസുകൊടുക്കുന്നു.  അനുകൂല വിധി സമ്പാദിച്ച് അവള്‍ കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെള്ളിയും ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണവും സ്വന്തമാക്കുന്നു.സമാന പ്രശ്‌നം നേരിടുന്ന അന്താരാഷ്ട്ര അത്‌ലറ്റുകള്‍ക്ക് വരെ പ്രചോദനമായ ഒരു വിധിയാണ് കീഴടങ്ങാന്‍ മനസ്സില്ലാത്ത ഒരു ഇന്ത്യാക്കാരി പെണ്‍കുട്ടി നേടിയെടുത്തത്. 'ഫിയേഴ്‌സ് ലി ഫീമെയ്‌ലില്‍' ദ്യുതിയുടെ പോരാട്ട കഥ സന്ദീപ് മിശ്ര വിശദമായി പ്രതിപാദിക്കുന്നു.

ഉറച്ച നിലാപാടുകളാണ് ദ്യുതിയെ വ്യത്യസ്തയാക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ദ്യുതിയെ മധ്യ ദൂര ഓട്ടക്കാരിയാക്കാനായിരുന്നു പരിശീലകരുടെ ശ്രമം. ദ്യുതിക്കാകട്ടെ സ്പ്രിന്റ് ഇനങ്ങളായിരുന്നു ഇഷ്ടം. ഇതോടെ പലപരിശീല കേന്ദ്രങ്ങളില്‍ നിന്നും ദ്യുതി ചാടിപ്പോരുകയാണ്.  ഒരു ഘട്ടത്തില്‍ ചേച്ചി സരസ്വതി പോലും അനുജത്തിയുടെ ഈ നിലപാടില്‍ അസ്വസ്ഥയാകുന്നുണ്ട്. ഒടുവില്‍ സ്പ്രിന്റെന്ന തന്റെ ഇഷടം അവള്‍ സ്വന്തമാക്കുന്നു.  ഈ തീരുമാനം ശരിവയ്ക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കുന്നു. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്ററുകളില്‍ വെള്ളി, ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം . ഇപ്പോള്‍ നൂറു മീറ്ററില്‍ തന്റെ രണ്ടാം ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്  താരം. 200 മീറ്ററിലും അവര്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പോരാളിയാകും.

വിട്ടുവീഴ്ചയില്ലാത്ത നിലപാട് തന്നെയാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചപ്പോഴും ദ്യുതി വ്യക്തമാക്കിയത്. കീഴടങ്ങാത്ത 'അടിമുടി പെണ്ണായ ദ്യുതിയുടെ ജീവിതം ' സന്ദീപ് മിശ്രയുടെ മൂന്നാമത്തെ പുസ്തകമാണ്. വെസ്റ്റ്‌ലാന്‍ഡ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: book review, Fiercely Female the Dutee Chand written by Sundeep Misra