Image Courtesy: Twitter
കണക്കുകളുടെ കൂടി കളിയാണ് ക്രിക്കറ്റ്. റണ്‍ നേടിയാലും ഇല്ലെങ്കിലും, വിക്കറ്റ് വീണാലും കളി പാതിവഴിയില്‍ ഉപേക്ഷിച്ചാലും ക്രിക്കറ്റിന്റെ കണക്കുപുസ്തകത്തില്‍ പുതിയ അധ്യായം പിറക്കും. കണക്കുകളുടെ കളിക്ക് മറ്റൊരു എഞ്ചുവടി തയ്യാറാക്കുകയായിരുന്നു ഡക്‌വര്‍ത്തും ലൂയിസും ഡി.എല്‍.എസ്. നിയമത്തിലൂടെ. അതിന് കാരണമായതോ, 1992-ലെ ചരിത്രപ്രസിദ്ധമായ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനല്‍ മത്സരം.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സ് നേടി. അത് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 13 പന്തില്‍ 22 റണ്‍സ് വേണ്ടിയിരിക്കെ മഴ വന്നു. 12 മിനിറ്റ് മാത്രം നീണ്ടുനിന്ന മഴയ്ക്കുശേഷം കണക്കുകൂട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് ഒരു പന്തില്‍ 21 റണ്‍സ്. ആ കണക്കുകേട്ട് ഇംഗ്ലണ്ട് ഞെട്ടി, ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ പരിതപിച്ചു, ദക്ഷിണാഫ്രിക്കന്‍ ടീം കരഞ്ഞു. അത് ക്രിക്കറ്റിനുതന്നെ നാണക്കേടായി. വര്‍ഷങ്ങളോളം ലോകക്രിക്കറ്റില്‍നിന്ന് വിലക്കപ്പെട്ടശേഷം കളിയിലേക്ക് തിരിച്ചെത്തിയതായിരുന്നു ദക്ഷിണാഫ്രിക്ക.
ലങ്കാഷെയറിലെ വീട്ടില്‍, ആ കളിയുടെ കമന്ററി കേട്ടിരിക്കുകയായിരുന്ന ടോണി ലൂയിസും ഞെട്ടി! ഇരു ടീമുകളുടെയും റണ്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് അന്ന് പുതിയ ലക്ഷ്യം നിര്‍ണയിച്ചത്. സ്വന്തം ടീമായ ഇംഗ്ലണ്ട് ജയിച്ചെങ്കിലും ഈ കണക്ക് ചതിയാണെന്ന് ലൂയിസ് അന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുഹൃത്തായ ഫ്രാങ്ക് ഡക്‌വര്‍ത്തുമായി ചേര്‍ന്ന് പുതിയൊരു നിയമമുണ്ടാക്കാനുള്ള ആലോചന തുടങ്ങിയത്. ഏറെക്കാലം അതിനുവേണ്ടി പണിയെടുത്തു.
ഡക്‌വര്‍ത്ത് - ലൂയിസ് നിയമം
ഒരു പരിമിത ഓവര്‍ മത്സരം തുടങ്ങുമ്പോള്‍ ബാറ്റുചെയ്യാനിറങ്ങുന്ന ടീമിന് രണ്ട് വിഭവങ്ങളാണുള്ളത്. 300 പന്തുകളും, 10 വിക്കറ്റും. ഇന്നിങ്സ് പുരോഗമിക്കുന്തോറും ഈ വിഭവങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കും. 300 പന്തുകള്‍ എറിഞ്ഞുകഴിയുമ്പോള്‍ അല്ലെങ്കില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ വിഭവശേഷി പൂജ്യമാകും. ഓവറുകള്‍ മുഴുവന്‍ എറിയാനായില്ലെങ്കില്‍ ഈ വിഭവശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ ടീമിന് കഴിഞ്ഞില്ല എന്നാണര്‍ഥം. ഇതാണ് ഡി.എല്‍.എസ്. നിയമത്തിന്റെ കാതല്‍.
ലക്ഷ്യം പുനഃക്രമീകരിക്കുമ്പോള്‍, ബാക്കിയായ വിഭവശേഷിയും പരിഗണിക്കും. എല്ലാ വിക്കറ്റുകളെയും എല്ലാ ഓവറുകളെയും ഒരേ മൂല്യത്തിലല്ല ഇവിടെ കാണുന്നത്. എത്ര ഓവറുകള്‍ നഷ്ടപ്പട്ടു, ഇന്നിങ്സിന്റെ ഏതുഘട്ടത്തിലാണ് ഓവറുകള്‍ നഷ്ടമായത്, അപ്പോള്‍ ശേഷിക്കുന്ന വിക്കറ്റുകളെത്ര എന്നിവ പരിഗണിച്ചാണ് ലക്ഷ്യം പുനര്‍നിശ്ചയിക്കുന്നത്. 21 വര്‍ഷത്തിനിടെ ഇരുനൂറോളം മത്സരങ്ങളില്‍ ഡി.എല്‍.എസ്. പ്രയോഗിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ചിലര്‍ നിരാശപ്പെടുകയും ചിലര്‍ അതിശയിക്കുകയും ചെയ്തിട്ടുണ്ടാകും.
Content Highlights: bizarre rain rule hit South Africa in World Cup semifinal duckworth lewis rule was born
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..