ബില്ലി ജീനിന്റെ ഒറ്റയാള്‍ വിപ്ലവം; അഥവാ 'ബാറ്റില്‍ ഓഫ് ദി സെക്‌സസ്'


പി.ജെ.ജോസ്

ഒടുവില്‍ ആ ദിവസം വന്നെത്തി. 1973 സെപ്റ്റംബര്‍ 20. 'ബാറ്റില്‍ ഓഫ് ദി സെക്സസ് ' എന്ന പേരിട്ട റിഗ്സും കിങുമായുള്ള പോരാട്ടം കാണാന്‍ 30,492 ടെന്നീസ് പ്രേമികളാണ് ഹൂസ്റ്റണിലെ അസ്ട്രോഡം സ്റ്റേഡിയത്തില്‍ എത്തിയത്

'1970-കളുടെ തുടക്കം. അമേരിക്കയില്‍ ഒരു സ്ത്രീക്ക് സ്വന്തം പേരില്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടണമെങ്കില്‍ അച്ഛന്റെയോ ഭര്‍ത്താവിന്റെയോ ഒപ്പു വേണം. വനിതകള്‍ ഒളിമ്പിക്സില്‍ 5,000 മീറ്ററിനപ്പുറം ഓടുമെന്നോ പൈലറ്റ് ലൈസന്‍സ് നേടി വിമാനം പറത്തുമെന്നോ എന്തിന് ഒരു കമ്പനിയുടെ സി.ഇ.ഒ ആകുമെന്നോ പോലും പലരുടെയും സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.' (വനിതാ ടെന്നീസിലെ ജീവിക്കുന്ന ഇതിഹാസങ്ങളായ മര്‍ട്ടീന നവരത്ലോവയെയും ക്രിസ് എവര്‍ട്ടിനെയും കുറിച്ച് ജോനെറ്റ് ഹവാര്‍ഡ് എഴുതിയ' റൈവല്‍സ് ' എന്ന പുസ്തകത്തില്‍ നിന്ന്).

അതിലും പരിതാപകരമായിരുന്നു കായികരംഗത്തെ അവസ്ഥ. ടെന്നീസ്ട അടക്കം വനിതകളുടെ മത്സരത്തെ ആരും കാര്യമായിട്ടെടുത്തിരുന്നില്ല. ഒരേ ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ തുല്യ പ്രതിഫലം പോയിട്ട് മാന്യമായ പ്രതിഫലം പോലും കിട്ടാത്ത അവസ്ഥ. വനിതാ ടെന്നീസ് കവര്‍ ചെയ്യാന്‍ പത്രങ്ങള്‍ക്കും മടി.

'വനിതാ ടെന്നീസ് താരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്ക് കൊടുക്കുന്നതിന്റെ 25 ശതമാനം മാത്രം പ്രതിഫലം കൊടുത്താല്‍ മതി. കാരണം അവര്‍ പുരുഷന്‍മാര്‍ കളിക്കുന്നതിന്റെ 25 ശതമാനം പ്രകടനമേ കോര്‍ട്ടില്‍ നടത്തുന്നുള്ളൂ' എന്ന മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ബോബി റിഗ്സിന്റെ അക്കാലത്തെ അഭിപ്രായത്തില്‍ വനിതാ ടെന്നീസിനെക്കുറിച്ച് പൊതുവെയും വനിതാ കായിക രംഗത്തെക്കുറിച്ച് മൊത്തത്തിലും അക്കാലത്തെ പുരുഷന്‍മാര്‍ക്കുള്ള കാഴ്പ്പാട് അടങ്ങിയിട്ടുണ്ട്.

അത്തരമൊരു കാലഘട്ടത്തിലാണ് വനിതാ ടെന്നീസിലെ വിപ്ലവകാരി അമേരിക്കയുടെ ബില്ലി ജീന്‍ കിങ് ഒരു പൊളിച്ചെഴുത്ത് നടത്തിയത്. 46 വര്‍ഷം മുമ്പ് ഒരു സ്‌പെറ്റംബര്‍ 20-ന് നടന്ന 'ബാറ്റില്‍ ഓഫ് ദി സെക്സസ്' (battle of sexes) എന്ന പേരിട്ട പോരാട്ടത്തില്‍ ബോബി റിഗ്സിനെ കീഴടക്കി ബില്ലി ജീന്‍ വനിതാ ടെന്നീസ് താരങ്ങളുടെ മാത്രമല്ല വനിതകളുടെ മുഴുവന്‍ ആത്മാഭിമാനമുയര്‍ത്തിയത്.

ഒരു കാലത്ത് ലോകത്തെ മുന്‍നിര താരമായിരുന്നു അമേരിക്കക്കാരനായ ബോബി റിഗ്സ്. 1939-ല്‍ അദ്ദേഹം വിംബിള്‍ഡണില്‍ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ജേതാവായിരുന്നു. കായിക ജീവിതത്തിലെ നല്ലകാലം രണ്ടാം ലോക മഹായുദ്ധം മൂലം അദ്ദേഹത്തിന് നഷ്ടമായി.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ വീണ്ടും വരാനായി അദ്ദേഹം കൈക്കൊണ്ട മാര്‍ഗമായിരുന്നു അക്കാലത്തെ മികച്ച വനിതാ ടെന്നിസ് താരങ്ങളെ താനുമായി മത്സരിക്കാന്‍ ക്ഷണിക്കുകയെന്നത്. സ്ത്രീകളെക്കാള്‍ എല്ലാ അര്‍ഥത്തിലും പുരുഷന്‍മാരാണ് മുന്നിലെന്നു വിശ്വസിച്ചിരുന്ന, അതിനായി വായ്ത്താരയിട്ടിരുന്ന ബോബിയുടെ വെല്ലുവിളി കിങ് പലവട്ടം അവഗണിച്ചു.

പിന്നീട് അന്നത്തെ മുന്‍നിര താരമായിരുന്ന മാര്‍ഗരറ്റ് കോര്‍ട്ട്, ബോബിയുമായി ഏറ്റുമുട്ടാന്‍ തയ്യാറായി. 1973 മേയ് 13-നായിരുന്നു മത്സരം. ജയിക്കുന്നയാള്‍ക്ക് പതിനായിരം ഡോളര്‍ സമ്മാനം. ഏകപക്ഷീയമായ മത്സരത്തില്‍ ബോബി, മാര്‍ഗരറ്റ് കോര്‍ട്ടിനെ കീഴടക്കി (6-2, 6-1). 'അമ്മമാരുടെ ദിനത്തിലെ കൊലപാതകം' (മദേഴ്സ് ഡേ മാസെക്കര്‍) എന്ന വിശേഷണവും അതോടെ ഈ മത്സരം നേടി.

മാര്‍ഗരറ്റ് കോര്‍ട്ടിനെ തോല്‍പ്പിച്ചതോടെ റിഗ്സ് വീണ്ടും കിങിനെ വെല്ലുവിളിച്ചു തുടങ്ങി. 'ക്ലേ കോര്‍ട്ടിലോ ഗ്രാസ് കോര്‍ട്ടിലോ മാര്‍ബിളിലോ റോളര്‍ സ്‌കേറ്റിലോ എവിടെ വേണമെങ്കിലും ഞാന്‍ അവരുമായി മത്സരിക്കാം' എന്ന തരത്തില്‍ പോയി 55 വയസ്സുകാരനായ റിഗ്സിന്റെ വെല്ലുവിളി.

കിങ് അന്ന് വനിതാ ടെന്നീസിലെ മാത്രമല്ല വനിതാ കായികരംഗത്തെ ആദ്യത്തെ വിപ്ലവകാരിയായിരുന്നു. വനിതാ താരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയും വനിതാ ടെന്നീസ് താരങ്ങള്‍ക്കു വേണ്ടി ടെന്നീസ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയുമൊക്കെ ചെയ്ത അക്കാലത്തെ തീപ്പൊരി. കിങ് ആണ് തനിക്കു പറ്റിയ ഇര എന്ന നയമായിരുന്നു റിഗ്സിന്റേത്.

ഒടുവില്‍ കിങ് വെല്ലുവിളി ഏറ്റെടുത്തു. അപ്പോള്‍ കിങിന് പ്രായം 29. പത്ത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയതിന്റെ തിളക്കവും അവര്‍ക്കുണ്ടായിരുന്നു. ജൂലൈയില്‍ മത്സരത്തെക്കുറിച്ച് തീരുമാനമായി. ജേതാവിന് ഒരു ലക്ഷം യു.എസ് ഡോളര്‍ (ഇന്നത്തെ 71 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കും. രണ്ടു മത്സരാര്‍ഥികള്‍ക്കും 75,000 ഡോളര്‍ വീതം വേറെയും സമ്മാനം. ഒരു ഷോ ബിസിനസ് തന്നെയായിരുന്നു മത്സരം.

മത്സരത്തിന് അമേരിക്കയില്‍ മാത്രമല്ല ലോകമെങ്ങും വന്‍ പ്രചാരമാണ് ലഭിച്ചത്. ബില്ലി ജീന്‍ കിങ് ജയിക്കുകയാണെങ്കില്‍ ഒരാഴ്ച കാപ്പിയുണ്ടാക്കി കൊടുക്കാമെന്ന് അമേരിക്കന്‍ കമ്പനികളിലെ ബോസുമാര്‍ അവരുടെ സെക്രട്ടറിമാര്‍ക്ക് വാഗ്ദാനം നല്‍കി. കുടുംബങ്ങളിലാണെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ ഒരാഴ്ച അടുക്കളപ്പണിയും അലക്കും ചെയ്തു കൊടുക്കാമെന്നായിരുന്നു ഭാര്യമാരോടുള്ള വെല്ലുവിളി.അവരുടെയൊന്നും വന്യമായ സ്വപ്നങ്ങളില്‍പോലും കിങ് ജയിക്കുമെന്നില്ലായിരുന്നു. കിങിനാകട്ടെ ചെല്ലുന്നിടത്തെല്ലാം സ്ത്രീകളുടെ സ്വീകരണമായിരുന്നു.' ആ റിഗ്സിനെ നിലംപരിശാക്കണം'- അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു.

മത്സരത്തിന് മുന്നോടിയായി തന്നെക്കൊണ്ടാവും വിധം എരിവും പുളിയും ചേര്‍ക്കാന്‍ റിഗ്സ് ശ്രമിച്ചുകൊണ്ടിരുന്നു. 'സ്ത്രീകള്‍ക്ക് രണ്ട് സ്ഥലങ്ങളേ ഇണങ്ങുകയുള്ളൂ. ഒന്നാമത്തേത് കിടപ്പറ, അടുത്തത് അടുക്കള'. ' മത്സരത്തില്‍ ഞാന്‍ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം ബില്ലി ജീന്‍ ഒരു സ്ത്രീയാണ്. സ്ത്രീകള്‍ക്ക് വൈകാരിക സന്തുലിതാവസ്ഥയില്ല'- ഇത്തരം പ്രസ്താവനകളുമായി റിഗ്സ് അരങ്ങുവാഴുമ്പോള്‍ വിംബിള്‍ഡണടക്കമുള്ള ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തും കഠിനമായി പരിശീലിച്ചും കിങ് മത്സരത്തിനൊരുങ്ങുകയായിരുന്നു. റിഗ്സാകട്ടെ പാര്‍ട്ടികളില്‍ പങ്കെടുത്തും കറങ്ങി നടന്നും സമയം ചെലവഴിച്ചു.

ഒടുവില്‍ ആ ദിവസം വന്നെത്തി. 1973 സെപ്റ്റംബര്‍ 20. 'ബാറ്റില്‍ ഓഫ് ദി സെക്സസ് ' എന്ന പേരിട്ട റിഗ്സും കിങുമായുള്ള പോരാട്ടം കാണാന്‍ 30,492 ടെന്നീസ് പ്രേമികളാണ് (ഇത് ഒരു ടെന്നീസ് മത്സരം കാണാനെത്തിയ എക്കാലത്തെയും റെക്കോഡ് കാണികളാണെന്ന് പറയപ്പെടുന്നു) ഹൂസ്റ്റണിലെ അസ്ട്രോഡം സ്റ്റേഡിയത്തില്‍ എത്തിയത്. ലോകമെമ്പാടുമായി ഒമ്പത് കോടി ആളുകള്‍ മത്സരം ടെലിവിഷനിലും കണ്ടു.

ഉത്സവാന്തരീക്ഷത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കോര്‍ട്ടിനെതിരേ കാണിച്ച പോരാട്ടവീര്യം പുറത്തെടുക്കാന്‍ റിഗ്സിനായില്ല. ഏകപക്ഷീയമായ മത്സരമായിരുന്നില്ലെങ്കിലും നേരിട്ടുള്ള സെറ്റുകളില്‍ കിങ്, റിഗ്സിനെ കീഴടക്കി (6-4,6-3,6-3).

'ഞാന്‍ തോറ്റിരുന്നെങ്കില്‍ അത് ഞങ്ങളെ 50 വര്‍ഷം പിന്നോട്ടടിച്ചേനെ. വനിതാ ടെന്നീസ് ടൂറിനെയും വനിതകളുടെ ആത്മാഭിമാനത്തേയും എന്റെ തോല്‍വി ബാധിച്ചേനെ' - മത്സരശേഷം കിങ് വ്യക്തമാക്കി. അതേ, വനിതകളുടെ ആത്മാഭിമാനവും അന്തസ്സുമുയര്‍ത്തിയ വിജയമായിരുന്നു കിങിന്റേത്.

അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറായിരുന്ന ഗ്രേസ് ലിക്റ്റെന്‍സ്റ്റൈന്‍ (വനിതാ ടെന്നീസിലെ പിന്‍കാഴ്ചകളെക്കുറിച്ചുള്ള 'എ ലോങ് വേ ബേബി' എന്ന പുസ്തകത്തിന്റെ രചയിതാവ്) ഇത് കൃത്യമായി വിലയിരുത്തുന്നുണ്ട്. 'ഇരുപത്തിയൊമ്പതാം വയസ്സില്‍ തന്റെ ഫോമിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ഒരു വനിതാ ടെന്നീസ് താരം 55 വയസ്സുള്ള ഒരു പുരുഷനെ തോല്‍പ്പിച്ചുവെന്നതാണ് യാഥാര്‍ഥ്യം. അത് ഒരു ഷോ ബിസിനസ് തന്നെയായിരുന്നു. എന്നാല്‍ വനിതകള്‍ക്ക് ടെന്നീസില്‍ മാത്രമല്ല കുടുംബത്തിലും അവരുടെ ജോലി സ്ഥലത്തുമെല്ലാം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ ബില്ലി ജീന്‍ കിങിന്റെ വിജയത്തിനായി'.

മത്സരശേഷം റിഗ്സും കിങും നല്ല സുഹൃത്തുക്കളായി. കാന്‍സര്‍ബാധിതനായി 1995-ല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് റിഗ്സ്, കിങുമായി ഫോണില്‍ സംസാരിച്ചിരുന്നു.

വാല്‍ക്കഷണം

കിങുമായുള്ള മത്സരം വാതുവെപ്പുകാര്‍ക്കായി റിഗ്സ് മനപ്പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുണ്ടായി. വാതുവെപ്പില്‍ റിഗ്സിന് ഒരു ലക്ഷത്തോളം ഡോളര്‍ മാഫിയ സംഘത്തിന് കടമുണ്ടായിരുന്നു. മത്സരം തോറ്റുകൊടുത്താല്‍ ഇത് പൂര്‍ണമായും ഇളവ് ചെയ്യാമെന്ന് മാഫിയ സംഘം വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് റിഗ്സ് കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവെന്നുമായിരുന്നു ആരോപണം. റിഗ്സ് ഈ ആരോപണം നിഷേധിച്ചിരുന്നു.

(കടപ്പാട്: ദ റൈവല്‍സ്, ഹിസ്റ്ററി ഡോട്ട് കോം)

Content Highlights: billie jean king and bobby riggs battle of sexes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented