യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ ഈ രാത്രിയില്‍ നടക്കുമ്പോള്‍, 53 വര്‍ഷം മുമ്പ് ഇതേ ദിനത്തില്‍ അരങ്ങേറിയ യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍ ബെന്‍ഫിക്ക എഫ്.സി.യെ വേട്ടയാടുന്നുണ്ടാവാം. അന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് 4-1നാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്ക തോറ്റത്. ഒരു ശാപത്തിന്റെ മരണനിഴലില്‍ ബെന്‍ഫിക്ക പതുങ്ങിപ്പോയതിന് ഒരു സാക്ഷ്യംകൂടി.

എന്താണാ ശാപം

1961, 1962 വര്‍ഷങ്ങളില്‍ തുടരെ രണ്ട് യൂറോപ്യന്‍ കപ്പുകള്‍ നേടി ബെന്‍ഫിക്ക ലോകത്തെ ഞെട്ടിച്ചിരുന്നു. ബാഴ്സലോണയ്ക്കും റയല്‍ മഡ്രിഡിനും എതിരേയായിരുന്നു ആ വിജയങ്ങള്‍. അവരെ ആ നേട്ടത്തിലേക്ക് നയിച്ചത് ബെല ഗട്ട്മാന്‍ എന്ന ഹംഗേറിയന്‍ കോച്ചായിരുന്നു.

1962-ലെ ആ വിജയത്തിനുപിന്നാലെ ഗട്ട്മാന്‍ ക്ലബ്ബിനോട് തന്റെ പ്രതിഫലം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ക്ലബ്ബ് വഴങ്ങിയില്ല. ക്ഷിപ്രകോപിയായ ഗട്ട്മാന്‍ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. പുരാണകഥയിലെ ദുര്‍വാസാവിനെപ്പോലെ ശപിക്കുകയും ചെയ്തു: 'നൂറു കൊല്ലത്തേക്ക് ബെന്‍ഫിക്ക യൂറോപ്യന്‍ കിരീടങ്ങള്‍ നേടില്ല'.

അന്ന് ആ ശാപം ആരും ഗൗരവമായി എടുത്തില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ ശക്തി ബെന്‍ഫിക്കയും ഫുട്ബോള്‍ ലോകവും അറിഞ്ഞു. പിന്നീട് എട്ടുതവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുടെ ഫൈനലില്‍ എത്തിയെങ്കിലും ബെന്‍ഫിക്ക കിരീടം തൊട്ടില്ല. 1963, 65, 68 വര്‍ഷങ്ങളില്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനായില്ല. ഇന്നും ആ വിധി തുടരുന്നു.

2014-ല്‍ ബെന്‍ഫിക്ക യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തി. ഗട്ട്മാന്റെ ശാപം ചിരിച്ചുതള്ളിയ കോച്ച് ജോര്‍ഗെ ജെസ്യൂസ് ഇക്കുറി ജേതാക്കളാവുമെന്ന് പ്രഖ്യാപിച്ചു. സെവിയയ്‌ക്കെതിരായ ഫൈനലില്‍ നിശ്ചിതസമയവും അധികസമയവും അവസാനിക്കുമ്പോള്‍ ഗോള്‍രഹിതമായിരുന്നു. ഷൂട്ടൗട്ടില്‍ ബെന്‍ഫിക്ക 2-4ന് തോറ്റു.

ഗട്ട്മാന്‍ ബെന്‍ഫിക്കയിലൂടെ വളര്‍ത്തിയെടുത്ത താരമാണ് പോര്‍ച്ചുഗീസ് ഇതിഹാസം യൂസേബിയോ. ബെന്‍ഫിക്കയ്ക്കുവേണ്ടി കൂടുതല്‍ ഗോളടിച്ചത് (440 കളികളില്‍ 473 ഗോള്‍) യൂസേബിയോ ആണ്. ശാപത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞ താരം. 1990-ല്‍ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ എ.സി. മിലാനെ ബെന്‍ഫിക്ക നേരിടുന്നു.

ഗട്ട്മാന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന വിയന്നയില്‍ തന്നെയായിരുന്നു മത്സരം. ഫൈനലിനുമുമ്പ് യൂസേബിയോ (അപ്പോള്‍ കളിയില്‍നിന്ന് വിരമിച്ചിരുന്നു) ശവകുടീരത്തിലെത്തി പ്രാര്‍ഥിച്ചു - ശാപം വിട്ടുമാറണേ എന്ന്. പക്ഷേ, ഫലിച്ചില്ല. മിലാനോട് ഒറ്റഗോളിന് തോറ്റു.

ബുഡാപെസ്റ്റില്‍ 1899-ലാണ് ഗട്ട്മാന്റെ ജനനം. ജൂതനായിരുന്ന അദ്ദേഹം നാസി തടവറയില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഹംഗറിക്കുവേണ്ടിയും ഒട്ടേറെ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചു. പിന്നീട് പരിശീലനരംഗത്തേക്ക്. 1933-1973 കാലത്ത് 10 രാജ്യങ്ങളിലെ 25-ഓളം ക്ലബ്ബുകളെ പരിശീലിപ്പിച്ചു. രണ്ട് യൂറോപ്യന്‍ കപ്പുകളും 10 ദേശീയ ചാമ്പ്യന്‍ഷിപ്പുകളും നേടി. ഹംഗറി, ഓസ്ട്രിയ, ഹോളണ്ട്, ഇറ്റലി, ബ്രസീല്‍, യുറഗ്വായ്, പോര്‍ച്ചുഗല്‍ ദേശീയ ടീമുകളേയും പരിശീലിപ്പിച്ചു. രണ്ടു സീസണില്‍ കൂടുതല്‍ ഒരു ക്ലബ്ബിലും നില്‍ക്കില്ല. വഴക്കിട്ട് പിരിയും. ഇതിനെക്കുറിച്ച് ഗട്ട്മാന്‍ തന്നെ പറഞ്ഞത് ഇങ്ങനെയാണ് - ''മൂന്നാം വര്‍ഷം അന്ത്യമാണ്''. 1981-ല്‍ 82-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

Content Highlights: Benfica and Bela Guttman the Biggest Curses of World Football