കൈവിട്ടതും നേടിക്കൊടുത്തതും ലോകകപ്പ്, പകരക്കാരനില്ലാതെ സ്റ്റോക്‌സ് ഏകദിന ക്രീസ് വിടുന്നു


അനുരഞ്ജ് മനോഹര്‍ഫുട്‌ബോളില്‍ മറഡോണയുടെ കൈ ദൈവത്തിന്റേതായപ്പോള്‍ ക്രിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റ് ദൈവത്തിന്റെ ബാറ്റായി. 

ബെൻ സ്റ്റോക്‌സ് 2019 ഫൈനൽ മത്സരത്തിനിടെ | Photo: Getty Images

ദൈവം പലപ്പോഴും മനുഷ്യന്റെ രൂപത്തില്‍ അവതരിക്കുമെന്നൊരു ചൊല്ലുണ്ട്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും അത് സത്യമായി ഭവിക്കാറുമുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും അത്തരത്തിലൊരു അപൂര്‍വമായ മുഹൂര്‍ത്തത്തിലൂടെ കടന്നുപോയിട്ടുണ്ട്. ക്രിക്കറ്റ് കണ്ടുപിടിച്ച നാട്ടുകാരാണെന്ന് വമ്പോടെ പറയുമ്പോഴും ഒരു ഏകദിന ലോകകപ്പ് കിരീടത്തില്‍ ചുംബിക്കാനാകാതെ പോയതിന്റെ നാണക്കേട്ട് ചുമലില്‍ ഏറെക്കാലമായി ഇംഗ്ലണ്ട് കൊണ്ടുനടന്നു. വിമര്‍ശകര്‍ ഇംഗ്ലണ്ടിനെ മുള്ളമ്പുനിറച്ച വാക്കുകള്‍ കൊണ്ട് നോവിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതിനെല്ലാമുള്ള ഇംഗ്ലണ്ടിന്റെ മറുപടിയായിരുന്നു 2019-ലെ ലോകകപ്പ് ഫൈനല്‍. ജൂലായ് 14 ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ആ ഫൈനലില്‍ ഇംഗ്ലണ്ട് ആദ്യമായി ക്രിക്കറ്റ് വിശ്വകിരീടത്തില്‍ മുത്തമിട്ടു. സ്വന്തം മണ്ണില്‍ നിന്ന് തന്നെ ലോകത്തിന്റെ നെറുകയിലേക്ക് ത്രീ ലയണ്‍സ് ഉയര്‍ന്ന ദിനം.

ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ അസ്തമിച്ച ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിച്ച ഒരു ചെമ്പന്‍ മുടിക്കാരന്‍ ആ ടീമിലുണ്ടായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഏത് പ്രതികൂല സാഹചര്യത്തിലും പൊരുതുന്ന ലക്ഷണമൊത്ത ഒരു ഓള്‍ റൗണ്ടര്‍. സാക്ഷാല്‍ ബെന്‍ സ്‌റ്റോക്‌സ്. ദൈവം അന്ന് സ്‌റ്റോക്‌സിന്റെ വേഷമണിഞ്ഞ് ഇംഗ്ലണ്ടിന് കിരീടമേല്‍പ്പിച്ചു. ഫുട്‌ബോളില്‍ മറഡോണയുടെ കൈ ദൈവത്തിന്റേതായപ്പോള്‍ ക്രിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റ് ദൈവത്തിന്റെ ബാറ്റായി.

ആധികാരിക വിജയങ്ങളോടെയാണ് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും 2019 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചത്. പ്രവചനങ്ങള്‍ക്ക് യാതൊരുവിധ സാധ്യതയും കല്‍പ്പിക്കാത്ത ഫൈനലില്‍ ഇരുടീമുകളും ഒരുപോലെ പോരടിക്കുന്നു. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ആദ്യ ലോകകപ്പ് കിരീടം നേടാനുള്ള തയ്യാറെടുപ്പില്‍ കൈയ്യും മെയ്യും മറന്ന് പോരാടാനുറച്ചുനില്‍ക്കുന്നു. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. പക്ഷേ കാര്യമായി ബാറ്റുവീശാന്‍ കിവീസിന് സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിലെ മാന്യമായ സ്‌കോര്‍.

വമ്പന്‍ അടിക്കാര്‍ അണിനിരക്കുന്ന ഇംഗ്ലണ്ടിന് അനായാസം കണ്ടെത്താവുന്ന ലക്ഷ്യമായിരുന്നു അത്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ഒയിന്‍ മോര്‍ഗനും ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സുമെല്ലാം അണിനിരക്കുന്ന സുശക്തമായ ബാറ്റിങ് ലൈനപ്പ്. ആദ്യ ബാറ്റിങ് കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് ആരാധകര്‍ ഓരോ ഗ്ലാസ് ബിയറും മോന്തിക്കൊണ്ട് ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ നിനച്ചിരിക്കാത്ത പലതിനും ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയം അന്ന് സാക്ഷിയായി. വെറും 86 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചില്‍ പഞ്ചാരിമേളം കൊട്ടിക്കയറുന്നു. ന്യൂസീലന്‍ഡ് മത്സരത്തില്‍ പിടിമുറുക്കുന്നു.

അപ്പോഴാണ് ക്രീസില്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും ഒന്നിക്കുന്നത്. ഏവരുടെയും പ്രാര്‍ത്ഥനയുടെ ബലത്തില്‍ ഇരുവരും വളരെ ശ്രദ്ധയോടെ ബാറ്റുവീശി. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഇരുവരും ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. സ്‌റ്റോക്‌സും ബട്‌ലറും അര്‍ധസെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ട് അനായാസ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ന്യൂസീലന്‍ഡ് വിജയപ്രതീക്ഷ കൈവിട്ടില്ല. മത്സരം 45-ാം ഓവറിലേക്ക് കടക്കുന്നു. നാലുവിക്കറ്റിന് 86 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 196 ന് നാല് എന്ന സ്‌കോറിലേക്ക് ഉയര്‍ത്തെഴുന്നേറ്റ നിമിഷം. പക്ഷേ കാര്യങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. ലോക്കി ഫെര്‍ഗൂസന്‍ ചെയ്ത 45-ാം ഓവറിലെ നാലാം പന്തില്‍ ക്ഷമയുടെ ചരടുപൊട്ടിച്ചെറിഞ്ഞുകൊണ്ട് ബട്‌ലര്‍ ബാറ്റ് ആഞ്ഞുവീശി. പന്തുയര്‍ന്നുപൊങ്ങി. ലോങ്ങ് ഓഫില്‍ നിന്ന പകരക്കാരനായ ടിം സൗത്തിയുടെ കൈയ്യിലേക്ക് ബട്‌ലറുടെ ഷോട്ട് ചുരുങ്ങി. ലോര്‍ഡ്‌സ് ഒന്നടങ്കം നിശബ്ദതയുടെ ആഴങ്ങളിലേക്ക് വഴുതിവീണു.

പിന്നാലെ വന്ന ക്രിസ് വോക്‌സിനെയും മടക്കി ലോക്കി കൊടുങ്കാറ്റായി. വോക്‌സിന് പകരം വന്ന ലിയാം പങ്കറ്റിനും പിടിച്ചുനില്‍ക്കാനായില്ല. 49-ാം ഓവര്‍ ചെയ്ത ജിമ്മി നീഷാം താരത്തെ പുറത്താക്കി. ന്യൂസീലന്‍ഡ് അപ്രാപ്യമെന്ന് തോന്നിച്ച വിജയത്തിലേക്ക് അടുത്തു. ഇതോടെ മൂന്ന് വിക്കറ്റ് ശേഷിക്കേ ഒന്‍പത് പന്തില്‍ 22 റണ്‍സായി ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. പ്ലങ്കറ്റ് മടങ്ങിയപ്പോള്‍ ക്രീസില്‍ സ്‌റ്റോക്‌സാണെത്തിയത്. എല്ലാ ഇംഗ്ലീഷ് ആരാധകരുടെയും കണ്ണുകള്‍ ആ ഇടംകൈയ്യന്‍ ബാറ്ററിലേക്ക് ചുരുങ്ങിയ നിമിഷം.

നീഷാമിന്റെ നാലാം പന്തില്‍ സ്റ്റോക്‌സ് ബാറ്റ് ആഞ്ഞുവീശി. പന്തുയര്‍ന്നുപൊന്തി. ബൗണ്ടറി ലൈനിനോട് ചേര്‍ന്ന് നിന്ന ട്രെന്റ് ബോള്‍ട്ട് പന്ത് ലക്ഷ്യമാക്കി ഒരുങ്ങിനിന്നു. സ്റ്റോക്‌സിന്റെ ഷോട്ട് ബോള്‍ട്ടിന്റെ കൈയ്യിലേക്ക്. ഇംഗ്ലണ്ട് ടീം ഒന്നടങ്കം വിറച്ചുപോയ നിമിഷം. ന്യൂസീലന്‍ഡ് ആരാധകര്‍ ആവേശക്കൊടുമുടിയിലെത്തിയ സമയം. ബോള്‍ട്ട് അനായാസം പന്ത് കൈയ്യിലൊതുക്കി. പക്ഷേ ദൈവം ഇംഗ്ലണ്ടിനായി മറ്റൊന്നാണ് കാത്തുവെച്ചത്. പന്ത് പിടിച്ചയുടന്‍ ബോള്‍ട്ടിന്റെ കാലുകള്‍ ബൗണ്ടറി റോപ്പിനെ തൊട്ടുതലോടി. ഇതുമനസ്സിലാക്കിയ ബോള്‍ട്ട് അടുത്തുനിന്ന ഗപ്റ്റിലിന് പന്ത് കൈമാറി. ഗപ്റ്റില്‍ പന്ത് പിടിച്ചയുടന്‍ ഇരുകൈവിരലുകളുമുയര്‍ത്തി അത് സിക്‌സാണ് എന്ന് ഏവരെയും അറിയിച്ചു. അതെ ഇംഗ്ലണ്ടിന് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. സ്റ്റോക്‌സ് ഭാഗ്യദേവതയുടെ പ്രിയപുത്രനാകുന്നു. തൊട്ടടുത്ത പന്തില്‍ താരം സിംഗിളെടുത്തു. ഇതോടെ ഏഴുപന്തില്‍ 15 റണ്‍സായി ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. അവസാന പന്തില്‍ ആര്‍ച്ചറെ ക്ലീന്‍ ബൗള്‍ഡാക്കി നീഷാമിന്റെ പ്രതികാരം. ഇതോടെ മത്സരം ഫോട്ടോ ഫിനിഷിലേക്ക്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 15 റണ്‍സായി മാറി.

അവസാന ഓവര്‍ ചെയ്യാന്‍ ട്രെന്റ് ബോള്‍ട്ടിനെയാണ് വില്യംസണ്‍ ഏല്‍പ്പിച്ചത്. സ്റ്റോക്‌സ് ക്രീസില്‍. ആദ്യ രണ്ടുപന്തുകളിലും സ്റ്റോക്‌സിന് റണ്‍ നേടാനായില്ല. ഇതോടെ ഇംഗ്ലണ്ട് പതറി. എന്നാല്‍ മൂന്നാം പന്തില്‍ കഥ മാറി. ഓഫ് സൈഡില്‍ വന്ന പന്തിനെ കയറി നിന്ന് ലെഗ് സൈഡിലേക്ക് സിക്‌സിന് പായിച്ച് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ സമ്മാനിക്കുന്നു. ഇതോടെ മൂന്ന് പന്തില്‍ ഒന്‍പതായി വിജയലക്ഷ്യം. നാലാം പന്തിലും സ്റ്റോക്‌സ് ആഞ്ഞുവീശി. പക്ഷേ പന്ത് ലോങ് ഓണില്‍ നിന്ന ഗപ്റ്റിലിന്റെ കൈയ്യിലേക്ക്. രണ്ടാം റണ്ണിനായി കുതിച്ച സ്‌റ്റോക്‌സിനെ റണ്‍ ഔട്ടാക്കാനായി ഗപ്റ്റില്‍ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് പന്ത് വലിച്ചെറിഞ്ഞു. അവിടെയാണ് സ്റ്റോക്‌സിന്റെ ബാറ്റ് ദൈവത്തിന്റെ ബാറ്റായി പരിണമിച്ചത്. ഗപ്റ്റിലിന്റെ ത്രോ അബദ്ധത്തില്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് കുതിച്ചു. ഇംഗ്ലീഷ് ആരാധകര്‍ സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ചു. കിവീസ് ഈ കാഴ്ച വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ചു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.

അഞ്ചാം പന്തില്‍ സ്റ്റോക്‌സിന് ഒരു റണ്‍ മാത്രമാണ് നേടാനായത്. രണ്ടാം റണ്‍സിനോടുന്നതിനിടെ മറുവശത്തുണ്ടായ ആദില്‍ റഷീദ് റണ്‍ ഔട്ടായി. ഇതോടെ അവസാന പന്തില്‍ വിജയലക്ഷ്യം രണ്ട് റണ്‍സായി ചുരുങ്ങി. അവസാന പന്ത് കണിശതയോടെ എറിഞ്ഞ ബോള്‍ട്ട് സ്‌റ്റോക്‌സിന് സമ്മാനിച്ചത് വെറും ഒരു റണ്‍. രണ്ടാം റണ്ണിനായി ഓടിയ മാര്‍ക്ക് വുഡിനെ റണ്‍ ഔട്ടാക്കി ന്യൂസീലന്‍ഡ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടി. 98 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 84 റണ്‍സെടുത്ത് സ്‌റ്റോക്‌സ് അപരാജിതനായി നിന്നു. സമനില സമ്മാനിച്ചെങ്കിലും അയാളുടെ മുഖത്ത് നിരാശ പടര്‍ന്നിരുന്നു. ഒരുപക്ഷേ ഗപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ ടൂര്‍ണമെന്റിലെ അവസാന ചിരി കെയ്ന്‍ വില്യംസണിന്റെയും കിവീസിന്റെയുമായേനേ.

മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സ്‌റ്റോക്‌സും ബട്‌ലറുമാണ് ഇംഗ്ലണ്ടിനായി ഇറങ്ങിയത്. ഇരുവരും സൂപ്പര്‍ ഓവറില്‍ 15 റണ്‍സാണ് നേടിയത്. സ്‌റ്റോക്‌സ് മൂന്ന് പന്തില്‍ എട്ടും ബട്‌ലര്‍ മൂന്ന് പന്തില്‍ ഏഴും റണ്‍സ് നേടി. 16 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡും 15 റണ്‍സ് എടുത്തതോടെ മത്സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ഏകദിന ലോകകിരീടത്തില്‍ പേരെഴുതി. ന്യൂസീലന്‍ഡിനെ വീണ്ടും ദുര്‍ഭൂതം വിഴുങ്ങി. ഇംഗ്ലണ്ട് ഭാഗ്യത്തിന്റെ അകമ്പടിയില്‍ മാത്രമാണ് അന്ന് വിജയം നേടിയത്. ദൈവം കപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തണമെന്ന് ശാഠ്യം പിടിച്ച ആ സന്ധ്യയില്‍ ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചു. ഒരിക്കല്‍ ട്വന്റി 20 ലോകകപ്പ് നഷ്ടപ്പെടുത്തിയ സ്‌റ്റോക്‌സ് ഏകദിന ലോകകപ്പില്‍ വീരേതിഹാസമായി മാറി ടീമിന് പ്രായശ്ചിത്വം ചെയ്തു. മറ്റൊരര്‍ത്ഥത്തില്‍ ദൈവം അന്ന് സ്‌റ്റോക്‌സിന്റെ കുപ്പായമണിഞ്ഞു എന്നുവേണം കരുതാന്‍.

സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ നഷ്ടമാകുന്നത് സമീപകാലത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെയാണ്. പേസ് ബൗളറായും വെടിക്കെട്ട് ബാറ്ററായും ഒരുപോലെ തിളങ്ങുന്ന സ്‌റ്റോക്‌സിനെപ്പോലെയൊരു ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ജാക്ക് കാലിസ് വിരമിച്ച ശേഷം ഇത്രമേല്‍ ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു ഓള്‍റൗണ്ടറുമില്ല. ഏകദിന ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് സ്റ്റോക്‌സ് മടങ്ങുന്നത്. 104 ഏകദിനങ്ങള്‍... 11 വര്‍ഷങ്ങള്‍... പ്രിയ സ്റ്റോക്‌സ് നിങ്ങള്‍ എന്നും ഏകദിനത്തിലെ ജ്വലിക്കുന്ന സൂര്യനായിരിക്കും....

Content Highlights: ben stokes, ben stokes retirement, stokes, 2019 final, england cricket, stokes life, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented