സാവി ഹെര്‍ണാണ്ടസ്, ലോകമെമ്പാടുമുള്ള സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേര്. 1998 മുതല്‍ നീണ്ട 17 വര്‍ഷക്കാലം ബാഴ്‌സ ജേഴ്‌സിയില്‍ കളിച്ച സാവി ഇപ്പോഴിതാ തന്റെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. ഒന്നരപ്പതിറ്റാണ്ടിലേറെ കാലം കളിക്കാരനായി ഒപ്പം ചേര്‍ത്ത ക്ലബ്ബിന്റെ പരിശീലകനായാണ് ഇപ്പോള്‍ സാവിയുടെ വരവ്. ബാഴ്‌സ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു നിയമനം. 

എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം തന്റെ പ്രിയപ്പെട്ട ക്ലബ്ബിലേക്ക് തിരികെയെത്തുമ്പോള്‍ അത്ര നല്ല സാഹചര്യമല്ല അവിടെ സാവിയെ കാത്തിരിക്കുന്നത്. 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ എന്ന ക്ലബ്ബ് ലോകത്തെിലെ തന്നെ വമ്പന്‍ ശക്തിയായി വളര്‍ന്ന കാലത്ത് ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ് സാവി. അദ്ദേഹത്തിനൊപ്പം ആന്ദ്രേസ് ഇനിയെസ്റ്റയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും അടങ്ങിയ മധ്യനിരയായിരുന്നു ഒരുകാലത്ത് ബാഴ്‌സയുടെ ഏറ്റവും വലിയ കരുത്ത്. 

എന്നാല്‍ പ്രതാപ കാലമെല്ലാം പിന്നിട്ട്, സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ക്ലബ്ബ് വിട്ട് ബാഴ്‌സ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തില്‍ കൂടി കടന്നുപോകുന്നതിനിടെയാണ് സാവിയെ ബാഴ്‌സ മാനേജ്‌മെന്റ് രക്ഷകനായി കൊണ്ടുവരുന്നത്. 

ക്ലബ്ബ് നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത ടീമിന്റെ തന്നെ എല്ലാ മേഖലകളെയും ബാധിച്ച് കഴിഞ്ഞു. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റൊണാള്‍ഡ് കോമാന്‍ എന്ന പരിശീലകനു കീഴിലും ടീം ക്ലച്ച് പിടിച്ചില്ല. തുടര്‍ തോല്‍വികള്‍ക്കിടയിലും സാമ്പത്തിക പരാധീനതകള്‍ കാരണം മറ്റ് വഴികളില്ലാതെ ക്ലബ്ബ് കോമാനെ പറഞ്ഞുവിടുന്നത് വൈകിച്ചു. ഒടുവില്‍ യാതൊരു നിവൃത്തിയുമില്ലാതായ ഘട്ടത്തിലാണ് ബാഴ്‌സ കോമാന് പുറത്തേക്കുള്ള വഴി കാണിച്ചത്.

ലാ ലിഗയില്‍ നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക്കിനോടും ബെന്‍ഫിക്കയോടും തോറ്റു.

മാനസികമായി തന്നെ തകര്‍ന്നു നില്‍ക്കുന്ന ഒരു ടീമിനെ വിജയവഴിയിലേക്ക് തിരികെ എത്തിക്കുക എന്നതാണ് സാവി നേരിടാന്‍ പോകുന്ന പ്രധാന പ്രതിസന്ധി. ക്ലബ്ബിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ടീമുമായി ഒത്തിണക്കം കാണിക്കാത്ത താരങ്ങളും സാവിക്ക് വെല്ലുവിളിയാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇനി പുതിയ താരങ്ങളെ വാങ്ങാന്‍ ക്ലബ്ബിന് സാധിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.

2015-ല്‍ ബാഴ്‌സ വിട്ട് ഖത്തര്‍ ക്ലബ് അല്‍ സദില്‍ ചേര്‍ന്ന സാവി 2019-ലാണ് അവരുടെ പരിശീലകനാകുന്നത്. ബാഴ്‌സയ്‌ക്കൊപ്പം എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 25 കിരീടങ്ങള്‍ നേടിയ ശേഷമാണ് അദ്ദേഹം കളംവിട്ടത്. ഇപ്പോഴിതാ തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തെ പരിശീലകന്റെ റോളിലേക്ക് തിരിച്ചുവിളിച്ച് ഒരു തിരിച്ചുവരവാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. സാവിക്ക് അതിന് സാധിക്കുമെന്ന് ആരാധകരും ഉറച്ച് വിശ്വസിക്കുന്നു.

Content Highlights: barcelona legend xavi hernandez returns as manager