നൊവോട്ന പൊഴിച്ചിട്ടുണ്ടാവും ഒരിക്കല്‍ക്കൂടി സന്തോഷക്കണ്ണീര്‍


പി.ജെ.ജോസ്

2 min read
Read later
Print
Share

അകാലത്തില്‍ അന്തരിച്ച മുന്‍ വിംബിള്‍ഡണ്‍ ജേത്രിയും തന്റെ  ആദ്യകാല പരിശീലകയും  മാര്‍ഗദര്‍ശിയുമായിരുന്ന നൊവോട്നയ്ക്കാണ് തന്റെ കിരീട നേട്ടം ക്രെജിക്കോവ സമര്‍പ്പിച്ചത്.

ഫ്രഞ്ച് ഓപ്പൺ കിരീടവുമായി ബാർബറ | Photo: Getty Images

യാതൊരു സാധ്യതകളുമില്ലാതെയെത്തി ഇക്കൊല്ലം ഫ്രഞ്ച് ഓപ്പൺ വനിതാ ടെന്നീസ് കിരീടം നേടി കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ. അകാലത്തിൽ അന്തരിച്ച മുൻ വിംബിൾഡൺ ജേത്രിയും തന്റെ ആദ്യകാല പരിശീലകയും മാർഗദർശിയുമായിരുന്ന നൊവോട്നയ്ക്കാണ് തന്റെ കിരീട നേട്ടം ക്രെജിക്കോവ സമർപ്പിച്ചത്. ട്രോഫി സ്വീകരിച്ച ശേഷം ക്രെജിക്കോവ തന്റെ വിക്ടറി സ്പീച്ചിലാണ് യാനയ്ക്ക് ആദരമർപ്പിച്ചത്. യാന നൊവോട്നയെന്ന ടെന്നീസിലെ കണ്ണീർക്കണം അതോടെ കായിക പ്രേമികളുടെ ഓർമയിൽ ഒരിക്കൽക്കൂടി എത്തി.

'എനിക്കറിയാം ...മുകളിലെവിടെയോ ഇരുന്ന് യാന എന്റെ വിജയം കാണുന്നുണ്ട്. യാന വിടപറയുന്നതിന് മുമ്പ് അവർക്കൊപ്പം ധാരാളം സമയം ചിലവഴിക്കാൻ എനിക്കായിട്ടുണ്ട്. ടെന്നീസ് ആസ്വദിക്കാനും കഴിയുമെങ്കിൽ ഒരു ഗ്രാൻസ്ലാം കിരീടം നേടാൻ ശ്രമിക്കാനുമാണ് അവർ എന്നോട് പറഞ്ഞ അവസാന വാക്കുകൾ' - വികാരവിക്ഷോഭത്തിനിടയിലും ക്രെജിക്കോവ പറഞ്ഞത് ഫ്രഞ്ച് ഓപ്പൺ ഫൈനൽ കണ്ട ടെന്നീസ് പ്രേമികൾ കേട്ടു. അവരുടെ ഓർമകളിൽ അപ്പോൾ നൊവോട്നയും കടന്നു വന്നിട്ടുണ്ടാകാം.

2017- നവംബറിലാണ് 49-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി നൊവോട്ന മഞ്ഞപ്പന്തുകളും റാക്കറ്റുമില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. രണ്ട് വിംബിൾഡൺ ഫൈനലുകളിലൂടെയാണ് യാന ടെന്നീസ് പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയത്. 1993-ലെ ആദ്യ ഫൈനലിലേത് തോൽവിയുടെ സങ്കട കണ്ണീരായിരുന്നുവെങ്കിൽ 1998-ലേത് വിജയിയുടെ ആനന്ദാശ്രുവായിരുന്നു.

പുൽക്കോർട്ട് വിദഗ്ധയാണ് യാനയെങ്കിലും 1993-ൽ അപ്രതീക്ഷിതമായാണ് അവർ വിംബിൾഡണിന്റെ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ക്വാർട്ടറിൽ ഗബ്രിയേല സബാറ്റിനിയെയും സെമിയിൽ മർട്ടീന നവരത്ലോവയെയും അട്ടിമറിച്ചായിരുന്നു ഫൈനൽ പ്രവേശം. അവിടെ എതിരാളി സാക്ഷാൽ സ്റ്റെഫി ഗ്രാഫ്. മുൻപ് സ്റ്റെഫിയെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ആരും നൊവോട്നയ്ക്ക് സാധ്യതയൊന്നും കൽപ്പിച്ചിരുന്നില്ല.

ആദ്യ സെറ്റ് സ്റ്റെഫി ടൈ ബ്രേക്കറിൽ നേടി. പതറാതെ തിരിച്ചു വന്ന നൊവോട്ന സ്റ്റെഫിയെ നിഷ്പ്രഭയാക്കി (6-1) രണ്ടാം സെറ്റ് നേടിയപ്പോൾ സെന്റർ കോർട്ട് ഉണർന്നു. നിർണായകമായ മൂന്നാം സെറ്റിൽ 4-1ന് നൊവോട്ന ലീഡെടുത്തപ്പോൾ കായിക ലോകം അട്ടിമറി മണത്തു. പിന്നീട് കണ്ടത് അവിശ്വസനീയമാംവിതം പതറുന്ന ചെക് താരത്തെയാണ്. കപ്പിനും ചുണ്ടിനുമിടയിൽ വച്ച് സ്റ്റെഫി വിജയവും വിംബിൾഡൺ കിരീടവും നൊവോട്നയിൽ നിന്നും പിടിച്ചെടുത്തു.

സമ്മാനദാന വേളയിലാണ് ആന്റി ക്ലൈമാക്സ് നടന്നത്. റണ്ണറപ്പിനുള്ള വീനസ് റോസ് വാട്ടർ ട്രോഫി സ്വീകരിക്കുന്നതിനിടെ നൊവോട്ന കരഞ്ഞു തുടങ്ങി. ചെറിയ ഒരു കരച്ചിലായിരുന്നില്ല അത്. മിനിറ്റുകൾ നീണ്ട പൊട്ടിക്കരച്ചിൽ. സമ്മാനം നൽകാനെത്തിയ കെന്റ് പ്രഭ്വി കാതറിന്റെ തോളിൽ തലചായ്ച്ച് കരഞ്ഞ നൊവോട്ന വിംബിൾഡണിന്റെ നൊമ്പര ചിത്രമായി മാറി. ട്രോഫി സ്റ്റെഫി നേടിയെങ്കിലും കായിക പ്രേമികളുടെ ഹൃദയം കീഴടക്കിയാണ് നൊവോട്ന മടങ്ങിയത്.

ഇനിയൊരിക്കൽ നിനക്ക് വിംബിൾഡൺ കിരീടം നേടാൻ സാധിക്കുമെന്ന് അന്ന് കെന്റ് പ്രഭ്വി പ്രവചിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അത് യാഥാർത്ഥ്യമായി. 1998-ൽ ഫ്രഞ്ച് താരം നതാലിയ തൗസിയത്തിനെ തോൽപ്പിച്ച് കരിയറിലെ ഏക വിംബിംൾഡൺ സിംഗിൾസ് കിരീടം നൊവോട്ന സ്വന്തമാക്കി. അന്ന് നൊവോട്നയുടെ കണ്ണിൽ നിന്നും ആനന്ദക്കണ്ണീരൊഴുകി.

മുമ്പ് ഒരിക്കൽപ്പോലും ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ലാത്ത പ്രിയ ശിഷ്യ ഇക്കുറി ഫ്രഞ്ച് ഓപ്പണിലെ വനിതാ ചാമ്പ്യൻമാർക്കുള്ള സുസാൻ ലെംഗ്ലെൻ കപ്പുയർത്തിയപ്പോൾ സ്വർഗത്തിലിരുന്ന് നൊവോട്ന ഒരിക്കൽക്കൂടി ആനന്ദാശ്രുക്കൾ പൊഴിച്ചിട്ടുണ്ടാകും. അതു തന്നെയാണല്ലോ ക്രെജിക്കോവ ഹൃദയത്തിൽ തട്ടി പറഞ്ഞതും.

Content Highlights: barbora krejcikovd and novotna french open 2021

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
world chess sensation praggnanandhaas mother nagalakshmis lifestory
Premium

5 min

രസവും ചോറുമുണ്ടാക്കാന്‍ റൈസ് കുക്കറുമായി കൂടെപ്പോകുന്ന അമ്മ;പ്രഗ്നാനന്ദയുടെ നിഴല്‍പോലെ നാഗലക്ഷ്മി

Aug 24, 2023


Who is the all-rounder who will win India third World Cup

3 min

ആരാവും ഇന്ത്യക്ക് മൂന്നാം ലോകകപ്പ് നേടിത്തരുന്ന ആ ഓള്‍റൗണ്ടര്‍?

Sep 6, 2023


grandmaster Ian Nepomniachtchi

4 min

നെപ്പോമ്‌നിഷി തിരിച്ചുവരുമോ?

Dec 7, 2021

Most Commented