ആൻഡ്രൂ സൈമണ്ട്സ്| ഫോട്ടോ എ.പി
ചുണ്ടില്‍ തേച്ചുപിടിപ്പിച്ച വെളുത്ത ചായം, പിന്നിലെ ചുരുണ്ട മുടി, രണ്ട് കണ്ണുമിറുക്കിയുളള ചിരി. ആന്‍ഡ്രൂ സൈമണ്ട്സ് എന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്ററുടെ ചിത്രം അങ്ങനെയാണ് കളിപ്രേമികളുടെ നെഞ്ചില്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നത്. മൈതാനത്ത് ഓസ്ട്രേലിയ അപരാജിത ശക്തികളായി വിരാജിക്കുമ്പോള്‍ ആ മഞ്ഞകുപ്പായത്തില്‍ മായാത്ത ചിരിയുമായി സൈമണ്ട്സുണ്ടായിരുന്നു. ലോകത്തിന് മറക്കാനാവാത്ത ഒരു പിടി നിമിഷങ്ങള്‍ സമ്മാനിച്ച താരം. ഓസ്ട്രേലിയക്കാരുടെ പ്രിയപ്പെട്ട റോയി.
1994-95 സീസണിലാണ് സൈമണ്ട്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ക്വീന്സ്ലാന്ഡിനു വേണ്ടി കളിച്ചായിരുന്നു ക്രിക്കറ്റിലേക്ക് ചുവട് വെക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീരമായ പ്രകടനമായിരുന്നു സൈമണ്ട്സിന്റേത്. ഒരു ഇന്നിംഗ്സില്‍ 16 സിക്സാണ് താരം നേടിയത്. ഒരു ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സന്നെ ആ റെക്കോഡ് 20 വര്‍ഷത്തോളം നിലനിന്നു. ഒരുപക്ഷേ സൈമണ്ട്സിന്റെ സുവര്‍ണകാലത്തായിരുന്നു ട്വന്റി 20 ക്രിക്കറ്റിന്റെ ഉദയമെങ്കില്‍ റെക്കോഡുകള്‍ പലതും ആ പേരിനൊപ്പം ചേര്‍ക്കപ്പെട്ടേനെ.
ഇംഗ്ലണ്ടില്‍ ജനിച്ച താരം ദത്തെടുത്ത രക്ഷിതാക്കള്‍ക്കൊപ്പമാണ് ഓസ്ട്രേലിയിലേക്ക് പോകുന്നത്. വേണമെങ്കില്‍ അദ്ദേഹത്തിന് ഇംഗ്ലണ്ടിനായി കളിക്കാമായിരുന്നു. 'എനിക്ക് ഇംഗ്ലണ്ടിന് വേണ്ടി കളിക്കേണ്ട. ഞാന്‍ എന്നെ ഓസീസ് താരമായാണ് പരിഗണിക്കുന്നത്.' - അടിക്കുന്ന സിക്സ് പോലെ അയാളുടെ തീരുമാനങ്ങളും കരുത്തുളളതായിരുന്നു. അങ്ങനെയാണ് ആ മഞ്ഞ കുപ്പായത്തില്‍ സൈമണ്ട്സിന്റെ യാത്ര തുടങ്ങുന്നത്.
1998-ലാണ് സൈമണ്ട്സ് ഓസ്ട്രേലിയക്കുവേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പലപ്പോഴും ഉഴറി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തന്നെ ഒരുങ്ങിയ ഘട്ടമായിരുന്നു അത്. അന്നത്തെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയോടും കോച്ച് ജോണ്‍ ബുച്ചനാനോടും എനിക്കിങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് പറഞ്ഞു. നിരാശയില്‍ അയാള്‍ ക്രിക്കറ്റ് മൈതാനത്ത് നിന്ന് തിരിഞ്ഞുനടന്നു. റഗ്ബി ലീഗില്‍ ബ്രിസ്ബേന്‍ ബാന്കോസിനായി പരിശീലനവും തുടങ്ങി.
എന്നാല്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ അയാള്‍ക്ക് എന്താണ് ചെയ്യാനാവുകയെന്ന് ആരാധകര്‍ പോലും ആശങ്കപ്പെട്ടിരുന്നു. പക്ഷേ ഒറ്റ കളികൊണ്ട് അയാള്‍ ലോകത്തിന്റെ മുന്നില്‍ നിറഞ്ഞുനിന്നു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 143 റണ്‍സാണ് സൈമണ്ട്സ് അടിച്ചെടുത്തത്. തന്നെ വിശ്വസിച്ച ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനുളള സമ്മാനം കൂടിയായിരുന്നു ആ സെഞ്ച്വറി. സൈമണ്ട്സ് ലോകകപ്പ് ടീമിലേക്ക് വരുന്നതില്‍ നെറ്റിചുളിച്ച് നിന്നവര്‍ക്ക് മുന്നിലാണ് എനിക്കയാളെ ടീമില്‍ വേണമെന്ന് ആര്‍ജവത്തോടെ പറയുന്നത്. ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഓസ്ട്രേലിയന്‍ ടീമിന്റെ നെടുംതൂണായിരുന്നു സൈമണ്ട്സ്.
ഏകദിനത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ബാറ്റ്സ്മാനായി സൈമണ്ട്സ് മാറി. 2003-2007 വര്‍ഷങ്ങളില്‍ ബാറ്റിംഗ് ശരാശരി 48 ആയിരുന്നു. ബാറ്റിനൊപ്പം ബോളിംഗിലും സൈമണ്ട്സ് മികച്ചുനിന്നു. ലോകത്തിലെ തന്നെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും സൈമണ്ട്സ് മാറി.
2004-ല്‍ കെന്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായി സെഞ്ച്വറി നേടി. ട്വന്റി 20 യില്‍ സെഞ്ച്വറി നേടുന്ന വെറും രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനായിരുന്നു സൈമണ്ട്സ്. നാല് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്ജോഴ്സിനായി കളിച്ചു. അന്ന് ഐപിഎല്ലിലെ വിലകൂടിയ വിദേശതാരമായിരുന്നു സൈമണ്ട്സ്. വൈകാതെ ടെസ്റ്റ് ടീമിലും സൈമണ്ട്സ് തന്റേതായ സാന്നിധ്യമറിയിച്ചു. മെല്‍ബണില്‍ നടന്ന 2006-07 ആഷസ് ടെസ്റ്റില്‍ സൈമണ്ട്സ് ആദ്യ ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. അപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായി സൈമണ്ട്സ് മാറിക്കഴിഞ്ഞിരുന്നു.
Also Read
കളിക്കളത്തിന് പുറത്ത് വിവാദങ്ങളും ഏറെയുണ്ടായിരുന്നു. 2005-ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നേ മദ്യപിച്ചതിനാല്‍ ടീമില്‍ നിന്ന് പുറത്താക്കി. 2008-ല്‍ ടീം മീറ്റിംഗ് ഒഴിവാക്കി മീന്‍പിടിക്കാന്‍ പോയതും വിവാദമായിരുന്നു. 2008-ല്‍ മറ്റൊരു സംഭവവും അരങ്ങേറി. സിഡ്നിയില്‍ നടന്ന ന്യൂ ഇയര്‍ ടെസ്റ്റിലെ മങ്കിഗെയ്റ്റ് വിവാദം. ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങ് തന്നെ 'മങ്കി' എന്ന് വിളിച്ചെന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. എന്നാല്‍ ഹര്ഭജന് സിങ്ങ് ഇത് നിഷേധിച്ചു. പക്ഷേ വംശീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ഹര്‍ഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. ഹര്‍ഭജനെ ശിക്ഷിച്ചാല്‍ ഇന്ത്യ പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതോടെ വിലക്ക് പിന്‍വലിച്ചു. 2011-ല്‍ ഹര്ഭജന് തന്നോട് മാപ്പപേക്ഷിച്ചതായി താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുമ്പോഴായിരുന്നു ഹര്ഭജന് മാപ്പപേക്ഷിച്ചത്.
അങ്ങനെ വിവാദങ്ങളും പോരാട്ടങ്ങളും ഏറെ ഉള്‍ക്കൊണ്ടതായിരുന്നു സൈമണ്ട്സിന്റെ ജീവിതം. പൊടുന്നനെ വിക്കറ്റ് വീഴ്ത്തുന്നൊരു യോര്ക്കറു പോലെ മരണം ആ ജീവിതത്തെയും കവര്‍ന്നെടുത്തിരിക്കുന്നു. ഇനിയൊരിക്കലും തിരിച്ചുവരാത്ത മടക്കം. പക്ഷേ അയാളുടെ ചിരിയും മൈതാനത്തെ മനോഹരമായ നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ എന്നും മായാതെ കിടക്കും.
Content Highlights: Australian Cricket Star Andrew Symonds Dies In Car Crash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..