മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ഇടയ്ക്ക് കൈമോശം വന്ന ഫിനിഷര്‍ റോളിലേക്ക് മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ധോനി ആരാധകരും ക്രിക്കറ്റ് പ്രേമികളും. എന്നാല്‍ ധോനിയെന്ന ഫിനിഷറെ താരതമ്യപ്പെടുത്താന്‍ പലപ്പോഴും ക്രിക്കറ്റ് പണ്ഡിതര്‍ ഒരു ഓസ്‌ട്രേലിയന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ പേര് ഉപയോഗിക്കാറുണ്ട്. മാത്യു ഹെയ്ഡന്‍, ആഡം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് എന്നിങ്ങനെ ഓസീസ് ക്രിക്കറ്റില്‍ ആഘോഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇടം ലഭിക്കാതിരുന്ന ഒരു പേര്. അല്ലെങ്കില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഒരു താരം. ഒന്നാന്തരം ഫിനിഷറെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പേരു ചൊല്ലി വിളിച്ച മൈക്കല്‍ ബെവന്‍.

ഒമ്പതു വര്‍ഷം നീണ്ട കരിയറില്‍ ഓസീസിനായി വെറും എട്ടു ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ബെവന്‍ കളിച്ചത്. ക്രിക്കറ്റിന്റെ വലിയ ഫോര്‍മാറ്റില്‍ അധികം കഴിവ് തെളിയിക്കാന്‍ കഴിയാതെ പോയ ബെവന്‍, 1994-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. അലന്‍ ബോര്‍ഡര്‍ വിരമിച്ച ശേഷമാണ് ബെവന്‍ ടീമിലെത്തുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ തന്നെ 82 റണ്‍സോടെ വരവറിയിച്ചു. എന്നാല്‍ റിക്കി പോണ്ടിങ്, ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരുടെ ഉദയത്തോടെ നാലു വര്‍ഷത്തിനു ശേഷം 1998-ല്‍ വെറും 18 ടെസ്റ്റുകളോടെ ബെവന്‍ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. 18 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ചുറികളടക്കം 785 റണ്‍സാണ് ടെസ്റ്റിലെ സമ്പാദ്യം. 

australian cricket legend michael bevan

എന്നാല്‍ ഏകദിനത്തില്‍ അയാള്‍ തികച്ചും വ്യത്യസ്തനായിരുന്നു. ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു കളിച്ചിരുന്ന താരം. സമ്മര്‍ദ ഘട്ടങ്ങള്‍ അയാളിലെ ബാറ്റ്‌സ്മാന്റെ മികവ് കൂടുതല്‍ കൂടുതല്‍ പുറത്തുവരാന്‍ കാരണമായി. 1994-ന് ശേഷം ഓസീസ് ബാറ്റിങ് നിര തകര്‍ച്ചയെ മുന്നില്‍കണ്ടപ്പോഴെല്ലാം അയാള്‍ ഒരു ഫിനിഷറുടെ റോള്‍ എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തു. പലപ്പോഴും തോല്‍വി മുന്നില്‍ കണ്ട ഘട്ടങ്ങളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് അയാള്‍ ഓസീസിനെ വിജയതീരത്തെത്തിച്ചിരുന്നു.

ടെസ്റ്റില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ബെവന്‍ പക്ഷേ ഓസീസ് ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമായി. വിസ്ഡന്‍ അക്കാലത്ത് തിരഞ്ഞെടുത്ത മികച്ച ഏകദിന താരങ്ങളുടെ പട്ടികയില്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ഡീന്‍ ജോണ്‍സ് എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനം ബെവനായിരുന്നു.

australian cricket legend michael bevan

ധോനി, ലാന്‍സ് ക്ലൂസ്നര്‍, മൈക്കല്‍ ഹസി, ജാവേദ് മിയാന്‍ദാദ്, ഡിവില്ലേഴ്സ്, മാര്‍ക് ബൗച്ചര്‍ എന്നിങ്ങനെ ക്രിക്കറ്റ് ലോകം കണ്ട ഫിനിഷര്‍മാര്‍ നിരവധിയുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ബെവന്‍. എല്ലാ പന്തിലും റണ്‍സെടുക്കുക എന്നതായിരുന്നു അയാളുടെ രീതി. സിംഗിളുകലിലൂടെ എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്താമെന്ന് അദ്ദേഹം കാണിച്ചുതന്നു. 

വിക്കറ്റിനിടയിലെ ഓട്ടമായിരുന്നു അയാളുടെ മറ്റൊരു പ്രത്യേകത. ഇന്ന് ധോനി കാണിക്കുന്ന വിക്കറ്റിനിടയിലെ സ്പ്രിന്റിങ് അക്കാലത്ത് ബെവന്റെ മാസ്റ്റര്‍പീസായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞാലും അക്കാലത്ത് ബെവന്‍ ഇറങ്ങാനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു ഓസീസ് ആരാധകര്‍ക്ക്. സച്ചിന്‍ ഔട്ടായാല്‍ ടിവി പൂട്ടിപ്പോകുന്ന നമുക്ക് ആ അവസ്ഥ മാറാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു എന്നത് ഇപ്പോള്‍ ഒന്ന് ഓര്‍ക്കണം. 

australian cricket legend michael bevan

ഓസീസ് മുന്‍നിരയ്ക്കും ബെവന്റെ സാന്നിധ്യം ഒരു കരുത്തായിരുന്നു. അത് അവരെ നിര്‍ഭയം ബാറ്റ് ചെയ്യാന്‍ പ്രാപ്തരാക്കി. അന്ന് ഓസീസ് നിരയില്‍ ബെവന്‍ നടത്തിയിരുന്ന രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് ധോനിയിലൂടെ നമ്മള്‍ കാണുന്നത്. ഇന്ന് സിക്‌സറുകളിലൂടെ ക്രിക്കറ്റ് ഒരു പക്കാ എന്റര്‍ട്ടെയ്‌നര്‍ ആയെന്ന വ്യത്യാസം മാത്രം. ധോനി കൂറ്റനടികളിലൂടെ മത്സരങ്ങള്‍ ജയിപ്പിച്ചപ്പോള്‍ ബെവന്‍ പതിഞ്ഞ താളത്തിലാണ് വഞ്ചി കരയ്ക്കടുപ്പിച്ചിരുന്നത്. 232 ഏകദിന മത്സരങ്ങളില്‍ ബെവന്റെ പേരിലുള്ളത് വെറും 21 സിക്‌സറുകള്‍ മാത്രമാണ് എന്നതിലുണ്ട് അദ്ദേഹം എത്ര സൂക്ഷ്മതയോടെയാണ് കളിച്ചിരുന്നത് എന്ന കാര്യം.

വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലും മൈതാനത്തെ വിടവുകള്‍ കണ്ടത്തുന്നതിലും ബെവന് പ്രതേക കഴിവായിരുന്നു ഉണ്ടായിരുന്നത്. അവശ്യ ഘട്ടങ്ങളില്‍ ബൗണ്ടറികള്‍ കണ്ടെത്തിയിരുന്ന അയാള്‍ അവസാന ഓവറുകളിലെ ബൗളറുമാരുടെ യോര്‍ക്കറുകളെ ഫലപ്രദമായി നേരിട്ടിരുന്നു.

അപകടകാരികളായ ബാറ്റ്‌സ്മാന്‍ എന്നത്തിനു പുറമേ ബെവന്‍ ഒരു മികച്ച ബൗളര്‍ കൂടെയായിരുന്നു. പല ഘട്ടങ്ങളിലും ഈ ചൈനാമാന്‍ ബൗളര്‍ ഓസ്‌ട്രേലിയക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയിരുന്നു. 232 ഏകദിനങ്ങളില്‍നിന്ന് 36 വിക്കറ്റാണ് സമ്പാദ്യം.

australian cricket legend michael bevan

2003 ലോകകപ്പില്‍ ഓസീസ് വിറച്ച മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരേ. 205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 135-ന് എട്ട് എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുന്ന സമയം. ജയത്തിലേക്ക് 70 റണ്‍സ് കൂടി വേണമായിരുന്നു. ബെവന്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ ഓസീസ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. 34 റണ്‍സ് നേടിയ ബിച്ചലിനൊപ്പമുള്ള 73 റണ്‍സ് കൂട്ടുകെട്ട് ഓസീസിന് വിജയമൊരുക്കി. 126 പന്തുകളില്‍ നിന്ന് 74 റണ്‍സോടെ ബെവന്‍ പുറത്താകാതെ നിന്നു.

1999-ലെ നാടകീയ സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 65 റണ്‍സിന്റെ വില ഓസീസ് അറിഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിച്ചപ്പോഴായിരുന്നു. ആ ലോകകപ്പ് നേടാന്‍ ഓസീസിന് വഴിയൊരുക്കിയതും ആ ഇന്നിങ്‌സ് തന്നെ. 

australian cricket legend michael bevan

ബെവന്‍ ഏകദിനത്തിലെ ആദ്യ സെഞ്ചുറി നേടുന്നതും ഇത്തരമൊരു സമ്മര്‍ദ ഘട്ടത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1997 ഏപ്രില്‍ 10-ന് സെഞ്ചൂറിയനില്‍ നടന്ന മത്സരത്തിലായിരുന്നു അത്. 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് മൂന്നിന് 58 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ബെവന്‍ ക്രീസിലെത്തുന്നത്. 95 പന്തില്‍ 103 റണ്‍സ് നേടിയ ബെവന്റെ മികവില്‍ ഓസീസ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി.

australian cricket legend michael bevan

മൂന്നു ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച അയാള്‍ ഒടുവില്‍ 2007 ജനുവരി 17-ന് തന്റെ 36-ാം വയസിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. പരിക്ക് കാരണമാണ് ഈ തീരുമാനമെന്ന് ബെവന്‍ പറഞ്ഞെങ്കിലും അത്രയ്ക്ക് വലിയ പരിക്കുകളൊന്നും അക്കാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും സേവനങ്ങള്‍ ചെയ്തിട്ടും ക്രിക്കറ്റ് ഓസ്‌ട്രേലിയ 2004-2005 കാലഘട്ടത്തില്‍ ബെവനെ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

കളി നിര്‍ത്തിയ ശേഷവും അയാളുടെ ഫിനിഷിങ് മികവിന്റെ തെളിവായി ഏകദിനത്തിലെ 53.17 എന്ന ബാറ്റിങ് ശരാശരി ഇന്നും തലയുയര്‍ത്തി നില്‍പ്പുണ്ട്. 

Content Highlights: australian cricket legend michael bevan