മൂളിപ്പായുന്ന ഔട്ട്സ്വിങ്ങര്‍ വില്ലോ തടിയും സ്റ്റിച്ച് ബോളും കൂട്ടിമുട്ടുന്ന മനോഹരശബ്ദം. മെക്‌സിക്കന്‍ വേവിന്റെ ആരവം. ഹര്‍ഷാ ബോഗ്ലെയുടെയും ഇയാന്‍ ചാപ്പലിന്റെയും കമന്ററിയുടെ ആവേശം. 'ഹൗ ഈസ് ദാറ്റ്' ഗാലറിയെ ഇളക്കിമറിക്കുന്ന അപ്പീലിന്റെ അലര്‍ച്ച... ഇതൊക്കെയാണ് ക്രിക്കറ്റിന്റെ സൗണ്ട് സ്‌കേപ്പ്. അല്ലെങ്കില്‍ ഇതാണ് ക്രിക്കറ്റിനെ ക്രിക്കറ്റാക്കുന്നത്. ഓസ്റ്റിന്‍ അനീഷ് ഫിലിപ്പിന്റെ ജീവിതത്തെ സൗണ്ട് ഫുള്‍ ആക്കിയതും ക്രിക്കറ്റിന്റെ ഈ സൗണ്ട് സ്‌കേപ്പാണ്. ആരാണീ ഓസ്റ്റിന്‍ എന്നല്ലേ, ഓസ്ട്രേലിയയ്ക്കുവേണ്ടി  ലോകകപ്പ് കളിക്കുന്ന സിഡ്നിക്കാരന്‍ മലയാളി. ഹരിയാണയില്‍ ഈ മാസം 23 മുതല്‍ 30 വരെ നടക്കുന്ന ടി 20 ബധിര വേള്‍ഡ് കപ്പിലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറാണ് ഓസ്റ്റിന്‍.

നിശബ്ദതയില്‍ നിന്ന് ലോകകപ്പിന്റെ  ആരവത്തിലേക്ക്

കോട്ടയംകാരന്‍ അനീഷ് ഫിലിപ്പിന്റെയും തിരുവനന്തപുരംകാരി ഷീബാ ഫിലിപ്പിന്റെയും ഇളയമകനാണ് ഓസ്റ്റിന്‍. വര്‍ഷങ്ങളായി അനീഷും കുടുംബവും സിഡ്നിയിലാണ് താമസം. ഓസ്റ്റിന്‍ ജനിച്ചത്  കേരളത്തിലാണ്. കേള്‍വിശക്തിയില്ല എന്നത് രണ്ടാംവയസ്സില്‍ തിരിച്ചറിഞ്ഞു. ശബ്ദങ്ങളില്ലാത്ത ലോകത്ത് ഓസ്റ്റിന് വാക്കുകളും അന്യമായിരുന്നു. അങ്ങനെ ആറുവയസ്സുവരെ ഒന്നുംകേള്‍ക്കാതെ ഒന്നുംപറയാതെ... ആറാംവയസ്സില്‍ ഓസ്റ്റിന്‍ കോക്‌ളിയര്‍ ഇംപ്‌ളാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഓരോ ശബ്ദവും പുതിയ അനുഭവം. ഓരോ വാക്കും പുതിയത്. നന്നേ ചെറുപ്പം മുതല്‍ത്തന്നെ ക്രിക്കറ്റ് ഓസ്റ്റിന് ഹരമായിരുന്നു. മൈക്കിള്‍ ഹസിയുടെ കടുത്ത ആരാധകന്‍. ശസ്ത്രക്രിയ്ക്കുശേഷം ക്രിക്കറ്റിന്റെ സൗണ്ട് സ്‌കേപ്പ് ഓസ്റ്റിനെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. ശബ്ദങ്ങളുടെ പുതിയ ലോകത്ത് ആദ്യം പറഞ്ഞ വാക്കുകളിലൊന്ന് 'മൈക്ക് ' -മൈക്കിള്‍ ഹസിയുടെ ചുരുക്കപ്പേര്. 

ഓസ്റ്റിന്റെ ക്രിക്കറ്റ് പ്രേമം അവന്റെ ശ്രവണപരിശീലനത്തില്‍ അധ്യാപകര്‍ കൃത്യമായി ഉപയോഗിച്ചു. 'തറ, പറ, അമ്മ അപ്പം ചുട്ടു'  എന്നൊക്കെ നമ്മള്‍ പഠിച്ചതുപോലെ ഓസ്റ്റിനും സംസാരിക്കാന്‍ പഠിച്ചുതുടങ്ങി. 'ബാറ്റിങ് ചെയ്യുന്നു, ബൗളിങ് ചെയ്യുന്നു' എന്നൊക്കെയായിരുന്നു എന്നുമാത്രം. കുട്ടിഓസ്റ്റിന്റെ മൈക്കിള്‍ ഹസി ആരാധന ഹസിയിലേക്കെത്തിച്ചത് ഓസ്റ്റിന്റെ ടീച്ചര്‍. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹസിയുമായുള്ള കൂടിക്കാഴ്ച ഒരുക്കി. ഓസ്റ്റിന്റെ ക്രിക്കറ്റ് ജീവിതം ഇവിടെ തുടങ്ങുന്നു. ഇന്നത്തെ ഓസ്റ്റിനിലേക്കുള്ള യാത്ര ഇവിടെ തുടങ്ങി എന്നുപറയുന്നതാവും കൂടുതല്‍ ശരി. 

Austin Aneesh Paul
കുടുംബത്തോടൊപ്പം

 

ക്രിക്കറ്റും ക്രിക്കറ്റിന്റെ ശബ്ദകോശവും ആയിരുന്നു ശ്രവണപരിശീലനത്തിന്റെ സിലബസ്. ക്രിക്കറ്റിന്റെ പ്രൊഫഷണല്‍ പടവുകള്‍ ഓരോന്നും  ആത്മവിശ്വാസമുള്ള ഏതുവേദിയിലും സംസാരിക്കാന്‍ ധൈര്യവും പക്വതയുമുള്ള ഒരു വ്യക്തിത്വത്തിലേക്കുള്ള യാത്രയായിരുന്നു ഓസ്റ്റിന് - പിതാവ് അനീഷ് പറയുന്നു

'ഏത് വിജയത്തേക്കാളും ഞങ്ങള്‍ക്ക് പ്രധാനം അവന്‍ ക്രിക്കറ്റ് കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നു എന്നുള്ളതാണ്; ക്രിക്കറ്റിന്റെ ശബ്ദം അവനെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.'

ഓസ്റ്റിന്‍ എന്ന പേസ് ബൗളര്‍ക്ക് വലിയ അവാര്‍ഡുകളേക്കാള്‍ മനോഹരമായി തോന്നാറുള്ളത് ലെതര്‍ ബോള്‍ സ്റ്റമ്പ് തെറിപ്പിക്കുന്ന ശബ്ദവും കാണികളുടെ ആരവവുമൊക്കെയാണ്. അതുകൊണ്ടുതന്നെ ബധിരര്‍ക്കുള്ള ക്രിക്കറ്റിനേക്കാള്‍  ഓസ്റ്റിന് ആവേശം മുഖ്യധാരാ ക്രിക്കറ്റ് കളിക്കുന്നതാണ്. കാരണം, മറ്റൊന്നുമല്ല ബധിര ക്രിക്കറ്റ് കളിക്കുമ്പോള്‍ ശ്രവണസഹായി ധരിക്കാന്‍ അനുവാദമില്ല എന്നതുതന്നെ.

Austin Aneesh Paul
ബ്രെറ്റ് ലീയോടൊപ്പം

 

ഓസ്റ്റിന്‍ എന്ന ക്രിക്കറ്റര്‍

ആറാംവയസ്സിലാണ് ഓസ്റ്റിന്‍ പരിശീലനം തുടങ്ങുന്നത്. മുഖ്യധാരാക്രിക്കറ്റില്‍ ഗ്രേഡ് രണ്ടില്‍ കളിക്കുന്ന ഓള്‍റൗണ്ടറാണ് ഓസ്റ്റിന്‍. ബ്രെറ്റ്ലിയും ഷെയ്ന്‍വോണുമൊക്കെ അരങ്ങുവാണ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ചവിട്ടുപടിയാണിത്. 

ഓസ്റ്റിന്‍ പറയുന്നു: ''ഓസ്ട്രേലിയന്‍ ടീമിനുവേണ്ടി കളിക്കുന്ന ആദ്യത്തെ ബധിരകളിക്കാരനാകണം''. ഐ.പി.എല്ലിന്റെ  ഓസ്ട്രേലിയന്‍ പതിപ്പായ ബിഗ്ബാഷും ഒന്നാം ഗ്രേഡ് ക്രിക്കറ്റുമൊക്കെയായി ഈ 17-കാരന് ലക്ഷ്യങ്ങളേറെയുണ്ട്. ഓസ്റ്റിന്റെ ഭാഷയില്‍ ആസ്വദിക്കാന്‍ ഇനിയുമേറെയുണ്ട്. ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വേള്‍ഡ് കപ്പിന്റെ ആവേശത്തില്‍. ഈമാസം 24 മുതല്‍ 30 വരെ ഹരിയാണയിലെ ഗുരുഗ്രാമിലാണ് ടി20 ബധിര വേള്‍ഡ്കപ്പ് നടക്കുന്നത്.

ഓസ്റ്റിന്‍ എന്ന പ്രചോദനം

സിഡ്നിയില്‍ 12-ാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ഓസ്റ്റിന്‍. ഓസ്ട്രേലിയന്‍ ടീമിലെ സാന്നിധ്യംകൊണ്ട് അതിലുപരി മുന്നില്‍വരുന്ന ഓരോ അവസരവും  ആഘോഷിച്ച് ഒരുപാടുപേര്‍ക്ക് പ്രചോദനമാവുകയാണ് ഓസ്റ്റിന്‍. അതില്‍ ആദ്യത്തെ പേര് സ്വന്തം അമ്മയുടേതാണ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയാണ് ഓസ്റ്റിന്റെ അമ്മ ഷീബ. ഓരോ ദിവസവും മകന്റെ കഥ മറ്റനേകം ബധിരവിദ്യാര്‍ഥികള്‍ക്ക് അവര്‍ പറഞ്ഞുകൊടുക്കുന്നു. കോക്‌ളിയര്‍ ഇംപ്‌ളാന്റ് ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കാമ്പയിനിന്റെ ഭാഗമാണ് ഓസ്റ്റിന്‍. 

Austin Aneesh Paul

കഠിനമായ പരിശീലനത്തിന്റെ ഫലമാണ് ഓസ്റ്റിന്റെ ക്രിക്കറ്റ് നേട്ടങ്ങള്‍. ഓരോ ദിവസവും നാലുമണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം. ക്‌ളബ്ബ് സീസണും ഗ്രേഡ് സീസണുമൊക്കെ ആകുമ്പോള്‍ ഇത് വീണ്ടും കൂടും. ആറാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ചിട്ടയായ മുടങ്ങാത്ത പരിശീലനം. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ അലനും അച്ഛന്‍ അനീഷുമാണ് രാവിലെയുള്ള വ്യായാമങ്ങള്‍ക്കും പരിശീലനത്തിനും കൂട്ട്.

ഓസ്റ്റിന്‍ ഓസ്ട്രേലിയന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതിനെ പ്രശംസിച്ച് മൈക്കിള്‍ ഹസി പറഞ്ഞതുകൂടി ചേര്‍ത്തുവായിക്കുമ്പോഴേ ഈ കുറിപ്പ് പൂര്‍ണമാകൂ -'ഓസ്റ്റിനെ കൊച്ചുകുട്ടിയിരിക്കുമ്പോള്‍ ഞാന്‍ പരിചയപ്പെട്ടതാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലായുള്ളവര്‍ക്ക് ലക്ഷ്യങ്ങള്‍ താണ്ടാന്‍ ഒന്നുംതടസ്സമാവില്ല എന്നതിന്റെ തെളിവാണ് ഓസ്റ്റിന്‍''.

(വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷണം നടത്തുകയാണ് ലേഖകന്‍)

 

Content Highlights: Austin Aneesh Paul Malayali Cricketer in Australian Team Interview