ഐ.എസ്.എല്ലിലേക്ക് പോഗ്ബയെത്തുമ്പോള്‍...


സ്വന്തം ലേഖകന്‍

Photo: Getty Images

ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ ജാലകം പുരോഗമിക്കുന്നതിനിടയിലാണ് എ.ടി.കെ മോഹന്‍ ബഗാന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കാല്‍പ്പന്തുപ്രേമികള്‍ക്ക് സുപരിചിതമായൊരു മുഖം പ്രത്യക്ഷപ്പെടുന്നത്. ഫ്രാന്‍സിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബയുടേതിന് സമാനമായിരുന്നു ചിത്രം. ചിത്രത്തിന് മുകളില്‍ പോഗ്ബയെന്ന എഴുത്തും കൂടിയായപ്പോള്‍ മാഞ്ചെസ്റ്റര്‍ വിട്ട പോള്‍ പോഗ്ബ എ.ടി.കെ യിലേക്ക് കൂടുമാറിയോ എന്ന് ഒരു നിമിഷം ആരാധകര്‍ അമ്പരന്നുപോയിട്ടുണ്ടാകണം. ഒറ്റനോട്ടത്തില്‍ ആര്‍ക്കും അങ്ങനയേ തോന്നൂ.

എടികെ സ്വന്തമാക്കിയ ആ താരം പോഗ്ബ തന്നെയാണ്. പക്ഷേ പോള്‍ പോഗ്ബയല്ലെന്നു മാത്രം. ഫ്‌ളോറന്റീന്‍ പോഗ്ബ. സൂപ്പര്‍താരം പോള്‍ പോഗ്ബയുടെ മൂത്ത സഹോദരന്‍. ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എഫ്.സി സോച്ചൗക്‌സ് മോണ്ട്‌ബെലിയാര്‍ഡില്‍ നിന്നാണ് താരത്തെ എ.ടി.കെ സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തെ കരാറിലാണ് ഫ്‌ളോറന്റീന്‍ ഐ.എസ്.എല്ലിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിലൊരാളാണ് പോള്‍ പോഗ്ബ. പന്ത് കൈവശം വെച്ച് കളിക്കാനും പ്രതിരോധകോട്ടകള്‍ ഭേദിച്ച് പന്തെത്തിക്കാനും വിശേഷാല്‍ കഴിവുളള താരം. എന്നാല്‍ ഫ്‌ളോറന്റീന്‍ പോഗ്ബയുടെ മേഖല പ്രതിരോധമാണ്. മുന്നേറ്റങ്ങളെ കൃത്യമായി തടയുകയാണ് അയാളുടെ ജോലി. ബ്രന്‍ഡന്‍ ഹാമിലിനൊപ്പം ഫ്‌ളോറന്റീനും ചേരുന്നതോടെ എ.ടി.കെ യുടെ പ്രതിരോധം ശക്തമാകുമെന്നുറപ്പാണ്.

2018 ഫുട്‌ബോള്‍ ലോകകപ്പ് വിജയിയായ പോള്‍ പോഗ്ബയെപ്പോലെ ഫ്‌ളോറന്റീന്‍ പോഗ്ബ ഫ്രാന്‍സിനുവേണ്ടിയല്ല കളിക്കുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ ഗുനിയയാണ് താരത്തിന്റെ തട്ടകം. ഗുനിയയിലെ ഏറ്റവും വലിയ സിറ്റിയായ കൊണാക്രിയിലാണ് ഫ്‌ളോറന്റീന്‍ ജനിച്ചത്. എട്ടാം വയസ്സില്‍ പോഗ്ബയുടെ കുടുംബം ഫ്രാന്‍സിലേക്ക് താമസം മാറുന്നു. അവിടത്തെ പ്രാദേശിക ക്ലബ്ബില്‍ കളിച്ചാണ് ഫ്‌ളോറന്റീന്റെ യൂത്ത് കരിയര്‍ തുടങ്ങുന്നത്. മികച്ച പ്രകടനം പുറത്തെടുത്തതോടെ 17-ാം വയസ്സില്‍ സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോ താരത്തെ ടീമിലെടുക്കുന്നു. പിന്നീടുളള രണ്ട് വര്‍ഷം ക്ലബ്ബിന്റെ യൂത്ത് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഫ്‌ളോറന്റീന്‍. പക്ഷേ ടീമിന്റെ സീനിയര്‍ തലത്തില്‍ കളിക്കാന്‍ സാധിച്ചില്ല.

2010 മാര്‍ച്ചില്‍ താരം സെഡാന്‍ ക്ലബ്ബില്‍ ചേരുന്നു. ഒരു വര്‍ഷം ക്ലബ്ബിന്റെ റിസര്‍വ് ടീമിനോടൊപ്പം പന്തു തട്ടിയതിനു ശേഷമാണ് സീനിയര്‍ തലത്തിലേക്ക് ചുവടുവെയ്ക്കുന്നത്. 2012- ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഫ്‌ളോറന്റീന്‍ എഎസ് സെയിന്റ് എറ്റിയെന്നെയിലേക്ക് കൂടുമാറിയെങ്കിലും പെട്ടെന്ന് തന്നെ സെഡാനിലേക്ക് ലോണില്‍ തിരികെ പോകേണ്ടിവരുന്നു. 2013 മുതല്‍ എഎസ് സെയിന്റ് എറ്റിയെന്നെയുടെ പ്രധാന താരങ്ങളിലൊരാളായി പോഗ്ബ മാറി.

ശേഷം തുര്‍ക്കിഷ് ലീഗിലും മേജര്‍ സോക്കര്‍ ലീഗിലും കളിച്ച ഫ്‌ളോറന്റീന്‍ നിരവധി കിരീടങ്ങളും നേടി. എം.എല്‍.എസിലെ അറ്റ്‌ലാന്റ യുണൈറ്റഡില്‍ നിന്ന് ഫ്രീ ഏജന്റായാണ് താരം ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എഫ്.സി സോച്ചൗക്‌സിലെത്തുന്നത്. ഇപ്പോള്‍ ഐ.എസ്.എല്ലിലും പന്ത് തട്ടാനൊരുങ്ങുകയാണ് ഫ്‌ളോറന്റീന്‍. പോഗ്ബയുടെ സഹോദരന്റെ കളി കാണാന്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികളും കാത്തിരിക്കുകയാണ്.

Photo: Getty Images

2017-ലെ യൂറോപ്പ ലീഗ് മത്സരത്തില്‍ പോഗ്ബ സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും എഎസ് സെയിന്റ് എറ്റിയെന്നെയും തമ്മിലുളള മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. സഹോദരനെതിരേ കളിക്കുന്നത് പുതിയ അനുഭവമാണെന്നാണ് അന്ന് ഫ്‌ളോറന്റീന്‍ പ്രതികരിച്ചത്. മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മാഞ്ചെസ്റ്റര്‍ വിജയിച്ചു.

ആഴ്‌സനലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഫ്‌ളോറന്റീന്‍ പോഗ്ബ. 2003-04 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഗണ്ണേഴ്‌സിന്റെ അപരാജിത കുതിപ്പ് കണ്ടാണ് താരം ക്ലബ്ബിന്റെ ആരാധകനാകുന്നത്. അന്ന് ആഴ്‌സണല്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കിരീടം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ അതിന് മുമ്പോ ശേഷമോ ഒരു ടീമും അങ്ങനെ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സിലേക്ക് പോകണമെന്ന ആഗ്രഹം 2017-ല്‍ ഫ്‌ളോറന്റീന്‍ പ്രകടിപ്പിച്ചിരുന്നു.

'വലിയ ലക്ഷ്യങ്ങളുളള, കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഫ്‌ളോറന്റീന്‍. പ്രതിരോധനിരയില്‍ നിന്ന് കൊണ്ട് ആക്രമിച്ചു കളിക്കാനുളള കഴിവ് അയാള്‍ക്കുണ്ട്.' - എ.ടി.കെ ഹെഡ് കോച്ച് യുവാന്‍ ഫെറാന്‍ഡോയുടെ വാക്കുകളാണിത്. പച്ചയും മെറൂണും ചാലിച്ച മോഹന്‍ ബഗാന്റെ കുപ്പായത്തില്‍ ഫ്‌ളോറന്റീന്‍ ഇറങ്ങുമ്പോള്‍ ഒരു 'പോള്‍ പോഗ്ബ' 'ടച്ച് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അയാളുടെ പരിചയ സമ്പത്ത് കൂടെയാകുമ്പോള്‍ ആ പ്രതിരോധകോട്ട മറികടക്കാന്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പാണ്.

Content Highlights: ATK Mohun Bagan sign Paul Pogba's elder brother Florentin Pogba

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented