ജി.വി. രാജാ പുരസ്‌കാരജേതാവും കോമണ്‍വെല്‍ത്ത് താരവുമായ ഒളിമ്പ്യന്‍ എം.എ. പ്രജുഷയ്ക്ക് 'അത്ലീന്‍' ആണ് ഇപ്പോഴെല്ലാം. 'അത്ലീനെ'ന്നാല്‍ ഗ്രീക്കുഭാഷയില്‍ സ്പോര്‍ട്സ് എന്നാണര്‍ത്ഥം. സ്പോര്‍ട്സിനെ ജീവനുതുല്യം സ്നേഹിച്ച എം.എ. പ്രജുഷ - ബിമിന്‍ കായികദമ്പതിമാര്‍ തങ്ങളുടെ മകനിട്ട പേരാണ് അത്ലീന്‍.

കുഞ്ഞു അത്ലീന് ഒക്ടോബറില്‍ ഒന്നാം പിറന്നാളാണ്. ബെംഗളൂരു റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ എം.എ. പ്രജുഷയിപ്പോള്‍ പ്രസവാനന്തര അവധിയിലാണ്. പഠിച്ച് കായികമായി വളര്‍ന്ന തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ കായികതാരങ്ങളെ അഭിനന്ദിക്കാനെത്തിയതാണ് ഇന്ത്യയുടെയും തൃശ്ശൂരിന്റെയും അഭിമാനതാരം. താരമെത്തിയപ്പോള്‍ കോളേജ് മുഴുവന്‍ പ്രജുഷയ്ക്കു ചുറ്റിലുമായി. വിശേഷങ്ങള്‍ ചോദിച്ചറിയാനും സെല്‍ഫിയെടുക്കാനും തിരക്കുകൂട്ടുന്നത് പലപ്പോഴും അധ്യാപകരാണ്. വിശേഷങ്ങളാരാഞ്ഞ അധ്യാപികയോട് തടിയല്‍പ്പം കൂടിയോയെന്ന പ്രജുഷയുടെ ചോദ്യത്തിന് ചിരിയോടെ മറുപടി നല്‍കി ചുറ്റുമുള്ളവര്‍.

'പഠനത്തിലാണ് കുട്ടികള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കായികമായുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങളുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ അത്യാവശ്യമാണ്.'- പ്രജുഷയ്ക്ക് ഭാവി കായികതാരങ്ങളോട് പറയാനുള്ളത് ഇതാണ്. വലുതായിക്കഴിഞ്ഞാല്‍ മകന്‍ അത്ലീന്‍ കായികലോകത്തെത്താന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രജുഷ. 'ഞാനിപ്പോഴും എം.എ. പ്രജുഷ തന്നെ', വിവാഹശേഷം പേരുമാറ്റിയില്ലെന്നു പറഞ്ഞ് ഒളിമ്പ്യന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.

കായികയാത്രകളിലെ പോള്‍വാള്‍ട്ട് സുഹൃത്ത് ബിമിന്‍ ജീവിതത്തില്‍ മറുപാതിയായിട്ട് ഏഴുവര്‍ഷം. ഇവരുടെ പ്രണയത്തിന് കായികലോകവും കുടുംബക്കാരും പച്ചക്കൊടി കാണിച്ചതോടെ ലോങ് ജമ്പും പോള്‍വാള്‍ട്ടും ഒരു കുടക്കീഴിലായി.

മാള അമ്പഴക്കാട് മാളിയേക്കല്‍ എം.ടി. ആന്റണിയുടെയും ആനീസിന്റെയും മകള്‍ പ്രജുഷയ്ക്ക് കായികവാസന ചെറുപ്പത്തിലേയുണ്ട്. ഹൈജമ്പിലായിരുന്നു ആദ്യമൊക്കെ മത്സരിച്ചിരുന്നത്. ചേച്ചി വെനീഷ്യ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നത് കണ്ട് വളര്‍ന്നതാണ് പ്രജുഷ. വെനീഷ്യ പിന്നീട് കായികമത്സരങ്ങളില്‍നിന്ന് മാറിനിന്നപ്പോള്‍ പ്രജുഷ കായികലോകത്തെ ഇന്ത്യയുടെ അഭിമാനമായി. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് തൃശ്ശൂര്‍ സായിയില്‍ പ്രവേശനം ലഭിക്കുന്നത്.

പിന്നീട് സെന്റ് മേരീസ് കോളേജില്‍ 2004-2007 ബാച്ച് ബോട്ടണി ബിരുദവിദ്യാര്‍ഥിയായി. ഇവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2004-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന ദേശീയമത്സരത്തില്‍ സ്വര്‍ണജേതാവായി. കാലിക്കറ്റ് സര്‍വകലാശാലയുടെ ലോങ് ജമ്പ് റെക്കോഡ് 15 വര്‍ഷമായി പ്രജുഷയുടെ പേരിലാണ്.

പുണെയിലായിരുന്നു പ്രജുഷയുടെ ആദ്യ അന്തര്‍ദേശീയ മത്സരം. അന്ന് വെള്ളിമെഡല്‍ നേടി. 2008-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും 2009-ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും വെങ്കലം. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിസില്‍ ട്രിപ്പിള്‍ ജമ്പില്‍ വെള്ളി. 2011-ല്‍ ജി.വി. രാജാ പുരസ്‌കാരം നേടിയത് അഭിമാനനിമിഷമെന്ന് പ്രജുഷ പറയുന്നു. 2002 മുതല്‍ 2016 വരെ എം.എ. ജോര്‍ജ് എന്ന പരിശീലകനായിരുന്നു പ്രജുഷയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. എറണാകുളം സൗത്ത് റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് ബിമിന്‍.

Content Highlights: Athlean is everything for Olympian MA Prajusha