.പി.എല്ലില്‍ കളിക്കണമെന്നത് ഇന്ന് ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഓരോ ക്രിക്കറ്റ് യുവത്വങ്ങളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടുക എന്നതിനൊപ്പം തന്നെ സാമ്പത്തിക ഭദ്രത കൂടി സ്വപ്‌നം കണ്ടാണ് പലരും ഇതിനായി ശ്രമിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ഡിസംബറില്‍ ഐ.പി.എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 971 താരങ്ങളില്‍ ഒരാളായിരുന്നു അഥര്‍വ അങ്കോലേക്കര്‍ എന്ന മുംബൈ സ്വദേശി.

ഇടംകൈയന്‍ സ്പിന്നറായ അഥര്‍വയ്ക്ക് കഴിഞ്ഞ ഏഷ്യാകപ്പ് ജൂനിയര്‍ ഫൈനലില്‍ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയായിരുന്നു കൈമുതല്‍. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അഥര്‍വയ്ക്ക് പക്ഷേ ഒരു സാങ്കേതിക പ്രശ്‌നം കാരണം അന്തിമ പട്ടികയില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ മാനദണ്ഡം കണക്കിലെടുത്തപ്പോള്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ കളിച്ചിട്ടില്ലെന്ന കാരണത്താല്‍ അവന്‍ പുറത്താകുകയായിരുന്നു.

എന്നാല്‍ അവസരം ലഭിക്കാതിരുന്നതിനേക്കാള്‍ അവനെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു. ഐ.പി.എല്ലില്‍ സെലക്ഷന്‍ കിട്ടിയാല്‍ അമ്മയെ ഇനി കണ്ടക്ടര്‍ ജോലിക്ക് വിടരുതെന്ന സ്വപ്‌നം കൈവിട്ടതോര്‍ത്ത്.

Atharva Ankolekar wants mother to quit bus conductor’s job after U19 WC final

എന്നാല്‍ അന്ന് തെല്ലും തളരാതെ തന്റെ സ്വപ്‌നം നടപ്പാക്കാനായി മുന്നിട്ടിറങ്ങിയ അഥര്‍വ അങ്കോലേക്കര്‍ എന്ന കൗമാരക്കാരന് പിന്നീട് ലഭിച്ചത് അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരിടമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെതിരേ പൊരുതി നേടിയ അര്‍ധ സെഞ്ചുറിയും അവരെ വരിഞ്ഞുമുറുക്കിയ ബൗളിങ് പ്രകടനവും അഥര്‍വയുടെ ക്ലാസിന്റെ തെളിവായിരുന്നു. മറ്റു താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് അഥര്‍വയുടെ പ്രകടനമായിരുന്നു. മാത്രമല്ല സെമിയില്‍ പാകിസ്താനെതിരേ മൂന്നു വിക്കറ്റുമായി തിളങ്ങാനും അവനായി.

ബംഗ്ലാദേശിനെതിരേ ഞായറാഴ്ച കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കിരീടത്തിനൊപ്പം തന്നെ കൈയെത്തും ദൂരത്ത് തനിക്ക് നഷ്ടമായ മറ്റൊന്നുകൂടി അവന്‍ സ്വപ്‌നം കാണുന്നുണ്ട്. അഥര്‍വയ്ക്ക് ലോകകപ്പ് ജയിക്കണം എന്നിട്ട് തനിക്കായി ഓരോ ദിവസവും കഷ്ടപ്പെടുന്ന അമ്മയെ ഇനി ബസ് കണ്ടക്ടര്‍ ജോലിക്ക് വിടാതിരിക്കണം.

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു കീഴിലുള്ള ബൃഹത് മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ടില്‍ (ബെസ്റ്റ്) കണ്ടക്ടറാണ് 18-കാരന്‍ അഥര്‍വയുടെ അമ്മ വൈദേഹി അങ്കോലേക്കര്‍.

2010-ല്‍ അച്ഛന്‍ മരിക്കുമ്പോള്‍ വെറും ഒമ്പതു വയസു മാത്രം പ്രായമുണ്ടായിരുന്ന അഥര്‍വയെ പിന്നീട് വൈദേഹി ഒറ്റയ്ക്കാണ് വളര്‍ത്തിയത്. അഥര്‍വയുടെ പിതാവും 'ബെസ്റ്റി'ലെ കണ്ടക്ടറായിരുന്നു, പോരാത്തതിന് ഒരു ക്ലബ്ബ് ക്രിക്കറ്റ് താരവും. മരണശേഷം അദ്ദേഹത്തിന്റെ ജോലിയാണ് വൈദേഹിക്ക് ലഭിച്ചത്.

Atharva Ankolekar wants mother to quit bus conductor’s job after U19 WC final

''ഏറെ പ്രയാസമുള്ള ജോലിയായതിനാലാണ് ഞാന്‍ കണ്ടക്ടര്‍ ജോലിക്ക് പോകേണ്ടെന്ന് അവന്‍ (അഥര്‍വ) പറയുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ എടുത്തുചാടി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. കാരണം ടൂര്‍ണമെന്റുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് അവന്റെ വരുമാനം. അത് കൃത്യമല്ലതാനും. എനിക്ക് പൂര്‍ണമായും അവനെ ആശ്രയിക്കാന്‍ സാധിക്കില്ല. കാരണം എനിക്ക് ഇനിയും ഒരാളെ കൂടി നോക്കാനുണ്ട് (അഥര്‍വയ്ക്ക് 14 വയസുള്ള ഒരു അനിയന്‍ കൂടിയുണ്ട്). അവന് ക്രിക്കറ്റില്‍ ഒരു സ്ഥിരവരുമാനമാകുന്നതുവരെ ഞാന്‍ ജോലി തുടരും'', വൈദേഹി പറയുന്നു.

എന്നാല്‍ ഈ ഞായറാഴ്ച മുംബൈ മാറോള്‍ ഡിപ്പോയില്‍ നിന്ന് വൈശാലി നഗറിലേക്ക് പോകുന്ന 307-ാം നമ്പര്‍ ബസില്‍ കണ്ടക്ടറായി വൈദേഹി ഉണ്ടാകില്ല. പ്രാര്‍ഥനകളുമായി അവര്‍ അന്ന് ടിവിക്ക് മുന്നിലായിരിക്കും. മകന്‍ ലോകകിരീടം ഉയര്‍ത്തുന്നത് കാണാന്‍.

Content Highlights: Atharva Ankolekar wants mother to quit bus conductor’s job after U19 WC final