ഴിഞ്ഞയാഴ്ച ഇറാനിലെ ഗോര്‍ഗണില്‍  സമാപിച്ച ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, പാകിസ്താനെ തോല്‍പിച്ച് കിരീടം നേടിയപ്പോള്‍ ഇറാന്‍ ആരാധകരുടെ പിന്തുണ ഇന്ത്യന്‍ ടീമിനായിരുന്നുവെന്ന് വായിച്ചു.  ഇറാന്‍ ആരാധകര്‍ ഇന്ത്യക്ക് ജയ് വിളിക്കുന്ന ചിത്രങ്ങള്‍ ചില ഇന്ത്യന്‍ താരങ്ങള്‍സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. അജയ് താക്കൂറും പ്രദീപ് നര്‍വാളും സുരേന്ദ്ര നഡെയും ദീപക് നിവാസ ഹുഡയും മോഹിത് ചില്ലാറുമൊക്കെയടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ലോക നിലവാരത്തിലുള്ള പ്രകടനം ഇറാന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നുവെന്നതാണ് സത്യം . 'ഇന്ത്യാ, ഇന്ത്യാ' വിളികള്‍ കൊണ്ടും 'ഹിന്ദുസ്താന്‍ ' വിളികള്‍കൊണ്ടും ഇന്ത്യന്‍ ടീമിന് അവര്‍ ആവേശം പകര്‍ന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് താക്കൂറിനെയും  സൂപ്പര്‍ റെയ്ഡര്‍ പര്‍ദീപ് നര്‍വാളിനെയും പേരെടുത്ത് വിളിച്ച് അവര്‍ പ്രചോദിപ്പിക്കുക്കുകയും ചെയ്തു.

ഇതിനിടയിലാണ് ഓര്‍മകള്‍ മൂന്നു വര്‍ഷം പുറകോട്ട് പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ 20014 ഒക്ടോബര്‍ മൂന്ന്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലെ കബഡി ഫൈനലാണ് വേദി. സോങ്ഡോ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ജിംനേഷ്യത്തില്‍ നടന്ന കലാശക്കളിയില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഫൈനലില്‍ ഇന്ത്യയുടെയും ഇറാന്റെയും ടീമുകളാണ് ഏറ്റുമുട്ടുന്നത്. 

ഏഷ്യന്‍ ഗെയിംസിന് അടുത്ത ദിവസം തിരശ്ശീല വീഴും. ഗെയിംസില്‍ സ്വര്‍ണപ്പട്ടിക ഇരട്ട അക്കത്തിലെത്തിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടുകയാണ്.  ഇന്ത്യക്ക് സ്വര്‍ണ മെഡല്‍പ്പട്ടികയില്‍ രണ്ടക്കത്തിലേക്ക് കടക്കാനുളള അവസരമാണ് കബഡി.ഇന്ത്യയുടെ പുരുഷന്‍മാരും വനിതകളും നിലവിലെ ചാമ്പ്യന്‍മാരും ഫേവറിറ്റുകളുമാണ്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെല്ലാം തന്നെ രാവിലെ തന്നെ സോങ്ഡോ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയിലേക്ക് വച്ചടിച്ചു. 

ഗാലറിയിലെത്തിയപ്പോള്‍  ഇറാനുള്ള ജയ് വിളികളാണ് ഉയര്‍ന്ന് കേട്ടത്. ഇറാനില്‍ നിന്നുള്ള മാധ്യമ സംഘം , പുരുഷന്‍മാരും വനിതകളുമായി അമ്പത് പേരില്‍ കൂടുതല്‍ കാണും. ഒറ്റക്കെട്ടായി അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുകയാണ്. മീഡിയാ വില്ലേജില്‍ നിന്ന് രാവിലെ സ്റ്റേഡിയങ്ങളിലേക്ക് പോകുമ്പോഴും രാത്രി 12.30യ്ക്കുള്ള അവസാന ബസില്‍ മെയിന്‍ പ്രസ് സെന്ററില്‍ നിന്നും മീഡിയ വില്ലേജിലേക്ക് തിരികെ വരുമ്പോഴും ഇവരെ എന്നും കാണുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതുമാണ്. പക്ഷേ ഫൈനലിന്റെ അന്ന് അവര്‍  പരിചയത്തിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. സ്വന്തം ടീമിന് പിന്തുണ നല്‍കുന്ന തിരക്കിലായിരുന്നു എല്ലാവരും.

Kabaddi
Photo: Twitter/ProKabaddi

ഇറാന്‍ പത്രപ്രവര്‍ത്തകര്‍ പുലികളാണ് , പ്രത്യേകിച്ചും സ്ത്രീകള്‍. അത് ഒരു ദിവസം നേരിട്ടുകണ്ടതുമാണ്. പ്രസ് സെന്ററില്‍ നിന്ന് ഞങ്ങള്‍ രാത്രി 12.30നുള്ള അവസാന ബസിനാണ് പതിവായി മടങ്ങുന്നതെന്ന് പറഞ്ഞല്ലോ. ഗെയിംസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഈ ബസ് ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ റദ്ദാക്കി. ഇതറിയാതെ പന്ത്രണ്ട് മണികഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മലയാളി മാധ്യമസംഘം ബസ് സെന്ററിലെത്തി. 

വൈകാതെ ഇറാന്‍ സംഘവും എത്തി. സാധാരണ 12.15ന് ബസ് എത്തുന്നതാണ്. അന്ന് പന്ത്രണ്ടരയായിട്ടും ബസില്ല. തിരക്കിയപ്പോഴാണ് ഇനി മുതല്‍ 12.30ക്കുള്ള ബസില്ലെന്ന് അറിയുന്നത്. അവസാന ബസ് 12 മണിക്ക് പോയിക്കഴിഞ്ഞിരുന്നു .ഞങ്ങള്‍ അന്തവും കുന്തവുമില്ലാതെ നില്‍ക്കുമ്പോഴാണ് ഇറാന്‍ സംഘത്തിലെ  പെണ്‍കുട്ടികള്‍ റോഡിലേക്കിറങ്ങി ഇരുന്നത്. അത് വഴി വന്ന സംഘാടകരുടെ വാഹനം അവര്‍ തടഞ്ഞിട്ടു. ഉടനെ ഇറാന്റെ പുരുഷ സംഘവും അവര്‍ക്കൊപ്പം ചേര്‍ന്നു. വഴി ബ്ലോക്കായി. കൊറിയക്കാര്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരിക്കാം.  ഒടുവില്‍ ചര്‍ച്ചയായി. വൈകാതെ ഒരു ബസ്  മീഡിയാ വില്ലേജിലേക്ക് അനുവദിച്ചു. അത് മാത്രമല്ല രാത്രി 12.30നുള്ള ബസ്  പിറ്റേദിവസം മുതല്‍ പുനസ്ഥാപിക്കുകയും ചെയ്തു.

കബഡിയില്‍ ആദ്യം വനിതാ ഫൈനലാണ് നടക്കുന്നത്. ഇന്ത്യയുടെ പെരുമയെ ഒട്ടും  ഭയക്കാതെ ഇറാന്‍ പെണ്‍കൊടികള്‍ കളിക്കുന്നു. അവരുടെ ടീമിലെ എട്ടാമത്തെ അംഗമായി ഇറാനിലെ മാധ്യമ പ്രവര്‍ത്തകരും. അവരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പെണ്‍കുട്ടികളുടെ ഊര്‍ജം ഇരട്ടിച്ചപോലെ. ആദ്യ പകുതിയില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അവര്‍ക്കായി. ക്യാപ്റ്റന്‍ തേജസ്വിനി ഭായിയുടെയും മമതയുടെയുമൊക്കെ പരിചയ സമ്പത്താണ് ഒരു അട്ടിമറിയില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്തി സുവര്‍ണ നേട്ടത്തിലെത്തിച്ചത്.

വൈകാതെ പുരുഷ ഫൈനല്‍ തുടങ്ങി. അപ്പോഴേക്കും ഇഞ്ചിയോണിലും പരിസര പ്രദേശങ്ങളിലും പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ മലയാളികളുള്‍പ്പെടെയുള്ള  നിരവധി ഇന്ത്യക്കാര്‍ കളി കാണാനായി എത്തിയിരുന്നു. ഇറാന്‍ മാധ്യമപ്രവര്‍ത്തക സംഘം അവരുടെ ടീമിന് ജയ് വിളിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കില്ലെങ്കിലും 'ഇന്ത്യ ജീത്തേഗാ' വിളികളോടെ അവരും അരങ്ങ് കൊഴിപ്പിച്ചു. മത്സരം കഴിഞ്ഞെത്തിയ ഇന്ത്യയുടെയും ഇറാന്റെയും വനിതാ താരങ്ങള്‍ അവരവരുടെ ടീമിനെ ആവുന്നത്ര പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

രാകേഷ് കുമാറും അനൂപ് കുമാറും ജസ്​വീർ സിങും അജയ് താക്കൂറുമൊക്കെയടങ്ങുന്ന ഇന്ത്യന്‍ ടീമിനെ കളി തുടങ്ങി വൈകാതെ തന്നെ  ഇറാന്‍ സംഘം വിറപ്പിച്ചു കളഞ്ഞു. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇറാന്‍ 21-13ന് ലീഡെടുത്തു. ഇന്ത്യന്‍ ആരാധകര്‍  തോല്‍വി മണത്തു. തുടര്‍ച്ചയായ ഏഴാം ഏഷന്‍ ഗെയിംസ് കബഡി സ്വര്‍ണം തേടിയെത്തിയ സൂപ്പര്‍ താരനിര വിയര്‍ത്തു. 

രണ്ടാം പകുതിയില്‍ കളി പക്ഷേ ഇന്ത്യയുടെ നിയന്ത്രണത്തിലായി. ക്യാപ്റ്റന്‍ രാകേഷും അനൂപും അജയും റെയ്ഡ് പോയന്റുകള്‍ വാരിക്കൂട്ടുകയും ഇന്ത്യ പ്രതിരോധം ശക്തമാക്കുകയും ചെയ്തതോടെഇന്ത്യ സമനില പിടിച്ചു. അപ്പോഴും ഇറാന്റെ ഉത്സാഹക്കമ്മറ്റിക്കാര്‍ ടീമിന് പിന്തുണയുമായി ആര്‍ത്തു വിളിക്കുന്നുണ്ട്. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ ഇന്ത്യ ലീഡ് നേടിയതോടെ ഇന്ത്യന്‍ ആരാധകരും ആവേശക്കടലിലായി. ഇറാന്‍ ആരാധകരുടെ ആവേശം ആശങ്കയ്ക്ക് വഴിമാറുകയും ചെയ്തു. വൈകാതെ 27-25ന് ഇന്ത്യ വിജയം പിടിച്ചെടുത്തതോടെ ഇറാന്‍കാരുടെ ഭാഗത്ത് നിശബ്ദതയും നിരാശയും. ഇന്ത്യന്‍ ആരാധകരുടെ ആവേശം അതിരുകള്‍ ഭേദിക്കുകയും ചെയ്തു.

Kabaddi
Twitter

അതിന് ശേഷം ഇറാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് അവിടുത്തെ ചില പ്രദേശങ്ങളില്‍ കബഡിക്കുള്ള സ്വാധീനം അറിഞ്ഞത്. നാല്‍പ്പതോളം കബഡി ക്ലബ്ബുകള്‍ അന്ന് അവിടെയുണ്ട്. അതില്‍ രണ്ട് ക്ലബ്ബുകള്‍ക്ക് ശക്തമായ ടീമുമുണ്ട്.

ഇന്ത്യയില്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണ്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്. അതിനുശേഷം നാല് തവണകൂടി ഇപ്പോള്‍ പ്രോ കബഡി ലീഗ് അരങ്ങേറി. അന്ന് ഇഞ്ചിയോണില്‍ , ഇന്ത്യയെ വിറപ്പിച്ച ഫസല്‍ അട്രാച്ചലിയും മിറാജ് ഷേക്കും ഹാദി ഒഷ്ടോറാക്കുമൊക്കെ ഇപ്പോള്‍ പ്രോ കബഡിയിലെ നിത്യ സാന്നിധ്യങ്ങളും ആരാധകരുടെ ഇഷ്ട താരങ്ങളുമാണ്.

സ്വന്തം രാജ്യം  കളിക്കുമ്പോള്‍ ആരും അവരുടെ രാജ്യത്തെ പ്രോത്സാഹിപ്പിക്കുകയുള്ളു. അതാണ് അന്ന് ഇഞ്ചിയോണില്‍ കണ്ടത്. ഇറാനിലെ ഗോര്‍ഗനില്‍ പക്ഷേ സുന്ദരമായ കബഡിക്ക് കയ്യടിക്കുകയായിരുന്നു ഇറാന്‍കാര്‍. (അക്കൂട്ടത്തില്‍ അന്ന് ഇഞ്ചിയോണിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകരും കാണുമായിരിക്കുമോ?) അതേ കബഡി ആരാധകഹൃദയം കീഴടക്കി കഴിഞ്ഞു.

അന്ന്‌ സോങ്ഡോയില്‍ ഇന്ത്യ ഇരട്ട സ്വര്‍ണം നേടിയതും കബഡി കളിക്കിടയിലെ  ആധകരുടെ പോരാട്ടവും തോല്‍വിയുടെ  വക്കില്‍ നിന്നും ഇന്ത്യന്‍ ടീം വിജയം പിടിച്ചെടുത്തതുമൊക്കെ എത്ര കാലം കഴിഞ്ഞാലും മറക്കുകയില്ല. ചില ഓര്‍മകള്‍ അങ്ങനെയാണല്ലോ?