Ashleigh Barty
എന്നും പ്രവചനങ്ങള്‍ക്കപ്പുറത്തായിരുന്നു ബാര്‍ട്ടിയുടെ നീക്കങ്ങള്‍. ടെന്നീസ് കോര്‍ട്ടിനകത്തും പുറത്തും ബാര്‍ട്ടിയുടെ യാത്ര അങ്ങനെയാണ്. പതിവ് തെറ്റിക്കാതെ ഇക്കുറിയും ആ 25 കാരി കായികലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു. ആര്‍ക്കും പിടികിട്ടാത്തൊരു സ്ലൈസ് ബാക്ക്ഹാന്‍ഡ് പോലെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. അതും ലോക ഒന്നാം നമ്പര്‍ വനിതാ താരമായി തുടരുമ്പോള്‍.
'എനിക്കുളളതെല്ലാം തന്നത് ടെന്നീസാണ്. അഭിമാനത്തോടെയാണ് വിടവാങ്ങുന്നത്. ടെന്നീസിനപ്പുറമുളള സ്വപ്നങ്ങള്‍ തേടുന്നതിനായി കളി നിര്‍ത്തുകയാണ്' - വിങ്ങുന്ന ഹൃദയവും നനഞ്ഞ കണ്ണുകളുമായി താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും ബാര്‍ട്ടി ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ സ്വപ്നങ്ങളോരോന്നും നെയ്തുകൂട്ടിയ ടെന്നീസ് കോര്‍ട്ടിലേക്ക് ഇനി ഇല്ലെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ ആ ചിരി പെട്ടെന്ന് മാഞ്ഞു. കണ്ണീരോടെ പറഞ്ഞവസാനിപ്പിച്ച് ചരിത്രം കൊണ്ട് കൂട്ടിവെച്ച കൊടുമുടിയില്‍ നിന്ന് ബാര്‍ട്ടി സ്വയമിറങ്ങി. പിറകില്‍ അനാഥമായി കിടക്കുന്ന കോര്‍ട്ടിലേക്ക് ഇനിയൊരു തിരിഞ്ഞുനോട്ടമുണ്ടാകുമോയെന്ന് കായികലോകത്തിന് നിശ്ചയമില്ല.
ഇത്ര പെട്ടെന്ന് ബാര്‍ട്ടി റാക്കറ്റ് താഴെ വെയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. അതും 25 വയസ് മാത്രം പ്രായമുളളപ്പോള്‍. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുളളിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുളള വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളായി ലോക ഒന്നാം നമ്പര്‍ വനിതാ താരമാണ് ആഷ്ലി. 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയാണ് നേടിയ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിലും കിരീടം നേടിയിട്ടുണ്ട്.
കുട്ടിക്കാലത്ത് തന്നെ ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ബാര്‍ട്ടിയുടെ ടെന്നീസ്. നാലാം വയസില്‍ റാക്കറ്റേന്തിയ കൈകള്‍ പിന്നീടങ്ങോട്ട് കളിക്കളത്തില്‍ മികവോടെ കുതിച്ചു. തന്നേക്കാള്‍ പോന്നവരോടൊപ്പം തളരാതെ പോരാടിയ ബാര്‍ട്ടി 14-ാം വയസിലാണ് ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 15-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടി. അതേ വര്‍ഷം തന്നെ വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടവും നേടി. 17-ാം വയസില്‍ തന്നെ ഡബിള്‍സിലെ മികച്ച താരമായി ബാര്‍ട്ടി മാറിയിരുന്നു. പക്ഷേ കളിക്കളത്തിലെ സമ്മര്‍ദങ്ങളും നിരന്തരമായ യാത്രകളും കാരണം താരം കളി താത്കാലികമായി മതിയാക്കി. വിഷാദത്തിലേക്ക് വീണു പോകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.
പിന്നീട് ക്രിക്കറ്റ് മൈതാനങ്ങളിലാണ് ബാര്‍ട്ടി തിരികെയെത്തിയത്. ഓസ്ട്രേലിയയിലെ വനിതകളുടെ ബിഗ്ബാഷ് ട്വന്റി-20 ലീഗില്‍ ബ്രിസ്ബേന്‍ ഹീറ്റ്സിനായാണ് താരം കളിച്ചത്. 17 മാസത്തെ ഇടവേളക്ക് ശേഷം 2016-ല്‍ ബാര്‍ട്ടി ടെന്നീസിലേക്ക് തിരിച്ചു വന്നു. ക്രൈഗ് ടൈസറായിരുന്നു ബാര്‍ട്ടിയുടെ കോച്ച്. പിന്നീട് മികച്ച പ്രകടനമാണ് ബാര്‍ട്ടി കാഴ്ചവെച്ചത്. സിംഗിള്‍സിലും ഡബിള്‍സിലും മിഴിവോടെ റാക്കറ്റേന്തിയ ബാര്‍ട്ടി 2017-ലെ സീസണ്‍ അവസാനിപ്പിക്കുന്നത് 17-ാം നമ്പര്‍ റാങ്കിലാണ്.
2018 ല്‍ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം നേടി. ഒരു വര്‍ഷത്തിന് ശേഷം 2019-ലാണ് ആദ്യ ഗ്രാന്‍ഡ്സ്ലാം നേടുന്നത്. 2019-ലെ ഫ്രഞ്ച് ഓപ്പണ്‍ ബാര്‍ട്ടിയുടെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തിനായുളള ഓസ്ട്രേലിയയുടെ 46 വര്‍ഷം നീണ്ട കാത്തിരിപ്പിന് കൂടിയാണ് ബാര്‍ട്ടിയുടെ കിരീടനേട്ടത്തോടെ അവസാനമായത്. 1973-ല്‍ മാര്‍ഗരറ്റ് കോര്‍ട്ടിനു ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് ബാര്‍ട്ടി.
2021ലും ബാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. 2021-ലെ വിംബിള്‍ഡണ്‍ ചാമ്പ്യനായി. 1980 ന് ശേഷം വിംബിള്‍ഡണ്‍ സ്വന്തമാക്കുന്ന ആദ്യ ഓസീസ് താരമായും ബാര്‍ട്ടി മാറി. 2022-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെ ബാര്‍ട്ടി വീണ്ടും ചരിത്രമെഴുതി. കന്നി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനപ്പുറം 44 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഓസീസ് താരമെന്ന നേട്ടം.
ഇനി തിരുത്താനുളള ചരിത്രങ്ങളെയെല്ലാം ഭാവിക്ക് വിട്ടുകൊടുത്ത് ടെന്നീസ് കോര്‍ട്ടിന്റെ വെളളവരയ്ക്ക് പുറത്തേക്ക് ബാര്‍ട്ടി തനിച്ചിറങ്ങി. ടെന്നീസ് കളിക്കാരുടെ സ്വപ്നമായ ഒന്നാം റാങ്കില്‍ മൂന്ന് കൊല്ലമായി തുടരുമ്പോഴും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഏതോ സ്വപ്നം തേടിയിറങ്ങുകയാണ് അവര്‍. കളിമൈതാനങ്ങള്‍ പോലെ അപ്രവചനീയമായ ജീവിതയാത്രയായതിനാല്‍ ബാര്‍ട്ടിയെ ഇനി എങ്ങനെ കാണാനാവുമെന്ന് കായികലോകത്തിന് പിടിയില്ല. അപ്രവചനീയമെങ്കിലും കളിക്കളത്തിലേതിനേക്കാള്‍ സുന്ദരമായൊരു റിട്ടേണ്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Content Highlights: Ashleigh Barty Announces Retirement at 25
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..