മുംബൈ: ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന ക്രിക്കറ്റ് പരമ്പരയും അടിയറവെച്ചതോടെ ടീം ഇന്ത്യയുടെ ഏകദിന-ട്വന്റി 20 നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുയരുന്നു. ഈ വര്‍ഷം ധോനിയുടെ കീഴില്‍ ഇന്ത്യയ്ക്ക് ഒരു പരമ്പരയും ജയിക്കാനായിട്ടില്ല. അതേസമയം രഹാനെയും കോലിയും നയിച്ച ടീം വിദേശത്ത് ഏകദിനത്തിലും ടെസ്റ്റിലും ഓരോ പരമ്പര ജയിക്കുകയും ചെയ്തു.
 
2016 മാര്‍ച്ചില്‍ ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടക്കുകയാണ്. അതിനുമുമ്പ് ഇനി പരിമിത ഓവര്‍ മത്സരങ്ങളൊന്നും കളിക്കാനില്ല. പരാജയഭാരവും പേറി, പ്രഥമ ട്വന്റി 20 ലോകചാമ്പ്യന്മാര്‍ ഇറങ്ങേണ്ടിവരുമെന്ന നിലയാണുള്ളത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയിലെ അഞ്ചു മത്സരങ്ങളിലും ജയിച്ചത് ടോസ് നേടിയ ടീമാണ്. അഞ്ചു തവണയും ടോസ് നേടിയ ടീം ആദ്യം ബാറ്റുചെയ്തു. സ്‌കോര്‍ പിന്തുടര്‍ന്നവര്‍ തോറ്റു. പരമ്പരയെ നിര്‍ണയിച്ചതില്‍ ഭാഗ്യത്തിനും വലിയ പങ്കുണ്ടായിരുന്നു എന്ന് ചുരുക്കം.
 
എന്നാല്‍ വാംഖഡെയിലെ അവസാനമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരെ അടിമുടി വാരിക്കളഞ്ഞു. സ്വന്തം മണ്ണിലെ ഏറ്റവുംവലിയ തോല്‍വി(214 റണ്‍സ്) ഏറ്റുവാങ്ങിയാണ് ടീംഇന്ത്യ പരമ്പരകൈവിട്ടത്. ജയവും പരമ്പരയും മോഹിച്ച ആതിഥേയരെ ചിത്രത്തിലെങ്ങും വരാതെ അകറ്റിനിര്‍ത്തി ഇന്ത്യയിലെ ആദ്യ ഏകദിനപരമ്പര സ്​പ്രിങ്‌ബോക്കുകള്‍ സ്വന്തമാക്കുകയായിരുന്നു.
 
രണ്ടു പരമ്പരകള്‍ ജയിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങാനും അവര്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ ടീം ഇന്ത്യയുടെ സ്ഥിതി നേരെ മറിച്ചായി. വാംഖഡെയിലെ തോല്‍വി ഏല്പിച്ച ആഘാതം മായ്ക്കാന്‍ എളുപ്പമല്ല. വിരാട് കോലി നയിക്കുന്ന ടെസ്റ്റ് ടീം വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്.

ഏകദിനലോകകപ്പിനുമുമ്പ് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കളിച്ച പരമ്പരകള്‍ ഇന്ത്യ തോറ്റിരുന്നു. ലോകകപ്പില്‍ ചാമ്പ്യന്‍പട്ടവുമായി വന്ന ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റുമടങ്ങി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ധോനി നാടകീയമായി ടെസ്റ്റില്‍നിന്ന് വിരമിച്ചു. പിന്നീട് ബംഗ്ലാദേശില്‍ നടന്ന ഏകദിനപരമ്പരയിലും തോറ്റു. സിംബാബ്വെയുമായുള്ള പരമ്പര ജയിച്ചെങ്കിലും അന്ന് ടീമിനെ നയിച്ചത് അജിന്‍ക്യ രഹാനെയായിരുന്നു. ടെസ്റ്റില്‍, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ശ്രീലങ്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ഒരുകാലത്ത് ഇന്ത്യയുടെ വിജയനായകനായിരുന്ന ധോനിക്ക് പരാജയങ്ങളുടെ തുടര്‍ക്കഥയാണ് ഇപ്പോഴുള്ളത്. ഇക്കുറി, 4-1 ന് ഇന്ത്യ ജയിക്കേണ്ട പരമ്പരയാണ് ദക്ഷിണാഫ്രിക്ക 3-2 സ്വന്തമാക്കിയത് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ 303 റണ്‍സിനെതിരെ രോഹിത് ശര്‍മയുടെ 150 റണ്‍സിന്റെ പിന്‍ബലത്തില്‍ നന്നായി കളിച്ചുകയറിയ ഇന്ത്യ മധ്യനിരയുടെയും വാലറ്റത്തിന്റെയും മണ്ടന്‍കളികൊണ്ട് അഞ്ചുറണ്‍സിന് തോറ്റു. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 247 റണ്‍സില്‍ ഒതുങ്ങിയിട്ടും 22 റണ്‍സിന് ജയിച്ചു. മൂന്നാംമത്സരം കളഞ്ഞുകുളിച്ചതാണ്. മികച്ച തുടക്കംകിട്ടിയിട്ടും ആവശ്യത്തിന് റണ്‍റേറ്റ് സംരക്ഷിക്കാതെ ബാറ്റുചെയ്ത കോലിയും ധോനിയുമാണ് പരാജയം ക്ഷണിച്ചുവരുത്തിയത്.
 
നാലാമത്തെ കളിയില്‍ 35 റണ്‍സിന് ജയിച്ച് തിരിച്ചുവന്നെങ്കിലും വാംഖഡെയിലേറ്റ പ്രഹരം ഞെട്ടിപ്പിക്കുന്നതായി. വാസ്തവത്തില്‍ ഇന്ത്യ ചിത്രത്തിലെങ്ങുമില്ലാതിരുന്ന ഒരേയൊരു മത്സരവും ഇതുതന്നെ.
അവാസന ഏകദിനത്തിലെ ദയനീയതോല്‍വിയുടെ പേരില്‍ വാക്‌പോരും തുടങ്ങിക്കഴിഞ്ഞു. പരമ്പരയിലുടനീളം ഇന്ത്യ മാന്യമായിത്തന്നെ കളിച്ചുവെന്ന് ധോനി അവകാശപ്പെടുമ്പോള്‍ ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ധോനി കാണിച്ച അബദ്ധങ്ങളാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് സുനില്‍ ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

ഇതിനിടെ വാംഖഡെയിലെ പിച്ച് നിര്‍മിച്ച മുന്‍ ഇന്ത്യന്‍താരം കൂടിയായ സുധീര്‍ നായ്ക്കിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ടീം ഇന്ത്യാ ഡയറക്ടര്‍ രവിശാസ്ത്രി രംഗത്തുവന്നു. ക്യുറേറ്ററും ശാസ്ത്രിയുംതമ്മിലുള്ള തര്‍ക്കം ചീത്തവിളിയോളമെത്തി. അശ്ലീല പദങ്ങളുപയോഗിച്ചാണ് ശാസ്ത്രി പിച്ചിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പിച്ചിനെപ്പറ്റി ആരും പഠിപ്പിക്കേണ്ടെന്നും താനും ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ടെന്നും സുധീര്‍ പ്രതികരിച്ചു.
ബൗള്‍ ചെയ്യാന്‍ ആര്‍. അശ്വിന്‍ ഇല്ലാത്തത് തങ്ങളുടെ വിജയം എളുപ്പമാക്കിയെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സ് പ്രതികരിച്ചു.